പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം ‘പൊഗണോട്രഫി’(താടി നീട്ടിവളർത്തൽ) കോവിഡ് മഹാമാരിയെ നേരിടാനുള്ള ഏകാഗ്രമായ മുഴുകലാണെന്ന് പറഞ്ഞുകൊണ്ട് ശശി തരൂർ കഴിഞ്ഞയാഴ്ച ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു കുത്തുകൊടുത്തിരുന്നു. എന്നാൽ, സാമൂഹികമാധ്യമങ്ങളിലുംമറ്റും തന്റെ താടിയെ കളിയാക്കുന്നത് ഒട്ടും ഗൗനിക്കാതെ, അദ്ദേഹം താടി നന്നായി പരിപാലിച്ചുകൊണ്ടിരിക്കയാണ്.  താടി ഉപേക്ഷിക്കാൻ ഒരുക്കമല്ലെങ്കിലും, മഹാമാരിയുടെ പ്രതിസന്ധിക്കിടയിൽ ഭരണ-രാഷ്ട്രീയ രംഗത്ത്  ഒരു വെട്ടിയൊതുക്കലാണ്‌ പ്രധാനമന്ത്രി കഴിഞ്ഞദിവസത്തെ മന്ത്രിസഭാ അഴിച്ചുപണിയിലൂടെ നടത്തിയിരിക്കുന്നത്. ഇതുപോലൊരു സമഗ്ര മന്ത്രിസഭാവികസനം അടുത്തകാലത്തൊന്നും നടന്നിട്ടില്ല. പ്രധാനമന്ത്രിയടക്കം പരാമവധി 80 മന്ത്രിമാർവരെ ആകാമെന്നാണ് ചട്ടം. ഇപ്പോൾ 77 പേരുണ്ട്.

ലക്ഷ്യം ഭരണത്തുടർച്ച
അടുത്ത കൊല്ലത്തെ ഉത്തർപ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലും(പഞ്ചാബിലും) 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള കരുക്കളാണ് അദ്ദേഹം  നിരത്തിയത്. മന്ത്രിമാരെ അടിമുടി മാറ്റിക്കൊണ്ട് ഭരണത്തിന് പുതിയൊരു തുടക്കംകുറിക്കൽ.

രണ്ടാം മോദിസർക്കാർ യഥാർഥത്തിൽ ഇതുവരെ ഭരണത്തിന്റെ പാളത്തിൽ  കയറിയിട്ടില്ലെന്ന് വേണമെങ്കിൽ പറയാം. 2019-നുശേഷം പലവിധ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. പൗരത്വനിയമ പ്രക്ഷോഭവും  കർഷകസമരവുമെല്ലാം സർക്കാരിന് തലവേദനയായിരുന്നു. കർഷകസമരം ഇപ്പോഴും നടക്കുന്നു. ഇതിനിടയിൽ ഒന്നരവർഷത്തോളമായി കോവിഡും സാമ്പത്തിക മാന്ദ്യവും രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവും. ഇന്ധനവില കുതിച്ചുയർന്നുകൊണ്ടിരിക്കുന്നു. ആത്മനിർഭർ പാക്കേജ് പ്രതീക്ഷിച്ച ഗുണംചെയ്യുന്നില്ല. പല പദ്ധതിയും ഇഴഞ്ഞുനീങ്ങുന്നു. രാജ്യം കോവിഡ്മുക്തമായി സമ്പദ്‌വ്യവസ്ഥ എന്ന് നേരെയാവുമെന്ന് ആർക്കും ഉറപ്പിച്ചുപറയാനാവാത്ത സ്ഥിതി.

കോവിഡിന്റെ രണ്ടാംതരംഗം മുൻകൂട്ടിക്കണ്ട് വേണ്ടത്ര ഒരുക്കങ്ങൾ നടത്താതിരുന്നത് കനത്ത ആഘാതമാണ് രാജ്യത്തിന് ഏല്പിച്ചത്. അതിനിടെ, സാമൂഹികമാധ്യമങ്ങളുമായുള്ള സർക്കാരിന്റെ ഏറ്റുമുട്ടൽ വേറൊരുവശത്ത്. സർക്കാരിന്റെ പ്രതിച്ഛായ വളരെ ഇടിഞ്ഞുനിൽക്കുന്ന സമയം. മോദിയുടെ കടുത്ത ആരാധകർപോലും ഇന്ധനവില വർധനയിലും വിലക്കയറ്റത്തിലും അതൃപ്തരാണ്.

അടുത്തകൊല്ലത്തെ യു.പി. തിരഞ്ഞെടുപ്പിനെ ഈ ഘടകങ്ങളെല്ലാം സ്വാധീനിക്കും. യു.പി.യിൽ ബി.ജെ.പി.ക്ക് തിരിച്ചടി നേരിട്ടാൽ  തുടർന്നുള്ള തിരഞ്ഞെടുപ്പുകളിലും 2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കുമെന്നുറപ്പ്. ആ ഒരവസ്ഥ മന്ത്രിസഭാവികസനത്തിലൂടെ മറികടക്കുകയാണ് മോദിയുടെ ലക്ഷ്യം. ഹർഷ്‌വർധനെ ആരോഗ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയത് കോവിഡ് പരാജയത്തിന്റെ ഉത്തരവാദിത്വം തലയിൽ കെട്ടിവെച്ചുകൊടുത്തുകൊണ്ടാണ്.

ഭരണത്തിൽ സമഗ്രമാറ്റം
കോവിഡും സാമ്പത്തികപ്രതിസന്ധിയും ഏതൊക്കെ മേഖലകളെ ബാധിച്ചിട്ടുണ്ടോ അവിടങ്ങളിലെല്ലാം നേതൃമാറ്റം വരുത്തി. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹികനീതി മന്ത്രാലയങ്ങളെല്ലാം അഴിച്ചുപണിതു. ഇതോടൊപ്പം ബിസിനസുമായി ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും പുതുമുഖങ്ങൾ വന്നു.

പെട്രോളിയം, വ്യോമയാനം, തുറമുഖം-ഷിപ്പിങ്, റെയിൽവേ, സ്റ്റീൽ, വാർത്താവിനിമയം, ചെറുകിട-ഇടത്തരം മേഖല, ഭക്ഷ്യസംസ്കരണം, നൈപുണി വികസനം എന്നിവിടങ്ങളിലെല്ലാം പുതിയ മന്ത്രിമാർ. ഇതോടൊപ്പം നിയമം, ഐ.ടി., പരിസ്ഥിതി വകുപ്പുകൾക്കും പുതിയ നേതൃത്വം. പുറത്താക്കപ്പെട്ട 12 മന്ത്രിമാരിൽ ഏഴുപേർ ഏറ്റവും മുതിർന്നവരാണ്. ഇക്കൂട്ടത്തിൽ പ്രകാശ് ജാവ്‌ഡേക്കറുടെയും രവിശങ്കർ പ്രസാദിന്റെയും പുറത്താകൽ അവർക്കുതന്നെ അപ്രതീക്ഷിതമായിരുന്നു. ആഭ്യന്തരം, ധനം, വിദേശം, പ്രതിരോധം എന്നിവയൊഴികെ എല്ലായിടങ്ങളിലും സമഗ്രമാറ്റമാണ് പ്രധാനമന്ത്രി വരുത്തിയത്.

സഹകരണമേഖലയ്ക്കായി പുതിയ മന്ത്രാലയം രൂപവത്കരിച്ച് അതിന്റെ അധികചുമതല അമിത് ഷായ്ക്ക്  നൽകി. ആരോഗ്യമന്ത്രാലയവും രാസവളംവകുപ്പും ഒറ്റമന്ത്രിയുടെ കീഴിലാക്കി. കോവിഡ് രണ്ടാംതരംഗം രൂക്ഷമായിരുന്നപ്പോൾ മരുന്നുവിതരണം പ്രത്യേകം കൈകാര്യംചെയ്തത് രാസവളം മന്ത്രാലയമായിരുന്നു.

പൊതുമേഖലാസ്ഥാപനങ്ങളുടെ നിയന്ത്രണം ഘനവ്യവസായ വകുപ്പിൽനിന്ന് മാറ്റി ധനമന്ത്രാലയത്തിലാക്കി. അവയുടെ സ്വകാര്യവൽക്കരണ-ഓഹരിവിൽപന നടപടികൾ എളുപ്പമാക്കാനാണിത്. അതുപോലെ വിദ്യാഭ്യാസവും നൈപുണി വികസനവും നവസംരംഭകത്വവും ഒറ്റമന്ത്രാലയത്തിനുകീഴിലാക്കി. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്രചുമതലയുള്ള രണ്ടു സഹമന്ത്രിമാരുമാണ് 53 വകുപ്പുകൾ കൈകാര്യംചെയ്യുക. പുതിയ മന്ത്രിമാരിൽ രണ്ടുപേർ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും ആറുപേർ ഡോക്ടർമാരുമാണ്. അഞ്ച്‌ എൻജിനിയർമാരും 13 അഭിഭാഷകരും ഇക്കൂട്ടത്തിലുണ്ട്.

ജാതി സമവാക്യങ്ങൾ
മുഖ്യമായും മുന്നാക്കവിഭാഗക്കാരുടെ പാർട്ടിയാണ് ബി.ജെ.പി.യെന്ന പ്രതിച്ഛായ കഴിഞ്ഞ തിരഞ്ഞെടുപ്പുകളോടെത്തന്നെ മാറിക്കഴിഞ്ഞതാണ്. എന്നിരുന്നാലും എല്ലാ വിഭാഗങ്ങളിലും പ്രാദേശികമേഖലകളിലും കൂടുതൽ വേരുറപ്പിക്കാൻ യു.പി.യിലെ ഒാരോ വിഭാഗത്തിനും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയത് ശ്രദ്ധേയമാണ്. യു.പി.യിൽ യാദവ ഇതര പിന്നാക്കവിഭാഗങ്ങൾക്കും ജാടവ് അല്ലാത്ത ദളിത് വിഭാഗങ്ങൾക്കും മന്ത്രിസഭാ അഴിച്ചുപണിയിലൂടെ പ്രാതിനിധ്യം നൽകി. കുർമി, ലോധ്, കോഹ്‌റി, ധങ്കർ, പാസി തുടങ്ങി പ്രധാനപ്പെട്ട എല്ലാ സമുദായങ്ങൾക്കും മന്ത്രിസഭയിൽ ഇപ്പോൾ പ്രതിനിധികളായി. 

ബിഹാറിനോട് ചേർന്നുകിടക്കുന്ന കിഴക്കൻ യു.പി.യിൽ(പൂർവാഞ്ചൽ)സ്വാധീനമുള്ള അപ്നാ ദളിന്റെ നേതാവ് അനുപ്രിയ പട്ടേലാണ് കുർമി വിഭാഗത്തിന്റെ പ്രധാന മുഖം. പങ്കജ് ചൗധരിയാണ് മറ്റൊരു നേതാവ്. അവധ്, പൂർവാഞ്ചൽ പ്രദേശങ്ങളിലുള്ള ജാടവ് ഇതര ദളിത് വിഭാഗമാണ് പാസി. കൗശൽ കിഷോർ ആണ് അവരുടെ പ്രതിനിധി. ആഗ്രമേഖലയിലെ ഗധേരിയധങ്കർ സമുദായത്തിന്റെ നേതാവ് എസ്.പി.എസ്. ഭാഗൽ ആണ് മന്ത്രിയായ മറ്റൊരാൾ.

ഗുജറാത്തിലാകട്ടെ ദളിത് വിഭാഗക്കാരെ കൂടെത്തന്നെ നിർത്താൻ മൂന്നുപേർക്കാണ് സഹമന്ത്രിസ്ഥാനം നൽകിയത്. ഇതോെടാപ്പം ബി.ജെ.പി.യുമായി ഇടഞ്ഞുനിൽക്കുന്ന പട്ടേൽ സമുദായത്തിന് വലിയ പ്രാധാന്യവും മന്ത്രിസഭാവികസനത്തിലൂടെ ലഭിച്ചു. സംസ്ഥാനത്ത് ആംആദ്മി പാർട്ടി സ്വാധീനമുറപ്പിക്കുകയും പട്ടേൽ സമുദായത്തിലെ പ്രധാനിയായ നരേഷ് പട്ടേൽ ആപ്പിൽ ചേരുകയും ചെയ്ത പശ്ചാത്തലത്തിൽക്കൂടിയാണിത്. ഇതിനിടയിലാണ്, മൻസുഖ് മാണ്ഡവ്യ, പുരുഷോത്തം രൂപാല എന്നീ രണ്ടുസഹമന്ത്രിമാരെ സ്ഥാനക്കയറ്റം നൽകി കാബിനറ്റ് മന്ത്രിമാരാക്കിയത്. മുൻമന്ത്രി മഞ്ജുഭായി പട്ടേലിനെ അടുത്തിടെ ഗവർണറാക്കുകയും ചെയ്തു.