നമ്മുടെ സാമൂഹികജീവിതത്തിലെ സമസ്തമേഖലകളെയും അര്‍ബുദംപോലെ  കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന മഹാവിപത്താണ് അഴിമതി. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ സര്‍ക്കാറും അതിന്റെ സംവിധാനങ്ങളും ജനങ്ങളുടെ സൃഷ്ടിയാണ്. പൗരന്‍മാര്‍ തങ്ങള്‍ക്കായി സൃഷ്ടിച്ച സംവിധാനങ്ങള്‍ അവര്‍ക്കുതന്നെ അന്യമാവുകയും ആ സംവിധാനങ്ങളില്‍ അവര്‍ക്ക് അവിശ്വാസം ജനിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് അഴിമതിയുടെ വ്യാപനംമൂലം സംജാതമാകുന്നത്. 

വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യവികസനം, കൃഷി തുടങ്ങി ഒരു പരിഷ്‌കൃതസമൂഹത്തിന്റെ അടിസ്ഥാനശിലകളാകേണ്ട  മേഖലകളുടെ വികസനത്തിനായി പതിനായിരക്കണക്കിനു കോടി രൂപയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇവയുടെ ഗുണഫലങ്ങള്‍ പലപ്പോഴും പൂര്‍ണതോതില്‍ ജനങ്ങളിലേക്കെത്താറില്ല. ഇതിന് പ്രധാനകാരണം അഴിമതിയെന്ന മഹാവിപത്ത് നമ്മുടെ സര്‍ക്കാര്‍സംവിധാനങ്ങളെ പൂര്‍ണമായും നിശ്ചലമാക്കിയതാണ്. നമ്മുടെ രാജ്യത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന ഓരോ രൂപയിലും എട്ടുപൈസമാത്രമാണ് ഗുണഭോക്താവിന്  അഥവാ ജനങ്ങള്‍ക്കു ലഭിക്കുന്നത്.  സര്‍ക്കാര്‍സംവിധാനങ്ങള്‍ സാമാന്യജനത്തിനു പ്രയോജനമില്ലാത്ത വെള്ളാനകളായിമാറുകയും രാഷ്ട്രീയഉദ്യോഗസ്ഥമധ്യവര്‍ത്തികരാര്‍ ലോബി ജനങ്ങള്‍ക്കായുള്ള പദ്ധതികളുടെ നേട്ടംമുഴുവന്‍ കൊയ്‌തെടുക്കുകയുംചെയ്യുമ്പോള്‍ ജനകീയസര്‍ക്കാറുകളിലും അവയുടെ സംവിധാനങ്ങളിലും ജനങ്ങള്‍ക്ക് അശേഷം വിശ്വാസമില്ലാതെവരുന്നു. ഗുരുതരമായ സാമൂഹികപ്രതിസന്ധിയാണ് ഈ അവിശ്വാസം സൃഷ്ടിക്കുന്നത്.       

നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നമ്മുടെ സാമ്പത്തികമേഖലയ്ക്കു മുതല്‍ക്കൂട്ടാകേണ്ട സ്വകാര്യസംരംഭകരുടെ പേടിസ്വപ്നവും അഴിമതിതന്നെയാണ്. പലപ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍തുക കോഴനല്‍കിമാത്രമേ തങ്ങളുടെ  സംരംഭങ്ങള്‍ക്കാവശ്യമായ അനുമതിപത്രങ്ങള്‍ സംഘടിപ്പിക്കാന്‍ അവര്‍ക്കു കഴിയാറുള്ളൂ. മനംമടുപ്പിക്കുന്ന ഈ സ്ഥിതിവിശേഷം പല സംരംഭകരെയും വ്യാവസായികവാണിജ്യ മേഖലകളില്‍നിന്ന് അകറ്റുന്നു. ദൂരവ്യാപകമായ  പ്രത്യാഘാതമാണ് നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ ഇതുണ്ടാക്കുക.

ഇന്ത്യയില്‍ പ്രതിവര്‍ഷം 6,30,000 കോടി രൂപയുടെ അഴിമതിനടക്കുന്നുവെന്നാണ്  ചില സര്‍ക്കാറിതര ഏജന്‍സികള്‍ നടത്തിയ വിശകലനങ്ങളിലും സര്‍വേകളിലും കണ്ടെത്തിയിരിക്കുന്നത്.  അതുകൊണ്ടുതന്നെ ഈ സാമൂഹികദുരന്തത്തിനെതിരെയുള്ള  വലിയൊരു മുന്നേറ്റം കാലഘട്ടത്തിന്റെ  അനിവാര്യതയായിമാറുകയാണ്.ഇത്തരത്തിലൊരു ചരിത്രദൗത്യമാണ് കേരളത്തിലെ ആഭ്യന്തരവിജിലന്‍സ് വകുപ്പ്  ഏറ്റെടുത്തിരിക്കുന്നത്. 'വിജിലന്റ് കേരള' എന്നുപേരിട്ടിരിക്കുന്ന ഈ അഴിമതിവിരുദ്ധപോരാട്ടത്തിന്റെ പതാകവാഹകര്‍ ജനങ്ങള്‍തന്നെയാണെന്നതാണ് ഇതിന്റെ സവിശേഷത. പൊതുസമൂഹവുമായി ഏറ്റവുമധികം ബന്ധപ്പെട്ടുകിടക്കുന്ന സര്‍ക്കാര്‍സംവിധാനമാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍. ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ദിനംപ്രതി ആശ്രയിക്കുന്നതും ഇവയെയാണ്. അഴിമതിയുടെ ദുര്‍ഗന്ധം  സാധാരണക്കാരായ ജനങ്ങള്‍ കൂടുതലനുഭവിക്കുന്നതും ഈ സ്ഥാപനങ്ങളില്‍നിന്നാണ്. അതുകൊണ്ടുതന്നെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ആദ്യകാഹളം മുഴങ്ങേണ്ടതും ഈ കേന്ദ്രങ്ങളില്‍നിന്നുതന്നെയാണ്. ഓരോ തദ്ദേശസ്ഥാപനത്തിലെയും ആ തദ്ദേശസ്ഥാപനത്തിന്റെ അധികാരപരിധിയിലുള്ള പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകളിലെയും അഴിമതി തടയുക എന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണ് 'വിജിലന്റ് കേരള' ആവിഷ്‌കരിച്ചിരിക്കുന്നത്.  ലോകചരിത്രത്തിലെ എല്ലാ മഹത്തായ നവോത്ഥാനശ്രമങ്ങളും ആരംഭിച്ചത് താഴേത്തട്ടില്‍നിന്നാണ്. അതേ മാതൃകയാണ് വിജിലന്റ് കേരളയുടെ കാര്യത്തിലും അനുവര്‍ത്തിച്ചിരിക്കുന്നത്. ജനകീയപങ്കാളിത്തത്തോടെ, ജനങ്ങളെ മുന്‍നിര്‍ത്തി അഴിമതിയെന്ന വടവൃക്ഷത്തിന്റെ അടിവേരറുക്കുകയെന്നതാണ് വിജിലന്റ് കേരളയുടെ ലക്ഷ്യം. നടത്തിയ അഴിമതി കണ്ടെത്തുകയും കേസെടുക്കുകയും ചെയ്യുക എന്ന സാധാരണരീതിയില്‍നിന്ന് വ്യത്യസ്തമായി അഴിമതിക്കായുള്ള ശ്രമത്തെപ്പോലും തടയുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പൗരകേന്ദ്രീകൃതവും പൗരസൗഹൃദവുമായ ഒരു മുന്നേറ്റത്തിലൂടെമാത്രമേ വിജിലന്റ് കേരളയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സഫലമാവുകയുള്ളൂ. ജനങ്ങള്‍ മുന്നില്‍നിന്ന് നയിക്കുന്നു, അവര്‍ക്ക് എല്ലാ സഹായവും പിന്തുണയും നല്‍കിക്കൊണ്ട് വിജിലന്‍സ്‌പോലീസ് സംവിധാനവും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും  നിലകൊള്ളുന്നു. ചുരുക്കത്തില്‍   പരിപൂര്‍ണമായും ജനകീയപങ്കാളിത്തമുള്ള, ജനകീയനേതൃത്വമുള്ള, അഴിമതിക്കെതിരായ ഒരു രക്തരഹിതവിപ്‌ളവം, അതാണ് വിജിലന്റ് കേരള. 


ഒരു തദ്ദേശസ്വയംഭരണപ്രദേശത്ത് 100ശതമാനം അഴിമതിവിമുക്ത പദ്ധതിനടത്തിപ്പും ഭരണസംവിധാനങ്ങളുമാണ് വിജിലന്റ് കേരള പദ്ധതി നടപ്പാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. 

ഒരുപ്രദേശത്തെ ഏതെങ്കിലും സര്‍ക്കാര്‍ സ്‌കീമിലോ പദ്ധതിയിലോ പണിയിലോ നടത്തിപ്പിലോ ഓഫീസിലോ അഴിമതികണ്ടാല്‍ സത്യസന്ധമായും കൃത്യമായും വ്യക്തമായും http://vigilantkerala.in എന്ന വെബ്‌സൈറ്റിലെ 'എന്റെ പ്രശ്‌നം ലിങ്കില്‍' പോസ്റ്റ്‌ചെയ്യുന്നത് പ്രദേശത്തെ അഴിമതിരഹിതമാക്കാന്‍ സഹായകമാകും. സ്വന്തം പ്രശ്‌നമായിക്കണ്ട് അതിന്റെ പരിഹാരത്തിനായി ആ പ്രദേശത്തെ ആളുകള്‍ പങ്കാളികളാവുക എന്നതാണുദ്ദേശിക്കുന്നത് 

വിജിലന്റ് കേരളയില്‍ പങ്കാളിയാകാന്‍ http://vigilantkerala.in എന്ന വെബ്‌സൈറ്റില്‍ ഇമെയിലോ മൊബൈല്‍ നമ്പറോ ഉപയോഗപ്പെടുത്തി അതത് ഗ്രൂപ്പിലുള്ളവര്‍ സൈന്‍ ഇന്‍ ചെയ്യേണ്ടതാണ്. 

സോഷ്യല്‍ മീഡിയ ഉപയോഗം 
വിജിലന്റ് കേരള പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളിലേക്കും യുവാക്കളിലേക്കും കൂടുതല്‍ ജനങ്ങളിലേക്കും എത്തിക്കുന്നതിനായി സോഷ്യല്‍ മീഡിയവഴിയുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. അതിലേക്കായി ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും യുട്യൂബിലും വിജിലന്റ് കേരള പേജുകള്‍ തുടങ്ങിയിട്ടുണ്ട്.

Facebook - https://www.facebook.com/vigilantkerala 
Twitter  - https://twitter.com/vigilantkerala 
Youtube - http://www.youtube.com/vigilantkerala


എന്നീ വിലാസത്തിലാണ് ഇവ ആരംഭിച്ചിരിക്കുന്നത്.