ലോക്‌സഭാ തിരഞ്ഞെടുപ്പിന് നൂറുദിനംമാത്രം ബാക്കിനിൽക്കെ യു.പി.യിൽ ബുവ-ഭതീജ വക ഗഢ്ബന്ധനാണ് ഇനി. ഇത്തവണ താമര വാഴുമോ അതോ എസ്.പി. - ബി.എസ്.പി. മഹാസഖ്യം താമരയുടെ തണ്ടൊടിക്കുമോ എന്നതാണ് അറിയാനുള്ളത്. 2014-ലെ യു.പി.എ. സർക്കാരിനെതിരായ വികാരവും മോദിതരംഗവും സൃഷ്ടിച്ച അലയിൽ അധികാരം പിടിച്ച ബി.ജെ.പി.ക്ക് യു.പി.യിൽ വിധാൻസഭാവിജയം പ്രതീക്ഷ നൽകുമ്പോഴും 2018-ലെ മൂന്ന് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും മഹാസഖ്യത്തിനുമുന്നിൽ അടിയറവ് പറയേണ്ടിവന്നിരുന്നു. തിരഞ്ഞെടുപ്പിൽ വോട്ട് ഭിന്നിച്ചില്ലെങ്കിൽ ബി.ജെ.പി.ക്ക് അത് തിരിച്ചടിയാവുമെന്നുറപ്പ്. എന്നാൽ, മോദിപ്രഭാവത്തിൽ വിജയമാവർത്തിക്കുമെന്നും വികസനപ്രവർത്തനങ്ങൾ ജനം മറക്കില്ലെന്നുമാണ് ബി.ജെ.പി. ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
അഖിലേഷും മായാവതിയും ഒരുമിച്ചുനിന്ന് 38 സീറ്റുവീതം പങ്കുവെച്ച് മത്സരിക്കുമ്പോൾ കൗതുകം നിരവധിയുണ്ട്. പഴയ വിദ്വേഷത്തിന്റെ കഥകളും ഞാനെന്നഭാവവും മറന്നാണ് ശനിയാഴ്ച ലഖ്‌നൗവിൽ മായാവതിയും അഖിലേഷ് യാദവും സംയുക്ത വാർത്താസേമ്മളനം നടത്തി ബി.ജെ.പി.യെ തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ യു.പി.യിൽ പ്രത്യേകിച്ച്, ജാട്ട് വിഭാഗത്തിൽ നല്ലൊരുശതമാനം വോട്ടുബാങ്കുള്ള രാഷ്ട്രീയലോക്ദളിനെ (ആർ.എൽ.ഡി.) ഒപ്പംനിൽക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. കിഴക്കൻ യു.പി.യിൽ ശക്തിയുള്ള നിഷാദ് പാർട്ടിയും അഖിലേഷുമായി ചർച്ചകൾ നടത്തുന്നുണ്ട്. രാഹുലിനും സോണിയയ്ക്കുമുള്ള രണ്ട് മണ്ഡലങ്ങളും ചെറുകക്ഷികൾക്കായുള്ള രണ്ട് മണ്ഡലങ്ങളും ഒഴികെ മറ്റെല്ലാ സീറ്റുകളിലും എസ്.പി.-ബി.എസ്.പി. സഖ്യം മത്സരിക്കും. ഏതായാലും തണുപ്പിന്റെ ആലസ്യത്തിലാണ്ടിരിക്കുന്ന യു.പി.യിലെ രാഷ്ട്രീയചർച്ചകൾ ഇതോടെ ചൂടുപിടിച്ചിരിക്കുന്നു.
ആവർത്തിക്കുമോ 1993?
ഒരുമിച്ചുനിന്നപ്പോൾ കോൺഗ്രസും ജനതാദളും പിന്തുണച്ച് ബി.ജെ.പി.യുടെ അധികാരത്തിലേക്കുള്ള വരവ് തടഞ്ഞ ചരിത്രമാണ് 1993-ലെ വിധാൻസഭാ തിരഞ്ഞെടുപ്പിലേത്. ബി.ജെ.പി. അധികാരത്തിലെത്തുന്നത് തടയാൻ മായാവതിയുമായി ചേർന്നുനിന്ന് മുലായം അന്ന് വഴിയടച്ചു. പിന്നീട് വലിയ രാഷ്ട്രീയവിരോധത്തിന്റെ കാലത്തേക്ക് ഇരുവരും മാറി. കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ നിലനിൽപ്പിന്റെയും രാഷ്ട്രീയനിലപാടിന്റേതുമായ സ്വരച്ചേർച്ചാസാധ്യതയിലേക്ക്, ഇരുപക്ഷവും എത്തിച്ചേർന്നിരിക്കുന്നു. അഥവാ അത്തരമൊരു രാഷ്ട്രീയാവസ്ഥയിലേക്ക് ബി.ജെ.പി.യുടെ വിജയങ്ങൾ മായാവതിയെയും അഖിലേഷിനെയും എത്തിച്ചെന്നും പറയാം.
സഖ്യത്തിൽ പരിഗണിച്ചില്ലെങ്കിലും കോൺഗ്രസിന് അന്തിമഘട്ടത്തിൽ സഖ്യത്തെ പിന്തുണയ്ക്കുകയല്ലാതെ വേറെ വഴിയില്ല. ബി.ജെ.പി.വിരുദ്ധ വോട്ട് ചിതറിക്കുക എന്ന ആത്മഹത്യാശ്രമത്തിലേക്ക് രാഹുൽ ഏതായാലും പോകില്ല. കഴിഞ്ഞ മൂന്ന് ഉപതിരഞ്ഞെടുപ്പുകളും അത് ശരിവെക്കുന്നുമുണ്ട്.
2014-ൽ ബി.ജെ.പി.യും അപ്‌നാദളും ചേർന്ന് നേടിയത് 43.63 ശതമാനം വോട്ടാണ്. എസ്.പി.-ബി.എസ്.പി. വോട്ടുകൾ ഒരുമിച്ച് കണക്കാക്കിയാൽ ഏതാണ്ട് 42 ശതമാനം വോട്ടുണ്ട്. ഒപ്പം ആർ.എൽ.ഡി.കൂടി ചേർന്നാൽ 43 ശതമാനം വോട്ട്. ആകെയുള്ള 80-ൽ 39 സീറ്റിൽ എസ്.പി.-ബി.എസ്.പി-ആർ.എൽ.ഡി-കോൺഗ്രസ് ഒരുമിച്ചാൽ സമാഹരിക്കാനിടയുള്ള വോട്ട് 50.51 ശതമാനമാണ്. അതായത് 42 സീറ്റിൽ എസ്.പി.- ബി.എസ്.പി.-ആർ.എൽ.ഡി. സഖ്യത്തിന് ബി.ജെ.പി.ക്ക് ലഭിക്കുന്നതിനേക്കാൾ വോട്ടുശതമാനം കൂടുതലാണെന്ന് ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെ കണക്കുകൾ വ്യക്തമാക്കുന്നു. ചുരുങ്ങിയത് 15 സീറ്റിൽ എസ്.പി.യും ബി.എസ്.പി.യും ഒരുമിച്ചുനിന്നാൽ 50 ശതമാനത്തിൽ കൂടുതൽ വോട്ടുണ്ടെന്നാണ് അവരുടെ കണക്ക്. ഇതെല്ലാം എസ്.പി.-ബി.എസ്.പി. സഖ്യത്തിന് കരുത്തുപകരുന്നതാണ്.
മുസ്‌ലിംവോട്ടുകൾ സമാഹരിക്കാൻ എസ്.പി.-ബി.എസ്.പി. ഒരുമിച്ച് നിൽക്കുമ്പോൾ ജാട്ട് പാർട്ടിയായ ആർ.എൽ.ഡി. പിന്തുണ പ്രശ്നമാകുമോ എന്ന ആശങ്കയും ബി.ജെ.പി.വിരുദ്ധസഖ്യത്തിനുണ്ട്. കോൺഗ്രസ് സഖ്യമുണ്ടായപ്പോൾ എസ്.പി.ക്ക് ഒറ്റയ്ക്ക് ലഭിക്കേണ്ട വോട്ടുകൾപോലും വന്നില്ലെന്ന് 2017 വിധാൻസഭാ തിരഞ്ഞെടുപ്പിൽ വിമർശിച്ചവരും എസ്.പി.ക്കുള്ളിൽ ഏറെയാണ്. ഇതാണ് മായാവതി സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞതും. അതായത് മറ്റ് അയൽസംസ്ഥാനങ്ങളിലെ സ്ഥിതിയല്ല യു.പി.യിലേത്. കോൺഗ്രസിന്റെ പിന്തുണ എസ്.പി.-ബി.എസ്.പി. കൂട്ടുകെട്ടിന് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു വിഷയമല്ല എന്നർഥം.
വിഷയങ്ങൾ, തർക്കങ്ങൾ
യോഗി ആദിത്യനാഥ് സർക്കാർ കുംഭമേളയുടെ ഉത്സാഹങ്ങൾക്കിടയിലും അണികളിലെ അയോധ്യാവിഷയത്തിലെ നീരസത്തിനുമിടയിലാണ്. അയോധ്യയിലെ രാമക്ഷേത്രനിർമാണം സംബന്ധിച്ച് എന്തെങ്കിലുമൊരു വാക്ക്, ഭരിക്കുന്ന ബി.ജെ.പി. നേതാക്കളിൽനിന്ന് അയോധ്യയിലെ സന്ന്യാസിസമൂഹവും അണികളിൽ നല്ലൊരു ശതമാനവും കേൾക്കാനാഗ്രഹിക്കുന്നുണ്ട്. എന്നാൽ, കോടതി പരിഗണനയിലുള്ള വിഷയമായതിനാൽ കുറച്ചുനാൾ പ്രതികരണത്തിന് ശ്രദ്ധപുലർത്തിയെങ്കിലും രാമക്ഷേത്രം പണിയുമെന്ന് കഴിഞ്ഞദിവസം അമിത് ഷാ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു.
യു.പി.യിലെ പടിഞ്ഞാറൻ മേഖലകളിലും ലഖിംപുർ ഉൾപ്പെട്ട പ്രദേശങ്ങളിലും കരിമ്പുകർഷകരുടെ പ്രതിഷേധം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം കുടിശ്ശികയുടെ പേരിൽ തീവണ്ടി തടയൽ ഉൾപ്പെടെ സമരപരിപാടികൾ നടന്നു. കാർഷികകടം എഴുതിത്തള്ളുമെന്ന് പറയുമ്പോഴും സംസ്ഥാനത്ത് ഒരു കരിമ്പുവകുപ്പ് മന്ത്രിയെ വെച്ചിട്ടും കാര്യങ്ങൾ പഴയപടിതന്നെയാണെന്നാണ് വിമർശനം.
മുലായത്തിന്റെ സഹോദരൻ ശിവപാൽ യാദവ് ചെറുപാർട്ടികളുടെ കൂട്ടായ്മയുമായി കോൺഗ്രസിനോട് സഖ്യചർച്ചകൾക്ക് ശ്രമിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും കോൺഗ്രസ് ദേശീയനേതൃത്വത്തിന്, പ്രത്യേകിച്ച് രാഹുലിന് അതിൽ താത്‌പര്യമില്ല. എസ്.പി.-ബി.എസ്.പി. സഖ്യം താനില്ലാതെ എങ്ങനെ പൂർണമാകുമെന്നാണ് സഖ്യപ്രഖ്യാപനത്തെക്കുറിച്ച് ശിവപാൽയാദവ് പ്രതികരിച്ചത്. എന്നാൽ, അഖിലേഷ് കണ്ടമട്ടില്ല. അതായത്, പാലത്തിന്റെ നടുവിലാണ് ശിവപാലിന്റെ പാർട്ടി.
എസ്.പി.യോട് തർക്കിച്ച് പോന്നതിനാൽ ബി.ജെ.പി. ശിവപാലിന് നല്ല പ്രോത്സാഹനം നൽകുന്നുണ്ട്. പ്രഗതിശീൽ സമാജ് വാദി പാർട്ടിക്ക് പുതിയ ബംഗ്ലാവ് പാർട്ടി ഓഫീസായി യോഗി സർക്കാർ അനുവദിച്ചു. ഇക്കാര്യത്തിൽ രാജ്ഭർ സമുദായപാർട്ടി നീരസം പ്രകടിപ്പിച്ചു. മന്ത്രിസ്ഥാനമുള്ള ഘടകകക്ഷിയായിട്ടുപോലും തങ്ങളുടെ പാർട്ടിക്ക് നല്ലൊരു ഓഫീസ് വിട്ടുതരാൻ സർക്കാർ തയ്യാറായില്ലെന്ന് ഓംപ്രകാശ് രാജ്ഭർ വിമർശനമുയർത്തിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പുചൂടിലേക്ക്
യു.പി. ഏതാണ്ട് തിരഞ്ഞെടുപ്പ് ആരവത്തിലേക്ക് വന്നുകഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്തെ മിക്ക പരിപാടികളിലുമുള്ള നേതാക്കളുടെ സാന്നിധ്യവും പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുതന്നെയാണ്. ഗാസിപുരിലും വാരാണസിയിലും അലഹബാദിലും ആഗ്രയിലുമായി പ്രധാനമന്ത്രി ഒരു മാസത്തിനുള്ളിൽ നാലുസന്ദർശങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ചടങ്ങുകളിലെല്ലാം കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് വികസനവും രാഷ്ട്രീയവിമർശനവും സമംചേർത്താണ് മോദിയുടെ പ്രസംഗങ്ങൾ.
പക്ഷേ, യു.പി.യിൽ വിമർശനം സ്വന്തം പാളയത്തിൽനിന്നുതന്നെയാണ്. സുഹൽദേവ് ഭാരതീയസമാജ് പാർട്ടിയും അപ്‌നാദളുമാണവർ. സംവരണംതന്നെയാണ് സുഹൽദേവ് സമാജ് പാർട്ടിയുടെ പ്രശ്നം. മന്ത്രിയാണെങ്കിലും യോഗിയുടെ കടുത്ത വിമർശകനാണിപ്പോൾ അവരുടെ നേതാവ് ഓംപ്രകാശ് രാജ്ഭർ. ബി.ജെ.പി.യുടെ അഹന്തയ്ക്ക് മറുപടി നൽകുമെന്നാണ് അപ്‌നാദൾ നേതാക്കൾ പ്രതികരിച്ചത്.
മോദിയുടെ പ്രതിച്ഛായ, ആർ.എൽ.ഡി. അഖിലേഷ്, മായാവതി സഖ്യത്തെ പിന്തുണച്ചാൽ ജാട്ടുവോട്ടുകൾക്ക് ഉണ്ടാകാവുന്ന വിഘടിക്കൽ, മുന്നാക്ക സംവരണപ്രഖ്യാപനത്തിലെ പ്രതീക്ഷ, ബി.എസ്.പി.യുടെ ദളിത് വോട്ടുകൾക്കപ്പുറമുള്ള ദളിത് വോട്ടുകൾ, യോഗിയുടെ ഭരണം, വികസനപരിപാടികൾ, കൈയയച്ച് സഹായിക്കുന്ന ബ്രാഹ്മിൺ ക്ഷത്രിയ വോട്ടുകൾ എന്നിവയിലാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. 2019 ഒരിക്കലും 2014 ആയിരിക്കില്ലെന്ന് സമാജ്‌വാദി പാർട്ടിയും ബി.എസ്.പി.ക്കും സംശയമൊന്നുമില്ല. വേണമെങ്കിൽ 1993 ആവർത്തിച്ചെന്നും വരാം, പക്ഷേ, 2014 ഇനിയുണ്ടാകില്ല, തീർച്ചയെന്നാണ് സമാജ്‌വാദി പാർട്ടി നേതാക്കളുടെ പ്രതികരണം.