‘‘സാമൂഹികമാധ്യമങ്ങളിൽ മറഞ്ഞിരുന്ന് ആക്രമിക്കുന്നത് മുഖമില്ലാത്തവരാണ്. ഞാനൊരു സാധാരണ വീട്ടമ്മ മാത്രമാണ്. എന്നെ ക്രൂരമായി ആക്രമിക്കുന്നവർ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വരൂ. എല്ലാ ചോദ്യങ്ങൾക്കും മറുപടിനൽകാം. റാങ്ക് ഹോൾഡേഴ്‌സ് സമരത്തിൽ പങ്കെടുക്കാനാണ് ഞങ്ങൾ വന്നത്. 
സൈബർ സെല്ലിൽ പരാതി നൽകിയാലും ഒന്നും നടക്കില്ല. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ള എല്ലാവർക്കും ജോലി ലഭിക്കുംവരെ സമരപ്പന്തലിലുണ്ടാകും. എന്നെ അറിയുന്നവർ പിന്തുണ നൽകുന്നുണ്ട്, വീട്ടുകാരും, അതുമതി’’ -സെക്രട്ടേറിയറ്റ് സമരത്തിനിടെ ഒപ്പമുണ്ടായിരുന്ന രണ്ടുപേർ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയതു കണ്ട് കരഞ്ഞതിന് സൈബർ ആക്രമണത്തിനിരയായ തൃശ്ശൂർ സ്വദേശി ലയാ രാജേഷ് ‘മാതൃഭൂമി’യോട് പറഞ്ഞു. 
എനിക്ക് ഇഷ്ടമുള്ള ആളുകളെയാണ് ഫെയ്‌സ്ബുക്കിൽ ഫോളോ ചെയ്യുന്നതും ഷെയർ ചെയ്യുന്നതും. സോണിയാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും കാര്യങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. തൃശ്ശൂർ കോർപ്പറേഷനിൽ സി.ഡി.എസ്. അംഗമായ ഞാൻ ഇന്ദിരാഗാന്ധിയെ അത്രയേറെ ഇഷ്ടപ്പെടുന്നു. ആരെയും പേടിച്ച് ഓടാനോ, പിന്മാറാനോ തയ്യാറല്ല. 

ആദ്യം ടെൻഷൻ, ഫെയ്‌സ്ബുക്ക് ലോക്ക് ചെയ്തു...

ഫെയ്‌സ്ബുക്കിൽ എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം അറിയില്ലായിരുന്നു. 2016-ലെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് സൈബർ ആക്രമണം തുടങ്ങിയത്. എനിക്കും വീട്ടുകാർക്കും ഇതിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. ബെംഗളൂരുവിൽ ജോലിചെയ്യുന്ന അനിയൻ മടങ്ങിക്കോ, എന്നുപറഞ്ഞ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാൽ, ഭർത്താവ് രാജേഷ്, സമരത്തിനൊരു തീരുമാനമായിട്ട് വന്നാൽ മതിയെന്നു പറഞ്ഞ് പിന്തുണനൽകി. ഫെയ്‌സ്ബുക്ക് ലോക്ക് ചെയ്യാൻ തൃശ്ശൂരിൽ നിന്നുള്ള കുട്ടികളാണ് വിളിച്ചുപറഞ്ഞത്. 

തൃശ്ശൂർ ജില്ലയിലെ റാങ്ക് പട്ടികയിൽ 583-ാം റാങ്കാണ് എനിക്കുള്ളത്. പരീക്ഷയെഴുതി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഒരാൾക്കേ, പട്ടിക റദ്ദാകുമ്പോഴുള്ള വേദന മനസ്സിലാകൂ. 

പഠിച്ചു റാങ്ക്പട്ടികയിൽ കയറിയതാണോ തെറ്റ്...

പഠിച്ച് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടുവെന്നത് മാത്രമാണ് ഞങ്ങൾ ചെയ്ത തെറ്റ്. റാങ്ക് പട്ടികയിൽ വന്നു എന്നതുകൊണ്ട്  ജീവിതംവരെ കളയേണ്ട അവസ്ഥയാണ്. മരിക്കാൻവേണ്ടി മണ്ണെണ്ണ ഒഴിക്കേണ്ട അവസ്ഥ വന്നില്ലേ, അതൊക്കെ ഓർത്താണ് കരഞ്ഞത്. തൃശ്ശൂരിൽനിന്നു വന്ന കൂട്ടുകാരി ഡെൻസി റിത്തു ഓടിവന്നു കെട്ടിപ്പിടിച്ചു കരഞ്ഞു. മാധ്യമങ്ങൾ വന്നത് ഞാൻ അറിഞ്ഞില്ല. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് ശേഷമാണ് കാണുന്നത്. ഉദ്യോഗാർഥികളുടെ കാര്യങ്ങൾ ചെയ്തുതന്നാൽ ഇതേ സമരപ്പന്തലിൽ സർക്കാരിന് അഭിവാദ്യം പ്രകടിപ്പിച്ചേ ഞങ്ങൾ മടങ്ങൂ. സർക്കാർ പ്രതിനിധിയും ഞങ്ങളുടെ പ്രതിനിധിയും തുറന്നവേദിയിൽ കാര്യങ്ങൾ ചർച്ചചെയ്യാൻ തയ്യാറാണ്. 

സമരത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നിന്നുള്ളവരും  

സമരം കേരളം മുഴുവൻ ചർച്ചയായപ്പോൾ അതിനെ മറ്റൊരു രീതിയിലാക്കി ഇല്ലാതാക്കാനാണ് സാമൂഹിക മാധ്യമങ്ങളുടെ ശ്രമം.  വീടിന് അടുത്തുള്ള സി.പി.എം. പ്രവർത്തകർ ആരും എനിക്കെതിരേ ഒരു കമന്റും ഇട്ടിട്ടില്ല. അതിൽപ്പരം മാനസികപിന്തുണ വേറെന്തു ലഭിക്കാനാണ്. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ള പട്ടികയാണിത്. 
സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തുനിന്നുള്ളവർവരെ പങ്കെടുക്കുന്നുണ്ടെന്നും എല്ലാവരും മനസ്സിലാക്കണം.

Content Highlights: appointment controversy