farook collegeഫാറൂഖ്‌ കോളേജിലെ പൂർവവിദ്യാർഥിയാണ്‌ ഞാൻ, ആദ്യവർഷങ്ങളിൽ. 1949-ലാണ്‌ ബി.എ. ക്ളാസിൽ ചേർന്നത്‌. അന്ന്‌ അവിടെ വലിയ സൗകര്യങ്ങളൊന്നും ഇല്ല. എന്നാൽ, പഴയ രണ്ട്‌ കോളേജുകൾ ഉണ്ടായിട്ടും ഫറോക്കിനേക്കാൾ വലിയ പട്ടണമായ കോഴിക്കോട്ടുപോലും ഇൻറർ മീഡിയറ്റിനപ്പുറം പഠിക്കാൻ സൗകര്യമില്ലാതിരുന്നപ്പോൾ മാപ്പിളസമുദായത്തിലെ ചില ഉത്‌പതിഷ്ണുക്കൾ ചേർന്നാണ്‌ ഫാറൂഖ്‌ കോളേജുണ്ടാക്കിയത്‌. അന്നത്‌ ഉണ്ടായില്ലെങ്കിൽ എന്നെപ്പോലെ പലരും ഉപരിപഠനം സാധ്യമാവാതെ വലയുമായിരുന്നു. മാപ്പിളസമുദായത്തിന്‌ മാത്രമല്ല, ജാതിമതഭേദം കൂടാതെ മലബാറിൽ എന്നെപ്പോലെ പലർക്കും ആ  കോളേജ്‌ അനുഗ്രഹമായി. ഞങ്ങൾ ആ സ്ഥാപനത്തോട്‌ കടപ്പെട്ടിരിക്കുന്നു.
പൂർവവിദ്യാർഥിയെന്ന നിലയിൽ ആ കോളേജിന്റെ അടിക്കടിയുള്ള വളർച്ച എന്നെയും ആഹ്ലാദിപ്പിച്ചു. താരതമ്യേന പിന്നാക്കാവസ്ഥയിലുള്ള യാഥാസ്ഥിതികർ ധാരാളമുള്ള സമുദായത്തെ പേടിച്ചാവണം, ആദ്യം അവർ പെൺകുട്ടികൾക്ക്‌ പ്രവേശനം കൊടുത്തില്ല. പിന്നെ അതുണ്ടായി. പെൺകുട്ടികൾ പഠിപ്പിലും പരിഷ്കാരത്തിലും ഉദ്യോഗത്തിലുമെല്ലാം മുൻപന്തിയിലായി.

ഇക്കഴിഞ്ഞ ഒക്ടോബർ 20-ാം തീയതിയാണ്‌ ഒരു വലിയ ഭൂകമ്പത്തിനിടയാക്കിയ ചെറിയ സംഭവം ഫാറൂഖ്‌കോളേജിൽ നടന്നത്‌. അതുകഴിഞ്ഞ്‌ ഒമ്പതുദിവസത്തോളം ഒരു വിദ്യാർഥിക്കെതിരായും ഒരു നടപടിയും കോളേജിൽ ഉണ്ടായില്ല. ക്ളാസിലിരിക്കണമെങ്കിൽ രക്ഷിതാക്കളെ കൊണ്ടുവരണമെന്നുള്ള വകുപ്പധ്യക്ഷന്റെയും  പ്രിൻസിപ്പലിന്റെയും നിർദേശമാണുണ്ടായത്‌. ഒമ്പതിൽ എട്ടുപേരും അതംഗീകരിച്ചു. ഒരാൾമാത്രം ധിക്കാരപൂർവം അവഗണിച്ചു. അപ്പോഴാണ്‌ നിർദേശം നിരസിച്ച വിദ്യാർഥിയെ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്യാനുള്ള കൽപ്പനയിറക്കിയത്‌. അതിന്‌ എത്രയോ മുമ്പുതന്നെ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്ന ‘കുറ്റ’ത്തിന്‌ ഒമ്പത്‌ വിദ്യാർഥികളെ പുറത്താക്കിയെന്ന വാർത്ത എല്ലാ പത്രമാധ്യമങ്ങളിലും വന്നു. കാര്യം അന്വേഷിക്കാതെ എടുത്തുചാടി അതിശയോക്തിപരമായ പോസ്റ്റുകൾ പ്രസിദ്ധീകരിക്കാൻ പലരും തയ്യാറായി. ഒമ്പതു വിദ്യാർഥികളെ പുറത്താക്കി എന്ന വ്യാജവാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു ഇവയെല്ലാം.

ക്ളാസിൽനിന്ന്‌ ഇറങ്ങിപ്പോയവർ ഒരു മണിക്കൂറിനകം  ചാനലുകൾ അടക്കമുള്ള മാധ്യമക്കാരെ കോളേജ്‌ കവാടത്തിൽ സംഘടിപ്പിച്ച്‌ കോളേജിലെ ലിംഗവിവേചനത്തിനെതിരെ പ്രക്ഷോഭം നടത്തിയതായി പ്രിൻസിപ്പലിന്റെ പ്രസ്താവനയിൽനിന്ന്‌ മനസ്സിലാവുന്നു. പെട്ടെന്ന്‌ അങ്ങനെ ചെയ്യാനാവില്ല. സംഗതി ആസൂത്രിതമായിരിക്കണം. ഇത്‌ ലിംഗവിവേചനമാണെങ്കിൽ കേരളത്തിലെ മിക്ക കോളേജുകളും ഒരുപക്ഷേ, എല്ലാ കോളേജുകളും കുറ്റവാളികളാണ്‌. പി.ജി. ക്ളാസുകളിലോ ഗവേഷകരുടെ കൂട്ടത്തിലോ മാത്രമേ, മറിച്ച്‌, ആണും പെണ്ണും ചേർന്നിരിക്കുന്നത്‌ കണ്ടിട്ടുള്ളൂ. ഇക്കാര്യത്തിൽ ഫാറൂഖ്‌ കോളേജിന്‌ സവിശേഷതയൊന്നുമില്ല. എന്നല്ല, ആ കോളേജിലെ വിദ്യാർഥികളോ അധ്യാപകരോ രക്ഷിതാക്കളോ പ്രതിഷേധത്തിൽ പങ്കുചേർന്നിട്ടില്ല. പുറത്തുള്ളവരും ചില രാഷ്ട്രീയക്കാരും മാത്രമാണ്‌ മാധ്യമപ്രക്ഷോഭത്തിൽ ഉള്ളത്‌. അവരാണ്‌ താലിബാനിസവും ഫാസിസവും പിന്തിരിപ്പത്തവും  സോഷ്യൽ മീഡിയകളിലൂടെ ആരോപിക്കുന്നത്‌. 

വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ വാശിക്ക്‌ അധ്യാപകൻ കീഴടങ്ങിയാൽ അപമാനിതനായ അധ്യാപകന്‌ ആ ക്ളാസിൽ പഠിപ്പിക്കാൻ സാധ്യമല്ല. ഒരുമിച്ചിരിക്കുന്നത്‌ ശരിയോ തെറ്റോ എന്നതല്ല പ്രശ്നം. ക്ളാസിന്റെ സുഗമമായ നടത്തിപ്പിന്‌ അധ്യാപകൻ ആവശ്യപ്പെടുന്ന അച്ചടക്കം പാലിക്കണമോ വേണ്ടയോ എന്നതാണ്‌. അച്ചടക്കം നഷ്ടപ്പെട്ടതിന്റെ കാരണം അധ്യാപകന്റെ പ്രാഗല്‌ഭ്യക്കുറവല്ല. ആ ദിവസം വരേയോ അന്നോ മറ്റു കുട്ടികൾക്ക്‌ ഒരു പ്രതിഷേധവും ഉണ്ടായില്ലല്ലോ. പിന്നീടും ഇന്നോളം കോളേജിലെ വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്തൃസംഘടനയുടെ നേതാക്കളും പ്രിൻസിപ്പലും പൊതുവേ അധ്യാപകനെ ന്യായീകരിക്കുന്നതായാണ്‌ കാണുന്നത്‌.
പ്രിൻസിപ്പൽ ഇറക്കിയ വിശദീകരണക്കുറിപ്പിൽ ഇങ്ങനെ പറയുന്നു. ‘ഫാറൂഖ്‌ കോളേജിൽ തുടർന്നുകൊണ്ടിരിക്കുന്ന കാമ്പസ്‌ സംസ്കാരത്തിൽ പുതുതായി യാതൊന്നും സംഭവിക്കുകയോ കുട്ടികളെ നിയന്ത്രിക്കുന്നതിനായി പുതിയ എന്തെങ്കിലും നിയമങ്ങൾ നടപ്പാക്കുകയോ നടപടികൾ എടുക്കുകയോ ചെയ്തിട്ടില്ല. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന്‌ ഒരു വിദ്യാർഥിക്കെതിരെയും കോളേജ്‌ നടപടി എടുത്തിട്ടില്ല.’ സ്വന്തം തീരുമാനപ്രകാരം അധ്യാപകനെ ധിക്കരിച്ച്‌ ഇറങ്ങിപ്പോയ വിദ്യാർഥികൾ ഹാജർ ആവശ്യപ്പെടുന്നത്‌ വിചിത്രമാണ്‌, സത്യവിരുദ്ധമാണ്‌. അങ്ങനെ ഹാജർ കൊടുക്കാതിരുന്നാൽ അത്‌ ലിംഗവിവേചനമാവുന്നത്‌ എങ്ങനെയാണ്‌? കേരളത്തിലെ കോളേജുകളിലൊന്നും ആൺപെൺ വിദ്യാർഥികൾ കലർന്നിരിക്കുന്ന പതിവില്ലെന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്‌. പുതിയ ഒരു സമ്പ്രദായം തന്റെ ക്ളാസിൽ മുന്നറിയിപ്പില്ലാതെ ആരംഭിച്ചുകണ്ടപ്പോൾ, അത്‌ ക്ളാസെടുക്കുന്നതിന്‌ തടസ്സമായി അനുഭവപ്പെട്ടപ്പോൾ, അധ്യാപകൻ ചെയ്തത്‌ ശരിയാണ്‌. അതിൻമേൽ ചില വിദ്യാർഥികൾ അനുസരണക്കേട്‌ കാണിച്ചാൽ അധ്യാപകർക്ക്‌ അവിടെ ക്ളാസുമായി മുന്നോട്ടുപോവാൻ കഴിയില്ല.

ഫാറൂഖ്‌ കോളേജിന്‌ സ്വയംഭരണപദവി ലഭിച്ചതിൽ അസൂയാലുക്കൾ ഏറെയുണ്ടാവാം. അവർ ചില വിദ്യാർഥികളുടെ നേതൃമോഹങ്ങൾ ചൂഷണംചെയ്ത്‌ കോളേജിനെതിരെ പ്രചാരണം നടത്താൻ പ്രേരിപ്പിച്ചിരിക്കാം. ചില രാഷ്ട്രീയകക്ഷി നേതാക്കളുടെ പ്രസ്താവനകളും ആരോപണങ്ങളും അതിലേക്ക്‌ വിരൽചൂണ്ടുന്നു. ഈ ആരോപണങ്ങൾ ശരിയാണെന്ന്‌ ഒരു നല്ലവിഭാഗം അധ്യാപകർക്കും വിദ്യാർഥികൾക്കും ബോധ്യമുണ്ടെങ്കിൽ അവർ പരസ്യമായി മുന്നോട്ടുവരട്ടെ. മറ്റു സ്ഥാപനങ്ങളിലും മാധ്യമങ്ങളിലും ഉള്ളവർമാത്രം പ്രതിഷേധിക്കുമ്പോൾ പുറത്തൊരു സംസ്ഥാനത്തെ കോളേജിൽ സംശയഗ്രസ്തമായ പശ്ചാത്തലമുള്ള ഒരു വിദ്യാർഥിമാത്രം കോളേജിനെതിരെ കൈചൂണ്ടുമ്പോൾ എന്തോ ദുരുദ്ദേശ്യം അതിന്‌ പിന്നിലുണ്ടെന്ന്‌ അനുമാനിക്കണം.

മുസ്‌ലിങ്ങളുടെ കൂട്ടത്തിലും മറ്റെല്ലാ സമുദായങ്ങളിലും പല രാഷ്ട്രീയകക്ഷികളിലുമെന്നപോലെ തീവ്രവാദികളുണ്ട്‌. എന്നാൽ, ഫാറൂഖ്‌ കോളേജിന്‌ ഇല്ലാത്ത മദ്രസാസ്വഭാവം ഉണ്ടെന്ന്‌ ആരോപിച്ച്‌ ഇല്ലാത്ത കാരണംപറഞ്ഞ്‌ ആക്ഷേപിക്കുന്നവർ വർഗീയവാദികളാണ്‌, വിദ്വേഷപ്രചാരകരാണ്‌. കേരളത്തിലെ സംസ്കാരസമ്പന്നരായ വിദ്യാഭ്യാസ തത്‌പരർ ഒന്നായി ഇരുന്ന്‌ ഒരു നല്ല കലാശാലയെ തകർക്കാനുള്ള ഗൂഢാലോചനയിൽനിന്ന്‌ അതിനെ സംരക്ഷിക്കും എന്നാശിക്കുന്നു.

നൂറ്റിമുപ്പതോളം വിദ്യാർഥികളുള്ള ക്ളാസിൽ അവർക്കെല്ലാം അച്ചടക്കത്തോടെ പഠിക്കാനുള്ള സ്വാതന്ത്ര്യം ഒന്നുരണ്ടുപേരുടെ വിപ്ളവാഭിനിവേശംകൊണ്ട്‌ തടയാൻ അനുവദിച്ചുകൂടാ. കോളേജിന്റെ സൽപ്പേരിനെ വ്യാജപ്രചാരണത്തിലൂടെ കളങ്കപ്പെടുത്താൻ സ്ഥാപിതതാത്‌പര്യക്കാരായ പുറത്തുള്ളവരെ അനുവദിക്കാതെ കോളേജിനെ സ്നേഹിക്കുന്നവർ ഒറ്റക്കെട്ടായി സംഘടിച്ച്‌ കോളേജിന്റെ സംരക്ഷണവും പുരോഗതിയും സാധ്യമാക്കട്ടെ.