വംശനാശം വരുന്ന ജീവിഗണത്തിലാണ് നീലത്തിമിംഗലത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ പേരിലുള്ള കളി ഇപ്പോള്‍ വംശനാശം വരുത്തുന്നത് നമ്മുടെ അണുകുടുംബങ്ങളിലെ ആനന്ദങ്ങള്‍ക്കാണ്.

വല്ലാത്ത ഒരു സമൂഹമാണ് നമ്മുടേത്. പൂര്‍വകാല മാതൃകകളെ അണുവിട വിടാതെ മുന്നോട്ടു പോകണം ഒരു വശത്ത്. ചൊവ്വയില്‍ കാലുകുത്താനുള്ള ത്വര നയിക്കുന്നു മറുവശത്തെ. പട്ടിണിയും പളപളപ്പും മനസില്‍ രാപകലുകളുടെ ആവര്‍ത്തനം തീര്‍ക്കുന്നു. അവിടെയാണ് ബ്ലൂ വെയില്‍ ഗെയിം കടന്നെത്തുന്നത്.

ഇക്കഴിഞ്ഞ മെയ് മാസത്തെ കണക്ക് പ്രകാരം ഇന്ത്യയില്‍ 118 കോടി മൊബൈല്‍ ഫോണുകളുണ്ട്. കണക്കനുസരിച്ച് നൂറ്റുക്ക് 92 ആള്‍ക്കാര്‍ക്കും മൊബൈല്‍ ഉണ്ടെന്നര്‍ത്ഥം. കേരളത്തില്‍ ടെലഫോണ്‍ സാന്ദ്രത ഇനിയും കൂടും. മൂന്നു കോടി മുപ്പതു ലക്ഷം കേരളീയര്‍ മൂന്നു കോടിയിലേറെ ഫോണുകള്‍ ഉപയോഗിക്കുന്നു. നൂറില്‍ 96 പേര്‍ക്കും ഫോണ്‍ ഉണ്ടെന്നര്‍ത്ഥം. 20 ശതമാനം വീടുകളിലും ബ്രോഡ് ബാന്‍ഡ് സൗകര്യവും മറ്റൊരു 15 ശതമാനം മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യവും ഉപയോഗിക്കുന്നു.

2002 ല്‍ അക്ഷയ കേന്ദ്രങ്ങള്‍ വന്നതോടെ മലയാളി ഇ മലയാളിയായി. ഇപ്പോള്‍ വീടുകളിലെല്ലാം ആശങ്കയാണ്. സംശയത്തിന്റെ നിഴലിലാണ് കുട്ടികള്‍, പ്രത്യേകിച്ചും കൗമാരക്കാര്‍.

അറബിക്കടലിന്റെ തീരത്തേക്ക് റഷ്യയില്‍ നിന്നുള്ള നീലത്തിമിംഗലം നീന്തിയെത്തുന്നതാണ് പുതിയ ആശങ്ക. ലോകത്ത് മറ്റെവിടേയും ഉള്ളതിനേക്കാള്‍ പേടിയിലാണ്  മലയാളി. തിരയടിക്കുന്ന പേടിയിലാണ് തിമിംഗലത്തിന്റെ നീന്തല്‍.

കാരണം മലയാളി മാനസികരോഗിയാണ്. മാടമ്പള്ളിയില്‍ നിന്നിറങ്ങിയ നാഗവല്ലിമാരും നാഗവല്ലഭന്മാരും കറങ്ങിനടപ്പാണ് നാട്ടില്‍. തകരുന്ന സാമൂഹിക ആരോഗ്യത്തിന്റെ ചൂണ്ടുപലകയാണ് കുറച്ചുകാലമായുള്ള വിവാദങ്ങളും വിലാപങ്ങളും.

യുദ്ധാനന്തര യൂറോപ്പ് കടന്നുപോന്ന സങ്കടങ്ങളുടേയും ഉത്ക്കണ്ഠകളുടേയും ഉന്മാദങ്ങളുടേയും കാലമുണ്ട്. അസ്തിത്വദുഖവും ആത്മനൊമ്പരങ്ങളും നൈരാശ്യങ്ങളും നിഷേധങ്ങളും രോഗങ്ങളും നിര്‍വൃതികളുമെല്ലാം അന്ന് വിഖ്യാത രചനകളായി പുറത്തിറങ്ങി. പ്രതീക്ഷയെ കവച്ചു വയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ സമൂഹത്തെ ഗ്രസിക്കുകയായിരുന്നു അന്ന്.

ഇന്നത്തെ കേരളത്തിലോ? ചെറിയ മനുഷ്യരുടെ ചെറിയ കലാപങ്ങള്‍ക്ക് ഒടുവില്‍ മലയാളി എത്തി നില്‍ക്കുന്നത് സാമൂഹികമായ വിരക്തികളിലാണ്. പ്രതീക്ഷയായി പെയ്തതെല്ലാം വറ്റിയൊടുങ്ങിയിരിക്കുന്നു. കറവയറ്റ പശുക്കളെ പോലെ കടന്നു പോയ വര്‍ഷങ്ങള്‍ക്ക് ഒടുവില്‍ ചുറ്റും നോക്കുമ്പോള്‍  കാണാകുന്നു. മലയാളി നഗ്‌നനാണ്.

പ്രതീക്ഷ പകരുന്ന ഒന്നും കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കേരളത്തിന് നല്‍കിയില്ലെന്നതാണ് വാസ്തവം, മുന്‍ കാലഘട്ടങ്ങളെ താരതമ്യം ചെയ്യുമ്പോള്‍. മുമ്പേ നടന്ന പശുവിന്റേ പിന്‌പേ മറ്റ് പശുക്കളും ചുവടുവച്ചു.

ലോകം ഡിജിറ്റല്‍ വിപ്ലവത്തിലേക്ക് കയറിപ്പോയപ്പോള്‍ അതിനെ സംശയത്തോടെയാണ് മലയാളി സ്വീകരിച്ചത്. ടൈപ്പ് പഠിച്ച് വണ്ടി കയറി സമൂഹം നിര്‍മിച്ചവരുടെ പിന്മുറക്കാര്‍ കമ്പ്യൂട്ടര്‍ വസന്തത്തെ നെഞ്ചേറ്റാന്‍ വൈകി, ലോകം മുമ്പേ നടന്നു. ഇന്ത്യ ആഗോളവല്‍ക്കരണത്തിലേക്ക് കാലുവച്ച കഴിഞ്ഞ കാല്‍ നൂറ്റാണ്ടാവട്ടെ കേരളം കൂടുതല്‍ പുറകോട്ടടിച്ചു. വികസനത്തിലും വികാരങ്ങളിലും.

വിദ്യാഭ്യാസപരമായി നിലവാരം കുറഞ്ഞ പാഠ്യപദ്ധതികളുടെ ഉല്‍പന്നങ്ങളാണ് നിര്‍ഭാഗ്യവശാല്‍ ഇന്ന്് നമ്മുടെ കുഞ്ഞുങ്ങള്‍. സംശയമുള്ളവര്‍ 1924 ലെ നാലാം ക്ലാസിലെ മലയാള പുസ്തകം പരിശോധിക്കുക. കേരള സാഹിത്യ അക്കാദമിയില്‍ ലഭ്യമാണിപ്പോള്‍ ഓണ്‍ലൈനായി. കൊച്ചി രാജ്യത്തെ കുട്ടികള്‍ അന്ന് പഠിച്ച സമഗ്രതയില്‍ ഇന്നത്തെ കുട്ടികള്‍ പഠിക്കുന്നില്ലെന്ന് ഒറ്റനോട്ടത്തില്‍ പറയാന്‍ അക്കാദമിക് യോഗ്യത വേണ്ട. കോമണ്‍സെന്‍സ് മതി. 

ആ വളര്‍ച്ചയിലെ തളര്‍ച്ച എല്ലാ മേഖലകളിലുമുണ്ട്. നാമയ്ക്കലില്‍ നിന്ന് കൊണ്ടു വരുന്ന കോഴിവണ്ടികളെ ഓര്‍മ്മിപ്പിക്കുന്നു നമ്മുടെ പല സ്‌കൂള്‍ ബസ്സുകളും. കുട്ടികളെ രക്ഷിക്കാന്‍ കാമ്പസ് രാഷ്ട്രീയം നമ്മള്‍ പണ്ടേ ഉപേക്ഷിച്ചു. അടുത്തിരിക്കുന്ന കുട്ടിയുടെ കഷ്ടപ്പാടിനേക്കാള്‍ മതവും ജാതിയുമാണ് ഇന്ന്  കുരുന്നുകളെ തമ്മിലിണക്കുന്നത്.

അസാധ്യമായത് സാധ്യമാകാന്‍ വിശ്വാസത്തിന്റെ മൂര്‍ദ്ധന്യത്തിലേക്ക് കയറിപ്പോയ തലമുറ വീണ്ടും തിരിച്ചു വന്നിരിക്കുന്നു. എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസമാകുന്ന കാലത്ത് ഉറുക്കും നൂലും ഏലസ്സും പ്രാധാന്യം നേടുന്നു. ഇഷ്ടമന്ത്രങ്ങളും തന്ത്രചിന്തകളും ആധികാരികമാവുന്നു.

Sunny Leone

കൊള്ളാവുന്ന ഒരു നേതാവു പോലും ഉയര്‍ന്നു വരാത്ത കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ പ്രതിരോധത്തിന്റെ സ്വരങ്ങള്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന സംഗീതമാക്കപ്പെടുന്നു. ആ നിര്‍ലജ്ജതയിലാണ് കേരളത്തില്‍ വിവാദങ്ങള്‍ കൊഴിക്കുന്നത്. സ്മൃതിനാശത്തിന്റെ സമൃദ്ധിയിലാണ് വിനാശകരമായ വിധ്വംസനങ്ങള്‍ വേരുപിടിക്കുന്നത്.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ മലയാളി കണ്ട വിവാദങ്ങളുടെ സ്വഭാവം നോക്കുക. കരുണാകരനും ആന്റണിയും തമ്മിലുള്ള തര്‍ക്കമായിരുന്നു കോണ്‍ഗ്രസ്സിന്റെ ദിനചര്യ. ഇതിന് കുട പിടിച്ചും വഴി തെളിച്ചും നടക്കേണ്ടുന്ന ഗതികേടിലായിരുന്നു ആ പാര്‍ട്ടിയുടെ നേതൃത്വം. കേരളത്തിനകത്തും പുറത്തും കോണ്‍ഗ്രസ്സിന്റെ അവസ്ഥ പറയാതിരിക്കലാവും ഭംഗി.

പുരോഗമനത്തിന്റെ മൊത്തക്കുത്തക എക്കാലവും ഏറ്റെടുക്കുന്ന സിപിഎമ്മിലോ? വിഎസ്-പിണറായി തര്‍ക്കത്തിനപ്പുറം സംവാദാത്മകമായ ഒന്നും അവര്‍ക്ക് സംഭാവന ചെയ്യാനായില്ല. ഇഎംഎസിനെപ്പോലെ  എങ്കിലും സാര്‍വദേശീയ രാഷ്ട്രീയത്തെ വിലയിരുത്താന്‍ ശേഷിയുള്ള ആചാര്യന്മാരെ പാര്‍ട്ടി പിന്നീട് വളര്‍ത്തിയുമില്ല.

ദേശീയ തലത്തില്‍ കാവിപ്പടയുടെ വളര്‍ച്ച കുറിച്ച കാലത്ത് കേരളത്തില്‍ സ്വന്തമായി ഉടുമുണ്ടുരിയുന്ന അവസ്ഥയിലേക്കാണ് ബിജെപി നടന്നത്. അധികാരം ഇല്ലാതെ പോലും അവകാശത്തര്‍ക്കങ്ങള്‍ അനവവരതം നടത്താമെന്ന് അവര്‍ കാണിച്ചു തന്നുകൊണ്ടോയിരിക്കുന്നു. 

ചെറുപാര്‍ട്ടികളുടെ അവസ്ഥയും വിഭിന്നമല്ല. നേതാക്കള്‍ മരിച്ചൊഴിയുമ്പോല്‍ പാര്‍ട്ടികള്‍ രാഷ്ട്രീയമായ ശവമടക്കിന് തയ്യാറാവുമെന്ന് കൗതുകകരമായി ലോകത്തിന് സമക്ഷപ്പെടുത്തുന്നു നമ്മുടെ കേരളം.

സ്ത്രീ ഈ വിവാദങ്ങള്‍ക്ക് പുറത്തായിരുന്നു എന്നും. മലയാളികളില്‍ ഭൂരിപക്ഷം ആയിട്ടുകൂടി അവള്‍ക്ക് അവകാശങ്ങള്‍ കിട്ടിയില്ല. എല്ലാ പാര്‍ട്ടികളിലും പണയപ്പണ്ടവും പരിഹാസപാത്രവും പഴഞ്ചരക്കുമായി അവള്‍ നിന്നു. വാക്കുകളില്‍ ആദരിച്ചവരെല്ലാം അവളെ അടിച്ചമര്‍ത്തി. അവളുമായി ആരോഗ്യപൂര്‍വം ഇടപഴകാനാവാതെ മലയാളി അകന്നുമാറി.

അതിനിടയിലാണ് ഇഎംഎസിന്റെ കാലത്തെ ഒന്നേകാല്‍ കോടി മലയാളി മൂന്നരയിലേക്ക് വളര്‍ന്നത്. നേതാക്കള്‍ ഇല്ലാതായപ്പോഴും ജനങ്ങള്‍ വളര്‍ന്നു കൊണ്ടേയിരുന്നു. അവരെ നയിക്കാന്‍ ആരുമില്ലായിരുന്നു. ദുര്‍മ്മന്ത്രവാദത്തിന്റെ വഴിത്താരയിലേക്ക് അവര്‍ തിരിച്ചു നടന്നു. 

മാട്ടും മാരണവും സൈബറായി മാറി പുതിയ കാലത്ത്. മുഖ്യമന്ത്രിയുടെ വീടിന് വിളിപ്പാടകലെ കേഡല്‍ എന്ന യുവാവ്  വീട്ടുകാരെ മുഴുവന്‍ കൊന്ന്  ചാക്കില്‍ കെട്ടി. മോക്ഷം നല്‍കാനും പുതിയ ജീവിതസത്യങ്ങള്‍ ആ ആത്മാക്കളെ ബോധ്യപ്പെടുത്താനുമായിരുന്നു കേഡലിന്റെ കൃത്യം. വൈലോപ്പിള്ളി കുടിയൊഴിക്കലില്‍ പരിഹസിച്ച പോലെ തന്തയെ തല്ലിയ ഈ പുത്രനും അഭ്യസ്തവിദ്യനായിരുന്നു. പോരാത്തതിന് വിദേശ വിദ്യാഭ്യാസവും കിട്ടിയിരുന്നു. 

വിദ്യാഭ്യാസം കൊണ്ട് മലയാളി സാക്ഷരനായില്ല എന്നതിന്റ ദൃഷ്ടാന്തങ്ങള്‍ എണ്ണിയാല്‍ തീരില്ല. സെക്‌സിനും സെന്‍സെക്‌സിനും ഇടയില്‍ അവന്‍ പെന്‍ഡുലമാടി. സരിതാ നായരുടെ ക്ലിപ്പിംഗും നെജീരിയയില്‍ നിന്നുള്ള ലോട്ടറിയും അവനെ മാടിവിളിച്ചു. ഐടി ഹബ്ബിന്റെ ഹൃത്തടത്തില്‍ സണ്ണി ലിയോണിനെ കാണാന്‍ പൊരിയുന്ന വെയിലത്ത് അവന്‍ കയിലും കുത്തി നിന്നു.

കേരളത്തിന്റെ വിപ്ലവതീവ്രതയ്ക്ക് ചൂട്ടു കത്തിച്ചവരുടെ മക്കളാണിവര്‍. സ്വന്തം മോഹഭംഗങ്ങളെ മക്കളുടെ അഭ്യുന്നതിവാഞ്ഛകളാക്കി സമൂഹത്തില്‍ നിന്ന് വീട്ടിനുള്ളിലേക്ക് തിരഞ്ഞു നടന്ന വിപ്ലവകാരികളുടെ മക്കള്‍. ഗ്വാട്ടിമാലയിലേയും നിക്കാരാഗ്വയിലേയും സുഡാനിലേയും എത്യോപ്യയിലേയും സിയാറോലിയോണിലേയും കാര്യങ്ങള്‍ ഹൃദിസ്ഥമാക്കിയ യുവത്വങ്ങളുടെ പിന്മുറക്കാര്‍. ബഞ്മിന്‍ മൊളോയിസിനും നെല്‍സണ്‍ മണ്ഡേലക്കും വേണ്ടി സമരം ചെയ്തവരുടെ പിന്‍ഗാമികള്‍.  പിതാക്കന്മാര്‍ പടിവാതില്‍ കുറ്റിയിട്ട്  സ്വീകരണമുറിയിലെ ടിവി സെറ്റുകളിലേക്ക് നീങ്ങിയപ്പോള്‍ മക്കള്‍ കിടപ്പുമുറിയിലെ സൈബര്‍ ലോകത്തേക്ക് വിചാരങ്ങളുടെ കോഡുകള്‍ മാറ്റിക്കുത്തി.

അവിടെ ഇളം നീലയില്‍ നിന്ന് കടുംനീലയിലേക്ക് കാര്യങ്ങള്‍ നിര്‍വിഘ്‌നം പഥസഞ്ചലനം നടത്തി. അവന്റെ വിജ്ഞാനത്തില്‍ അഭിമാനിച്ച പ്രായോഗികബുദ്ധിയില്ലാത്ത പുതിയ കാരണവന്മാര്‍ തലയ്ക്ക് അടിയേറ്റ് ഇരിക്കുകയാണിപ്പോള്‍.

കാരണം അവിടെ വാഴുന്നത് കേരളക്കരയിലെ മൂന്നു കോടിയിലേറെ മൊബൈലുകളും ഒരു കോടിയോളം ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുമാണ്. അവന് അച്ഛനമ്മമാര്‍ സ്വന്തം കാര്യം നടത്തിക്കൊടുക്കാന്‍ ബാധ്യസ്ഥരായ കടക്കാര്‍ മാത്രം.

ഈയിടെ ഒരു സഹപ്രവര്‍ത്തക പറഞ്ഞത് ഓര്‍ക്കുന്നു. ആറാം ക്ലാസില്‍ പഠിപ്പിക്കുന്ന ആ അധ്യാപിക ക്ലാസില്‍ ചോദിച്ചു. 'അമ്മമാര്‍ കെട്ടിപ്പിടിക്കുന്ന എത്ര മക്കളുണ്ട് ഇവിടെ?'
മൂന്നു കുട്ടികള്‍ക്ക് മാത്രമേ ആ ഭാഗ്യമുണ്ടായുള്ളൂ. കഷ്ടപ്പാടറിയാതെ വളര്‍ന്ന ഭാഗ്യവാന്മാരായ കുട്ടികള്‍ അതിവേഗത്തില്‍ മനസ്സ് തകര്‍ന്ന് വഴിയാധാരമാകുന്നു ചുറ്റിലും. 

യുഎസ് കമ്പനികള്‍ ഇപ്പോള്‍ പുതിയ എച്ച്.ആര്‍ റിക്രൂട്ട്‌മെന്റിലേക്ക് തിരിയുകയാണ്. അപേക്ഷകന്റെ നിശ്ചിത സൈബര്‍ പെരുമാറ്റങ്ങള്‍ പരിശോധിക്കും. പത്തു സുഹൃത്തുക്കളുടെ പേരു പറഞ്ഞാല്‍ അവനെ പറ്റി പറയാം എന്ന ബെര്‍തോള്‍ഡ് ബ്രെഹ്റ്റിന്റെ വാക്കുകള്‍ക്ക് സൈബര്‍ പുനരാഖ്യാനം. ഒരു വ്യക്തിയുടെ സൈബര്‍ സംഭാഷണങ്ങള്‍ പരിശോധിച്ചാല്‍ അവന്റെ തരം അറിയാം. 

സൈബര്‍ നാള്‍വഴികള്‍ അറിയാന്‍ ഇക്കാലത്ത് വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഐപി ഡംപ് എന്നറിയപ്പെടുന്ന സമ്പൂര്‍ണ വിവരങ്ങള്‍ അതത് മൊബൈല്‍ സേവനദാതാക്കള്‍ ആര്‍ക്കും നല്‍കും. നിയമപരമായി ചോദിച്ചാല്‍ മതി. ഫേസ്ബുക്കിലെ ലൈക്കുകള്‍, സന്ദര്‍ശിച്ച സൈറ്റുകള്‍, നിരോധിതമായതോ വിനോദപരമായതോ ഉണ്ടെങ്കില്‍ അത് ഏതൊക്കെ, എപ്പോഴൊക്കെ, സുഹൃത്തുക്കള്‍, വിനോദങ്ങള്‍, സൈബര്‍ സഞ്ചാരത്തിന്റെ സമയം, ഇഷ്ടാനിഷ്ടങ്ങള്‍ അങ്ങനെയെല്ലാം ലഭ്യമാകും.

2015 ലാണ് ഭരണഘടനയുടെ 66 എ വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. സ്വകാര്യതയുടെ സങ്കല്‍പങ്ങള്‍ മാറിക്കൊണ്ടേയിരിക്കുകയാണ്. സുപ്രീം കോടതി അത് പരിശോധിക്കുന്നുമുണ്ട്. എന്നാല്‍ സ്വകാര്യത എന്നൊന്ന് ഇന്ന് നിലനില്‍ക്കുന്നില്ലെന്ന് മനസ്സിലാക്കിയാലേ നീലത്തിമിംഗലവേട്ടക്ക് തുടക്കം കുറിക്കാനാവൂ. എറണാകുളത്ത് എംജി റോഡില്‍ നടക്കുമ്പോള്‍ കിട്ടുന്ന സ്വാതന്ത്യം പോലും സൈബര്‍ യാത്രകളില്‍ അനുവദനീയമല്ല.

വഴിപിഴയ്ക്കുന്നത് സൈബര്‍ വേളകളില്‍ അല്ല. അതിനും മുമ്പാണ്. പറയുന്നതെല്ലാം പഴികളും കേള്‍ക്കുന്നതെല്ലാം ശകാരങ്ങളും ചെയ്യുന്നതെല്ലാം പിഴകളും ആവുന്നവര്‍ക്ക് അഭയങ്ങള്‍ വേണം. ദൈവത്തേക്കാള്‍ വേഗത്തില്‍ അത് നല്‍കാന്‍ സാത്താന് കഴിയുമെങ്കില്‍ സാത്താന്‍ പൂജ വളരും. ദൈവങ്ങള്‍ തള്ളിക്കളഞ്ഞവരാണ് സൈബറിടത്തിലെ സാത്താന്‍ കുഞ്ഞുങ്ങള്‍. വഴിയോരത്തേക്ക് കടന്നെത്തുമ്പോള്‍ ഇതേ സാത്താന്‍ മനസ്സുകള്‍  പരപീഡകരാവുന്നു. ഇരകളായി അമ്മയും പെങ്ങളും തന്നെ മാറുന്നു. വീടിന്നകത്തും പേടിയാവുന്നു. 

എന്റെ പേടി എന്റേത് മാത്രമല്ല. അത് ചുറ്റും നിറയുകയാണ്. നേതാക്കള്‍ തന്‍കാര്യങ്ങളുടെ വേട്ടയ്ക്കിറങ്ങുമ്പോള്‍ നഷ്ടമാകുന്നത് നാടിന് മുഴുവനാണ്. ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. ഐടി ഡംപ് പരിശോധിച്ചാല്‍ നീലത്തിമിംഗലത്തിന്റെ അഡ്മിനേയും അറിയാനാവും. ബുദ്ധിയുണ്ടെങ്കില്‍ അഴിയെണ്ണിക്കാനും.

സ്വകാര്യതാ സങ്കല്‍പങ്ങള്‍ നിഷേധിക്കുന്ന അധികാരത്തിന്റെ ഭയവുമായി ബന്ധപ്പെട്ടതാണ് അക്കാര്യങ്ങളെല്ലാം. വാനാക്രൈ വന്നാലും ബ്ലൂവെയില്‍ വന്നാലും കഞ്ഞി തൂവിപ്പോകുന്ന കോരന്മാരുടെ ഇടയില്‍ ചികിത്സയാണ് വേണ്ടത്. മലയാളി അടിയന്തിരമായി ആവശ്യപ്പെടുന്നത് സാമൂഹിക ബോധത്തിന്റേയും ഉത്തരവാദത്തിന്റേയും മനുഷ്യത്വത്തിന്റേയും എന്‍ട്രന്‍സ് കോഴ്‌സുകളും ക്രാഷ് ക്ലാസ്സുകളുമാണ്.