ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന പൗരന്മാരുടെ സ്വകാര്യതയും മൗലികാവകാശങ്ങളും ഇല്ലാതാക്കാനാണ് സൈബർ മേഖലയിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റം. ഡിസംബർ
21-ാം തീയതി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ആത്യന്തികമായി പൗരന്മാരെ പത്തുകേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിനു വിധേയമാക്കാൻ അനുമതി നൽകുകയാണ് ചെയ്യുന്നത്. രാജ്യത്തെ ഏതു പൗരന്റെയും കംപ്യൂട്ടറും സ്മാർട്ഫോണും മറ്റു ഇലക്‌ട്രോണിക് ഉപകരണങ്ങളും അവയിൽ ശേഖരിക്കപ്പെട്ടിട്ടുള്ള വിവരങ്ങളും ഏതുസമയവും പരിശോധിക്കാൻ ഏജൻസികൾക്ക് അധികാരം നൽകുന്നതാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറി രാജീവ് ഗൗബ ഒപ്പുവെച്ച ഉത്തരവ്. ഇത് അസാധാരണ ഗസറ്റ് വിജ്ഞാപനമായാണ് പുറപ്പെടുവിച്ചിട്ടുള്ളത് എന്നതിലും സർക്കാരിന്റെ അവിശുദ്ധ താത്പര്യങ്ങൾ അന്തർഭവിച്ചിട്ടുണ്ട്. ഫലത്തിൽ രാജ്യത്ത് സൈബർ അടിയന്തരാവസ്ഥയാണ് ഈ കരിനിയമത്തിലൂടെ മോദിസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.

നിങ്ങൾ നിരീക്ഷണത്തിലാണ്‌; സദാ

ഈ ഉത്തരവനുസരിച്ച് എൻക്രിപ്റ്റ്‌സ് ഡേറ്റയടക്കമുള്ള സമസ്തവിവരങ്ങളും നിരീക്ഷിക്കാനും വേണമെങ്കിൽ വിവരങ്ങൾ ശേഖരിക്കാനും ഈ ഏജൻസികൾക്ക് അധികാരമുണ്ടാകും.  ഇന്റലിജൻസ് ബ്യൂറോ, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, സി.ബി.ഐ., എൻ.ഐ.എ., റോ, ഡൽഹി കമ്മിഷണർ ഓഫ് പോലീസ്, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നൽ ഇന്റലിജൻസ് എന്നീ കേന്ദ്ര ഏജൻസികൾക്കാണ് പൗരന്മാരെ നിരീക്ഷിക്കാനും അവരുടെ സ്വകാര്യകംപ്യൂട്ടർ ഉൾപ്പെടെയുള്ളവയിൽനിന്ന് ഡിജിറ്റൽ വിവരങ്ങൾ പിടിച്ചെടുക്കാനും കേന്ദ്രസർക്കാർ അധികാരം നൽകിയിരിക്കുന്നത്.

ഉപഭോക്താവ്, സേവനദാതാവ്, കംപ്യൂട്ടർ കൈകാര്യം ചെയ്യുന്നയാൾ എന്നിവർ ഏതു സമയത്തും അന്വേഷണ ഏജൻസികളുമായി ഡിജിറ്റൽ വിവരങ്ങൾ കൈമാറുന്നതിൽ പൂർണമായി സഹകരിക്കണം. അഥവാ അതിനു വിസമ്മതിച്ചാൽ ഏഴുവർഷം തടവും പിഴശിക്ഷയും ലഭിക്കുന്നതാണ്. 2000-ത്തിലെ ഐ.ടി. ആക്ടിന്റെ 69(1) വകുപ്പും 2009-ലെ ചട്ടത്തിലെ നാലാം ചട്ടവും ഭേദഗതിചെയ്താണ് പുതിയ വിജ്ഞാപനമെന്നും അത് ഒരു പതിവ് ഗസറ്റ് അറിയിപ്പ് മാത്രമാണെന്നും കേന്ദ്രസർക്കാരും ബി.ജെ.പി.യും ചൂണ്ടിക്കാട്ടുന്നു. കൂടാതെ, 2009-ലെ ചട്ടം യു.പി.എ. സർക്കാർ കൊണ്ടുവന്നതാണെന്നും അവർ പറയുന്നു.

എന്നാൽ, സാഹചര്യങ്ങൾ മൊത്തത്തിൽ മാറിയിട്ടുള്ളതിനാൽ പുതിയ നീക്കം ഏകാധിപത്യപരമാണെന്നതിൽ സംശയമില്ലെന്ന് പ്രതിപക്ഷവും സ്വതന്ത്രചിന്തകരും അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വർഷം സ്വകാര്യത ഒരു മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചതിലേക്ക് അവർ ശ്രദ്ധക്ഷണിക്കുന്നു. അതിനു പുറമേ ഈ വർഷം ആധാറിന്റെ ഉപയോഗം നിയന്ത്രിച്ചുകൊണ്ടുള്ള കോടതിവിധിയും അവർ ചൂണ്ടിക്കാണിക്കുന്നു. ഇവയൊക്കെ നിലവിലുണ്ടായിരുന്നിട്ടും പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തോട് കേന്ദ്രം പുറംതിരിഞ്ഞു നിൽക്കുകയാണ്.

രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് നേരത്തേ ആഭ്യന്തരമന്ത്രാലയം ഏജൻസികൾക്ക് നിരീക്ഷണത്തിനും മറ്റും അനുമതി നൽകിയിരുന്നത്. ഇതുവരെ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ അന്വേഷണ ഏജൻസികളുടെ ഫോൺ ചോർത്താനും ഇ-മെയിൽ പരിശോധിക്കാനും മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. അതു കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുകയും ചെയ്തു. എന്നാൽ, പുതിയ വിജ്ഞാപനം ഏതു രൂപത്തിലുമുള്ള ഡിജിറ്റൽ വിവരങ്ങളിലേക്കും കേന്ദ്ര ഏജൻസികൾക്ക് കടന്നുകയറാം എന്ന അവസ്ഥ സൃഷ്ടിച്ചിരിക്കയാണ്.
പാർലമെന്റിൽ പ്രതിപക്ഷകക്ഷികൾ ഉയർത്തിയ കടുത്ത പ്രതിഷേധങ്ങൾക്കിടെ ആഭ്യന്ത്രരമന്ത്രാലയം അറിയിച്ചത് ഏതെങ്കിലും വിവരം ചോർത്തണമെങ്കിൽ അതിന് കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുടെ അനുവാദം വേണമെന്നും കാബിനറ്റ് സെക്രട്ടറിയുടെയോ സംസ്ഥാന ചീഫ് സെക്രട്ടറിയുടെയോ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി മുമ്പാകെ അത് സമർപ്പിക്കണമെന്നുമാണ്. ജനരോഷത്തിൽനിന്ന്‌ രക്ഷപ്പെടാനുള്ള ഒരു ഉപായം എന്നതിൽക്കവിഞ്ഞ് ഈ പ്രസ്താവനയ്ക്ക് വലിയ പ്രസക്തിയൊന്നുമില്ല.

ഭീതിജനകമായ സാഹചര്യം

ഭരണകൂടം സ്വകാര്യവിവരങ്ങൾ നിർവിഘ്‌നം കൈവശപ്പെടുത്തുന്ന സാഹചര്യം അത്യന്തം ഭീതിജനകമാണ്. ഇപ്പോഴത്തെ ഉത്തരവനുസരിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കോ ഏതെങ്കിലും ഉദ്യോഗസ്ഥനോ നേരത്തേ പരാമർശിച്ച ഏതെങ്കിലും ഏജൻസിയെ ഉപയോഗിച്ച് അവർക്ക് ആവശ്യമുള്ള വിവരങ്ങൾ ചോർത്തിയെടുക്കാൻ കഴിയും. യു.പി.എ. സർക്കാരിന്റെ കാലത്തുകൊണ്ടുവന്ന ഐ.ടി. നിയമത്തിലെ വ്യവസ്ഥകൾ, വിവരങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യമെങ്കിൽ നിരീക്ഷിക്കുന്നതിനുമുള്ളതായിരുന്നുവെങ്കിലും ഏതെങ്കിലും ഏജൻസികളെ അന്വേഷണത്തിനായി തിരഞ്ഞെടുത്തിരുന്നില്ല. ഇപ്പോൾ ഏജൻസികളെ തിരഞ്ഞെടുത്തിട്ടുള്ളത് കാര്യങ്ങൾ കൂടുതൽ സുതാര്യമാക്കാനാണെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, പുതിയ ഉത്തരവ്, ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും നൽകുന്ന അധികാരം ദുർവിനിയോഗം ചെയ്യപ്പെടാൻ വളരെയേറെ സാധ്യതയുള്ളതാണ് എന്നത്രെ.

അതിന്റെ പ്രത്യാഘാതങ്ങളിൽ ഏറെ ഭീതിദമായത് ശേഖരിക്കപ്പെട്ട വസ്തുതകൾ ഒരാളെ കുറ്റവാളിയാക്കാൻ ഉതകുമെന്നതാണ്. ഒരാളുടെ ചിന്ത കംപ്യൂട്ടറിൽ സൂക്ഷിക്കുന്നതുവരെ ദേശദ്രോഹക്കുറ്റമെന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം. ഇതിനർഥം ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷത്തിലും ഒരു പൗരൻ സർക്കാരിന്റെ കാഴ്ചപ്പാടിലുള്ള ദേശീയത തെളിയിച്ചുകൊണ്ടേയിരിക്കണമെന്നാണ്. ‘Animal Farm’, ‘Brave New World’, ‘1984’ തുടങ്ങിയ വിഖ്യാതരചനകൾ വരാനിരിക്കുന്ന സംഭീതമായ നാളുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. ഏകാധിപത്യത്തിന്റെ ഭീകരമായ അവസ്ഥകളിലേക്കാണ് ഈ രചനകൾ വായനക്കാരനെ നയിക്കുന്നത്. ഇരുപത്തിയൊന്നാം ശതകത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ചാരസംവിധാനം 20-ാം നൂറ്റാണ്ടിലുള്ള അപൂർവം ചില എഴുത്തുകാർക്കല്ലാതെ മറ്റാർക്കും വിഭാവനം ചെയ്യാൻപോലും കഴിഞ്ഞിരുന്നില്ല.

ഏകാധിപത്യത്തിന്റെ രീതികൾ

കഴിഞ്ഞ നൂറ്റാണ്ടിലെ ഭീകരന്മാരായിരുന്ന ഏകാധിപതികൾ ജനങ്ങളുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാൻ കഴിവുള്ള ഭരണകൂടങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. മൊത്തം ജനങ്ങളുടെ പ്രവൃത്തികളെയും ചിന്തകളെപ്പോലും നിയന്ത്രിക്കാൻ അവർ ശ്രമിച്ചുവെങ്കിലും ആർക്കുംതന്നെ അതിൽ വിജയിക്കാനായില്ല.

ഇതേക്കുറിച്ച് ജോർജ് ഓർവെൽ പറയുന്നതിങ്ങനെ: ‘‘ഏകാധിപതികൾക്ക് അവരുടെ ലക്ഷ്യങ്ങളെ മനസ്സിലാക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. അവർ നടിക്കുകയും ഒരു പക്ഷേ, വിശ്വസിക്കുകയും ചെയ്തത് അവർ അധികാരം പിടിച്ചെടുത്തത് സ്വന്തം സമ്മതതോടെയായിരുന്നില്ലെന്നും അധികാരം ചുരുങ്ങിയ സമയത്തേക്ക് മാത്രമായിരുന്നുവെന്നുമാണ്. കൂടാതെ തൊട്ടുമുന്നിൽ, മനുഷ്യർ സ്വതന്ത്രരും തുല്യരുമായി ജീവിക്കുന്ന സ്വർഗവും അവർ കണ്ടു. നാം പക്ഷേ, അതുപോലെയല്ല. ആരെങ്കിലും അധികാരം പിടിച്ചെടുക്കുന്നത് അത് ഉപേക്ഷിക്കാനല്ല എന്ന് നന്നായറിയാം. അധികാരം ഒരു ലക്ഷ്യമല്ല; അതൊരു മാർഗം മാത്രമാണ്. ഒരാൾ ഏകാധിപതിയാകുന്നത് വിപ്ലവത്തെ സംരക്ഷിക്കാനല്ല; പ്രത്യുത വിപ്ലവം സൃഷ്ടിക്കുന്നത് ഏകാധിപത്യം സ്ഥാപിക്കാനാണ്’’-(1984).

മുൻ ഏകാധിപതികൾ പൈശാചികശക്തിയിലും ചാരന്മാരിലും പണത്തിന് വിവരങ്ങൾ കൈമാറുന്നവരിലും വിശ്വാസമർപ്പിച്ചപ്പോൾ, ഇന്നത്തെ ഏകാധിപതികൾക്ക് കംപ്യൂട്ടറുകളുണ്ട്, മുഖം തിരിച്ചറിയാവുന്ന ഇലക്‌ട്രോണിക് സംവിധാനങ്ങളുണ്ട്, മറ്റു സാങ്കേതികവിദ്യയും ഉപകരണങ്ങളുമുണ്ട്. ഇത് മുൻ ഏകാധിപതികളുടെ ആഭ്യന്തരനിയന്ത്രണ സംവിധാനങ്ങളെ തീർത്തും അപരിഷ്കൃതമാക്കുന്നു.
സാങ്കേതികമികവുള്ള ഒരു ആഭ്യന്തര സുരക്ഷാവ്യവസ്ഥ സൃഷ്ടിക്കുകയാണെങ്കിൽ, അത് 134 കോടി ജനങ്ങളുടെ ജീവിതങ്ങളെ അക്ഷരാർഥത്തിൽ നിയന്ത്രിക്കുമായിരുന്നു. ആധുനിക ഏകാധിപതിക്ക് രാജ്യത്തിനകത്തുനിന്ന് ഒരു അപശബ്ദം പോലുമില്ലാതെ സമൂഹം തന്റെ ചിന്തയ്ക്കൊപ്പമുണ്ടാകുമെന്ന വിശ്വാസത്തോടെ സ്വസ്ഥമായി ഉറങ്ങാം.

ഉയരുന്ന പ്രതിഷേധങ്ങൾ
രാജ്യസഭയിൽ സഭാനേതാവും ധനകാര്യമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലി കോൺഗ്രസിനോട് പറഞ്ഞത് ഒരു കൊച്ചുമൺകൂനപോലുമില്ലാത്തിടത്ത് നിങ്ങൾ ഒരു പർവതം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നാണ്. ‘‘നിങ്ങൾ സൃഷ്ടിച്ചവയ്ക്കെതിരേ നിങ്ങൾ തന്നെ വിമർശനങ്ങൾ ഉന്നയിക്കുന്നു.’’ പുതിയ ഉത്തരവിൽ പുതുതായി ഒന്നുമില്ലെന്നും ജെയ്റ്റ്‌ലി പറയുന്നു. 2009-ൽ യു.പി.എ. സർക്കാരിന്റെ കാലത്തുണ്ടായ നയം അനുകരണീയമാണെന്നാണ് മോദിസർക്കാരിന്റെ നിഗമനം! അന്ന് പാർലമെന്റിൽ നിയമഭേദഗതികൾ പാസാക്കിയത് ഒരു ചർച്ചപോലുമില്ലാതെയായിരുന്നു.

 കോൺഗ്രസ് അവകാശപ്പെടുന്നത് 69(1) വകുപ്പിനെക്കാളും ഏറെ പ്രത്യാഘാതമുണ്ടാക്കുന്നതാണ് പുതിയ ഉത്തരവ് എന്നാണ്. 69(1) വകുപ്പ് ഓരോ കേസും തികഞ്ഞ യുക്തിബോധത്തോടെ പ്രത്യേകമായി പരിഗണിച്ചിരുന്നു. പുതിയ ഉത്തരവിന്റെ ചർച്ചയ്ക്കിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മോദിയെ വിശേഷിപ്പിച്ചത് ‘അരക്ഷിതനായ ഏകാധിപതി’യെന്നാണ്. പ്രധാനമന്ത്രി ഇന്ത്യയെ ഒരു ‘പോലീസ് രാജാ’ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സഖ്യകക്ഷിയും മന്ത്രിസഭയിൽ ഒരംഗവുമുള്ള ശിവസേനയും ഉത്തരവിനെ കഠിനമായി വിമർശിച്ചു. സി.പി.എം. പൊളിറ്റ്ബ്യൂറോയാകട്ടെ, ഉത്തരവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രതികരണം ദേശീയ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങൾ ഇപ്പോൾത്തന്നെ നിലവിലുണ്ടെന്നായിരുന്നു. എന്തിനാണ് സാധാരണക്കാരെ ശല്യപ്പെടുത്തുന്നതെന്നും അവർ ചോദിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈ ഉത്തരവ് അത്യന്തം അപകടകരവും പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് പറഞ്ഞു. മുതിർന്ന എൽ.ജെ.ഡി. നേതാവ് ശരദ് യാദവ്, രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ ഇത്തരത്തിലുള്ള ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ട്വിറ്ററിൽ കുറിച്ചു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഒരു പടികൂടികടന്നാണ് പ്രതികരിച്ചത്. മേയ് 2014 മുതൽ ഇന്ത്യ അപ്രഖ്യാപിത അടിയന്തരാവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മോദിസർക്കാർ എല്ലാ പരിധികളെയും ലംഘിച്ചുകഴിഞ്ഞിരിക്കുന്നു - അദ്ദേഹം പറഞ്ഞു. അടുത്തുവരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് മോദി സർക്കാർ അധാർമിക നടപടികളുമായി മുന്നോട്ടുപോകുന്നത് എന്ന് പ്രതിപക്ഷകക്ഷികൾ പ്രസ്താവിച്ചു. ആസന്നമായ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരേ ശബ്ദമുയർത്തുന്ന പ്രതിപക്ഷ നേതാക്കന്മാരുടെ വായമൂടിക്കെട്ടാൻ കൂടിയാണ് തിടുക്കത്തിലും രഹസ്യാത്മകമായും ഇത്തരം ഒരു നിയമം കൊണ്ടുവന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പൗരാവകാശധ്വംസനങ്ങൾക്കെതിരേ നടന്നുവരുന്ന പ്രതിഷേധങ്ങൾ സ്വാഗതാർഹമാണ്. പ്രതികരണമില്ലായ്മയിൽ നിന്നാണ് ഏകാധിപത്യം വളരുന്നത്. ചരിത്രത്തിലില്ലാത്തവിധം സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മനുഷ്യരുടെ ചിന്തയെത്തന്നെ ലക്ഷ്യംവെക്കുന്ന ഇരുണ്ടകാലത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. ഈ ബൗദ്ധിക അധിനിവേശത്തെ സംഘടിതമായി ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്.