വോട്ടിങ് യന്ത്രങ്ങൾ കുറ്റമറ്റതാണോ? ലോകത്തെമ്പാടും ഉപയോഗിച്ചിരുന്ന വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമായതല്ല എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. അമേരിക്കയിൽ 2018-ൽ നടന്ന ‘ഡെഫ്ക്കോൺ വോട്ടിങ് വില്ലേജ്’ എന്ന ഹാക്കത്തണിൽ സാങ്കേതിക വിദഗ്‌ധർ പരീക്ഷണത്തിന് വിധേയമാക്കിയ നാലിനം വോട്ടിങ് യന്ത്രങ്ങളിലും നുഴഞ്ഞുകയറുകയും തങ്ങൾക്കിഷ്ടമുള്ള ‘സ്ഥാനാർഥിയെ’ വിജയിപ്പിക്കുകയും ചെയ്തു. ഏഴു വയസ്സുള്ള കുട്ടിയുൾപ്പെടെ നുഴഞ്ഞുകയറി എന്നതും തൊണ്ണൂറാം മിനിറ്റിൽ ‘വിൻവോട്ട്’ എന്ന വോട്ടിങ് യന്ത്രത്തെക്കൊണ്ട് തങ്ങൾക്കിഷ്ടപ്പെട്ട പാട്ട് പാടിച്ചു എന്നതും സുരക്ഷയുടെ അളവ് വ്യക്തമാക്കുന്നു. ഇതേ ‘വിൻവോട്ട്’ എന്ന വോട്ടിങ് യന്ത്രമാണ് 2003 മുതൽ 2015 വരെ അമേരിക്കയിലെ വെർജീനിയ എന്ന സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിച്ചിരുന്നത്.
ഈ യന്ത്രത്തിന്റെ വിശ്വാസ്യതയില്ലായ്മയെക്കുറിച്ച് സാങ്കേതികവിദഗ്ധർ നിരന്തരം പരാതിപ്പെട്ടിരുന്നു. എന്നാൽ, ഇതു വെറും ആരോപണമാണെന്നും വോട്ടിങ് യന്ത്രം കുറ്റമറ്റതാണെന്നുമാണ് അധികൃതർ പ്രസ്താവിച്ചിരുന്നത്. 2015-ൽ ‘ഡിജിറ്റൽ മില്ലേനിയം കോപ്പിറൈറ്റ് ആക്ടിൽ’ മാറ്റംവരുത്തുന്നതുവരെ പരസ്യമായി വോട്ടിങ് യന്ത്രത്തിൽ നുഴഞ്ഞുകയറി പൊതുജനങ്ങളെ അതു ബോധ്യപ്പെടുത്താൻ പരിമിതിയുണ്ടായിരുന്നു. അതു മാറിയതോടെ വിൻവോട്ട് യന്ത്രം സുരക്ഷിതമല്ല എന്ന് അധികൃതർക്ക് സമ്മതിക്കേണ്ടിവരികയും ആ യന്ത്രം അപ്രത്യക്ഷമാവുകയും ചെയ്തു. നമ്മുടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ നൽകുന്ന ഉറപ്പുകൾക്കും വെർജീനിയയിലെ അധികൃതർ നൽകിയ ഉറപ്പിന്റെ വിലമാത്രമേ നൽകേണ്ടതുള്ളൂ.
ഓഡിറ്റിങ്ങിന് വിധേയമാക്കിയില്ല
നമ്മൾ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളൊന്നും ഓഡിറ്റിങ്ങിന് വിധേയമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടു പഠനസംഘങ്ങളെ നിയോഗിച്ചിരുന്നു എന്നതു ശരിയാണ്. എന്നാൽ, ഈ രണ്ടു സംഘങ്ങളിലെയും അംഗങ്ങൾ കംപ്യൂട്ടർ സുരക്ഷസംബന്ധിച്ച് വൈദഗ്ധ്യമുള്ളവരായിരുന്നില്ല. എന്നുമാത്രമല്ല അവർ ഡോഴ്സ് കോഡ് അഥവാ കംപ്യൂട്ടർ പ്രോഗ്രാം കാണുകയോ പരിശോധിക്കുകയോ ചെയ്തില്ല. മറിച്ച് യന്ത്രത്തിന്റെ നിർമാതാക്കൾ അവതരിപ്പിച്ച ഇതിന്റെ പ്രവർത്തനരീതികേട്ട് തൃപ്തരാകുകയും തൊലിപ്പുറത്തുള്ള ചില മാറ്റങ്ങൾ മാത്രം നിർദേശിച്ച് എല്ലാം ശുഭം എന്ന റിപ്പോർട്ട് നൽകുകയുമാണ് ചെയ്തത്. എന്നാൽ, 2010-ൽ ഹരി കെ. പ്രസാദ്, ഡോ. അലക്സ് ഹാൾഡർമാൻ, റോബ് ഗോൺജിർബ് എന്നിവർ ഇന്ത്യയിൽ ഉപയോഗിച്ച ഒരു വോട്ടിങ് യന്ത്രത്തിൽ പരസ്യമായി നുഴഞ്ഞുകയറി അതിന്റെ സുരക്ഷിതത്വമില്ലായ്മ വെളിപ്പെടുത്തിക്കൊടുത്തു. ഇതിനോട് കമ്മിഷൻ പ്രതികരിച്ചത്, വോട്ടിങ് യന്ത്രം മോഷ്ടിച്ചു എന്നാരോപിച്ച് ഇവരെ അറസ്റ്റുചെയ്തുകൊണ്ടാണ്.
വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത സാക്ഷ്യപ്പെടുത്തുന്നവർ ഉന്നയിക്കുന്നത് രണ്ടുകാര്യങ്ങളാണ്. ഒന്ന്, ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ മറ്റ് കംപ്യൂട്ടറുകളോടോ ഡിജിറ്റൽ സംവിധാനങ്ങളോടോ ബന്ധപ്പെട്ട് ഒറ്റയ്ക്കുനിൽക്കുന്ന (Stand alone) യന്ത്രങ്ങളാണെന്നും അതുകൊണ്ടുതന്നെ നുഴഞ്ഞുകയറ്റം അസാധ്യമാണ് എന്നുമാണ്. വിവിധ തിരഞ്ഞെടുപ്പുകളിൽ ആവർത്തിച്ചുപയോഗിക്കുന്ന ഈ യന്ത്രത്തിൽ സ്ഥാനാർഥികളെയല്ല അവരുടെ ക്രമനമ്പർ മാത്രമാണ് യന്ത്രം തിരിച്ചറിയുകയെന്നും അത് അക്ഷരമാലാ ക്രമത്തിലായതുകൊണ്ട് ഈ പാർട്ടിയുടെ ആൾ എത്രാമതു വരും എന്ന് ആർക്കും മുൻകൂട്ടി അറിയാൻകഴിയില്ല എന്നുമാണ് രണ്ടാമത്തെ വാദം. ഈ രണ്ടു കാരണങ്ങളാണ് വോട്ടിങ് യന്ത്രം സുരക്ഷിതമാണെന്നതിന് അടിസ്ഥാനമായി ഉന്നയിക്കുന്നത്.
ഇവ രണ്ടും മേൽപ്പറഞ്ഞ രീതിയിലാണ് പ്രവർത്തിക്കുന്നത് എന്നതുതന്നെ ഒരു വിശ്വാസം മാത്രമാണ്. കാരണം ഹാർഡ്‌വേറോ സോഫ്റ്റ്‌വേറോ പരിശോധിക്കാതെ ഇത്തരം തീർപ്പിലെത്തിച്ചേരുന്നതിൽ ഒരു ശാസ്ത്രീയതയുമില്ല. 2010-ൽ നമ്മുടെ കൺമുമ്പിൽ നുഴഞ്ഞുകയറി തിരിമറിചെയ്യപ്പെട്ടതാണ് ഈ വോട്ടിങ് യന്ത്രം. ഒറ്റയ്ക്കുനിൽക്കുന്നതാണ് എന്നവകാശപ്പെടുന്ന യന്ത്രത്തിൽ പുറമേനിന്ന് ബന്ധപ്പെടാൻ കുറുക്കുവഴി ഒളിച്ചുവെച്ചിരിക്കുന്നു എന്നാണ് ഇപ്പോൾ സയീദ് ഷുജ എന്ന ഇതേ വോട്ടിങ് യന്ത്രം നിർമിച്ച കന്പനിയിലെ മുൻ ജീവനക്കാരൻ വെളിപ്പെടുത്തുന്നത്. അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർഥികൾ ലിസ്റ്റ് ചെയ്യപ്പെടുക എന്നു പറയുമ്പോഴും ദേശീയപാർട്ടികളുടെ സ്ഥാനാർഥികൾ ആദ്യം വരും എന്ന് നമുക്കറിയാം. അതായത് ഈ സ്ഥാനാർഥികൾ ആദ്യ അഞ്ചുപേരുകളിലൊന്നായിരിക്കും. ഇതിലേതാണ് വിജയിക്കേണ്ട നമ്മുടെ സ്ഥാനാർഥിയെന്ന് യന്ത്രത്തിന് പലരീതിയിൽ നിർദേശം നൽകാനാവും. പണ്ടേയുള്ള വിവിധ തിരഞ്ഞെടുപ്പുകളിലുപയോഗിച്ച യന്ത്രം എന്നുപറയുമ്പോഴും എല്ലാ തിരഞ്ഞെടുപ്പിനും മുൻപ് നിർമാതാക്കളുടെ വക ഒരു സാങ്കേതിക പരിശോധന നിർബന്ധമായും ഓരോ യന്ത്രത്തിലും നടത്തുന്നുണ്ട്.
സുരക്ഷിതമല്ല
എന്നാൽ, വാദത്തിനുവേണ്ടി പുറമേനിന്നുള്ള നുഴഞ്ഞുകയറ്റം അസാധ്യമാണ് എന്നുതന്നെ കരുതുക. അപ്പോഴും ഇതു സുരക്ഷിതമല്ല. ഈ വോട്ടിങ് യന്ത്രത്തിലെ നിർദേശങ്ങൾ അടങ്ങുന്ന കംപ്യൂട്ടർ പ്രോഗ്രാം മൈക്രോ കൺട്രോളർ എന്ന ചിപ്പിൽ എഴുതിച്ചേർക്കുകയാണ്. ഈ പ്രക്രിയയെ ‘ബേൺ’ എന്നാണ് പറയുക. ഇത് യന്ത്രത്തിന് മനസ്സിലാകുന്ന ഭാഷയിൽ ചിപ്പിൽ എഴുതിയാൽ പിന്നെ എന്താണ് എഴുതിയത് എന്ന് തിരിച്ചു മനുഷ്യർക്ക് വായിച്ചെടുക്കാൻ പ്രയാസമാണ്. സാധാരണ കംപ്യൂട്ടർ പ്രോഗ്രാമുകൾ യന്ത്രഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയാൽ (Compile) അത് പിന്നീട് യന്ത്രഭാഷയിൽനിന്ന് തിരിച്ച് മനുഷ്യഭാഷയിലേക്ക് പരിഭാഷപ്പെടുത്താനും (Decompile) കഴിയും.
എന്നാൽ, വോട്ടിങ്‌യന്ത്രത്തിൽ നമ്മൾ യന്ത്രഭാഷയിലേക്ക് പരിഭാഷപ്പെടുത്തിക്കഴിഞ്ഞാൽ അത് തിരിച്ച് മനുഷ്യഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ വളരെ പ്രയാസമാണ് (കഴിയില്ല എന്നു പറയാനുള്ളത് സാങ്കേതികവിദ്യയിൽ അങ്ങനെ അസാധ്യമായതു കുറവായതുകൊണ്ടാണ്). അതുകൊണ്ട് തന്നെ മൈക്രോ കൺട്രോളർ ചിപ്പിലേക്ക് യന്ത്രഭാഷയിൽ എഴുതുന്നതെന്ന് എന്നതും ആര് എന്നതും സുപ്രധാനമാണ്. ഈ ഏറ്റവും സുപ്രധാനമായ കാര്യം ചെയ്യുന്നത് റിനിഡാഡ് എന്ന ജപ്പാൻ സ്ഥാപനമാണ്. യന്ത്രംനിർമിക്കുന്ന ഇ.സി.ഐ.എൽ. അല്ലെങ്കിൽ ബി.എച്ച്.ഇ.എൽ. എന്ന സ്ഥാപനത്തിനും അവിടത്തെ ജീവനക്കാരിൽ ചിലർക്കും തിരിമറി നടത്താനാവും. എന്തു ചെയ്യണമെന്ന നിർദേശം യന്ത്രത്തിലെ ചിപ്പിന് യന്ത്രഭാഷയിൽ ഓതിക്കൊടുക്കുന്ന വിദേശകമ്പനിയിലെ ജീവനക്കാർക്ക് എന്തു തിരിമറിയും നടത്താം. അതിന് ഈ യന്ത്രത്തിൽ പിന്നീട് നുഴഞ്ഞുകയറേണ്ടതില്ല.
വോട്ട് ചെയ്ത രശീത് (വിവിപാറ്റ്) നോക്കുമ്പോൾ കൃത്യമായ ആൾക്കുതന്നെ വോട്ട് രേഖപ്പെടുത്തിയതായി കാണാനാവും. എന്നാൽ, അതിൽ ഒരു കാര്യവുമില്ല. ഉദാഹരണത്തിന് നമ്മുടെ വോട്ടിങ് അവസാനിച്ചു എന്ന് യന്ത്രത്തിന് നിർദേശം നൽകുന്ന റിട്ടേണിങ് ഓഫീസർ ‘ക്ലോസ്’ ബട്ടൺ അമർത്തിക്കൊണ്ടാണ്. ഈ ബട്ടൺ അമർത്തിയശേഷം 24 മണിക്കൂർ കഴിഞ്ഞ ചിലരുടെ വോട്ട് കുറയ്ക്കാനും ചിലരുടെ വോട്ട് കൂട്ടാനുമുള്ള നിർദേശം കൂടി യന്ത്രത്തിന് നൽകിയിട്ടുണ്ടെങ്കിൽ നമ്മുടെ ‘സ്‌ട്രോങ് റൂമിനുള്ളിൽ’ പോലീസ് കാവലിൽ അത് നടക്കും. ഒരു റീ കൗണ്ടിങ്ങും ഇവിടെ സാധ്യമല്ല. ഒരു പുനഃപരിശോധനയ്ക്കും ഇടനൽകാത്ത ഈ രീതിയാണ് വോട്ടിങ് യന്ത്രം അസാധുവാക്കിയ വിധിയിൽ ജർമൻ സുപ്രീംകോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ: അവർ ഇന്ത്യൻ പൗരന്മാരെന്നു വിളിക്കപ്പെടും എന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ നയം സ്വീകാര്യമല്ല. ജനാധിപത്യത്തിന്റെ വിജയം പരാജയപ്പെട്ട സ്ഥാനാർഥിക്ക് തന്റെ പരാജയം സംശയാതീതമായി ബോധ്യപ്പെടുമ്പോഴാണ് എന്നാണ് പറയാറ്. അതിന് ഈ സംവിധാനം കുറ്റമറ്റതാവണം. അത് ജനങ്ങളെ ബോധ്യപ്പെടുത്താനും കമ്മിഷന് കഴിയണം.
(വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഐ.ടി. ഉപദേഷ്ടാവായിരുന്നു ലേഖകൻ)