ഗൾഫ് കത്ത്

പ്രവാസികൾ കേരളത്തിലേക്കയയ്ക്കുന്നത്‌ ഏതാണ്ട് ഒരുലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. എന്നാൽ, ഇതിൽ ഏറെയും നിക്ഷേപം എന്നതിനെക്കാൾ സമ്പാദ്യവും വീട്ടുചെലവുകൾക്കുള്ളതും ഉള്ളതാണെന്നാണ് സാധാരണപ്രവാസികളിൽ വലിയൊരു വിഭാഗം പറയുന്നത്. നാട്ടിൽ കുട്ടികളുടെ വിദ്യാഭ്യാസം, സ്വന്തമായൊരു വീട്, മക്കളുടെ വിവാഹം, ചികിത്സ എന്നിങ്ങനെ പ്രാരാബ്ധങ്ങളുടെ വലിയ ചുമടുമായാണ് ഓരോ പ്രവാസിയും ഇവിടെ കഴിയുന്നത്. ഇതെല്ലാം നിർവഹിച്ചശേഷം കിഫ്ബിക്ക് നിക്ഷേപമായി നൽകാൻ ബാക്കിയെന്തുണ്ടാവുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം

കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റ്‌ ചോർന്നോ ഇല്ലയോ എന്ന തർക്കത്തിലാണ് കേരളം. എന്നാൽ, പ്രവാസലോകം ബജറ്റിന്റെ ഉള്ളടക്കവും ഭാവിയുമാണ് ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്. 
പ്രവാസികളെയും അവരുടെ പ്രശ്നങ്ങളെയും നന്നായി അറിയാവുന്ന പിണറായി വിജയൻ നേതൃത്വംനൽകുന്ന ഗവൺമെന്റിന്റെ ഈ ബജറ്റിനെ ഏറെ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. പ്രവാസിനിക്ഷേപത്തിനും അവരുടെ സഹകരണത്തിനും ഊന്നൽനൽകിയും അവരുടെ കനിവിൽ നിറയുന്ന കിഫ്ബിയുടെ പണപ്പെട്ടിയുമാണ് ബജറ്റിന്റെ രത്നച്ചുരുക്കമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അത്രമാത്രം പണം ഇവിടെനിന്ന് സമാഹരിക്കാനാവുമോ എന്നതാണ് ബജറ്റിന്റെ വിമർശകർ ഉന്നയിക്കുന്ന വാദം.

പ്രവാസികളിലേറെയും ഗൾഫ് നാടുകളിൽ നിന്നുള്ളവരാണ് എന്നതിനാൽ ഗൾഫുകാരാണ് പ്രതീക്ഷയോടെ ഈ ബജറ്റിനെ നോക്കുന്നത്. ഗൾഫിലെ പ്രവാസികളിൽത്തന്നെ തൊണ്ണൂറു ശതമാനത്തോളവും വളരെ സാധാരണക്കാരും ഇടത്തരക്കാരുമാണ്. നിത്യച്ചെലവുകളും നാട്ടിലെ കുടുംബപ്രാരബ്ധങ്ങളും നിർവഹിച്ചുകഴിഞ്ഞാൽപിന്നെ ബാക്കി എന്തെന്ന് ചോദിക്കുന്നവർതന്നെ അതിൽ ഭൂരിഭാഗവും. ഗൾഫിലെ വൻകിട വ്യാപാരപ്രമുഖരെയും ബിസിനസ് ഗ്രൂപ്പുകളെയും മാറ്റിനിർത്തിയാൽ നാട്ടിൽ തിരിച്ചുപോയാൽ എന്തുചെയ്യുമെന്ന് ചോദിക്കുന്നവർതന്നെ എല്ലാവരും. ഇന്ത്യക്കുപുറത്ത് മറ്റൊരിടത്തുമില്ലാത്ത ഒരു അരക്ഷിതബോധം ഗൾഫ് നാടുകളിലെ പ്രവാസികൾക്കുണ്ട്. അതുകൊണ്ടുതന്നെയാണ് എന്നെങ്കിലും തിരിച്ചുചെല്ലേണ്ടിവരുന്ന നാട്ടിലെ ഓരോ ചലനവും ഗൾഫ് മലയാളിക്ക് പ്രിയപ്പെട്ടതാവുന്നത്. ആ തരത്തിൽ സർക്കാരിന്റെ ബജറ്റ്പ്രസംഗത്തിനുപോലും അവർ കാതോർക്കുന്നുണ്ട്. 
സാധാരണ പ്രവാസികൾക്കായി അംശദായം പിരിച്ച് നടത്തുന്ന ക്ഷേമനിധി പെൻഷൻ അഞ്ഞൂറുരൂപയിൽനിന്ന് രണ്ടായിരം രൂപയാക്കി ഉയർത്തുന്നെന്ന പ്രഖ്യാപനം വലിയ ആശ്വാസത്തോടെയാണ് സാധാരണക്കാർ കേട്ടത്. എന്നാൽ, ഇപ്പോഴും പ്രവാസികളിൽ വളരെ ചെറിയൊരുവിഭാഗം മാത്രമാണ് ഈ പദ്ധതിയിൽ അംഗമായിട്ടുള്ളത്. നാമമാത്രമായ പെൻഷൻ തീരേ ആകർഷകമല്ലെന്നതായിരുന്നു പദ്ധതിയോട് മുഖംതിരിക്കാനുള്ള പ്രധാനകാരണവും. ഇത്തവണ അത് അയ്യായിരം രൂപയെങ്കിലുമായി ഉയർത്തുമെന്ന് ഉത്തരവാദപ്പെട്ട പലരും അടക്കംപറഞ്ഞിരുന്നു.
അത് നടക്കാതെപോയതിലുള്ള വിഷമം പലരും പങ്കുവെയ്ക്കുന്നു. എങ്കിലും അവർ പ്രതീക്ഷ കൈവിടുന്നില്ല. പ്രവാസികളെ മൂന്ന് വിഭാഗമാക്കി സർക്കാർ വ്യാഖ്യാനിച്ചിട്ടുണ്ട്. നേരത്തെ അവർക്കുള്ള പെൻഷൻ പ്രഖ്യാപനമനുസരിച്ച് വിദേശത്തുള്ള  അറുപതുവയസ്സ് കഴിഞ്ഞവർക്ക് ആയിരംരൂപ, തിരിച്ചുപോയ പ്രവാസികൾക്ക് 500 രൂപയുമാണ് നിരക്ക്. മൂന്നാമത്തെ വിഭാഗം മറ്റുസംസ്ഥാനങ്ങളിലുള്ള മറുനാടൻ മലയാളികളാണ്. 500 രൂപ രണ്ടായിരം രൂപയാക്കുമ്പോൾ ആയിരംരൂപ പെൻഷനും അതിനനുസരിച്ച് വർധിപ്പിക്കേണ്ടതല്ലേയെന്ന ചോദ്യം ഇപ്പോൾ ഇവിടെയുള്ള പ്രവാസികളെല്ലാം ചോദിച്ചുതുടങ്ങിയിട്ടുണ്ട്. 
മുഖ്യമന്ത്രിയാവാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പിണറായി വിജയൻ തിരഞ്ഞെടുപ്പിനുമുമ്പുതന്നെ ഒരു ഗൾഫ് പര്യടനം നടത്തി എല്ലാവരിൽനിന്നും അഭിപ്രായം സ്വരൂപിച്ചിരുന്നു. മുഖ്യമന്ത്രിപദം ഏറ്റെടുത്തശേഷം ആദ്യം യു.എ.ഇ.യിലും കഴിഞ്ഞമാസം ബഹ്‌റൈനിലും ഔദ്യോഗികപര്യടനം നടത്തുകയും ചെയ്തു. പ്രവാസികൾക്കായി എന്തൊക്കെയോ ചെയ്യാൻ പോകുന്നെന്നൊരു വിശ്വാസവും പ്രതീക്ഷയും എല്ലാവരിലും ഉണ്ടാക്കാൻ ഈ പര്യടനങ്ങൾ കാരണമാവുകയും ചെയ്തു. ആ വിശ്വാസത്തോട് നീതിപുലർത്താൻ ആദ്യ ബജറ്റിന് കഴിഞ്ഞിട്ടില്ലെന്നതുതന്നെയാണ് ആദ്യ വിമർശനം. 
 പ്രവാസികളുടെ നിക്ഷേപത്തിൽ കണ്ണുംനട്ട് കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനം കിഫ്ബി ഏറ്റെടുത്ത്‌ നടത്തുമെന്നതാണ് ബജറ്റിലെ പ്രധാന നിർദേശങ്ങളിലൊന്ന്. ഗൾഫ് നാടുകളിലെ ഒട്ടേറെ പ്രവാസിവ്യവസായികൾ ഇത്തരത്തിൽ നിക്ഷേപം നടത്താൻ താത്‌പര്യം കാണിച്ചിരുന്നു.  ചെറുതും വലുതുമായ എല്ലാ നിക്ഷേപങ്ങൾക്കും ഗവൺമെന്റിന്റെ സെക്യൂരിറ്റി നൽകുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് പര്യടനത്തിനിടയിലും പ്രവാസികളുടെ വേദികളിലുമെല്ലാം നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കിഫ്ബിയിലെ നിക്ഷേപം സുരക്ഷിതമായിരിക്കുമെന്നൊരു ബോധം എല്ലാവരിലുമുണ്ട്. പ്രവാസികൾ കേരളത്തിലേക്ക് അയക്കുന്നത് ഏതാണ്ട് ഒരുലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. എന്നാൽ, ഇതിൽ ഏറെയും നിക്ഷേപം എന്നതിനേക്കാൾ സമ്പാദ്യവും വീട്ടുചെലവുകൾക്കായും ഉള്ളതാണെന്നാണ് സാധാരണപ്രവാസികളിൽ വലിയൊരു വിഭാഗം പറയുന്നത്. നാട്ടിൽ കുട്ടികളുടെ വിദ്യാഭ്യാസം, സ്വന്തമായൊരു വീട്, മക്കളുടെ വിവാഹം, ചികിത്സ എന്നിങ്ങനെ പ്രാരബ്ധങ്ങളുടെ വലിയ ചുമടുമായാണ് ഓരോ പ്രവാസിയും ഇവിടെ കഴിയുന്നത്. ഇതെല്ലാം നിർവഹിച്ചശേഷം കിഫ്ബിക്ക് നിക്ഷേപമായി നൽകാൻ ബാക്കിയെന്തുണ്ടാവുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.  
പ്രവാസികളുടെ നിക്ഷേപം വാണിജ്യബാങ്കുകളിൽ വെറുതെകിടക്കുന്നതിനുപകരം അത്രയുമോ അതിലേറെയോ വരുമാനം തിരിച്ചുനൽകുന്ന സ്ഥിരം നിക്ഷേപങ്ങളാണ് കിഫ്ബിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ, ആശയം പ്രഖ്യാപിക്കുന്നതുമുതൽ വിവാദം തഴച്ചുവളരുന്ന കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനങ്ങളുടെ ഏറ്റവും വലിയ പ്രതിസന്ധി സ്ഥലമെടുപ്പുതന്നെയാണ്. വികസനം വികസനം എന്ന് നൂറുനാവുകൊണ്ട് ആവശ്യപ്പെടുമ്പോഴും ഭൂമി വിട്ടുകൊടുക്കാൻ ആർക്കും സമ്മതമില്ല. ദേശീയപാതകളും ബൈപ്പാസ് റോഡുകളും ഗെയിൽ പൈപ്പ് ലൈനുമൊക്കെ ഇപ്പോഴും കേരളത്തിൽ ഇഴഞ്ഞുനീങ്ങുന്നത് സ്ഥലമെടുപ്പിന്റെപേരിൽ തന്നെയാണ്.  
സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാവുന്നതും മാസങ്ങൾക്കകം കൂറ്റൻ ബഹുനിലക്കെട്ടിടങ്ങൾ ഉയരുന്നതും കണ്ട് ശീലിച്ച ഗൾഫ് മലയാളിക്ക് കേരളത്തിലെ ഓരോ പദ്ധതിക്കും വേണ്ടിവരുന്ന സമയം ആശ്ചര്യംമാത്രമല്ല, ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. അത്തരം ഇഴച്ചിൽ മാറ്റി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ഇച്ഛാശക്തികൂടി സർക്കാർ പ്രകടിപ്പിച്ചാൽ കിഫ്ബിയെ സംബന്ധിച്ചുള്ള ആശങ്ക ഒരുപരിധിവരെ ഒഴിവാക്കാനാവും. 
പ്രവാസികൾക്കായി പ്രത്യേകമായൊരു ചിട്ടി കെ.എസ്.എഫ്.ഇ. വഴി നടത്തിയും ധനസമാഹരണം നടത്താൻ ബജറ്റിലൂടെ ഡോ. തോമസ് ഐസക് ലക്ഷ്യമിടുന്നുണ്ട്. ഒരുപക്ഷേ, പ്രവാസികളിലെ സാധാരണക്കാരെയും ഇടത്തട്ടുകാരെയുമാവണം പ്രവാസിചിട്ടിയിലൂടെ ആകർഷിക്കാൻ ബജറ്റ് ഉദ്ദേശിക്കുന്നത്. മിക്കവാറും പ്രവാസികളും  ബന്ധുക്കളോ സുഹൃത്തുക്കളോ മുഖേന ചിട്ടിയിൽ ഇപ്പോൾതന്നെ അംഗങ്ങളാണ്. അതുകൊണ്ടുതന്നെ  ആകർഷകമായ പുതിയ വ്യവസ്ഥകളും സംവിധാനങ്ങളുമാവണം പ്രവാസിചിട്ടിക്കായി ആസൂത്രണം ചെയ്യേണ്ടത്. ചിട്ടി കിട്ടിയാലും ആ തുക കിട്ടാനോ അതിൽനിന്ന് വായ്പയെടുക്കാനോ ഒക്കെയുള്ള ഇപ്പോഴത്തെ ചിട്ടവട്ടങ്ങൾ പ്രവാസിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.  അതുകൂടി പരിഗണിച്ചാൽ പ്രവാസി ചിട്ടി വിജയമാകുകതന്നെ ചെയ്യും.  
പ്രവാസികളെല്ലാവരും ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവമായ പ്രശ്നം പുനരധിവാസം തന്നെയാണ്. ഗൾഫിലെ തൊഴിൽമേഖലയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് പല കാരണങ്ങളുണ്ട്. എണ്ണയുടെ വിലയിടിവുമുതൽ സ്വദേശിവത്‌കരണംവരെ നീളുന്നതാണ് അവ. അതുകൊണ്ടുതന്നെ പിടിച്ചുനിൽക്കാവുന്നത്ര ഇവിടെ നിൽക്കാനും പിന്നെ മടങ്ങാനും എല്ലാവരും നിർബന്ധിതരാണ്. 
  പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇത്തവണ കുറെക്കൂടി പണം വകയിരുത്തിയെന്നതും നല്ലലക്ഷണംതന്നെ. പക്ഷേ, ഏതാനും മാസങ്ങളായി ഏറ്റവും മോശം പ്രകടനം മുഖ്യമന്ത്രിയുടെതന്നെ കീഴിലുള്ള നോർക്കയുടേതായിരുന്നു എന്ന വിമർശനവും കാണാതെപോകരുത്. നോർക്ക പുനഃസംഘടിപ്പിച്ചെങ്കിലും അതിന്റെ പ്രവർത്തനം ഇപ്പോഴും ട്രാക്കിലായിട്ടില്ല. 
ഭരണം ഒരുവർഷം പൂർത്തിയാക്കാൻ ഇനി ദിവസങ്ങൾമാത്രം. അതിനുമുമ്പുതന്നെ ക്രിയാത്മകമായ എന്തെങ്കിലും നോർക്കയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്. പിണറായി വിജയൻ എന്ന നേതാവും മുഖ്യമന്ത്രിയും പ്രവാസികൾക്ക് വലിയ പ്രതീക്ഷകളാണ് നൽകിയത്. ആ പ്രതീക്ഷകളോട് നീതിപുലർത്താനുള്ള സമയമാണിത്.