muhammad ali jinnahസംഭവം നടന്നത് സപ്തംബര്‍ ഒന്നിന്. ആ ദിവസമാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് 'മുത്തലാക്ക്' സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മുസ്ലിം പുരുഷന്‍ ഒറ്റയിരിപ്പിനു മൂന്നു തലാക്കും ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്ന ദുസ്സമ്പ്രദായത്തിനെതിരെ ഫയല്‍ ചെയ്യപ്പെട്ട ഒരു പൊതുതാത്പര്യ ഹര്‍ജിയോടുള്ള ബോര്‍ഡിന്റെ പ്രതികരണമായിരുന്നു 68 പേജ് വരുന്ന സത്യവാങ്മൂലം. മുത്തലാക്ക് നിരോധിച്ചുകൂടെന്നു മാത്രമല്ല, മുസ്ലിം വ്യക്തിനിയമങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അവകാശമില്ലെന്നുകൂടി ബോര്‍ഡ് ബോധിപ്പിക്കുകയുണ്ടായി.

ഈജിപ്തും പാകിസ്താനുമുള്‍പ്പെടെ പല മുസ്ലിം രാഷ്ട്രങ്ങളിലും നിരോധിക്കപ്പെട്ട ട്രിപ്പിള്‍ തലാക്കിനെ ന്യായീകരിക്കാന്‍ ഇതാദ്യമായല്ല മുസ്ലിം വ്യക്തിനിയമബോര്‍ഡ് രംഗത്തുവരുന്നത്. 2002-ലെ ശമീം ആര കേസുള്‍പ്പെടെ പല കേസുകളിലും വിവിധ ഹൈക്കോടതികള്‍ മുത്തലാക്ക് സാധുവല്ല എന്ന നിലപാടെടുത്തപ്പോഴെല്ലാം ബോര്‍ഡ് എതിര്‍വാദങ്ങള്‍ ഉന്നയിച്ചുപോന്നിട്ടുണ്ട്. 2004 ജൂലായില്‍ കാണ്‍പുരില്‍ ചേര്‍ന്ന ബോര്‍ഡിന്റെ നിര്‍വാഹകസമിതിയോഗം മുത്തലാക്കിനെ തള്ളിപ്പറയാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നിട്ടും പെണ്‍വിരുദ്ധമായ വിവാഹമോചനരീതിയെ സംബന്ധിച്ച് പുനരാലോചന നടത്താന്‍ ബോര്‍ഡ് നേതൃത്വം തയ്യാറാവുകയുണ്ടായില്ല.

ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട സത്യവാങ്മൂലത്തില്‍ ഒറ്റയിരിപ്പിലുള്ള മൂന്നു മൊഴി സമ്പ്രദായം ഖലീഫ ഉമറിന്റെ കാലത്ത് അംഗീകരിക്കപ്പെട്ടിരുന്നു എന്നാണ് ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നത്. മുത്തലാക്ക് നടത്തി ഭാര്യയെ ഒഴിവാക്കിയ പുരുഷനെ ഉമര്‍ ശിക്ഷിച്ചുവെങ്കിലും അയാളുടെ വിവാഹമോചനം സാധുവാണെന്ന് ഖലീഫ വിധിയെഴുതി എന്നത്രേ വിശദീകരണം. അതിനാല്‍, അത്ര അഭിലഷണീയമല്ലെങ്കിലും മുസ്ലിം നിയമവ്യവസ്ഥയായ ശരീഅത്ത് പ്രകാരം മുത്തലാക്കിന് നിയമപ്രാബല്യമുണ്ടെന്ന് ബോര്‍ഡ് അവകാശപ്പെടുന്നു.

തങ്ങളുടെ നിലപാട് മുന്നോട്ടു കൊണ്ടുപോകാന്‍ പരമവിചിത്രമായ വാദങ്ങളാണ് വ്യക്തിനിയമബോര്‍ഡ് നിരത്തുന്നത്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന കോടതി വ്യവഹാരങ്ങളും ഭാര്യാഭര്‍ത്താക്കന്മാര്‍ അന്യോന്യം നടത്താവുന്ന ആരോപണ പ്രത്യാരോപണങ്ങളും ഒഴിവാക്കാനുള്ള എളുപ്പവഴിയാണ് ബോര്‍ഡിന്റെ ദൃഷ്ടിയില്‍ മുത്തലാക്ക്. നിയമനടപടികളിലൂടെ വിവാഹമോചനം നീണ്ടുപോയാല്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊല്ലാനോ മറ്റുവിധത്തില്‍ ഇല്ലാതാക്കാനോ വരെ സാധ്യതയുണ്ടെന്ന ആശങ്കയും സത്യവാങ്മൂലത്തില്‍ ബോര്‍ഡ് നേതൃത്വം പ്രകടിപ്പിക്കുന്നുണ്ട്.

ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളായ ഖുര്‍ആന്റെയോ പ്രവാചകചര്യകളുടെയോ പിന്‍ബലം മുത്തലാക്കിനില്ലെന്നു ഇസ്ലാമിക പണ്ഡിതരില്‍ പലരും നേരത്തേ വ്യക്തമാക്കിയതാണ്. അത്തരം വെളിപ്പെടുത്തലുകളുടെ പിന്തുണയിലാണ് മിക്ക മുസ്ലിംഭൂരിപക്ഷരാഷ്ട്രങ്ങളും ആണ്‍കോയ്മയിലധിഷ്ഠിതമായ ആ നീചാചാരം നിയമവിരുദ്ധമാക്കിയത്. സുന്നി ഇസ്ലാമിലെ നാലു പ്രമുഖ നിയമശാഖ (മദ്ഹബ്)കളായ ശാഫി, ഹനഫി, മാലികി, ഹന്‍ബലി എന്നിവയില്‍ ഹനഫി ശാഖ മാത്രമത്രെ മുത്തലാക്കിനോട് ശക്തമായ അനുഭാവം പുലര്‍ത്തുന്നത്. ആ ശാഖയ്ക്ക് പ്രാമുഖ്യം നല്‍കി ട്രിപ്പിള്‍ തലാക്കിനെയും ബഹുഭാര്യത്വത്തെയും വെള്ളപൂശുന്നവര്‍ ഖുര്‍ ആനിക അധ്യാപനങ്ങളുടെ ആത്മസത്ത ഗ്രഹിക്കാത്തവരാണെന്ന് അഭിപ്രായപ്പെടുന്നവര്‍ ഏറെയുണ്ട്.

വിവാഹത്തെയും വിവാഹമോചനത്തെയും മറ്റും സംബന്ധിക്കുന്ന വ്യക്തിനിയമങ്ങളില്‍ കോടതികളോ ഭരണകൂടമോ കൈകടത്തുന്നത് മതസ്വാതന്ത്ര്യഹനനമാണെന്ന വ്യക്തിനിയമബോര്‍ഡിന്റെ പഴയവാദം ഇക്കുറിയും ആവര്‍ത്തിച്ചിരിക്കുന്നു. വസ്തുതകളോട് ഒരുവിധത്തിലും പൊരുത്തപ്പെടാത്തതാണ് ഈ നിലപാട്. ഇന്ത്യന്‍ഭരണഘടന 25-ാം വകുപ്പുവഴി ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം ലിംഗസമത്വനിഷേധപരമായ വ്യക്തിനിയമങ്ങള്‍ക്ക് ഒരു പരിരക്ഷയും വാസ്തവത്തില്‍ നല്‍കുന്നില്ല. സമത്വം ഉറപ്പാക്കുന്ന 14-ാം വകുപ്പിനും വൈയക്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്ന 21-ാം വകുപ്പിനും വിധേയമാണ് ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള മതസ്വാതന്ത്ര്യം. ലിംഗസമത്വവിരുദ്ധമായ മതാവകാശങ്ങള്‍ ഭരണഘടനാവിരുദ്ധമാണ്.

ഇജാസ് മഖ്ബൂല്‍ എന്ന അഭിഭാഷകന്‍ മുഖേന ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇപ്രകാരം കാണാം: 'സാമൂഹിക പരിഷ്‌കരണത്തിന്റെ പേരില്‍ ഒരു സമുദായത്തിന്റെ വ്യക്തിനിയമങ്ങള്‍ പുനഃസംരചിക്കപ്പെട്ടുകൂടാ... വിവാഹമെന്ന സ്ഥാപനത്തെ വ്യത്യസ്തമതങ്ങള്‍ വ്യത്യസ്തരീതികളിലാണ് കാണുന്നത്. തന്മൂലം വിവാഹം, വിവാഹമോചനം, ജീവനാംശം തുടങ്ങിയ വിഷയങ്ങള്‍ വിവിധമതങ്ങള്‍ വിവിധശൈലികളില്‍ കൈകാര്യം ചെയ്യുന്നു. ചില സമുദായങ്ങള്‍ സാമൂഹികപരിഷ്‌കരണത്തിനു സന്നദ്ധത പ്രകടിപ്പിക്കുന്നവയാകാം. എന്നാല്‍, വേറെ ചിലത് അങ്ങനെയാകണമെന്നില്ല'. 
മുസ്ലിം സമുദായം രണ്ടാമത്തെ വകുപ്പില്‍പ്പെടുന്നു എന്നാണ് ബോര്‍ഡ് സൂചിപ്പിക്കുന്നത്. 

ഈ ഘട്ടത്തില്‍ ഒരു ചോദ്യം സംഗതമാണ്. ഇന്ത്യയിലെ മൊത്തം മുസ്ലിങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ മുസ്ലിം വ്യക്തി നിയമബോര്‍ഡിന് എന്തര്‍ഹതയാണുള്ളത്? 1973-ല്‍ നിലവില്‍വന്ന ആ സംഘത്തിന്റെ പേരില്‍ 'അഖിലേന്ത്യാ' എന്നു ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും ദേശീയ സ്വഭാവമോ മൊത്തം മുസ്ലിങ്ങളുടെ പ്രാതിനിധ്യമോ ഇല്ലാത്തതും നിയമപ്രാബല്യം അവകാശപ്പെടാനാകാത്തതുമായ ഒരു സ്വകാര്യസംവിധാനം മാത്രമാണത്. ഷിയാ മുസ്ലിങ്ങള്‍ അതിനെ അംഗീകരിക്കുന്നില്ല. അതുകൊണ്ടത്രെ അവര്‍ 'അഖിലേന്ത്യാ ഷിയാ മുസ്ലിം വ്യക്തിനിയമബോര്‍ഡ്' രൂപവത്കരിച്ചത്. പുരോഗമന പക്ഷത്ത് നില്‍ക്കുന്ന മുസ്ലിം സ്ത്രീകളും അതിനോട് വിയോജിക്കുന്നു. അവര്‍ 'അഖിലേന്ത്യാ മുസ്ലിം വനിതാ വ്യക്തിനിയമ ബോര്‍ഡി'നു രൂപം നല്‍കിയിട്ടുണ്ട്.

എല്ലാറ്റിനും പുറമേ, സര്‍വ സ്വീകാര്യമായ ഒരു മുസ്ലിം വ്യക്തി നിയമസംഹിത ലോകത്തൊരിടത്തും ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. വ്യത്യസ്ത മുസ്ലിംരാഷ്ട്രങ്ങളും വിവിധ മുസ്ലിം മതസംഘടനകളും ഏക സ്വരത്തില്‍ അംഗീകരിക്കുന്ന ഒരു ശരീ അത്തില്ല. സൗദി അറേബ്യയിലെ ശരീഅത്തും ഇന്‍ഡൊനീഷ്യയിലെ ശരീഅത്തും തമ്മില്‍ വ്യത്യാസമേറെയുണ്ട്. തന്നെയുമല്ല, കാലവും സമൂഹവും മാറുന്നതിനനുസരിച്ച് പരിഷ്‌കരിക്കപ്പെട്ടുകൊണ്ടല്ലാതെ ഒരു നിയമസംഹിതയ്ക്കും ദീര്‍ഘകാലം പിടിച്ചുനില്‍ക്കാനാവില്ല.

ഈ വസ്തുത ആഴത്തില്‍ ഗ്രഹിച്ച നേതാവായിരുന്ന ആദ്യകാലജിന്ന. ബ്രിട്ടീഷ് വിദ്യാഭ്യാസം നേടുകയും ആധുനിക ലിബറല്‍, മതേതര മൂല്യങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്ത മുഹമ്മദലി ജിന്ന 1930-കളുടെ ഉത്തരാര്‍ധം വരെ മുസ്ലിം കുടുംബനിയമങ്ങള്‍ കാലോചിതമായി നവീകരിക്കപ്പെടണമെന്ന പക്ഷത്ത് ഉറച്ചുനിന്ന നേതാവാണ്. 'ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സ്ഥാനപതിയെന്നു സരോജിനി നായിഡുവിനാല്‍ പ്രകീര്‍ത്തിക്കപ്പെട്ട അദ്ദേഹം കുടുംബനിയമങ്ങള്‍ മതേതരമായി  വീക്ഷിക്കപ്പെടണമെന്നു നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നു.

1912-ല്‍ പ്രിവി കൗണ്‍സിലില്‍ ബി.എന്‍. ബസു കൊണ്ടുവന്ന 'സ്‌പെഷല്‍ മാര്യേജ് ആക്ടി'ന്റെ പരിധിയില്‍നിന്നു ഇസ്ലാംമത വിശ്വാസികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട ലോ മെമ്പറോട് ജിന്ന ചോദിച്ചു: ''ഖുര്‍ ആന്‍ ശാസനങ്ങളനുസരിച്ച് ഒരു മുസ്ലിം പുരുഷന് മുസ്ലിം സ്ത്രീയെയോ കിതാബിയക്കാരെയോ (ജൂത-ക്രൈസ്തവ വിഭാഗങ്ങളില്‍പ്പെട്ടവരെയോ) മാത്രമേ വിവാഹം കഴിക്കാന്‍ പറ്റൂ എന്നത് ശരിയാണ്. പക്ഷേ, (ബ്രിട്ടീഷിന്ത്യയിലെ) നിയമനിര്‍മാണ ചരിത്രത്തില്‍ കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇസ്ലാമിക നിയമങ്ങള്‍ അവഗണിക്കാനോ പരിഷ്‌കരിക്കാനാ കൗണ്‍സില്‍ മുതിരേണ്ടിവരുന്ന ആദ്യത്തെ സന്ദര്‍ഭമാണോ ഇത്?''

-1ജിന്ന തുടര്‍ന്നു: ''പല കാര്യങ്ങളില്‍ ഈ കൗണ്‍സില്‍ ഇസ്ലാമിക നിയമങ്ങള്‍ അവഗണിക്കുകയോ അവയില്‍ ഭേദഗതി വരുത്തുകയോ ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ഭരണാരംഭത്തില്‍ ഇന്ത്യയില്‍ നിലനിന്ന ഇസ്ലാമിക ക്രിമിനല്‍ നിയമങ്ങള്‍ ഇന്നു നിലവിലില്ല. ഇസ്ലാമിക തെളിവുനിയമവും എന്നോ അരങ്ങൊഴിഞ്ഞിരിക്കുന്നു. ഇസ്ലാംമതം ഉപേക്ഷിച്ച വ്യക്തിക്ക് ഖുര്‍ആനിക ശാസനമനുസരിച്ച് അനന്തരസ്വത്തവകാശം നിഷേധിക്കപ്പെട്ടിരുന്നു. എന്നാല്‍, അടുത്തകാലത്ത് പാസാക്കപ്പെട്ട, 1850-ലെ ജാത്യവശതാ നിവാരണ നിയമം മുഖേന പ്രസ്തുത അവകാശം അയാള്‍ക്ക് കൈവന്നിട്ടുണ്ട്. ഈ മാതൃകകളാണ് മതനിയമപരിഷ്‌കരണത്തില്‍ പിന്തുടരേണ്ടത്.'' (കാണുക: ഇലസ്‌ട്രേറ്റഡ് വീക്ലി ഓഫ് ഇന്ത്യ, 18.9.1977). 

1929 ജനവരിയില്‍ ശരീഅത്ത് സംരക്ഷണം ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട മുസ്ലിം സര്‍വകക്ഷി സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന നേതാവുകൂടിയാണ് ജിന്ന. ഇതേയാവശ്യം മുന്‍നിര്‍ത്തി 1930 ഏപ്രിലില്‍ മൗലനാ മുഹമ്മദലി ബോംബെയില്‍ നടത്തിയ കൂറ്റന്‍ സമ്മേളനവും അദ്ദേഹം ബഹിഷ്‌കരിച്ചു. 1931-ല്‍ ലണ്ടനില്‍ നടന്ന വട്ടമേശ സമ്മേളനത്തിലും മുസ്ലിം വ്യക്തിനിയമങ്ങളില്‍ കാലോചിത മാറ്റങ്ങള്‍ അനിവാര്യമാണെന്നതായിരുന്നു അദ്ദേഹം അനുവര്‍ത്തിച്ച സമീപനം. 

43 വര്‍ഷം മുമ്പ് നിലവില്‍വന്ന അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയബോര്‍ഡും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന യാഥാസ്ഥിതിക വിഭാഗങ്ങളും ലിംഗനീതിനിഷേധപരമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന വര്‍ത്തമാനകാലത്ത് ആദ്യകാല ജിന്നയുടെ മാതൃക പിന്തുടരുന്ന നേതാക്കളെയാണ് ഭാരതീയ മുസ്ലിം സമൂഹത്തിനാവശ്യം. മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷത്തിന്റെ, വിശിഷ്യാ സ്ത്രീസമൂഹത്തിന്റെ ആശയാഭിലാഷങ്ങള്‍ മാനിക്കാതിരിക്കുകയും മുത്തലാക്കും ബഹുഭാര്യത്വവും പോലുള്ള മധ്യകാല ദുരാചാരങ്ങള്‍ നിലനിര്‍ത്തിയാലേ ഇസ്ലാം ഭദ്രമാകൂ എന്നു വാശിപിടിക്കുകയും ചെയ്യുന്ന വ്യക്തിനിയമബോര്‍ഡിനെ തള്ളിപ്പറയാന്‍ മുസ്ലിം ജനസാമാന്യം മുന്നോട്ടു വരേണ്ടതുണ്ട്.