യൂറോപ്യൻ യൂണിയനിൽ വൈകിയെത്തിയ അംഗമായിരുന്നു ബ്രിട്ടൻ. പലപ്പോഴും പരാതിക്കാരി. പരാതിപ്പെട്ട് പരാതിപ്പെട്ട് 47 വർഷം കഴിഞ്ഞ് 2020 ജനുവരി 31-ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ (ഇ.യു.) വിട്ടുപോയി. എങ്കിലും ഒരു നാര് അതിനെ യൂണിയനുമായി ചേർത്തുനിർത്തിയിരുന്നു. ബ്രെക്‌സിറ്റ് അനന്തര വ്യാപാരബന്ധം എങ്ങനെ എന്ന ആശയക്കുഴപ്പത്തിന്റെ നാര്. അതു പരിഹരിക്കുന്നതിനുള്ള, 11 മാസത്തെ പരിവർത്തനകാലം അവസാനിച്ച പുതുവത്സരപ്പാതിരാവിൽ ആ നാരും അറ്റു. ഇനി ബ്രിട്ടൻ പുതിയ ബ്രിട്ടനാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വാക്കിൽ പറഞ്ഞാൽ, ‘‘രാജ്യത്തിന്റെ ‘നിയമങ്ങളുടെയും വിധിയുടെയും നിയന്താവ്’ ഇനി ബ്രിട്ടൻതന്നെ; ദേശത്തിന്റെ കഥയിലെ പുതിയ അധ്യായം തുറന്നിരിക്കുന്നു.’’

ഒടുവിൽ ഡീൽ

തികച്ചും ഒറ്റയായി, ഇ.യു.വുമായുള്ള ഭാവിബന്ധം എങ്ങനെയെന്നതിനെക്കുറിച്ച് ഒരു രേഖ പോലുമില്ലാതെ ബ്രിട്ടൻ ഇറങ്ങിപ്പോകുമോ എന്ന ആകാംക്ഷയിലായിരുന്നു ലോകം. അതുണ്ടായില്ല. ബ്രെക്‌സിറ്റ് അനന്തരം ഇരുകൂട്ടരും തമ്മിലുള്ള വ്യാപാരബന്ധം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചു തീരുമാനിക്കാൻ ഇ.യു.നിയമപ്രകാരം അനുവദിച്ചിരുന്ന കാലം അവസാനിക്കാൻ ഒരാഴ്ചമാത്രം ബാക്കിനിൽക്കെ ഡിസംബർ 24-ന് അതിനുള്ള കരാറുറച്ചു. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫൊൺഡെ ലയെനും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കലും ബുധനാഴ്ച ഒപ്പിട്ട് ബെൽജിയത്തിലെ ബ്രസൽസിൽനിന്ന് ലണ്ടനിലേക്ക് റോയൽ എയർഫോഴ്‌സ് ജെറ്റിൽ അയച്ച കരാറിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഒപ്പിട്ടതോടെ അതു യാഥാർഥ്യമായി. മുഴുവൻ പഠിക്കാൻപോലും നിൽക്കാതെ ബ്രിട്ടീഷ് പാർലമെന്റ് കരാർ അംഗീകരിച്ചു. അങ്ങനെ 1246 പുറമുള്ള ട്രേഡ് ആൻഡ് കോ-ഓപ്പറേഷൻ എഗ്രിമെന്റ് (ടി.സി.എ.) ബ്രിട്ടൻ-യൂറോപ്യൻ യൂണിയൻ ഭാവിബന്ധത്തിന്റെ അടിസ്ഥാനരേഖയായി.

വേദന കുറയില്ല

2016 ജൂൺ 23-നാണ് ബ്രിട്ടീഷ് ജനത ഇ.യു.വിൽ തുടരേണ്ട എന്ന ഹിതമറിയിച്ചത്. ബ്രിട്ടന്റെ പൂർവകാല പ്രൗഢിയിൽ അഭിരമിച്ചിരുന്ന പ്രായമായവർ വോട്ടുചെയ്യുകയും ഭാവിനിശ്ചയിക്കേണ്ട പുതുതലമുറ വോട്ടവകാശം വിനിയോഗിക്കാൻ മടിക്കുകയും ചെയ്തപ്പോൾ 52 ശതമാനം വോട്ടിന് ബ്രെക്‌സിറ്റ്പക്ഷം ജയിച്ചു. ബ്രിട്ടീഷ് രാഷ്ട്രീയം കലുഷമായി. ബ്രെക്‌സിറ്റ് ബ്രിട്ടനെ അനിശ്ചിതത്വത്തിന്റെയും സാമ്പത്തികത്തകർച്ചയുടെയും കയത്തിലേക്ക് തള്ളിവിടുമെന്ന് വിശ്വസിച്ചവരും പ്രതാപത്തിന്റെ പഴയകാലം സ്വപ്നം കണ്ടവരും തർക്കിച്ചുനിന്നപ്പോൾ സമ്പൂർണ വേർപിരിയലിന് നാലുകൊല്ലത്തിലേറെ വേണ്ടിവന്നു. അതിനിടെ രണ്ടു പ്രധാനമന്ത്രിമാർ-ഡേവിഡ് കാമറോണും തെരേസ മേയും-പടിയിറങ്ങി.

ബ്രെക്‌സിറ്റ് നടത്തിയെടുക്കും എന്ന വാശിയോടെ പ്രധാനമന്ത്രിയായ ബോറിസ് ജോൺസണും വിട്ടുപോകുന്ന ആദ്യരാജ്യത്തോടു വിട്ടുവീഴ്ചചെയ്യാതെ മറ്റ് അംഗരാജ്യങ്ങൾക്കും പാഠം നൽകണമെന്ന ലക്ഷ്യത്തോടെ നീങ്ങിയ ഇ.യു.വും തമ്മിലുള്ള ചർച്ചകൾ ഒരിടത്തുമെത്തില്ല എന്നു തോന്നിയ ഘട്ടത്തിലാണ് കരാറിൽ ധാരണയായത്. കരാറില്ലാതെയുള്ള വിട്ടുപോകൽ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം സാമ്പത്തികദുരന്തമാകുമെന്നായിരുന്നു വിലയിരുത്തലുകൾ. ഒടുവിൽ കരാറായി. ജോൺസൺ വാഗ്ദാനം ചെയ്തപോലെ ‘മഹത്തും’, ‘ഇ.യു.വിൽ അംഗമായിരുന്ന കാലത്തെ അതേ ആനുകൂല്യങ്ങളോടു കൂടിയതു’മായ കരാറല്ല അത്.
 

ഇനി എങ്ങനെ?

2021-ലേക്ക് ലോകം പ്രവേശിച്ചപ്പോൾ ഇ.യു.വിന്റെ ഏകവിപണിയിലും കസ്റ്റംസ് യൂണിയനിലുംനിന്ന് ബ്രിട്ടൻ പുറത്തുവന്നു. യൂറോപ്യൻ യൂണിയന്റെ നയങ്ങളും യൂണിയൻ ഏർപ്പെട്ട അന്താരാഷ്ട്ര ഉടമ്പടികളും ഇനി ബ്രിട്ടനു ബാധകമല്ല. ഇ.യു. എന്ന സ്വതന്ത്രവിപണി ബ്രിട്ടന് അന്യമായി. ചരക്കുനീക്കവും സഞ്ചാരസ്വാതന്ത്ര്യവും സേവനത്തിന്റെയും മൂലധനത്തിന്റെയും സ്വതന്ത്രമായ ഒഴുക്കും തടയപ്പെട്ടു. ഇവയെല്ലാം ഇനി നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാണ്.ഇ.യു.വിൽ അംഗമായിരുന്നപ്പോൾ യു.എസും ഓസ്‌ട്രേലിയയും പോലുള്ള രാജ്യങ്ങളോട് നേരിട്ടുവ്യാപാരക്കരാറുണ്ടാക്കാൻ ബ്രിട്ടന് ആകുമായിരുന്നില്ല. ഇനിമേൽ സ്വന്തമായ വ്യാപാരനയമുണ്ടാക്കി, സ്വന്തം താത്പര്യപ്രകാരം ഇടപാടുകൾ നടത്താം. വിവിധ രാജ്യങ്ങളുമായി പുതിയ വ്യാപാരക്കരാറുകൾ ഉണ്ടാക്കിയാലും ഇ.യു. രാജ്യങ്ങളുമായുണ്ടായിരുന്ന സ്വതന്ത്രവ്യാപാരക്കരാറുകളിലെപ്പോലെ ബ്രിട്ടനു നേട്ടമുണ്ടാവില്ലെന്നാണ് വിലയിരുത്തൽ. ടി.എ.സി.യുണ്ടെങ്കിലും ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാകുമെന്നും വിലയിരുത്തപ്പെടുന്നു. വരുംവർഷങ്ങളിൽ സാമ്പത്തികവളർച്ച നാലുശതമാനം ചുരുങ്ങുമെന്ന് സർക്കാരിനുവേണ്ടി സാമ്പത്തികസ്ഥിതി അവലോകനം ചെയ്യുന്ന ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റിതന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

കരാറിലെ മത്സ്യബന്ധനം സംബന്ധിച്ച വ്യവസ്ഥ ബ്രിട്ടീഷ് കടലിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മീൻപിടിത്തം തുടരാൻ അവസരം നൽകുന്നതാണ്. ഇത് തങ്ങൾക്ക് ദോഷം ചെയ്യുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സ്കോട്ട്‌ലൻഡിലെ നേതാവ് നിക്കൊെള സ്റ്റർജനും ഇക്കാര്യത്തിൽ ജോൺസണെതിരേ രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല, ബ്രിട്ടനിൽനിന്നുള്ള സ്‌കോട്ട്‌ലൻഡിന്റെ സ്വാതന്ത്ര്യം എന്ന ആശയം അവർ വീണ്ടും ഉയർത്തിയിട്ടുമുണ്ട്.ലോകത്തെ ഏറ്റവും വലിയ ഒറ്റവിപണിയായ യൂറോപ്യൻ യൂണിയൻ സ്വയം വിട്ടുപോയ ബ്രിട്ടനിൽനിന്ന് പതിയെ തൊഴിലുകളും തത്ഫലമായി ആളുകളും ആഗോളീകരണത്തോട് ആഭിമുഖ്യം കാണിക്കുന്ന നാടുകൾ തേടിപ്പോകും. മൂലധനത്തിന്റെ ഒഴുക്കും കുറയും. കരാറുണ്ടായെങ്കിലും അത് കരാറില്ലാ ബ്രെക്‌സിറ്റിനെക്കാൾ ഒട്ടും മെച്ചമല്ലെന്ന വിലയിരുത്തലിനു കാരണം ഇതാണ്.  

ഇന്ത്യയുമായും പുതുബന്ധം

ചരക്കുനീക്കം ഇപ്പോഴും നികുതിരഹിതമായതിനാൽ ബ്രിട്ടനിലെ ഇന്ത്യൻ കമ്പനികൾ ആശ്വാസത്തിലാണ്. എന്നാൽ, യൂറോപ്യൻ യൂണിയൻ എന്ന വലിയ സ്വതന്ത്രവിപണി ഭാവിയിൽ അത്രയെളുപ്പം പ്രാപ്യമല്ലാതെ വരുമ്പോൾ ഇന്ത്യൻ കമ്പനികൾക്ക് ബ്രിട്ടനിൽ നിക്ഷേപിക്കാൻ താത്പര്യം കുറഞ്ഞേക്കാം. ചൈന രാഷ്ട്രീയസാമ്പത്തിക ശക്തിയായ ഉയർന്നുവരുന്ന സന്ദർഭത്തിലാണ് പാശ്ചാത്യരാജ്യങ്ങളുടെ ഐക്യത്തെ ദുർബലപ്പെടുത്തുന്ന നടപടി ബ്രിട്ടന്റെ ഭാഗത്തുനിന്നുണ്ടായത് എന്ന വീക്ഷണമാണ് ഇന്ത്യ പുലർത്തിയിരുന്നത്. ഇന്ത്യയുമായി സ്വതന്ത്രവ്യാപാരക്കരാറുണ്ടാക്കാനുള്ള താത്പര്യം ബ്രിട്ടൻ പ്രകടിപ്പിച്ചിട്ടുണ്ട്. റിപ്പബ്ലിക്ദിനത്തിൽ മുഖ്യാതിഥിയായുള്ള ബോറിസ് ജോൺസന്റെ വരവിൽ ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമുണ്ടാകും എന്നു കരുതാം.

കരാറിന്റെ ഉള്ളടക്കം

ബ്രിട്ടീഷുകാരുടെ അനുദിന ജീവിതത്തിലും മറ്റു രാജ്യങ്ങളുമായുള്ള ബ്രിട്ടന്റെ ഭാവിബന്ധത്തിലും നിർണായകമായ മാറ്റമുണ്ടാക്കുന്നതാണ് ടി.എ.സി. വ്യാപാരം, യാത്ര, മീൻപിടിത്തം, സുരക്ഷ, നീതിന്യായവ്യവസ്ഥ, വിദ്യാഭ്യാസം തുടങ്ങി സകലമേഖലകളെയും ഇതുബാധിക്കും. ഇവയെക്കുറിച്ചെല്ലാം പറഞ്ഞിട്ടുള്ള കരാറിൽ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയുടെ 80 ശതമാനവും സംഭാവനചെയ്യുന്ന ബാങ്കിങ് ഉൾപ്പെടെയുള്ള സേവനമേഖലളെക്കുറിച്ച് വ്യക്തമാക്കുന്നില്ല എന്നതാണ് ടി.എ.സി.യുടെ വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ നിയമനടത്തിപ്പ് ഏജൻസിയായ യൂറോപോളിൽനിന്നുള്ള പുറത്താകലും ഇ.യു.വിന്റെ വിവരശേഖരം ആവശ്യാനുസരണം മാത്രമേ ലഭിക്കൂ എന്ന വ്യവസ്ഥയും കുറ്റാന്വേഷണത്തെയും നീതിനിർവഹണത്തെയും ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

ചില പ്രധാനവിഷയങ്ങളും വ്യവസ്ഥകളും

ജനുവരി ഒന്നിന്നുശേഷവും നികുതിരഹിത പരിധിരഹിത ചരക്കുനീക്കം തുടരും. പക്ഷേ, അതിർത്തിയിലെ സുരക്ഷാ, കസ്റ്റംസ് പരിശോധന കർക്കശമാക്കും.
90 ദിവസത്തിലേറെ ഇ.യു. രാജ്യത്ത് തങ്ങണമെങ്കിൽ വിസ വേണം. അതിർത്തിയിൽ അധികപരിശോധനയുമുണ്ടാകും.
ബ്രിട്ടീഷുകാരുടെ ഓമനമൃഗങ്ങളെ ഇ.യു.വിൽ കൊണ്ടുപോകണമെങ്കിൽ പാസ്പോർട്ട് മാത്രം പോരാ വൈറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രവും വേണം.
ഇ.യു.വിൽനിന്നും തിരിച്ചുമുള്ള യാത്രക്കാരിൽനിന്ന് മൊബൈൽ റോമിങ് ചാർജ് ഈടാക്കും.
യൂറോപ്യൻ നീതിന്യായ കോടതി വിധികൾ പാലിക്കാൻ ബ്രിട്ടന്  ബാധ്യതയില്ല.
വിദേശവിദ്യാർഥികൾക്ക് ഇ.യു. അംഗരാജ്യങ്ങളിൽ പഠിക്കുന്നതിന് അവസരമുണ്ടാക്കുന്ന ഇറാസ്മസ് പദ്ധതിയിൽ ബ്രിട്ടൻ പങ്കാളിയാകില്ല. പകരം ഗണിതശാസ്ത്രജ്ഞൻ അലൻ ടൂറിങ്ങിന്റെ പേരിൽ മറ്റൊരു പദ്ധതി ആവിഷ്കരിക്കും.
ബ്രിട്ടൻ സ്വതന്ത്രതീരമുള്ള രാജ്യമായി പരിണമിക്കുമെങ്കിലും യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബോട്ടുകൾക്ക് അഞ്ചരവർഷത്തോളം ബ്രിട്ടീഷ് കടലിൽ മീൻപിടിക്കാം. അഞ്ചരക്കൊല്ലം കഴിഞ്ഞാൽ വാർഷിക ചർച്ചകളുടെ അടിസ്ഥാനത്തിൽ നിബന്ധനകളുണ്ടാക്കും.

ബ്രെക്‌സിറ്റ് ബ്രിട്ടന് നൽകുക അനിശ്ചിതത്വം നിറഞ്ഞ ഭാവിയോ അവസരങ്ങളുടെ വലിയ ഖനിയോ..