തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയപ്പോള്‍ ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാഷ്ട്രീയ നിലപാടെടുക്കേണ്ടി വരുമെന്ന് ജനാധിപത്യ രാഷ്ട്രീയസഭ ചെയര്‍പേഴ്സണ്‍ സി.കെ ജാനു. കേന്ദ്രത്തില്‍ ഒറ്റയ്കക്ക് ഭരിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കാന്‍ 24 മണിക്കൂര്‍ പോലും വേണ്ട. സഖ്യത്തിന്റെ ഭാഗമായി ഒരു കൊല്ലമായിട്ടും ഒന്നും നടപ്പായിട്ടില്ല. പറയുന്നതിന് ഒരു പരിധിയും അവസാനവുമുണ്ടാകണം. പറഞ്ഞുനീട്ടി കൊണ്ടുപോയാല്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വരും. അതിനുശേഷം അങ്ങനെ ചെയ്തത് ശരിയല്ലെന്നു പറയുന്നത് കൊണ്ടു പ്രയോജനമില്ലെന്ന് ജാനു മാതൃഭൂമി.കോമിനോട് പറഞ്ഞു.

അഞ്ചുസംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ അതിനുശേഷം വാഗ്ദാനങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാക്കാമെന്നാണ് ബി.ജെ.പി നേതൃത്വം അറിയിച്ചത്. അടുത്തിടെ നടന്ന ചര്‍ച്ചകളിലും അവരിത് ആവര്‍ത്തിച്ചിട്ടുണ്ട്. അതു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഏത് സ്ഥാനം എന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബി.ജെ.പിയുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും സി.കെ ജാനു പറഞ്ഞു.

ആദിവാസികളെ കൂടെ നിര്‍ത്തേണ്ടിയിരുന്ന ഇടതുവലതു മുന്നണികള്‍ അവരെ ആവശ്യങ്ങള്‍ക്കു ശേഷം വലിച്ചെറിയുകയായിരുന്നു. മുന്നണി സംവിധാനങ്ങളുടെ ഭാഗമായല്ലാതെ ആദിവാസികളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാനാകില്ലെന്ന തിരിച്ചറിവിലാണ് എന്‍.ഡി.എയുടെ ഭാഗമായത്. സെക്രട്ടേറിയറ്റിന് മുന്നിലെ തെരുവിലിരുന്നല്ല ആദിവാസികളുടെ ജീവിതം മാറ്റേണ്ടതെന്നും അതിനുള്ളിലിരുന്നാണെന്നുമായിരുന്നു ആ തിരിച്ചറിവ്. ആ തീരുമാനത്തിന്റെ ഉത്തരവാദിത്വം മാറിമാറി ഭരിച്ച മുന്നണികള്‍ക്കു തന്നെയാണ്. എന്‍.ഡി.എയിലേക്കു പോകുന്നത് തെറ്റാണെന്നു പറയുന്നവര്‍ ശരിയാകാന്‍ വേണ്ടി എന്താണ് തങ്ങൾക്ക വേണ്ടി ചെയ്തതെന്നു കൂടി പറഞ്ഞുതരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരി 16ന് വയനാട് ജില്ലയിലെ വാളാട്, വെള്ളരിമല എന്നിവിടങ്ങളില്‍ ആദിവാസി ഗോത്രമഹാസഭ ഭൂസമരം ആരംഭിച്ചു. ഇതുപ്രകാരം പലര്‍ക്കും പട്ടയം ലഭിച്ചുവരുന്നു. ജനാധിപത്യ രാഷ്ട്രീയസഭ അതിന്റെ ഭാഗമാണ്. ബി.ജെപി പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും എന്‍.ഡി.എയുടെ സമരമല്ല നടക്കുന്നത്. ഗീതാനന്ദന്‍ വിട്ടുപോയിട്ടും ഗോത്രമഹാസഭ പഴയതിനേക്കാള്‍ കെട്ടുറപ്പോടെ മുന്നോട്ടുപോകുകയാണ്. രാഷ്ട്രീയസഭ എട്ടുജില്ലകളില്‍ കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞു. 

മൂന്നാംമുന്നണി നടപ്പാക്കാന്‍ കഴിയാത്ത ആശയമല്ലെന്നു വരുംനാളുകളില്‍ നാം തിരിച്ചറിയും. നിലവിലെ മുന്നണികള്‍ ജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ സ്വീകാര്യമായ സംവിധാനത്തിലേക്ക് ജനം മാറും. അതോടെ മൂന്നാംമുന്നണി ശക്തി പ്രാപിക്കും. ഒരു മാറ്റത്തിന്റെ അടിയൊഴുക്ക് സമൂഹത്തില്‍ ശക്തമാണ്. പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഏതു സംവിധാനമാണ് ഒപ്പം നില്‍ക്കുന്നത് എന്നതനുസരിച്ച് ആളുകള്‍ മാറും. കുഞ്ഞുങ്ങളെ, സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിവില്ലാത്ത സര്‍ക്കാറിന് മുന്നില്‍ ആളുകള്‍ എപ്പോഴും ഓച്ഛാനിച്ചുനില്‍ക്കില്ല. രാഷ്ട്രീയം പറഞ്ഞ് ബോദ്ധ്യപ്പെടുത്തി ആളുകളെ ഒപ്പം നിര്‍ത്താനുള്ള ഇച്ഛാശക്തിയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വേണ്ടെതെന്നും അതില്ലാത്തതിന്റെ പ്രശ്നമാണ് ഇപ്പോഴുള്ളതെന്നും സി.കെ ജാനു പറഞ്ഞു. 

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആദിവാസി ഗോത്രമഹാസഭയുടെ രാഷ്ട്രീയ പാര്‍ട്ടിയായി ജനാധിപത്യ രാഷ്ട്രീയ സഭ(ജെ.ആര്‍.എസ്) രൂപീകരിച്ച് സി.കെ ജാനു എന്‍.ഡി.എ മുന്നണിയുടെ ഭാഗമായത്.