ഡോക്ടർമാർ, വിദഗ്ധർ, പ്രശസ്തതാരങ്ങൾ എന്നിവരുൾപ്പെടെ ഒട്ടേറെ പേർ മാരക പകർച്ചവ്യാധിയായ കോവിഡ്-19 നെക്കുറിച്ച് എഴുതിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലവും ചില ആശയങ്ങളും ഇവിടെ പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്.

പാരിസ്ഥിതിക വിഷയം

രോഗമെന്നാൽ വിദഗ്ധരെ സംബന്ധിച്ച് ഇന്നൊരു പാരിസ്ഥിതിക വിഷയംകൂടിയാണ്. ഇപ്പോൾ ഉയർന്നുവരുന്ന പകർച്ചവ്യാധികളുടെ 60 ശതമാനവും മൃഗജന്യമാണ് (Zoonotic). ഇതിൽ മൂന്നിൽ രണ്ടുഭാഗവും വന്യമൃഗങ്ങളിൽനിന്നും. നാം മനസ്സിലാക്കേണ്ട ഒന്ന്, ജീവശാസ്ത്രജ്ഞരും സാമ്പത്തികശാസ്ത്രജ്ഞരും മുന്നോട്ടുവെക്കുന്ന ‘ആവാസവ്യവസ്ഥയുടെ സേവനങ്ങൾ’(Ecosystem services) എന്ന നൂതന ആശയത്തെപ്പറ്റിയാണ്. ലളിതമായി പറഞ്ഞാൽ ഇത് മനുഷ്യപ്രയത്നങ്ങളോട് പ്രകൃതികാണിക്കുന്ന പിന്തുണയാണ്. ഉദാഹരണത്തിന്, കാടുകളിലൂടെ ഒഴുകി ശുദ്ധീകരിച്ചുവരുന്ന വെള്ളമാണ് നമുക്ക് ലഭിക്കുന്നത്, പക്ഷികളും വണ്ടുകളും വിളകളിൽ പരാഗണം നടത്തുന്നു. സാമ്പത്തികമായും ജീവശാസ്ത്രപരമായും ഈ രണ്ടുപ്രക്രിയകളും ഏറെ വിലപ്പെട്ടതാണ്. അത്രയും സൂക്ഷ്മമായ പ്രകൃതിസന്തുലനമാണ് ഈ സംവിധാനങ്ങൾക്കുള്ളത്. ഇതാണ് നാം തകർക്കുന്നത്, നമ്മുടെ നാശത്തിലേക്കായി.
മനുഷ്യൻ പ്രകൃതിയോട് ഏതെല്ലാംതരത്തിൽ പെരുമാറി എന്നതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോകത്ത് പടർന്നുപിടിച്ച നൂറുകണക്കിന് രോഗങ്ങളുടെ ഉദ്‌ഭവസ്വഭാവം വ്യക്തമാക്കുന്നത്. എയ്‌ഡ്‌സ്, എബോള, വെസ്റ്റ്നൈൽ പനി, സാർസ്,  മേർസ്, ലിം രോഗം, സിക്ക, നിപ എന്നിവയുൾപ്പെടെയുള്ള രോഗങ്ങളെല്ലാം ഇതു വ്യക്തമാക്കുന്നവയാണ്. കോവിഡ്-19 ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിലെ മത്സ്യ, മാംസ മാർക്കറ്റിൽനിന്നാണ് ഉദ്‌ഭവിച്ചതെന്നും കാണുന്നു. മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്ക് പകരുന്ന ഇത്തരം രോഗങ്ങൾ നമ്മുടെ ആഗോളീകൃത വ്യാപാരസംവിധാനത്തിലൂടെ അതിവേഗം സഞ്ചരിച്ച് പടർന്നുപിടിച്ച് പൊതുജനാരോഗ്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കും വലിയ ആശങ്ക സൃഷ്ടിക്കുന്നു.

2020 മാർച്ച് 13-ന് സൗത്ത് ചൈന മോണിങ്‌ പോസ്റ്റിൽ വന്ന ജോസഫിൻ മായുടെ ലേഖനമനുസരിച്ച് ചൈനയിൽ കൊറോണയുടെ ആദ്യ കേസ് റിപ്പോർട്ടുചെയ്യുന്നത് അമ്പത്തഞ്ചുകാരനിലാണ്.  നവംബർ 17-നുതന്നെ ഇയാൾക്ക് രോഗമുള്ളതായി സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, രോഗം ചൈനയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത് ഡിസംബർ എട്ടിനാണ് എന്ന റിപ്പോർട്ടാണ് ചൈനീസ് സർക്കാർ ലോകാരോഗ്യസംഘടനയ്ക്ക് നൽകിയത്. അവിടെനിന്ന് 67 ദിവസംകൊണ്ട് രോഗബാധിതരുടെ എണ്ണം ഒരുലക്ഷമായി. അടുത്ത 11 ദിവസംകൊണ്ട് ഒരുലക്ഷം കൂടി. ദിവസങ്ങൾപോകെ അത്‌ ഇരട്ടിച്ചുകൊണ്ടിരുന്നു. ഇതെഴുതുന്നവേളയിൽ അത്‌ ഏഴുലക്ഷത്തോളമടുക്കുന്നു. രോഗപ്പകർച്ചയുടെ ഈ കൂറ്റൻ വർധന വികസിത രാജ്യങ്ങളിലെ ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള മിഥ്യാധാരണയെ തുറന്നുകാട്ടി. പ്രത്യേകിച്ച് യു.എസ്., ഇറ്റലി, സ്‌പെയിൻ, ബ്രിട്ടൻ എന്നിവിടങ്ങളിലെ. എന്നാൽ, ഏഷ്യൻ രാജ്യങ്ങളായ ദക്ഷിണ കൊറിയ, സിങ്കപ്പൂർ, ഹോങ്‌ കോങ്‌, തയ്‌വാൻ എന്നിവ കർശനമായ പരിശോധനയിലൂടെയും സമ്പർക്ക വിലക്കുകളിലൂടെയും ജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ഉണർന്നുപ്രവർത്തിച്ചു.

നമ്മുടേതുമാത്രമല്ല ഈ ലോകം

യാദൃച്ഛികമായി സംഭവിച്ചതാണെങ്കിലും കൊറോണവ്യാപനം മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും കൂടുതൽ ആതിഥ്യമരുളുന്ന ഇടമായി ലോകത്തെ മാറ്റിയിരിക്കുന്നു. നാം മറന്നുവെന്നു ഭാവിച്ചിരുന്ന  ചില നിതാന്തസത്യങ്ങളെക്കുറിച്ച് അത് നമ്മെ ബോധവാന്മാരാക്കി. അതായത്, ഭൂമിയെ വീടായി കാണുന്ന അനേകം ജീവിവർഗങ്ങളിൽ ഒന്നുമാത്രമാണ് മനുഷ്യൻ. മറ്റുജീവികളും നമ്മളുമായി ഒരേയൊരു വ്യത്യാസം മാത്രമേയുള്ളൂ, അവർക്ക് ഉടമസ്ഥാവകാശബോധമില്ല. അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്ലാതെ അവർ ജീവിതം നയിക്കുന്നു. ‘നിശ്ശബ്ദനായി ഒരു മുറിയിൽ ഒറ്റയ്ക്കിരിക്കാനുള്ള കഴിവില്ലായ്മയിൽനിന്നാണ് മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങളും ഉടലെടുക്കുന്നത്’ എന്ന്‌ ഫ്രഞ്ച് കത്തോലിക്കാ ദൈവശാസ്ത്രപണ്ഡിതനും ഗണിതശാസ്ത്രജ്ഞനുമായ ബ്ലെയ്‌സ് പാസ്‌കൽ നാലുനൂറ്റാണ്ടുമുമ്പ് വിവേകപൂർവം നിരീക്ഷിച്ചത് ഞാനിവിടെ ഓർക്കുകയാണ്.

വൈറസ് പൊട്ടിപ്പുറപ്പെടാൻ തുടങ്ങിയതുമുതൽ ആഗോള വായുമലിനീകരണം കുറഞ്ഞു. റോഡുകളിൽ കാറുകളും ആളുകളും കുറവാണ്; നഗരപ്രദേശങ്ങളിൽ പതുക്കെ പച്ച തിരിച്ചുവരുന്നു.  വ്യവസായശാലകൾ അടച്ചതും ഗതാഗതം നിയന്ത്രിച്ചതുംമൂലം ചൈനയിലെ വായുമലിനീകരണം കുറഞ്ഞെന്ന് നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഉപഗ്രഹചിത്രങ്ങളും സൂചിപ്പിക്കുന്നു.

എല്ലായിടത്തും വന്യജീവികൾ അഭിവൃദ്ധിപ്പെടുന്നതും പ്രകൃതി സുഖപ്പെട്ടുവരുന്നതുമായ കാഴ്ചകൾ. ഇത് മനുഷ്യന്റെ ജീവിതനിലവാരം ഉയർത്തുന്നു എന്നതും തീർച്ചയാണ്. ഡൽഹിയിലെ താമസക്കാർ പക്ഷികളുടെ സംഗീതത്തിലേക്കാണ് ഇന്ന് ഉറക്കമുണരുന്നത്. സമീപപ്രദേശങ്ങളിൽ തേൻകരടിയെയും കരിമ്പുലിയെയും കണ്ടതായി കൂനൂർ താലൂക്കിലെ ദ്രുമ്മല്ല നിവാസികൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ബാഴ്‌സലോണയിൽ കാട്ടുപന്നികളെ കണ്ടവരും പോളണ്ടിലെ സാക്കോപേൻ പട്ടണത്തിൽ മാനിനെ കണ്ടവരുമുണ്ട്. ജലത്തിലൂടെയുള്ള വാട്ടർ ബസ് ഗതാഗതം നിലച്ചതോടെ വെനീസിലെ കനാലുകളിലൂടെ ഒഴുകുന്നത് പളുങ്കുമണിപോലെ തെളിമയുള്ള വെള്ളമാണ്. കുഞ്ഞുമത്സ്യങ്ങളെയും ഞണ്ടുകളെയും അടിത്തട്ടിലെ വർണോജ്ജ്വലമായ സസ്യങ്ങളെയും ഇന്ന് കാണാനാകുന്നുണ്ടെന്നും മാധ്യമങ്ങൾ പറയുന്നു. മീനുകളെ കൊത്താൻ നീർകാക്കകൾ വന്നെത്തുകയും ബസ് സ്റ്റേഷന്റെ ഓരത്തായി താറാവുകൾ കൂടുകൂട്ടുകയും ചെയ്തുവത്രേ. 55,000 താമസക്കാരുള്ള വെനീസ് പട്ടണത്തെ രണ്ടുകോടിയോളംവരുന്ന വിനോദസഞ്ചാരികളിൽനിന്ന് മോചിതമാക്കിയതിൽ അവിടത്തുകാർ ഏറെ സന്തോഷത്തിലുമാണ്. ദിവസം 54,794 സന്ദർശകരാണ് വെനീസിലെത്തുന്നത്, പട്ടണത്തിന്റെ  ജനസംഖ്യയോളംതന്നെ വരുമിത്!  ജപ്പാനിൽനിന്ന് യു.എസ്.വരെ എല്ലായിടങ്ങളിലും നഗരാതിർത്തിക്കുപുറത്ത് മടിച്ചുനിന്നിരുന്ന മൃഗങ്ങളെല്ലാം അടച്ചിട്ട നഗരങ്ങളിലേക്ക് എത്തിനോക്കുന്നുണ്ട്,  പാർക്കിങ് സ്ഥലങ്ങളിൽ കരടികളെ കാണുന്നതും സ്‌കൂൾ കളിമുറ്റത്ത് കാട്ടുടർക്കികളെ കാണുന്നതും കൗതുകമുണർത്തി.

മാനവികതയുടെ അടയാളങ്ങൾ

മാനവികതയെ സംബന്ധിച്ച് ഇത് സ്‌നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും നാളുകളാണ്. നമ്മൾ വീടുകളിൽ ഒതുങ്ങിയിരിക്കുന്നു, നമുക്ക് ഒരുപക്ഷേ സഞ്ചരിക്കാനാവുന്നില്ല. എന്നാൽ, അതിലൂടെ അളവറ്റ കരുതലും സഹാനുഭൂതിയുമാണ് നാം പ്രകടമാക്കുന്നത്. പുറത്തുള്ള നിയന്ത്രണങ്ങൾ അകത്തേക്കുള്ള തുറക്കലുകളാകേണ്ട നാളുകളാണിത്. ജീവിതത്തിന്റെ അഗാധമായ അർഥത്തെക്കുറിച്ച് ചിന്തിക്കാനുള്ള ചെറിയ ഇടവേള. ഇത് മനുഷ്യനെ തന്റെ അത്യന്തമായ ദുർബലതയെക്കുറിച്ചും ബോധവാനാക്കുന്നു; മനുഷ്യന് മരണമുണ്ടെന്ന ബോധം, എന്നാൽ അതുമാത്രമല്ല, മരണം അപ്രതീക്ഷിതമായേക്കാമെന്ന വസ്തുതയും ഓർമപ്പെടുത്തുന്നു.

മഹാഭാരതത്തിലെ യക്ഷപ്രശ്‌നമാണ് എനിക്കിവിടെ ഓർമവരുന്നത്. യക്ഷന്റെ മുന്നറിയിപ്പു വകവെക്കാതെ, അക്ഷമയോടെ ദാഹം ശമിപ്പിക്കാൻ ജലത്തിലിറങ്ങി മരണമടഞ്ഞ തന്റെ സഹോദരന്മാരെ പുനരുജ്ജീവിപ്പിക്കാനായി യക്ഷനെ സമീപിച്ച യുധിഷ്ഠിരന് യക്ഷന്റെ ചില ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരുന്ന സന്ദർഭമുണ്ട്. ലോകത്തിലെ ഏറ്റവും ആശ്ചര്യജനകമായ കാര്യമെന്താണെന്ന്‌ യക്ഷൻ യുധിഷ്ഠിരനോട് ചോദിക്കുന്നു. മരണങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമ്പോഴും അത് മറ്റുള്ളവർക്കുമാത്രം സംഭവിക്കുന്ന ഒന്നാണെന്ന മനുഷ്യന്റെ മനോഗതിയാണ് ഏറ്റവും അദ്‌ഭുതകരമായി തോന്നിയ കാര്യം എന്നാണ് ധർമപുത്രൻ ഉത്തരം നൽകിയത്. ഇതിലെ ഒരു സൂക്ഷ്മചിന്തയാണ് ഞാൻ എടുത്തുപറയാൻ ഉദ്ദേശിക്കുന്നത്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷകൻകൂടിയായ യക്ഷൻ, ഭൂമി ഒരു അക്ഷയപാത്രമല്ല എന്നാണ് നമ്മെ ഓർമിപ്പിക്കുന്നത്. ലളിതമായ ജീവിതം നയിക്കാനുള്ള പാഠം, അതിന്റെ ഏറ്റവും വലിയ മാതൃകയും നമുക്കുമുന്നിലുണ്ട്-മഹാത്മാഗാന്ധി.

അടച്ചിടലിന്റെ ഈ നാളുകളിൽ മനുഷ്യർക്ക് അധ്വാനം വളരെ കുറവാണ്. നമ്മുടെ ശരീരത്തിന് കുറഞ്ഞ ഊർജംമതി എന്നർഥം. മിതമായ ആഹാരം കഴിച്ച് പ്രപഞ്ചശക്തിയുടെ വരദാനമായിക്കിട്ടിയ ജീവിതത്തെക്കുറിച്ചോർത്ത് കഴിയേണ്ട നാളുകളാണിത്. ദൈവമെന്നോ പ്രകൃതിയെന്നോ അതീന്ദ്രിയശക്തിയെന്നോ എങ്ങനെയും നമുക്കതിനെ വിളിക്കാം. വൈദ്യശാസ്ത്രപരമായ ഇടപെടലിന്റെ നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത് എന്നതിൽ പൂർണബോധ്യമുണ്ട്. കൃത്യമായ ശുചിത്വവും കഠിനമെങ്കിലും ആവശ്യമായ നയപരമായ തീരുമാനങ്ങളും അനിവാര്യമാണ്. അതേസമയം, സ്‌നേഹവും പ്രത്യാശയും ആവശ്യമുള്ള ഒരു കാലംകൂടിയാണ്. ആത്മീയചിന്തകളെ തൊട്ടുണർത്തേണ്ട കാലം. ദാനധർമം, വിശ്വാസം, നർമം എന്നിവയെ പുണർന്ന് നാം ഈ വിപത്തിനെ അതിജീവിക്കും.

ചൈനയിൽനിന്ന് ഇറ്റലിയിലേക്കെത്തിയ മുഖാവരണങ്ങളടങ്ങിയ പെട്ടികളിൽ ആലേഖനംചെയ്ത വാക്കുകൾ മനുഷ്യത്വത്തിന്റെ ഔന്നത്യം പേറുന്നവയാണ്: ‘നമ്മൾ ഒരേ കടലിലെ തിരമാലകൾ, ഒരേ മരത്തിന്റെ ഇലകൾ, ഒരേ ഉദ്യാനത്തിലെ പൂക്കൾ.’ അതിർവരമ്പുകളില്ലാത്ത അയൽപക്കങ്ങൾ, മനുഷ്യരാശി അക്ഷരാർഥത്തിൽ വസുധൈവകുടുംബകമാവുകയാണ്.


Content Highlight:  Article by M. P. Veerendra Kumar about COVID-19