ക്രൈസ്തവസഭകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അറിഞ്ഞപ്പോൾ അതിൽ വിവേചനവും അധാർമികതയും ഉണ്ടെന്നു മനസ്സിലാക്കി. നീതിക്കുവേണ്ടി ഏതെങ്കിലും വിഷയത്തിൽ ഗവർണർ എന്നനിലയിൽ ഇടപെടുന്നതിൽ തെറ്റില്ല. ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുമായി നടത്തുന്ന ചർച്ചകളെക്കുറിച്ച് മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറയുന്നു.

ഏതുസാഹചര്യമാണ് ക്രൈസ്തവരുടെ വിഷയത്തിൽ ഇടപെടാൻ കാരണമായത്.

കൊറോണഭീതിതുടങ്ങി ഒൻപതുമാസം കഴിഞ്ഞാണ് ഞാൻ കേരളത്തിൽ എത്തുന്നത്. കൊച്ചിയിൽ എത്തിയപ്പോൾ സിറോ മലബാർസഭ ആസ്ഥാനത്തുനിന്ന് കർദിനാൾ മാർ  ജോർജ് ആലഞ്ചേരി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. തിരിച്ച് മിസോറമിലേക്ക് പോവുന്നതിനുമുമ്പ്‌ സമയം നിശ്ചയിച്ച് കാണാമെന്നു പറഞ്ഞപ്പോൾ, അടിയന്തരമായി അന്നുതന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. അടിയന്തരമായി എന്തോ പറയാനുണ്ടെന്ന് അറിഞ്ഞപ്പോൾ അന്നുതന്നെ രാത്രിയിൽ കാണാൻ തീരുമാനിച്ചു. ആർച്ച് ബിഷപ്പുമായി ഒറ്റയ്ക്കും കൂടെ വന്ന വിവിധമേഖലകളിൽ ചുമതലവഹിക്കുന്ന 22 പ്രധാനവൈദികരുമായും രണ്ടുമണിക്കൂറോളം സംസാരിച്ചു. തുല്യനീതിക്കുപകരം വിവേചനം കാണിക്കുന്നു എന്നതായിരുന്നു പ്രധാനപരാതി. കേരളത്തിൽ മാറിമാറി ഭരിച്ച സർക്കാരുകൾ ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യം നൽകുന്നതിൽ ക്രൈസ്തവരോട് നീതിനിഷേധം കാണിച്ചു എന്നും പരാതി പറഞ്ഞു. ക്രൈസ്തവ പെൺകുട്ടികളെ തെറ്റിദ്ധരിപ്പിച്ചും പ്രണയത്തിന്റെ പേരിൽ വശീകരിച്ചും മതംമാറ്റുന്നതാണ് മറ്റൊരു പരാതി. ഇതിൽ ചിലർ തീവ്രവാദസംഘടനകളുടെ കൈകളിൽ അകപ്പെട്ട് മരിക്കുന്ന സാഹചര്യവുമുണ്ടായി. തുർക്കിയിലെ സോഫിയ പള്ളി, ഫ്രാൻസിലെ പള്ളി എന്നിവയ്ക്കുനേരെയുള്ള അതിക്രമവും ആശങ്കയായി പങ്കുവെച്ചു.

നീതിനിഷേധം നേരിടുമ്പോഴും അത് പറയാൻ കേന്ദ്രത്തിൽ മന്ത്രിമാരായ രാഷ്ട്രീയനേതാക്കൾ ഉണ്ടായിട്ടും എന്തുകൊണ്ട് അവർ ഗവർണറായ അങ്ങയെത്തന്നെ തിരഞ്ഞെടുത്തു.

സഭയുമായി പതിറ്റാണ്ടുകളായുള്ള ബന്ധംമൂലമാവാം  അവർ എന്നിൽ വിശ്വാസമർപ്പിച്ചത്. ഏതായാലും  നീതിനിഷേധം ഉണ്ടെങ്കിൽ അതിൽ ഇടപെടാമെന്ന് കർദിനാളിന് ഉറപ്പുനൽകി. നീതിനിഷേധം ഉണ്ടായാൽ ഗവർണർക്ക് അതിൽ ഇടപെടുന്നതിൽ തടസ്സമില്ല. വിഷയം ഞാൻ ഡൽഹിയിലെത്തി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടൊപ്പം ഓർത്തഡോക്സ്, യാക്കോബായ തർക്കവും എന്റെ മുന്നിലെത്തി. ഇരുസഭകളുടെയും പ്രമുഖരുമായി ചർച്ചനടത്താൻ തീരുമാനിച്ചു. സിറോ മലബാർ സഭയുടെ പ്രതിനിധികളുമായി ജനുവരി മൂന്നാംവാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ ചർച്ച നടത്തും.

കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ താത്‌പര്യം സംരക്ഷിക്കാനുള്ള രാഷ്ട്രീയപ്രേരിതമായ ഇടപെടലായി ഇതിനെ വ്യാഖ്യാനിക്കുന്നുണ്ടല്ലോ.

സഭാമേലധ്യക്ഷന്മാരുമായുള്ള ചർച്ചകൾ രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ശരിയല്ല. ഈ വിഷയത്തിൽ രാഷ്ട്രീയഗുണഭോക്താക്കളാവേണ്ട ആരുമായും ഞാൻ സംസാരിച്ചിട്ടില്ല. ക്രൈസ്തവരോട് വിവേചനമുണ്ട് എന്ന് ഡൽഹിയിൽവെച്ച് നടന്ന ചർച്ചകൾക്കുശേഷം പറഞ്ഞപ്പോൾതന്നെ അതിന്റെ ചലനം കേരളത്തിലുണ്ടായി. ക്രിസ്ത്യാനികളുടെ പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ബന്ധപ്പെട്ടവരൊക്കെ പറഞ്ഞുതുടങ്ങി. ഈ വിഷയം ഇവർക്കെല്ലാം നേരത്തേ അറിയാമായിരുന്നിട്ടും അതുവരെ മൗനം പാലിച്ചവരാണ് ഡൽഹി ചർച്ചയ്ക്കുപിന്നാലെ നിലപാട് മാറ്റിയത്. നീതിക്കുവേണ്ടി സംസാരിക്കാൻ ആരുമില്ലെന്ന സ്ഥിതി മാറിയെന്ന തോന്നൽ സഭാ വിശ്വാസികളിലുണ്ടാക്കാൻ ഈ ചർച്ചകൾ വഴിവെച്ചു.

എന്താണ് നീതിനിഷേധവും വിവേചനവുമായി ക്രൈസ്തവസഭ പറയുന്നത്.

ന്യൂനപക്ഷവിഭാഗത്തിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിനായി  കേന്ദ്രസർക്കാർ സ്കോളർഷിപ്പായി വൻതുക നൽകുന്നുണ്ട്. കേരളത്തിൽ ഈ തുകയിൽ 20 ശതമാനം ക്രൈസ്തവർക്കും 80 ശതമാനം മറ്റ് ന്യൂനപക്ഷസമുദായത്തിനുമാണ് നൽകുന്നത്. ജനസംഖ്യാടിസ്ഥാനത്തിൽ ആനുപാതികമായി നൽകുകയാണെങ്കിൽ ക്രൈസ്തവർക്ക് 40 ശതമാനം തുകയെങ്കിലും ന്യായമായും കിട്ടണം. മാറിമാറി ഭരിച്ച സംസ്ഥാനസർക്കാരുകൾ ഈ വിവേചനം കാണിക്കുന്നു. ഇത് അധാർമികമാണ്. രാഷ്ട്രീയസ്വാധീനത്തിന് വഴങ്ങിയുള്ള പക്ഷപാതമാണെന്നും സഭ കുറ്റപ്പെടുത്തുന്നു. ഇത് പരിഹരിക്കപ്പെടേണ്ടതാണെന്ന് എല്ലാവർക്കും ഇപ്പോൾ ബോധ്യപ്പെട്ടു എന്നതാണ് പ്രാഥമികമായി ഞാൻ നടത്തിയ ഇടപെടലിന്റെ ഗുണം. പ്രശ്നം പരിഹരിക്കുമെന്ന് ബന്ധപ്പെട്ടവർക്ക് തുറന്നുപറയേണ്ടിവന്നതും ശ്രദ്ധേയമാണ്.

സഭാതർക്കത്തിൽ പരിഹാരംകാണാൻ കഴിയുമെന്ന് ശുഭാപ്തിവിശ്വാസമുണ്ടോ.

നൂറുവർഷത്തിലധികം പഴക്കമുള്ളതാണ് ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം. ഇരുകൂട്ടരും തമ്മിൽ കടുത്ത വിദ്വേഷത്തിനും തീക്ഷ്ണമായ അകൽച്ചയ്ക്കും കാരണമായിട്ടുണ്ട് തർക്കങ്ങൾ. പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാവാൻ എത്രയോ വർഷങ്ങളായി ഇരുവിഭാഗവും പ്രധാനമന്ത്രിയെക്കണ്ട് സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇതുവരെ കാണാൻ ഇവർക്ക് അവസരം ലഭിച്ചിരുന്നില്ല. ഇപ്പോൾ അതിനുള്ള വഴിയാണ് തുറന്നുകൊടുത്തത്. ഇരുവിഭാഗവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് അവരുടെ പ്രയാസങ്ങൾ പറഞ്ഞു. ഇരുവിഭാഗവും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് അന്യോന്യം ആശയവിനിമയം നടത്താൻ ഡൽഹിയിലെ മിസോറം ഭവനിൽ ഞാൻ അവസരമുണ്ടാക്കി. രണ്ട് സഭകളെയും പ്രതിനിധാനംചെയ്ത്‌ മൂന്നുവീതം ബിഷപ്പുമാരാണ് ഡൽഹിയിൽ ചർച്ചയ്ക്കെത്തിയത്. പൂർണസംതൃപ്തിയോടെയാണ് ഇരുവിഭാഗവും പിരിഞ്ഞത്. പ്രാഥമികഘട്ടം വിജയിച്ചുവെന്നതാണ് ഇത് നൽകുന്ന സൂചന.

തുടർചർച്ചകൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാവുമെന്നാണ് കരുതുന്നത്.

ഒന്നാംഘട്ടം തൃപ്തികരമായി പിരിഞ്ഞു. ഇനി തുടർചർച്ചകൾ ആവശ്യമാണ്. എത്രമാത്രം വിട്ടുവീഴ്ചചെയ്യാമെന്ന് രണ്ട് സഭകളോടും അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച് പ്രായോഗികമെന്നുകണ്ടാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവും. ഡൽഹിയിൽ നടന്ന ആശയവിനിമയം നല്ല തുടക്കമാണെന്ന് രണ്ടുകൂട്ടരും അറിയിച്ചിട്ടുണ്ട്. ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യുന്നതിനനുസരിച്ചാണ് പരിഹാരം ഉരുത്തിരിഞ്ഞുവരുക. ദുഷ്‌കരമായ വിഷയമാണെങ്കിലും ഏതുപ്രശ്നത്തിലും ദൈവം  പരിഹാരത്തിന്റെ വഴികാണിച്ചുതരും എന്ന ശുഭാപ്തിവിശ്വാസമുണ്ട്.

ഇരുസഭകളും തമ്മിലുള്ള നിയമതർക്കത്തിൽ ആരുടെഭാഗമാണ് ശരിയെന്ന് വിലയിരുത്തിയിട്ടുണ്ടോ.

കേസിലെ തർക്കവിഷയത്തിൽ അഭിപ്രായം പറയുന്നില്ല. ആചാരപരമായോ, അനുഷ്ഠാനപരമായോ ഒരു വൈരുധ്യവും ഇരുസഭകളും തമ്മിലില്ല. പഴയകാല പള്ളികളുമായുള്ളതാണ് പ്രധാന തർക്കം. അതിൽ സുപ്രീംകോടതിവിധി നടപ്പാക്കണമെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. തങ്ങൾക്ക് ആരാധനാസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള  നീതി നൽകണമെന്നാണ് യാക്കോബായ സഭയുടെ ആവശ്യം. അന്ത്യോഖ്യാ പാത്രിയാർക്കീസ് ബാവ തിരുമേനിയുടെ  പരമാധികാരം നിലനിർത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. ആദ്യ ചർച്ചയിൽത്തന്നെ രണ്ടുകൂട്ടരുടെയും വിശ്വാസം ആർജിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒമ്പതുമാസം കാത്തിരുന്നാണ് സിറോ മലബാർസഭ അവരുടെ വിഷമവിഷയം പറഞ്ഞത്. എന്നിൽ ഇവർ അർപ്പിച്ച വിശ്വാസം സഫലമാക്കാൻ എളിയശ്രമം തുടരും.

ഗവർണർ മറ്റൊരു സംസ്ഥാനത്തെ വിഷയത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന ആരോപണം ശ്രദ്ധിച്ചിട്ടുണ്ടോ.

ഗവർണർ എന്നനിലയിലുള്ള ഉത്തരവാദിത്വവും പരിമിതിയും ബോധ്യമുണ്ട്. അത് ലംഘിക്കാൻ ആഗ്രഹിക്കുന്നില്ല. വിവേചനത്തിന്റെ ഫലമായി നീതിനിഷേധം ഉണ്ടായി എന്നുപറയുമ്പോൾ അതിൽ നീതി ജനങ്ങൾക്ക് ലഭിക്കാൻവേണ്ടി ഇടപെടാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ആ നിലപാടുതറയിൽ നിന്നുകൊണ്ടാണ്  ഞാൻ ഈ വിഷയത്തിൽ ഇടപെട്ടത്. ദേശീയതലത്തിൽ ഈ വിഷയം കൊണ്ടുവരാനും പ്രധാനമന്ത്രിയെ നേരിട്ട് ഇടപെടുവിക്കാനും സാധിച്ചു എന്നതിൽ ചാരിതാർഥ്യമുണ്ട്.

രാഷ്ട്രീയച്ചുമതല വഹിക്കുന്നവർ ഉത്തരവാദിത്വം നല്ലനിലയിൽ നടത്താത്തതുകൊണ്ടാണോ ഗവർണറായ താങ്കൾക്ക് ഇത്തരം വിഷയത്തിൽ ഇടപെടേണ്ടിവരുന്നത്. താങ്കൾ ഇങ്ങനെ ഇടപെടുന്നതിൽ രാഷ്ട്രീയനേതൃത്വത്തിന് നീരസമുണ്ടോ.

എന്റെ ഇടപെടലിൽ രാഷ്ട്രീയനേതൃത്വത്തിന് ഏതെങ്കിലും തരത്തിൽ നീരസമുണ്ട് എന്നു കരുതുന്നില്ല. ആരെങ്കിലും ഉത്തരവാദിത്വം നിർവഹിക്കാത്തതുകൊണ്ടോ ആരുടെയെങ്കിലും കഴിവുകേടുകൊണ്ടോ ആണ് ഞാൻ ഇടപെടേണ്ടിവരുന്നത് എന്ന് ധരിക്കേണ്ടതില്ല. ഒരു വിഷയത്തിൽ ഇടപെടുമ്പോൾ അതിലെ കക്ഷികൾ വിശ്വാസത്തിലെടുത്താൽമാത്രമേ പരിഹാരം കാണാൻ കഴിയൂ. അന്ധകാരത്തിന്റെ അന്തരീക്ഷത്തിൽ നേരിയ കൈത്തിരിയായി തർക്കവിഷയത്തിൽപ്പെട്ടവർ എന്നെ കാണുന്നു. ഇത്തരം വിഷയത്തിൽ എന്നെക്കൊണ്ടാവുന്നത് ചെയ്യാൻ ശ്രമിക്കുന്നു. 

സഭാതർക്കവുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഒന്നാംഘട്ടം തൃപ്തികരമായി പിരിഞ്ഞു. ഇനി തുടർചർച്ചകൾ ആവശ്യമാണ്. എത്രമാത്രം വിട്ടുവീഴ്ചചെയ്യാമെന്ന് രണ്ട് സഭകളോടും അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച് പ്രായോഗികമെന്നുകണ്ടാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവും. ഡൽഹിയിൽ നടന്ന ആശയവിനിമയം നല്ല തുടക്കമാണെന്ന് രണ്ടുകൂട്ടരും അറിയിച്ചിട്ടുണ്ട്. ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യുന്നതിനനുസരിച്ചാണ് പരിഹാരം ഉരുത്തിരിഞ്ഞുവരുക

Content Highlights: An Interview with P.S. Sreedharan pillai