ടാപ് ചെയ്യപ്പെടുന്ന ഏക വസ്തു റബ്ബറാണെന്നു ധരിച്ച അക്കാലത്ത്‌ ഞങ്ങളിൽ ചിലരെ തിരുത്തിയത് ഇന്ത്യൻ എക്സ്‌പ്രസിലെ കാർട്ടൂൺ ആണ്. വാട്ടർ ഗേറ്റ് തിരിമറികൾ പുറത്തുവരുന്ന മുറയ്ക്ക് അബു എബ്രഹാം ഫോൺ ടാപ്പിങ്ങിനെക്കുറിച്ചു വരച്ചുതുടങ്ങി.

അന്നത്തെ കേരള കാമ്പസുകളിൽ അമേരിക്കയും വിയറ്റ്‌നാമും പ്രാദേശിക വാർത്തയായിരുന്നു. അന്യദേശങ്ങളിൽ നടത്തുന്ന പരസ്യമായ യുദ്ധത്തിനു സമാന്തരമായി സ്വദേശത്തു ചില രഹസ്യയുദ്ധങ്ങൾ നടത്തി അധികാരം ഉറപ്പിക്കാൻ പ്രസിഡന്റ് നിക്‌സൻ ഒരുങ്ങി. അതിന്റെ ഭാഗമായി വാട്ടർ ഗേറ്റ് ഹോട്ടലിൽ എതിർകക്ഷിക്കാരുടെ സംഭാഷണം ചോർത്താൻ  നടത്തിയ ശ്രമം പക്ഷേ, പാളി.

ദശകങ്ങൾക്കിപ്പുറം സംശയത്തോടെ ഫോണിനെ കാണാൻ നാം പഠിച്ചുവരുന്നതേ ഉള്ളൂ. ഒരുപാടുകാലം  ഇവിടെ സാധനം അധികാരത്തിന്റെയും ജീവിത വിജയത്തിന്റെയും ചിഹ്നമായിരുന്നു. കാർട്ടൂണിസ്റ്റിനു പ്രിയപ്പെട്ട ഒരു വസ്തുവും.

മുഖം കഴിഞ്ഞാൽ വരക്കാർ ഏറ്റവും ശ്രദ്ധിക്കുക കൈയാണ്. നേതാക്കളുടെ പടമെടുപ്പിക്കാൻ ഏൽപ്പിക്കുന്ന ഫോട്ടോഗ്രാഫർമാരോടു ശങ്കർ കൈകളുടെ സമീപദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെടുമായിരുന്നു. മുഖഭാവത്തോടു കൈ മുദ്രയുംകൂടി ചേരുമ്പോൾ കാരിക്കേച്ചർ ബലപ്പെടും. കൈയിൽ ഒരു ഫോണുംകൂടി വരച്ചുചേർത്താൽ മുൻകാലനേതാവിന്റെ അധികാരചിഹ്നങ്ങൾ പൂർത്തിയാവും.

സാം പിട്രോഡയും രാജീവ് ഗാന്ധിയുംകൂടി നാടൊട്ടുക്ക് എസ്.ടി.ഡി. ബൂത്തുകൾ സ്ഥാപിച്ചതോടെ ശ്രവണി സർവസാധാരണമായി. മൊബൈൽ ഫോൺ വന്നതോടെ വസ്ത്രധാരണത്തിന്റെ ഭാഗവുമായി. ഇക്കാലത്ത് ഫോണല്ല, ഫോൺ ചോർത്തലാണ് അധികാരലക്ഷണം. പെഗാസസ് കഥകൾ വിശ്വസിക്കാമെങ്കിൽ നമ്മുടെ മൂന്നാം ലോക ജനാധിപത്യം ചോർന്നൊലിച്ചുകൊണ്ടിരിക്കയാണ്. കോടികൾ ചെലവാക്കി മന്ത്രിഭവനങ്ങളിലെ  പാചകക്കാരുടെയും തോട്ടക്കാരുടെയുംവരെ ഫോൺ ചോർത്തുന്നു.  

സ്വകാര്യത തട്ടിയെടുക്കുന്ന സർവശക്തന്റെ വികലരൂപം ഹെർബ്ലോക് ‘വാഷിങ്‌ടൺ പോസ്റ്റി’ൽ വരച്ചുകാണിച്ചു. റെക്കോഡ്‌ പ്ലെയറിലെ മുറിഞ്ഞ ടേപ് കടിച്ചുപിടിച്ച്‌ ഒട്ടിക്കാൻ ശ്രമിക്കുന്ന, തൂങ്ങിയാടുന്ന പ്രസിഡന്റ് നിക്‌സൻ. രഹസ്യ ശബ്ദലേഖനം സ്വാഭാവികമായും പെട്ടെന്ന് കണ്ണിൽപ്പെടാത്ത എവിടെയെങ്കിലും തിരുകിക്കയറ്റാവുന്ന ചെറിയ യന്ത്രസാമഗ്രികൾ ഉപയോഗിച്ചാണ് നടത്തുക. ഇതിന്റെ പ്രയോജനംപറ്റുന്ന നേതാവിനെ അതിലും ചെറുതായ ഒരു അസ്ഥിരരൂപം ആക്കി ഈ കാർട്ടൂൺ പ്രതിഭ.

അക്കാലത്തുനിന്ന് ഈ ഡിജിറ്റൽ ലോകത്തെത്തുമ്പോൾ ഈ ചാരവിദ്യ കൂടുതൽ സൂക്ഷ്മമാവുന്നു. അരൂപിയായ ശബ്ദവീചികളുടെ മറുവശത്ത്‌്‌ എവിടെയോ ആരോ നമ്മെ ഒളിച്ചുകേൾക്കുന്നു. ചിത്രീകരണ സാധ്യതയുള്ള ഒന്നും ഈ അമൂർത്തപ്രക്രിയയിൽ ഇല്ല. ഇവിടെയാണ് പെഗാസസ് എന്ന പറക്കുംകുതിര രക്ഷയ്ക്കെത്തുന്നത്. കുതിരയെ വരയ്ക്കാൻ ഇഷ്ടപ്പെടാത്ത ചിത്രകാരന്മാരുണ്ടോ? ചിറകുകളുംകൂടി ആവുമ്പോൾ വിശേഷമായി. ഇതുപോലൊന്നു നമ്മുടെ പുരാണങ്ങളിലുണ്ട്. പാലാഴി മഥനത്തിൽ പൊങ്ങിവന്ന ദേവേന്ദ്രന്റെ വാഹനം. അമൃത് കഴിച്ചു സുഖമായി ജീവിക്കുന്ന ഉച്ചൈസ്രവസ്സ്. പേരിന്റെ അർഥം അറിഞ്ഞാൽ പെഗാസസിനെക്കാൾ ചാരവിദ്യയ്ക്ക് യോഗ്യൻ. നീണ്ട ചെവികളോടുകൂടിയത്.

ഇതിലും വലിയ ചെവിയും കണ്ണുമുള്ളൊരു സർവവ്യാപിയായ വലിയേട്ടൻ നമ്മെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാലത്തെക്കുറിച്ചാണ് ജോർജ് ഓർവെലിന്റെ ‘1984’ എന്ന നോവൽ. നിരീക്ഷണ രാഷ്ട്രീയം വരച്ചുതുടങ്ങുന്ന കാർട്ടൂണിസ്റ്റുകൾ ഈ പ്രവാചകനെ സ്പർശിക്കാതെ കടന്നുപോവില്ല. അതിൽ അദ്‌ഭുതമില്ല. ഇത്രയും ഇരുണ്ട രാഷ്ട്രീയം ഇത്രയും ചടുലമായ ഗദ്യത്തിൽ അവതരിപ്പിച്ചതിന്‌. ഏതു കാർട്ടൂണിസ്റ്റിനെയും കൊതിപ്പിക്കുന്ന ചിരസ്മരണീയമായ പ്രയോഗങ്ങൾക്ക്, ഒറ്റ വാചകങ്ങൾക്ക്. 

എഴുപതുഭാഷകളിൽ ദശലക്ഷങ്ങൾ വിറ്റ ‘അനിമൽ ഫാം’ എന്ന സ്റ്റാലിനിസത്തെക്കുറിച്ചുള്ള ഓർവെൽ  നോവലിന്റെ അൻപതാം വാർഷികത്തിനു പ്രത്യേക പതിപ്പ് 1995-ൽ ഇറങ്ങി. ചിത്രീകരണം ബ്രിട്ടീഷ് കാർട്ടൂണിസ്റ്റ് റാൽഫ് സ്റ്റെഡ്മൻ (Ralph Steadman). ഇതിനിടെ എഴുപതുകളിൽത്തന്നെ ഓർവെൽ ഉദ്ദേശിച്ചതിനപ്പുറം ഭരണകൂടം പലയിടത്തും സ്റ്റാലിനെ കടത്തിവെട്ടി. അതിലൊന്ന് യുഗാൺഡയിൽ ആയിരുന്നു. ദൈവം തന്നോടു നേരിട്ടുപറയുന്ന കാര്യങ്ങൾ അതേപടി നടപ്പാക്കുന്നു എന്നേ ഉള്ളൂയെന്ന് പ്രസിഡന്റ് ഇദി അമിൻ. ഇതെങ്ങനെ യെന്ന് അക്കാലത്തെ ഒരു കാർട്ടൂൺ കാണിച്ചുതന്നു. മേലോട്ട് അനന്തമായി നീണ്ടുപോകുന്ന കേബിളിന്റെ ഇങ്ങേ തലയ്ക്കലെ ഫോൺവഴിയാണ് ഈശ്വരാജ്ഞ വരുന്നത്. ശ്രവണിയെ സൂക്ഷിക്കണം.