''എന്റെ രാഷ്ട്രത്തെപ്പറ്റി എന്റെ മതമോ എന്റെ മതത്തെപ്പറ്റി എന്റെ രാഷ്ട്രമോ എന്നോടൊന്നും പറഞ്ഞുപോകരുത്. മതം എന്റെ വ്യക്തിപരമായ കാര്യമാണ്''-ഗാന്ധിജി
പൗരൻ (സിറ്റിസൺ) എന്നത് താരതമ്യേന പുതിയ പദമാണ്. ജനാധിപത്യകാലത്ത്, ഒരേസമയം അവകാശങ്ങളും ചുമതലകളുമായി പുലരുന്ന ദേശരാഷ്ട്രത്തിലെ വ്യക്തിയെയാണത് സൂചിപ്പിക്കുന്നത്. രാജാധിപത്യത്തിലെ, ചുമതലകളുണ്ടെങ്കിലും അവകാശങ്ങളില്ലാത്ത പ്രജയെ (സബ്‌ജക്ട്) തള്ളിമാറ്റി ചരിത്രത്തിൽ ഇടംപിടിക്കുന്ന മനുഷ്യാന്തസ്സിന്റെ പ്രതിരൂപം.
ബ്രിട്ടീഷുകാരും മറ്റുരാജാക്കന്മാരും വാഴ്ചകൊള്ളുന്ന കാലത്ത് ഇന്ത്യക്കാർ പ്രജകളാണ്. അവർ വാഴ്ചയൊഴിഞ്ഞ് ‘സ്വരാജ്’ നിലവിൽവരുമ്പോൾ നാട്ടിലെ പൗരത്വം എങ്ങനെ നിർണയിക്കുമെന്നൊരു പ്രശ്നം ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ചിലർക്കുണ്ടായിരുന്നു. അവരിൽ പ്രധാനികൾ ഹിന്ദുരാഷ്ട്രീയക്കാരാണ്. ജനാധിപത്യം വരുമ്പോൾ ഇന്ത്യ ഹിന്ദുരാഷ്ട്രമാവണമെന്നാണ് ഹിന്ദുമഹാസഭയും (1915) ആർ.എസ്.എസും (1925) നിശ്ചയിച്ചത്. പൗരത്വത്തിന്റെ മാനദണ്ഡമായി അവർ കരുതിപ്പോരുന്നത് ‘ഭാരതീയസംസ്കാരത്തിന്റെ അനന്തരാവകാശം’ ആണ്. ഇന്ത്യയെ മാതൃഭൂമിയും പുണ്യഭൂമിയുമായി കരുതുന്നവരുടേതായിരിക്കണം ഈ രാജ്യം എന്നവർ ശഠിക്കുന്നു. ഹിന്ദുമതമെന്ന് അവർ തെളിച്ചുപറയില്ല. അങ്ങനെ പറയാനൊരു മതമില്ല. ഉള്ളത് ജാതികളും പാരമ്പര്യങ്ങളും മാത്രമാണ്. അവയെ ഏകോപിപ്പിച്ചുകൊണ്ട് ‘ഭാരതീയത’ എന്നുപറയും-ഇതാണ് ഹിന്ദുദേശീയത. കേൾക്കാൻ ഒരു സുഖത്തിനുവേണ്ടി ‘സാംസ്കാരികദേശീയത’ എന്നുപറയും.
പിൽക്കാലത്ത്, ‘ഹിന്ദുക്കളും മുസ്‌ലിങ്ങളും രണ്ടുസമൂഹമാണ്. അതുപോലെ രണ്ടുരാഷ്ട്രവുമാണ്’ എന്ന ഇരട്ടരാഷ്ട്രവാദ സിദ്ധാന്തവുമായിട്ടാണ് മുസ്‌ലിംലീഗ് നേതാവ് മുഹമ്മദലി ജിന്ന പാകിസ്താൻ പ്രമേയം പാസാക്കുന്നത് (ലഹോർ-1940). ഇതാണ് മതദേശീയത.
ഇന്ത്യയുടെ പങ്കുകാർ
അക്കാലത്ത് മുഖ്യധാരയായി മറ്റൊരു ചിന്താരീതിയുണ്ടായിരുന്നു. നൂറ്റാണ്ടുകളായി ഇവിടെ ജനിച്ചുവളർന്ന് ജീവിച്ചുപോരുന്ന ജനസമൂഹങ്ങളെല്ലാം ഇന്ത്യൻ പാരമ്പര്യത്തിന്റെ പങ്കുകാരാണ്. മതമോ ജാതിയോ ഭാഷയോ ലിംഗമോ ഒന്നും അവർക്കിടയിൽ വിവേചനത്തിന് കാണമായിക്കൂടാ. അതിനുവേണ്ടത് മതേതരജനാധിപത്യമാണ്. ഗാന്ധിജി, നെഹ്രു, അബുൾ കലാം ആസാദ് തുടങ്ങിയവർ ഉയർത്തിപ്പിടിച്ച ഈ നിലപാടാണ് അന്ന് വിജയിച്ചത്-ഇതാണ് ഇന്ത്യൻ ദേശീയത. ഇന്ത്യയിൽ ജനിച്ചവരോ ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് ജനിച്ചവരോ അഞ്ചുകൊല്ലത്തിൽ കുറയാത്തകാലം ഇന്ത്യയിൽ താമസമുള്ളവരോ ആയ ആർക്കും ഇന്ത്യൻ പൗരത്വത്തിന് അവകാശമുണ്ട് എന്നാണ് നമ്മുടെ ഭരണഘടന അനുശാസിക്കുന്നത്.
ഈ നിയമഭേദഗതി എന്തിനുവേണ്ടി
2019 ഡിസംബർ ഒമ്പതിന് ലോക്‌സഭയും 11ന് രാജ്യസഭയും പാസാക്കിയ പൗരത്വപരിഷ്കരണനിയമം (2019) എന്തിനുവേണ്ടിയാണ്? ഇന്ത്യയിൽ പാസ്പോർട്ടോ വിസയോ ഇല്ലാതെ കഴിഞ്ഞുകൂടുന്ന അനേകലക്ഷം ആളുകളുണ്ട്-അയൽനാടുകളിൽനിന്ന് അനധികൃതമായി കുടിയേറിയവർ. അത് കുറ്റകൃത്യമാണെങ്കിലും മുമ്പ് രണ്ടുമൂന്നുതവണ സർക്കാർ മാപ്പുനൽകുകയായിരുന്നു. ഇപ്പോൾ അവർക്ക് പൗരത്വംനൽകാൻ വേണ്ടിയാണ് പുതിയ നിയമം. അയൽപക്കത്തെ മർദിതരായ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്ന ഉന്നതമായ ജനാധിപത്യമൂല്യം ഉയർത്തിപ്പിടിക്കുന്നതിനുവേണ്ടിയാണിത്. പുതിയ നിയമത്തിന്റെ ഉള്ളടക്കം ഇങ്ങനെ ഒതുക്കിപ്പറയാം: ‘പാകിസ്താൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് മതപരമായ പീഡനങ്ങൾക്ക് വിധേയരായി ഇന്ത്യയിലെത്തിയ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരും 2014 ഡിസംബർ 31-നുമുമ്പ് ഇവിടെയെത്തിയവരുമായ ആളുകൾക്കെല്ലാം പൗരത്വം നൽകും. പക്ഷേ, ഈ ആനുകൂല്യം ഹിന്ദു/സിഖ്/ ബൗദ്ധ /ജൈന/പാഴ്‌സി/ക്രിസ്ത്യൻ സമുദായാംഗങ്ങൾക്കുമാത്രമേ ലഭിക്കുകയുള്ളൂ’.ഇവിടെ ഒഴിവാക്കപ്പെട്ടത് മുസ്‌ലിങ്ങളാണ്. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ആ നാടുകളിലെ ഭൂരിപക്ഷമാണ് മുസ്‌ലിങ്ങൾ എന്ന് മറുപടി!
അയൽരാജ്യങ്ങളിലെ പീഡിതർ
മുസ്‌ലിംരാജ്യങ്ങളായ പാകിസ്താനിലും ബംഗ്ലാദേശിലും അഫ്‌ഗാനിസ്താനിലും മതത്തിന്റെ പേരിൽ അന്യായങ്ങൾ നടക്കുന്നുണ്ട്. അമുസ്‌ലിങ്ങൾ അവിടെ രണ്ടാംതരം പൗരന്മാരാണ്. പക്ഷേ, അവിടങ്ങളിൽ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് ഭിന്ന മുസ്‌ലിം വിഭാഗങ്ങളാണ്. പാകിസ്താനിൽ ജനസംഖ്യയുടെ 96 ശതമാനം മുസ്‌ലിങ്ങളാണ്. നാലുശതമാനാണ് ഹിന്ദു/സിഖ്/ക്രിസ്ത്യൻ ജനസംഖ്യ. അവിടെ ഏറെ പീഡിപ്പിക്കപ്പെടുന്നത്. രണ്ടുശതമാനം വരുന്ന അഹ്മദീയ മുസ്‌ലിങ്ങളാണ്. 1953-ലും 1974-ലും നടന്ന അഹ്‌മദീയവിരുദ്ധ കലാപങ്ങളിൽ ആയിരക്കണക്കിന് അഹ്‌മദീയർ കൊല്ലപ്പെട്ടു. അവരെ അമുസ്‌ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ചുകൊണ്ട് 1974-ൽ നിയമംവന്നു.
ഇതുപോലെ പാകിസ്താനിൽ ആറുശതമാനം വരുന്ന ഷിയാ മുസ്‌ലിങ്ങളും നാനാതരത്തിലുള്ള ക്രൂരതകൾക്കും വിവേചനങ്ങൾക്കും പാത്രമാവുന്നുണ്ട്. പാകിസ്താനിൽനിന്ന് ഇടയ്ക്കിടെ വന്നെത്തുന്ന ബോംബ് സ്ഫോടനവാർത്തകളിലധികവും സ്ഥലം പിടിക്കാറുള്ളത് ഷിയാ പള്ളികളാണ്. ആ നാടിന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ സമുദായമാണ് ഷിയാ മുസ്‌ലിങ്ങൾ എന്നോർക്കുക.
ബംഗ്ലാദേശിൽ 90 ശതമാനം മുസ്‌ലിങ്ങളാണ്. ഹിന്ദുക്കൾ 8.5 ശതമാനം, മറ്റുള്ളവർ 1.5 ശതമാനവും. അമുസ്‌ലിങ്ങൾ അവിടെ വിവേചനത്തിനും അക്രമത്തിനും വിധേയമാവുന്നുണ്ട്. പക്ഷേ, അവിടത്തെ മർദിതവിഭാഗത്തിൽ അഹ്‌മദീയരും ഷിയാകളും മതേതരവാദികളും യുക്തിവാദികളുമുണ്ട്.
അഫ്ഗാനിസ്താനിൽ 98 ശതമാനം മുസ്‌ലിങ്ങളാണ്. മറ്റുള്ളവർ രണ്ടുശതമാനമേയുള്ളൂ. മതപീഡനങ്ങളുടെ കണക്കിൽത്തന്നെ ആ മറ്റുള്ളവരിൽ വലിയൊരു ശതമാനം നാടുവിട്ടുകഴിഞ്ഞു. താലിബാന്റെ ക്രൂരതകൾ ആർക്കാണ് മറക്കാൻ കഴിയുക? അവിടെയും സുന്നി (70 ശതമാനം)-ഷിയാ (28 ശതമാനം) പ്രശ്നമുണ്ട്. അതിന്റെ അന്യായങ്ങളുമുണ്ട്. ഇത്തരക്കാരിൽ അയൽരാജ്യങ്ങളിൽ മതപീഡനത്തിന് വിധേയപ്പെട്ട അഭയാർഥികളായി ഇന്ത്യയിലെത്തിച്ചേർന്ന മുസ്‌ലിങ്ങൾക്കുമാത്രമായി പൗരത്വം നിഷേധിക്കുന്നതിന്റെ ന്യായമെന്താണ്? നമ്മുടെ തൊട്ടയൽപക്കമായ മ്യാൻമാറിൽ ബൗദ്ധഭൂരിപക്ഷം ന്യൂനപക്ഷമായ റോഹിംഗ്യൻ മുസ്‌ലിങ്ങളെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാക്കുന്നുണ്ട്. അവർ ഇന്ത്യയിലേക്ക് വരുന്നുമുണ്ട്. ആ രാജ്യത്തിന്റെ പേരുപോലും നിയമത്തിൽ പരാമർശിക്കാത്തതെന്ത്? റോഹിംഗ്യൻ സമൂഹത്തെ ഈ ഗണത്തിൽ പെടുത്താത്തത് അവർ മുസ്‌ലിങ്ങളായതുകൊണ്ടുമാത്രമാണ്.
വഴി ഇസ്രയേലിന്റേത്
ഇന്ത്യൻ മുസ്‌ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കി തരംതാഴ്ത്താനുള്ള ഭാവി നടപടിയുടെ ആദ്യത്തെ ചുവടുവെപ്പാണ് ഈ പൗരത്വപരിഷ്കരണനിയമം. പേരിൽ മതേതരമെങ്കിലും കാര്യത്തിൽ യഹൂദമതരാഷ്ട്രമായ ഇസ്രയേൽ വഴികാണിച്ച ദിശയിലേക്കാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി. നീങ്ങുന്നത്.1948-ൽ രൂപംകൊണ്ട യഹൂദരാഷ്ട്രം പൗരത്വത്തിന് ആധാരമാക്കിവെച്ചത് ‘മടങ്ങിവരവിന്റെ നിയമം’ (ദി ലോ ഓഫ് റിട്ടേൺ: 1950) ആണ്. ലോകത്തിന്റെ ഏതുഭാഗത്ത് പിറന്നവരായാലും ഏതുഭാഗത്ത് ജീവിക്കുന്നവരായാലും യഹൂദമതസ്ഥർക്ക് ഇസ്രയേലിലേക്ക് കുടിയേറാനും പൗരത്വം നേടാനും അവകാശം നൽകുന്ന വ്യവസ്ഥകളുമുണ്ട്. മടങ്ങിവരവ് എന്ന് അതിന് പേരിട്ടത് പഴയ നിയമമെന്ന വേദഗ്രന്ഥം അനുസരിച്ച് ദൈവം യഹൂദർക്ക് വാഗ്ദാനംചെയ്ത ഭൂമിയാണത് എന്ന കണക്കിലാണ്! അല്ലെങ്കിൽ നൂറ്റാണ്ടുകളായി കൊച്ചിയിൽ അധിവസിച്ചുപോരുന്ന യഹൂദകുടുംബത്തിലെ ഇളമുറക്കാർ ഇസ്രയേലിലേക്ക് കുടിയേറുന്നത് ഏതുവകുപ്പിലാണ് മടങ്ങിവരവാകുന്നത്?
അതിന്റെ യുക്തി ലളിതമാണ്: യഹൂദരുടെ രാഷ്ട്രമാണ് ഇസ്രയേൽ. അതുകൊണ്ടുതന്നെ എല്ലാ യഹൂദർക്കും അവിടെ പൗരത്വമുണ്ട്. അവർ തലമുറകളായി എവിടെയായിരുന്നു, ഇപ്പോൾ വരുന്നവർ എവിടെപ്പിറന്നു, അവരുടെ നിറവും കോലവും എന്താണ്, ഏതുഭാഷ സംസാരിക്കുന്നു, ഏതുരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നു എന്നതൊന്നും വിഷയമല്ല. ഈ മാർഗത്തിലേക്കുള്ള സുപ്രധാന കവാടമായ ഇപ്പോഴത്തെ പൗരത്വനിയമത്തിന്റെ ഉൾസാരം മേൽപ്പറഞ്ഞതുതന്നെ-ഹിന്ദുക്കളുടെ രാഷ്ട്രമാണ് ഇന്ത്യ. അവർക്ക് ഇവിടെ പൗരത്വത്തിന് അവകാശമുണ്ട്. അവർ എവിടെ ജീവിച്ചിരുന്നു, എവിടെപ്പിറന്നു, ഏതുജാതിയിൽ പുലരുന്നു, ഏതുഭാഷ സംസാരിക്കുന്നു എന്നതൊന്നും വിഷയമല്ല! കഷ്ടം! പേരിൽ മതേതരമായിരിക്കുമ്പോഴും ഹിന്ദുരാഷ്ട്രമായിത്തീരാനുള്ള ഇന്ത്യയുടെ ദിശാവ്യതിയാനത്തിൽ ഈ പൗരത്വനിയമം ഒരു നാഴികക്കല്ലായിത്തീരും.
(എഴുത്തുകാരനും സാമൂഹികനിരീക്ഷകനുമാണ് ലേഖകൻ)
Content Highlights: Citizenship Amendment bill The danger signs