ബുദാബിയിലെ ഒറ്റമുറി ഫ്ലാറ്റിലെ നാലംഗകുടുംബം. ഒരാഴ്ചമുമ്പ് ഗൃഹനാഥന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. പരിശോധനയിൽ പോസിറ്റീവ്. ക്വാറന്റൈനിൽ പോകണം. എങ്ങോട്ടുപോകും? അയാൾ ഫ്ലാറ്റിലേക്കുതന്നെ മടങ്ങി പരമാവധി തനിയെ നിന്നു. മൂന്നുദിവസത്തിനുശേഷം ഭാര്യയും രോഗിയായി. പിന്നാലെ ഒരു കുട്ടിക്കും രോഗം വന്നു. ഒരാഴ്ചയ്ക്കുശേഷം ഇപ്പോൾ എല്ലാവരും ആശുപത്രിയിൽ. അജ്മാനിലെ എട്ടംഗകുടുംബത്തിന്റെ നാഥൻ രണ്ടുമുറി ഫ്ലാറ്റിൽ പോസിറ്റീവായി ഇപ്പോഴുമുണ്ട്; കൂടെ വീട്ടുകാരും. 

ദുബായ് ദേരയിലെ ബാച്ചിലർ മുറികളിലൊന്നിൽ ആറുപേർ. ഒരാൾ  രോഗലക്ഷണം കാണിച്ചതോടെ മറ്റുള്ളവരും പരിഭ്രാന്തിയിലായി. സന്നദ്ധപ്രവർത്തകർ സഹായത്തിനെത്തി. സാമൂഹിക അകലം പാലിക്കുക  എന്നത് അവർക്ക്  അസാധ്യം. ഒരേ ശൗചാലയം, ഒരേ അടുക്കള...  പോസിറ്റീവായ ആൾ മുറിയുടെ ഒരുമൂലയിൽ ആശുപത്രിയിലേക്കുള്ള വിളിയും കാത്തിരിക്കുന്നു. നൂറുകണക്കിന് തൊഴിലാളികളുള്ള ലേബർ ക്യാമ്പ്. അവിടെയും സാമൂഹിക അകലം പാലിക്കാനുള്ള സന്ദേശമുണ്ട്. രോഗലക്ഷണം കാണിക്കുന്നവരെ ക്യാമ്പിലെ മറ്റൊരു  ഭാഗത്തേക്കുമാറ്റി. ചില ക്യാമ്പുകളിൽ അടുത്തടുത്ത മുറികളിലാണ് ഇത്തരക്കാർ. എല്ലാ രാജ്യക്കാരുമുണ്ട്. സാമൂഹിക അകലം എന്നത് അവിടെയും നടപ്പാക്കാനാവുന്നില്ല.

മുറിയിൽ ഒരാൾ ചുമച്ചാൽ എല്ലാവരിലും ഭീതിയാണ്. പരസ്പരം സംശയത്തോടെ നോക്കിനിൽക്കുന്നവർ. മറ്റുള്ളവർ കേൾക്കാതിരിക്കാനും കാണാതിരിക്കാനുമായി ചുമപോലും ഒതുക്കിവെക്കുന്നു. ചെറിയൊരു പനി, ജലദോഷം, തലവേദന... ചിലപ്പോൾ  സാധാരണകാര്യമാവാം. പക്ഷേ, ആ മുറിയുടെ, ആ കെട്ടിടത്തിലെ മൊത്തം ജനങ്ങളെ അത്  ഭീതിയിലാഴ്ത്തുന്നു. ആരോഗ്യമന്ത്രാലയം അവരുടെ പ്രോട്ടോക്കോൾ അനുസരിച്ചാണ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നത്. അതിനാകട്ടെ ദിവസങ്ങളുടെ കാത്തിരിപ്പുണ്ട് ഇപ്പോൾ. 

കോവിഡ്-19-നെ ചെറുക്കാൻ ഭഗീരഥപ്രയത്നം എല്ലാ ഗൾഫ് നാടുകളിലും നടക്കുന്നുണ്ട്. പക്ഷേ, അനുദിനം കൂടിവരുന്ന രോഗബാധിതരുടെ കണക്കുകൾ ആ പ്രയത്നങ്ങൾക്കും ഒരുക്കങ്ങൾക്കും അപ്പുറമാണ്. ദുബായിലെ ദേര, നായിഫ് ഭാഗങ്ങളിൽ അനവധിപേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇതിനായി നഗരത്തിൽനിന്ന് കുറെമാറി മുപ്പതോളം കെട്ടിടങ്ങളാണ് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ദുബായിലെ  സന്നദ്ധപ്രവർത്തകർ സജ്ജമാക്കിക്കൊണ്ടിരിക്കുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ 400 കിടക്കകളുള്ള ഒരു ഹോട്ടൽ വാടകയ്ക്കെടുത്തു. ആദ്യദിവസം 20 പേരെ മാറ്റിപ്പാർപ്പിച്ചു. മൂന്നാംദിവസം എണ്ണം നൂറ്റിയെഴുപത് കടന്നു. 
യു.എ.ഇ. ഉൾപ്പെടെ എല്ലാ ഗൾഫ് നാടുകളിലും ഇതായിരിക്കുന്നു സ്ഥിതി. രോഗം  സ്ഥിരീകരിച്ചവരെപ്പോലും മാറ്റിപ്പാർപ്പിക്കാനുള്ള ഇടമില്ല. അതാണ് അടിയന്തരമായി എല്ലായിടത്തും ഒരുക്കേണ്ടത്. യു.എ.ഇ.യിൽ ഇന്ത്യൻ എംബസിയും കോൺസുലേറ്റുമൊന്നും ഒട്ടും കാര്യക്ഷമമല്ലെന്ന് സന്നദ്ധപ്രവർത്തകർ ഒരേസ്വരത്തിൽ പരാതിപ്പെടുന്നു. അതാതിടത്തെ സർക്കാരുകളുമായി ചർച്ചചെയ്ത് ഇത്തരം കാര്യങ്ങൾ നിർവഹിക്കേണ്ട സംവിധാനങ്ങളായി നമ്മുടെ നയതന്ത്രകാര്യാലയങ്ങൾ മാറണം.  അത് പലയിടത്തും നടക്കുന്നില്ല. ആരോഗ്യമന്ത്രാലയങ്ങളുമായി ഇക്കാര്യത്തിൽ സർക്കാർതല ചർച്ചകൾ ഇതിനായി ഉണ്ടാകണം.  പുറത്തിറങ്ങാൻപോലും അനുമതിയാവശ്യമായ ഗൾഫ് നാടുകളിൽ ഇത് അതാതിടത്തെ സർക്കാരിന്റെ അംഗീകാരത്തിനനുസരിച്ചേ ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്താനാവൂ. 

ഇപ്പോൾ പ്രവാസിമലയാളിവ്യവസായികളും സ്ഥാപനങ്ങളുമാണ്  സന്നദ്ധപ്രവർത്തകർക്ക് തുണയായി നിൽക്കുന്നത്. പക്ഷേ, അതിനും പരിമിതികളുണ്ട്. പോസിറ്റീവായി  സ്ഥിരീകരിച്ചവരെയെങ്കിലും അടിയന്തരമായി മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനങ്ങളാണ് ഗൾഫ് നാടുകളിൽ വേണ്ടത്. ആരോഗ്യപ്രശ്നങ്ങളുള്ളവരെ ആശുപത്രികളിലും എത്തിക്കണം. പുതിയ ക്വാറന്റൈൻകേന്ദ്രങ്ങൾ കണ്ടെത്തണം, അവ സംവിധാനം ചെയ്യണം, അതിനുള്ള  ചെലവുകണ്ടെത്തണം. ഇതാണ് പ്രവാസികളുടെ അടിയന്തര ആവശ്യം.  [തുടരും]

ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് സഹായംതേടി വിളിക്കുന്നത്. ഹോട്ടലുകൾ വാടകയ്ക്കെടുത്ത് എത്രപേരെ മാറ്റിപ്പാർപ്പിക്കാനാവും? സാമൂഹികവ്യാപനം വരാതെ നോക്കണം. അതിനുള്ള നടപടികളാണ് വേണ്ടത്. പൊട്ടിപ്പുറപ്പെട്ടാൽപിന്നെ പിടിച്ചാൽ കിട്ടില്ല. ഇപ്പോഴുള്ള സംവിധാനങ്ങൾ അപര്യാപ്തമാണ്. സന്ദർശകവിസയിലെത്തി  കുടുങ്ങിക്കിടക്കുന്നവരെയെങ്കിലും നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സംവിധാനം വേണം.
-ഇ.പി. ജോൺസൺ പ്രസിഡന്റ്‌, ഷാർജ ഇന്ത്യൻ അസോസിയേഷൻ

പതിനഞ്ചുപേർവരെ താമസിക്കുന്ന മുറികളുണ്ട്.  എല്ലാവർക്കുമായി ഒന്നോ രണ്ടോ ശൗചാലയങ്ങളാണ്. ഒരാൾക്ക് രോഗം വന്നാൽ മറ്റുള്ളവർ എന്തുചെയ്യും? രോഗബാധിതരെ, ലക്ഷണം കാണിക്കുന്നവരെ എത്രയുംപെട്ടെന്ന് മാറ്റണം. അതിനായി കൂടുതൽ ക്യാമ്പുകളോ ഹോട്ടലുകളോ സംഘടിപ്പിക്കണം. ലേബർ ക്യാമ്പുകളിൽ വിവിധ ഭാഷക്കാരുണ്ട്.  അവരിൽ പലർക്കും ഇപ്പോഴും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലായിട്ടില്ല. അവർക്ക് അവരവരുടെ ഭാഷകളിൽ സന്ദേശമെത്തിക്കണം. എംബസിയും കോൺസുലേറ്റും ഒന്നുംചെയ്യുന്നില്ല.  ഇനിയും വൈകരുത്.
-അഷ്‌റഫ് താമരശ്ശേരി, സാമൂഹികപ്രവർത്തകൻ 

ക്യാമ്പുകളിലെ  രോഗബാധിതരെ പ്രത്യേകമായി പാർപ്പിക്കാനുള്ള സംവിധാനങ്ങൾ പെട്ടെന്നുണ്ടാക്കണം. ബാച്ചിലർ മുറികളിൽ താമസിക്കുന്നവർക്കും ഈസംവിധാനം വേണം. എംബസിയുടെ ഇടപെടൽ കാര്യക്ഷമമല്ല. ഹോട്ടലുകളിൽ പാർപ്പിക്കുന്നവരുടെ ചെലവ് നമ്മുടെ സർക്കാരുകൾ ഏറ്റെടുക്കണം. പ്രവാസിപ്രമുഖർ പരമാവധി ചെയ്യുന്നുണ്ട്.  സർക്കാരുകളുടെ ഇടപെടൽ അനിവാര്യമായിരിക്കുന്നു. സ്ഥിതിഗതികൾ വളരെ മോശമായിവരുന്നു.
-പുത്തൂർ റഹ്മാൻ, പ്രസിഡന്റ്‌
കെ.എം.സി.സി. നാഷണൽ കമ്മിറ്റി

Content Highlights: Assistance for NRI