• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Features
More
Hero Hero
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

വില്ലുവണ്ടികളുടെ ഭാവിവഴികൾ

Aug 27, 2020, 11:13 PM IST
A A A

സാമൂഹിക പരിഷ്കരണത്തിന്റെ ആ പുലരിസൂര്യൻ തന്ന വെളിച്ചം നൂറ്റാണ്ടുകളുടെ അന്ധകാരത്തെ മായ്‌ച്ചുകളഞ്ഞു. ഇന്ന്‌ ഈ അയ്യങ്കാളിജയന്തി ദിനത്തിൽ ആ ജീവിതം പകർന്നുതന്ന ആർജവം എത്രയെന്നോർക്കുകയാണ്‌. ഒപ്പം ആ പരിഷ്കരണത്തിന്റെ വേരുകൾ പതിയെപ്പതിയെ അഴുകിത്തുടങ്ങിയിട്ടില്ലേ എന്ന ചിന്തകൂടി മനസ്സിനെ മഥിക്കുന്നുണ്ട്‌

# സ്മിത പ്രകാശ്‌
Ayyankali Jayanthi
X

നവോത്ഥാനം പറഞ്ഞും കേട്ടും പഴകിയ, പുതുമ നഷ്ടമായ വാക്കാണെങ്കിലും ചില ജീവിതങ്ങളെപ്പറ്റി പറയുമ്പോൾ നമ്മളറിയാതെത്തന്നെ ആവേശത്തിന്റെ തിരക്കൈയിലുയർന്നുപൊങ്ങും! 1863 ഓഗസ്റ്റ്‌ 28-ന്‌ തിരുവനന്തപുരത്തിന്‌ അല്പം തെക്ക്‌ വെങ്ങാന്നൂർ എന്ന ചെറിയ ഗ്രാമത്തിൽ അയ്യൻ-മാല ദമ്പതിമാരുടെ മകനായി ജനിച്ച അയ്യങ്കാളിയുടെ ജീവിതം അങ്ങനെയൊരാവേശം നമുക്ക്‌ തരുന്നുണ്ട്‌. കുട്ടിക്കാലംമുതൽ കണ്ടുപരിചയിച്ച ജാതീയമായ വിവേചനങ്ങൾ ആ മഹാമനുഷ്യന്റെ ചിന്താധാരകളെ ഉഴുതുമറിച്ചിരിക്കണം. സമത്വത്തെക്കുറിച്ച്‌ സ്വപ്നം കാണാൻ അദ്ദേഹമെങ്ങനെയാവും ശീലിച്ചത്‌? തിരുവിതാംകൂറിന്റെയെന്നല്ല, കേരളത്തിന്റെതന്നെ അന്നത്തെ അവസ്ഥ നോക്കിയാൽ പുലയവിഭാഗത്തെ പൊതുവിൽ അടിമകളായി കണക്കാക്കിയിരുന്നു. ജാതീയതയുടെ കൊട്ടിയടയ്ക്കപ്പെട്ട ഭൂതത്താൻകോട്ടയ്ക്കുള്ളിൽ ഒരു ജനവിഭാഗം മൃഗതുല്യരായി മണ്ണിലും വിയർപ്പിലും ഇരുട്ടിലും ജനിച്ചുമരിച്ചുകൊണ്ടേയിരുന്നു. പ്രതികരിക്കുക എന്നൊരു പോംവഴിയുണ്ടെന്നുപോലുമറിയാതെ. അങ്ങനെയിരിക്കേയാണ്‌ അയ്യങ്കാളി എന്ന മനുഷ്യൻ നിരന്തരസമരങ്ങളിലൂടെ നാവില്ലാതിരുന്നൊരു ജനതയെ നികൃഷ്ടമരണങ്ങളിൽനിന്ന്‌ മോചിപ്പിച്ചുകൊണ്ടാണ്‌ മഹാത്മാ അയ്യങ്കാളിയാവുന്നത്‌.

സഞ്ചാരസ്വാതന്ത്ര്യത്തിന്റെ വില്ലുവണ്ടിയോടിച്ചും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്‌കരിച്ചും അടിമത്തത്തിന്റെ കല്ലുമാലകൾ വലിച്ചെറിയാൻ പ്രേരിപ്പിച്ചും അദ്ദേഹം ഒടുങ്ങാത്ത യുദ്ധഭേരികൾ മുഴക്കിക്കൊണ്ടിരുന്നു. 1907-ൽ സാധുജനപരിപാലന സംഘത്തിന്‌ രൂപംകൊടുത്തുകൊണ്ട്‌ സാമൂഹികമായി പിന്നാക്കംനിന്ന സർവജനങ്ങളെയും അഭിസംബോധനചെയ്തു. അതുകൊണ്ടൊക്കെത്തന്നെയാവാം ഗാന്ധിജി അദ്ദേഹത്തെ ‘പുലയരാജ’ എന്ന്‌ വിശേഷിപ്പിച്ചതും. സാമൂഹിക പരിഷ്കരണത്തിന്റെ ആ പുലരിസൂര്യൻ തന്ന വെളിച്ചം നൂറ്റാണ്ടുകളുടെ അന്ധകാരത്തെ മായ്‌ച്ചുകളഞ്ഞു. ഇന്ന്‌ ഈ അയ്യങ്കാളിജയന്തി ദിനത്തിൽ ആ ജീവിതം പകർന്നുതന്ന ആർജവം എത്രയെന്നോർക്കുകയാണ്‌. ഒപ്പം ആ പരിഷ്കരണത്തിന്റെ വേരുകൾ പതിയെപ്പതിയെ അഴുകിത്തുടങ്ങിയിട്ടില്ലേ എന്ന ചിന്തകൂടി മനസ്സിനെ മഥിക്കുന്നുണ്ട്‌.

 പുതിയ ഉച്ചനീചത്വ മനോഭാവങ്ങൾ

‘നിങ്ങളെന്താണ് ഫെയ്‌സ്ബുക്കിലെപ്പോഴും ദളിത്പക്ഷ-സ്ത്രീപക്ഷ പ്രശ്നങ്ങൾമാത്രമെഴുതുന്നത്? ഇതൊക്കെ വല്യ പ്രശ്നങ്ങളാണോ? ഈ ലോകത്ത് വേറെന്തൊക്കെയുണ്ട് എഴുതാൻ?’
കുറച്ചുനാൾമുമ്പ് ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടയിലാണ് ഈ ചോദ്യം നേരിടേണ്ടിവന്നത്. ഇത്ര നിഷ്കളങ്കരായ മനുഷ്യരൊക്കെ ഇപ്പോഴുമുണ്ടോ എന്നാണാദ്യം മനസ്സിൽ തോന്നിയത്. പിന്നെ അദ്‌ഭുതവും ഞെട്ടലും സങ്കടവും എല്ലാംകൂടി ഒരു സമ്മിശ്രവികാരം. അതൊരു വെളിപാടായിരുന്നു.

ഒന്നാമത്തെ കാര്യം, അത്തരം പ്രശ്നങ്ങൾമാത്രമല്ല എഴുതിയിരുന്നത് എന്നുള്ളതാണ്. രണ്ടാമത്തേത് ഇതൊന്നും ഒരു പ്രശ്നമല്ലേ എന്നുള്ളതും! രണ്ടായാലും എഴുത്തുകൾ അവരെ ചൊടിപ്പിച്ചിരുന്നു എന്നുള്ളത് ഒരു തിരിച്ചറിവായി!
സമൂഹത്തിൽ അന്തർലീനമായ അജ്ഞതയുടെ നിഷ്കളങ്കമായ ഒരു ബഹിർസ്ഫുരണംമാത്രമായിരുന്നില്ല ആ ചോദ്യം. മറിച്ച്, വളരെ ചിട്ടയോടുകൂടി കാലങ്ങൾകൊണ്ട് പൊതുബോധത്തിൽ വളർത്തിയെടുത്ത ഒരു പുതിയതരം ഉച്ചനീചത്വത്തിന്റെ സ്വയം വെളിവാകലായിരുന്നു.

അനുകൂലമായ സാമൂഹികാവസ്ഥകളിൽ, സന്ദർഭങ്ങളിൽ അറിയാതെ സ്വയം വെളിവായിപ്പോകുന്നതുമാവാം.
അധഃകൃതർ, കറുത്തവർ, പാർശ്വവത്കരിക്കപ്പെട്ടവർ... നോക്കൂ,

വാക്കുകളെല്ലാം നമുക്കെത്രത്തോളം സമാനസ്വഭാവികളാവുന്നു; ഒരേ പ്രശ്നത്തിലേക്കുള്ള ചൂണ്ടുപലകകളാവുന്നു! ചരിത്രത്തിലെ ഇരുണ്ട കാലഘട്ടങ്ങളിലേക്ക്‌ നോക്കിയാൽ, ഇവയെല്ലാം സമൂഹത്തെ തട്ടുതട്ടായി വിഭജിച്ച കൂറ്റൻ മതിൽക്കെട്ടുകളാണ്. ഒരിക്കലും ഭേദിച്ചുകൂടാത്തവ. ജാതീയമായ അപനിർമിതിയുടെ രാഷ്ട്രീയം.

അങ്ങനെയുള്ള സങ്കുചിതരാഷ്ട്രീയചിന്തകൾ പണിതുയർത്തിയ  ഇരുമ്പുകോട്ടകളെ ഉടച്ചുകളയാൻ വേഷവിധാനംകൊണ്ടും നിഷേധിക്കപ്പെട്ട ഇടങ്ങളിലേക്കുള്ള കടന്നുകയറ്റംകൊണ്ടും സ്വജീവിതത്താൽ ഒരു ജനതയുടെ മനോമണ്ഡലത്തിലേക്ക്‌ ‘അവകാശം’ എന്ന പദംകൂടി കൂട്ടിച്ചേർത്ത മഹാത്മാ അയ്യങ്കാളിയുടെ ജയന്തിദിനത്തിൽ കലർപ്പില്ലാത്ത ഒരാത്മാവലോകനത്തിന് എത്രത്തോളം സാധ്യതയുണ്ട്?

ഒളിപ്പിച്ചുവെച്ച വിവേചന ചിന്തകൾ

എല്ലാതരത്തിലുമുള്ള സ്വാതന്ത്ര്യം സർവജനങ്ങൾക്കും ഭരണഘടന  ഉറപ്പുതന്നു. എന്നിട്ടോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടുദശകങ്ങൾ കഴിഞ്ഞപ്പോഴും സമൂഹത്തിൽ ഗാഢമായി അലിഞ്ഞുചേർന്ന ജാതിവിവേചനങ്ങളിൽത്തന്നെ നാം കൂപ്പുകുത്തിക്കിടക്കുന്നു. ഇക്കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയിൽത്തന്നെ ദുരഭിമാനക്കൊലകൾ കേരളം കണ്ടു. ഭ്രാന്താലയമെന്ന് പേരുള്ളതുകൊണ്ട് പിന്നെ എന്തുഭ്രാന്തുമാകാമെന്നുള്ളതുപോലെ! ആദ്യമൊക്കെ ഞെട്ടലായിരുന്നു. പിന്നീടൊരു മരവിപ്പുമാത്രം. കാലങ്ങളായി ഉത്തരേന്ത്യയിലുംമറ്റും നടന്നുകൊണ്ടിരിക്കുന്ന കാടത്തം സാമൂഹികപരിഷ്കരണത്തിന്റെ ഈറ്റില്ലമെന്നുപറയാവുന്ന കേരളത്തിൽ നാം തീ​രേ പ്രതീക്ഷിച്ചില്ല. ഭരണഘടനയെ ബോധ്യപ്പെടുത്താൻവേണ്ടിമാത്രം സമത്വം ശീലിച്ച ജനതയ്ക്ക് എത്രകാലം മസ്തിഷത്തിലെ കാടൻചിന്തകളെ ഒളിപ്പിച്ചുവെക്കാനാകും?

അതുതന്നെയായിരിക്കാം ഇന്ന്‌ നാംകാണുന്ന പ്രത്യേകതരം ജാതിഭ്രഷ്ടിന്റെ മൂലകാരണവും. ഉച്ചാടനംചെയ്തതൊഴിച്ച ഭൂതകാലം ഈ വർത്തമാനത്തിലും വേരാഴ്ത്തിനിൽക്കുന്നുണ്ട്. ഇരുട്ട് പടിവാതിലിൽത്തന്നെ. അദൃശ്യനായ ശത്രുവിനെ നേരിടുന്നപോലെ ദുഷ്കരമായ മറ്റൊന്നില്ല. വാളെടുത്ത് വായുവിൽ ആഞ്ഞുവീശുന്നവനെ ലോകം ഭ്രാന്തനെന്ന് വിളിക്കും. എന്നിട്ട് ആ രണത്തിൽ അവനൊറ്റയ്ക്ക് പൊരുതി മരണപ്പെടും. ഇതിനാണ് കൂടുതൽ സാധ്യത!

തീണ്ടാപ്പാടുകൾ ഇന്നും

കാരണം, നവകേരളത്തിന്റെ പൊതുബോധത്തിൽ ഇന്നും ദളിത് ചിന്തകൾക്ക് തീണ്ടാപ്പാടകലങ്ങളുണ്ട്. കണക്കുകൂട്ടി നിശ്ചയിച്ച ദൂരങ്ങൾ. കാണാനാവാത്ത, കേൾക്കാനാവാത്ത ദൂരങ്ങൾ. പുതിയ കാലവും പഴയകാലവും തമ്മിലുള്ള വിവേചനത്തിലെ വ്യത്യാസവും അതുതന്നെയാണ്.  പലരും പുറത്തുപറയില്ല; പറഞ്ഞാലാരും വിശ്വസിക്കുകയുമില്ല. ഇതാണ് നവയുഗസമസ്യ. വിവേചനമുണ്ടെന്ന് പറയുന്നതുതന്നെ പലപ്പോഴും ഒരശ്ലീലമാകുന്നു. ഇക്കാലത്ത് വിവേചനം അതിസൂക്ഷ്മമായതലത്തിൽ വേരോടുന്ന ഒരു മൈക്രോബിയൽ ജൈവപ്രപഞ്ചംപോലെയാണ്. ഇത്തരത്തിൽ ദുർഗ്രഹമായി തുടരുന്ന നവയുഗ വിവേചനത്തെ നമ്മളെങ്ങനെയാണ് നേരിടാൻ പോകുന്നത്.

ഒരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കലല്ലേ ആദ്യപടി. എന്നിട്ടല്ലേ പരിഹാരം. ഇത്തരം ദളിത് സമസ്യകളെ നിർദാക്ഷിണ്യം തള്ളിക്കളയുന്നതുവഴി പരിഹാരത്തിലേക്കുള്ള വഴികളൊന്നാകെ അടച്ചുകളയുകയാണ് പതിവ്. ഇതിൽനിന്ന് മറ്റൊന്നുകൂടി മനസ്സിലാക്കാം. ദളിത് പ്രശ്നങ്ങൾക്കും ദളിത്‌വിരുദ്ധ പ്രശ്നങ്ങൾക്കും ഒരേയൊരു ഒറ്റമൂലിയാണുള്ളത്. അത്  അയ്യങ്കാളി അന്നേ വിഭാവനംചെയ്ത വിദ്യാഭ്യാസംതന്നെയാണ്. വിദ്യാഭ്യാസമെന്നാൽ പ്രമാണപത്രങ്ങളും യോഗ്യതാപത്രങ്ങളുമല്ല. മറിച്ച്, ശുദ്ധമായ ജ്ഞാനം. അതാണ് വേണ്ടത്. പൊതുബോധത്തെ പുനർനിർമിക്കാൻ മറ്റെന്തിനാണിനി സാധിക്കുക. തിരുവിതാംകൂറിന്റെ വരണ്ട ചെമ്മണ്ണിളക്കിക്കുതിച്ച ആ ‘വില്ലുവണ്ടി’ ഇനിയും ഉരുളേണ്ടതുണ്ട്. കേരളത്തിന്റെ ആത്മാവിലൂടെ, ഒരുപാടൊരുപാട് കാലം.

(എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ കമ്യൂണിക്കേഷൻ, നാവിഗേഷൻ, സർവൈലൻസ് വിഭാഗം മാനേജരാണ്‌ ലേഖിക)

PRINT
EMAIL
COMMENT
Next Story

ഉടച്ചുവാർക്കണം ഉന്നതവിദ്യാഭ്യാസം

യുവജനദിന വെബിനാർ സമൂഹത്തിന് അനുഗുണമാകുന്ന തരത്തില്‍ കേരളത്തിലെ വികസനസാധ്യതാ .. 

Read More
 

Related Articles

ഊരുവിലക്കി; 18 വര്‍ഷമായി കാട്ടില്‍ ഒറ്റപ്പെട്ട് ഒരു കുടുംബം, താമസം പ്ലാസ്റ്റിക് ഷീറ്റിനടിയില്‍
Videos |
Women |
അടുക്കളയില്‍ ജോലി, അക്കൗണ്ടില്‍ കൂലി, എന്താ കയ്ക്കുമോ?
Features |
ഉറക്കെപ്പറയണം ഈ കാര്യങ്ങൾ
Features |
പോരാളിയായ സന്ന്യാസി
 
  • Tags :
    • Social Issues
More from this section
Higher Education
ഉടച്ചുവാർക്കണം ഉന്നതവിദ്യാഭ്യാസം
financial report
സാമ്പത്തിക അവലോകന റിപ്പോർട്ട്‌ പറയുന്നത്‌
നവസാധാരണ ചിന്തകൾ
cash
വ്യാപാരികളും മനുഷ്യരാണ് | കടക്കെണിയിലായ കച്ചവടം പരമ്പര- 3
youth
യൗവന രാഷ്ട്രീയം...
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.