തിഹാര്‍ മുന്‍ ലീഗല്‍ ഓഫീസര്‍ സുനില്‍ ഗുപ്ത എഴുതി മാതൃഭൂമി ഡോട് കോമം പ്രസിദ്ധീകരിച്ചുവരുന്ന ജയില്‍ ആന്‍ഡ് ജസ്റ്റിസ് എന്ന പംക്തിയുടെ സ്ഥിരവായനക്കാരനാണ് ഞാന്‍. ഇന്ത്യന്‍ ജയില്‍ സംവിധാനത്തെ വളരെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന സുനില്‍ ഗുപ്തയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയിലേക്ക് താഴെപ്പറയുന്ന കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നു.

കേരളത്തിലെ ജയില്‍ സംവിധാനത്തിന്റെ മുഴുവന്‍ പേര് കേരള പ്രിസൺ & കറക്ഷണല്‍ സര്‍വ്വീസ് എന്നതാണ്. എന്നാല്‍ നിയമം കുറ്റവാളികള്‍ എന്നു തീര്‍പ്പുകല്പിച്ചവരെയും വിചാരണ തടവുകാരുടെയും സൂക്ഷിപ്പ് (കസ്റ്റഡി) മാത്രമാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കേരളത്തില്‍ പലപ്പോഴും നടക്കുന്നത്. 2239 സ്റ്റാഫുള്ള ജയില്‍ വകുപ്പില്‍ തടവുകാരുടെ കറക്ഷണല്‍ സര്‍വീസില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിക്കുന്ന ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ എണ്ണം വെറും 27 ആണ്. ഏകദേശം മൊത്തം സ്റ്റാഫിന്റെ 1.2 ശതമാനം. സര്‍ക്കാര്‍ കറക്ഷണല്‍ സര്‍വീസിന് കൊടുക്കുന്ന പ്രാധ്യാന്യം ഈ സ്റ്റാഫ് സ്‌ട്രെങ്ത്തില്‍ നിന്നു തന്നെ മനസിലാകും. 2010 ലെ നിയമം സെക്ഷന്‍ 6 അനുസരിച്ച് കേരളത്തില്‍ എല്ലാ ജയിലുകളിലും ജയില്‍ വെല്‍ഫെയര്‍ ഓഫീസേര്‍സ് വേണമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇന്ത്യയില്‍ ജയില്‍ സംവിധാനത്തിലും കറക്ഷണല്‍ സര്‍വീസിലും ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഉദ്യോഗസ്ഥവിഭാഗം ആണ് ജയില്‍ വെല്‍ഫെയര്‍ ഓഫീസേഴ്‌സ്. അമരേന്ദ്ര മോഹന്തിയും നാരായണ്‍ ഹസാരിയും ചേര്‍ന്നെഴുതിയ ഇന്ത്യന്‍ പ്രിസണ്‍ സിസ്റ്റം എന്ന പുസ്‌കത്തില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരെ നിര്‍വചിക്കുന്നത് തടവുകാരുടെ സുഹൃത്തും വഴികാട്ടിയും നേര്‍വഴി കാണിക്കുന്ന ആളുമെന്നാണ്. ഇന്ന് കേരളത്തില്‍ ജയില്‍ വകുപ്പിലെ കറക്ഷണല്‍ സംവിധാനത്തെ മുന്നോട്ടു നയിക്കുന്നത് ജയിലുകളിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള വെല്‍ഫെയര്‍ ഓഫീസര്‍മാരാണ്. 2010- ലെ നിയമം അനുസരിച്ച് കേരളത്തിലെ ജയിലുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട മൂന്ന് സമിതികളാണ് കുറ്റവാളികളെ അവരുടെ കുറ്റത്തിന് അനുസരിച്ച് തരംതിരിക്കുന്ന കമ്മിറ്റി, ജയില്‍ അച്ചടക്ക സമിതി, ജയില്‍ പരാതി പരിഹാര സമിതി എന്നിവ. ഈ മൂന്ന് സമിതികളും ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ഉള്‍പ്പെടേണ്ടതാണ്. എന്നാല്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ അഭാവം മൂലം പല ജയിലുകളിലും ഈ സമിതികള്‍ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ഇത് തടവുകാരുടെ കറക്ഷണല്‍ സര്‍വീസിനെ ദോഷകരമായി ബാധിക്കുന്ന ഒന്നാണെന്ന കാര്യം ജയില്‍ അധികൃതര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. ഇനി വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ ഇല്ലാത്ത ജയിലുകളില്‍ ഈ സമിതികള്‍ സംഘടിപ്പിക്കപ്പെട്ടാല്‍ പലപ്പോഴും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്മാര്‍ക്കോ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസർമാർക്കോ ആയിരിക്കും വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ അധികചുമതല. അതായത് തടവുകാരുടെ സാമൂഹിക പരിവര്‍ത്തനത്തിനു പ്രവര്‍ത്തിക്കേണ്ട കറക്ഷണല്‍ സര്‍വീസ് സ്റ്റാഫിന്റെ അഭാവം മൂലം കസ്റ്റോഡിയല്‍ സ്റ്റാഫ് തന്നെയാണ് കറക്ഷണല്‍ സര്‍വീസ് സേവനങ്ങള്‍ നല്‍കുന്നത് എന്നതാണ് സത്യം. അപ്പോള്‍ എത്രത്തോളം ഫലപ്രദമായി ഈ പ്രവര്‍ത്തനങ്ങള്‍ നടക്കും എന്നു ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തില്‍ ഒരു വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ വിദ്യാഭ്യാസയോഗ്യത എന്നത് MSW എന്ന ബിരുദാനന്തര ബിരുദം ആണ്. ഡിപ്പാര്‍ട്ട്മെന്റ് ഈ തസ്തികയുടെ പ്രാധ്യാനം മനസിലാക്കി ജയില്‍ ജീവനക്കാരുടെ പ്രൊമോഷനു പോലും ഇതേ വിദ്യാഭ്യാസ യോഗ്യത ആണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ക്ക് പകരമായി അധിക ചുമതല വഹിക്കുന്നവരില്‍ പത്താം ക്ളാസ് വിദ്യാഭ്യാസയോഗ്യത ഉള്ളവര്‍ പോലും ഉണ്ടെന്നതാണ് വസ്തുത. വളരെ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന തടവുകാര്‍ക്ക് നിരന്തരം കൗണ്‍സിലിംഗ് നടത്തി അവരുടെ സോഷ്യല്‍ കേസ് റെക്കോര്‍ഡ്സ് സൂക്ഷിക്കുന്നതിലൂടെ ഒരു സമൂഹികപ്രതിരോധത്തിന്റെയും ഭാഗമാണ് ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍. സോഷ്യല്‍ കേസ് റെക്കോര്‍ഡ്സ് തയ്യാറാക്കുന്നതിലൂടെ ഒരു തടവുകാരന്റെ സാമൂഹിക പരിസരങ്ങളെ പറ്റിയും മാനസിക അവസ്ഥയെയും കൃത്യമായ ഒരു അടയാളപ്പെടുത്തല്‍ ആണ് നടക്കുന്നത്. അതിലൂടെ വികസിത രാജ്യങ്ങളിലെ പോലെ തുടര്‍ഗവേഷണങ്ങള്‍ക്ക് അതൊരു മുതല്‍കൂട്ടാകും. കേവലമായ കൊളോണിയല്‍ പരിസരങ്ങളില്‍ നിന്ന് അഭിസംബോധന ചെയ്യാവുന്ന ഒന്നല്ല ജയില്‍ സംവിധാനം എന്നത് ഇത് അടിവരയിടുന്നു.
                 
1919-ല്‍ സര്‍ അലക്സാണ്ടര്‍ ക്യാര്‍ഡ്യുവിന്റെ അധ്യക്ഷതയില്‍ ഉള്ള ജയില്‍ റിഫോം കമ്മിറ്റി ആണ് ഇന്ത്യയില്‍ ജയില്‍ എന്നത് കുറ്റവാളികളെ കേവലം സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഉള്ള സംവിധാനം അല്ല, മറിച്ച് ജയില്‍ സംവിധാനം കുറ്റവാളികളുടെ ആത്യന്തികമായ മാനസിക പരിവര്‍ത്തനവും അതിലൂടെ സാമൂഹികമായ അനുരൂപപ്പെടലാണ് എന്ന് വിവക്ഷിച്ചത്. ജയില്‍ മോചിതരായ തടവുകാര്‍ക്ക് കൃത്യമായ സാമൂഹിക പരിവര്‍ത്തനം ഉണ്ടായില്ല എങ്കില്‍ ജയില്‍ സംവിധാനത്തിന്റെ ഉദ്ദേശ്യം തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്. കേരളത്തില്‍ 2010-ല്‍ നിലവില്‍ വന്ന കേരള ജയില്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസ് (മാനേജ്മെന്റ്) ആക്ടും അതിനുവേണ്ടി 2014-ല്‍ തയ്യാറാക്കപ്പെട്ട കേരള കേരള ജയില്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസ് (മാനേജ്മെന്റ്) ചട്ടങ്ങളും ജയില്‍ സംവിധാനത്തിന്റെ ഇതേ ആവശ്യം എടുത്തുപറയുന്നു. അതിനാല്‍ കേവലമായ ഇന്‍ഫ്രാസ്ട്രക്ചര്‍ സംവിധാനം കൊണ്ടുമാത്രം നടപ്പില്‍ വരുത്താവുന്ന ഒന്നല്ല ഈ കറക്ഷണല്‍ സര്‍വീസ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രതീക്ഷിക്കുന്ന കറക്ഷണല്‍ സര്‍വീസിന് ആവശ്യമായ ഒരു മാനവ വിഭവശേഷി ഇക്കാര്യത്തില്‍ ജയില്‍ വകുപ്പിന് ഉണ്ടോ എന്നത് പരിശോധിച്ചാല്‍ അത് ഇല്ല എന്നതായിരിക്കും ഉത്തരം. ജയില്‍ വകുപ്പ് ഇത് പലയാവര്‍ത്തി സൂചിപ്പിച്ചതുമാണ്.

Read More: സുനില്‍ ബത്ര, പ്രേംശങ്കര്‍ ശുക്ല, വിശ്വനാഥ് വര്‍മ, അന്‍വര്‍ അഹ്മദ്... അതിവിചിത്രം തടവുപുള്ളികള്‍!

04.09.2015-ല്‍ E1-17591/15 no. കത്ത് ആയി അന്നത്തെ ജയില്‍ ഡിജെപി ലോകനാഥ് ബെഹ്‌റ (ഇപ്പോഴത്തെ പോലീസ് ഡിജിപി) കേരളത്തിലെ എല്ലാ ജയിലുകളിലും വെല്‍ഫെയര്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടല്ലോ. എല്ലാ മേഖലകളിലും ഒന്നാമതായ കേരളത്തിന്റെ കറക്ഷണല്‍ സര്‍വീസ് മേഖലയില്‍ അതില്ല എന്നു പല പഠനങ്ങളിലും തെളിയിക്കപ്പെട്ടതാണ്. ജയില്‍ വകുപ്പിന്റെ വെബ്‌സൈറ്റ് പറയുന്ന പ്രകാരം കേരളത്തിലെ സെന്‍ട്രല്‍ ജയിലുകള്‍, ജില്ലാ ജയിലുകള്‍, വനിതാ ജയിലുകള്‍, തുറന്ന ജയിലുകള്‍, സ്‌പെഷ്യല്‍ സബ് ജയിലുകള്‍, അതിസുരക്ഷാ ജയില്‍ എന്നിവിടങ്ങളില്‍ വെല്‍ഫെയര്‍ ഓഫീസര്‍ പോസ്റ്റുകള്‍ ഉണ്ട്. അങ്ങനെയാണ് ഓര്‍ഗനൈസേഷന്‍ ചാര്‍ട്ടില്‍ കാണിക്കുന്നത്. സങ്കടകരമായ വസ്തുത എന്തെന്നാല്‍  15 സ്പെഷ്യല്‍ സബ് ജയിലുകള്‍ ഉള്ളതില്‍ കേവലം മൂന്നിടത്ത് മാത്രമേ വെല്‍ഫെയര്‍ ഓഫീസര്‍ തസ്തിക ഉള്ളൂ. 14 ജില്ലാ ജയിലുകളില്‍ 6 ജില്ലാ ജയിലുകളില്‍ ഈ തസ്തിക സൃഷ്ടിച്ചിട്ടില്ല. സംസ്ഥാനത്തെ കറക്ഷണല്‍ സര്‍വീസ് മേഖലയെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ് വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ ഈ കുറവ്. ജില്ലാ ജയിലുകളിലും സ്പെഷ്യല്‍ സബ് ജയിലുകളിലും 80 ശതമാനത്തോളം വിചാരണാതടവുകാര്‍ ആണെന്നതും വെല്‍ഫയര്‍ ഓഫീസര്‍മാരുടെ പ്രാധ്യാനം വര്‍ദ്ധിപ്പിക്കുന്നു. കുറ്റവാളി എന്ന് നിശ്ചയിക്കപ്പെടാതെ ജയിലില്‍ എത്തുന്ന ഈ തടവുകാര്‍ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് പോകുന്നത് തടയാന്‍ വെല്‍ഫയര്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം കൂടിയേ തീരൂ. ജയില്‍ പരിഷ്‌ക്കരണം സംബന്ധിച്ച അലക്‌സാണ്ടര്‍ ജേക്കബ് കമ്മീഷന്‍ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല KELSA മെമ്പര്‍ സെക്രെട്ടറിയായിരുന്ന ജസ്റ്റിസ് കെ. സത്യന്റെ അധ്യക്ഷതയില്‍ തയ്യാറാക്കപ്പെട്ട പഠന റിപ്പോര്‍ട്ട് ഈ കാര്യം ശരിവക്കുന്നുമുണ്ട്. കേവലമായ മാറ്റിനിര്‍ത്തലുകള്‍ കൊണ്ടോ ഭൗതികസാഹചര്യങ്ങളുടെ ബന്ധനം കൊണ്ടോ സാധ്യമാകുന്ന ഒന്നല്ല കുറ്റവാളികളുടെ പരിവര്‍ത്തനം. അതിന് യോഗ്യതയുള്ള ഒരു മാനവവിഭവശേഷി ആവശ്യമാണ്. നിരന്തരമായ കൗൺ‌സിലിംഗുകളിലൂടെ, തെറാപ്പികളിലൂടെ, ലൈഫ് സ്‌കില്‍/ തൊഴില്‍ പരിശീലന പരിപാടികളിലൂടെ മാത്രമേ ഈ പരിവര്‍ത്തനം സാധ്യമാകൂ. മറ്റൊരുതരത്തില്‍ ജയിലിലെ അന്തേവാസികളോടും അവരുടെ അവകാശങ്ങളോടുമുള്ള ന്യായമായ പ്രതികരണം ആണ് കറക്ഷണല്‍ സര്‍വീസ് ശക്തപ്പെടുത്തുക എന്നത്. പക്ഷേ ഇന്ന് കേരളത്തില്‍ ചുരുക്കം ചില ജയിലുകളില്‍ മാത്രം വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ സേവനം ലഭ്യമാക്കപ്പെടുന്നുള്ളൂ. വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ നല്‍കുന്ന ഏറ്റവും വലിയ സേവനം തടവുകാരുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്തുക എന്നതാണ്. തടവുകാരുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെ ആവശ്യകത കൂടിയാണ്. വര്‍ഷങ്ങളായി തടവ് അനുഭവിക്കുന്ന ഒരു കൂട്ടം വ്യക്തികളുടെ മാനസിക ആരോഗ്യം സംരക്ഷിക്കാന്‍ സമൂഹത്തിനും സര്‍ക്കാരിനും തുല്യചുമതല ഉണ്ട്. 

Read More: തടവുകാര്‍ മാനസികരോഗികളാണോ, മാനസികാസ്വാസ്ഥ്യമുള്ളവരെ പാര്‍പ്പിക്കുന്നിടമാണോ ജയില്‍?

ഒരു ഉദാഹരണം പറയാം: കണ്ണൂര്‍ വനിതാ ജയിലില്‍ 25 വര്‍ഷത്തെ ശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന ലിസി ഒരു എഴുത്തുകാരിയാണ്. ലിസിയുടെ ജീവിതം, അവരുടെ കഥകള്‍, കവിതകള്‍ ഇവയൊക്കെ ശേഖരിച്ച് പൂര്‍ണ പുബ്ലിക്കേഷന്‍സ് ' കുറ്റവാളിയില്‍ നിന്ന് എഴുത്തുകാരിയിലേക്ക്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ ആയ സുബിന്‍ മാനന്തവാടി ആണ് ഗ്രന്ഥകര്‍ത്താവ്. ഇതില്‍ കണ്ണൂര്‍ വനിത ജയിലില്‍ ജോലിനോക്കിയിരുന്ന ശോഭന എന്ന വെല്‍ഫെയര്‍ ഓഫീസര്‍ തന്നെ സര്‍ഗാത്മകമായി ഇത്രയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട് എന്നും എങ്ങനെ അവര്‍ തന്നെ പുറംലോകത്തിനു പരിചയപ്പെടുത്തി എന്നും വിവരിച്ചിട്ടുണ്ട്. കേരളത്തിലെ ജയിലുകളില്‍ ഒട്ടേറെ ലിസിമാര്‍ ആരോരുമാറിയായതെ കഴിയുന്നുന്നുണ്ട്. ഇവരുടെ കഴിവുകള്‍ കണ്ടെത്തുകയും ആവശ്യമായ പ്രോത്സാഹനം കൊടുക്കുകയെന്നതും സമൂഹത്തിന്റെ ചുമതല ആണ്. എന്നാല്‍ മാത്രമേ വീണ്ടും തെറ്റുകളിലേക്കുള്ള വഴികള്‍ തടയാന്‍ കഴികയുള്ളൂ.

Read More: ഇന്ത്യൻ ജയിലുകളെക്കുറിച്ചുള്ള സുനിൽ ഗുപ്തയുടെ കോളം വായിക്കാം

ചില ഘടനാപരമായ പ്രശ്‌നങ്ങളും കറക്ഷണല്‍ സര്‍വീസിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.  കേരളത്തില്‍ പ്രധാനമായും നാലു തരം ജയിലുകള്‍ ഉണ്ട്. ഒരുമാസവും അതില്‍ താഴെയും തടവില്‍ പാര്‍പ്പിക്കേണ്ടവരെ സബ്ജയിലുകളിലും മൂന്നുമാസവും അതില്‍ താഴെയും തടവില്‍ പാര്‍പ്പിക്കേണ്ടവരെ സ്പെഷ്യല്‍ സബ്ജയിലുകളിലും ആറുമാസവും അതില്‍ താഴെയും തടവില്‍ പാര്‍പ്പിക്കേണ്ടവരെ ജില്ല ജയിലുകളിലും ആണ് പാര്‍പ്പിക്കുന്നത്. ആറുമാസത്തില്‍ കൂടുതല്‍ തടവില്‍ പാര്‍പ്പിക്കേണ്ടവരെ സെന്‍ട്രല്‍ ജയിലുകളിലും ആണ്. കസ്റ്റോഡിയല്‍ അപ്പ്രോച്ച് പ്രകാരം ഇന്ന് ഏറ്റവും അധികം പ്രാധ്യാനം കൊടുക്കുന്നത് സെന്‍ട്രല്‍ ജയിലുകള്‍ക്കാണ്. എന്നാല്‍ കറക്ഷണല്‍ സര്‍വ്വീസ് അപ്പ്രോച്ച് പ്രകാരം സബ് ജയിലുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. പലപ്പോഴും ആദ്യമായി കുറ്റകൃത്യത്തില്‍ പെട്ടവരാണ് സബ് ജയിലുകളില്‍ പാര്‍പ്പിക്കപ്പെടുന്നത്. ഇതില്‍ വലിയൊരു വിഭാഗം ജയില്‍ മോചിതരായി തെറ്റുകള്‍ ചെയ്തു ജയിലുകളില്‍ വീണ്ടും വന്നുപെടുന്നുണ്ട്. ഇവിടെയാണ് ജയിലുകളിലെ ജയില്‍ വെല്‍ഫെയര്‍ ഓഫീസേഴ്‌സിന്റെ പ്രാധ്യാനം കറക്ഷണല്‍  സര്‍വീസില്‍ എടുത്തുപറയേണ്ടത്. ഒരു വര്‍ഷം നൂറുകണക്കിന് പുതുതായി കുറ്റവാളികള്‍ കടന്നുപോകുന്ന സബ് ജയിലുകളില്‍ ആണ് കറക്ഷണല്‍ സര്‍വ്വീസ് ശക്തിപ്പെടുത്തേണ്ടത്. തൃശൂരിലെ വിയ്യൂര്‍ സബ് ജയിലില്‍ മാത്രം നൂറിലധികം പേരാണ് ഒരേ സമയം തടവില്‍ കഴിയുന്നത്. പലരും ആദ്യമായി ജയിലില്‍ അടയ്ക്കപ്പെട്ടവര്‍. എന്നിട്ടും വിയ്യൂര്‍ സബ് ജയിലില്‍പോലും വെല്‍ഫെയര്‍ ഓഫീസര്‍ തസ്തിക അനുവദിക്കപ്പെട്ടിട്ടില്ല. ലിംഗപരമായ വിവേചനവും ജയില്‍ വകുപ്പില്‍ നടമാടുന്നു എന്നതാണ് വാസ്തവം. കേരളത്തില്‍ മൂന്നു തുറന്ന ജയിലുകള്‍ ആണ് ഉള്ളത്. പുരുഷന്മാര്‍ക്ക് വേണ്ടി രണ്ടും സ്ത്രീകള്‍ക്കുവേണ്ടി ഒരു തുറന്ന ജയിലും. പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള തുറന്ന ജയിലുകളില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ സേവനം ഉറപ്പാക്കുമ്പോള്‍ സ്ത്രീകളുടെ തുറന്ന ജയിലില്‍ ഈ സേവനം നിഷേധിക്കുന്നു. പുരുഷമാരെ അപേക്ഷിച്ച് സമൂഹത്തിന്റെ മാറ്റിനിര്‍ത്തലുകള്‍ കൂടുതല്‍ അനുഭവിക്കുന്ന സ്ത്രീ തടവുകാരുടെ മാനസിക സംഘര്‍ഷം കൂടുതല്‍ ആയിരിക്കും എന്ന പരിഗണന പോലും ഈ കാര്യത്തില്‍ ജയില്‍ വകുപ്പ് കാണിക്കുന്നില്ല. ബോര്‍സ്റ്റല്‍ സ്‌കൂള്‍ ആണ് അടിയന്തര പരിഗണന ലഭിക്കാതെ പോകുന്ന മറ്റൊരു ജയില്‍ സംവിധാനം. 18 വയസിനും 21 വയസിനും ഇടയിലുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ പാര്‍പ്പിക്കുന്നതിനുള്ള ജയില്‍ സംവിധാനം ആണ്  ബോര്‍സ്റ്റല്‍ സ്‌കൂള്‍. ഏറ്റവുമധികം പരിഗണന ലഭിക്കേണ്ട ഈ വിഭാഗം കുറ്റവാളികള്‍ ആണ് കേരളത്തില്‍ ഏറ്റവുമധികം മാനസിക സംഘര്‍ഷം അനുഭവിക്കുന്നത്. അതിന് ഉത്തമ തെളിവായി എടുത്തുകാണിക്കുന്നത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഏറ്റവുമധികം അടിപടികള്‍ നടന്ന ഒരു ജയില്‍ സംവിധാനം ആണ് ബോര്‍സ്റ്റല്‍ സ്‌കൂള്‍. അവിടെ പോലും അവരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ കറക്ഷണല്‍ സ്റ്റാഫിനെ നിയോഗിച്ചിട്ടില്ല എന്നത് സാമൂഹിക രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തില്‍ ഒരു അപവാദം ആണ്.

Read More: തടവുകാര്‍ മാനസികരോഗികളാണോ, മാനസികാസ്വാസ്ഥ്യമുള്ളവരെ പാര്‍പ്പിക്കുന്നിടമാണോ ജയില്‍?

(മൊഹാലി ഐസറിലെ സോഷ്യല്‍ വര്‍ക്ക് ഗവേഷണ വിദ്യാര്‍ഥിയാണ് ലേഖകൻ) 

Content Highlights: An Open Letter from Research student Basil Elias to Sunil Gupta