അംബേദ്കർ ജയന്തി ആഘോഷിക്കുമ്പോൾ, ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളോടൊപ്പം ഒാർക്കേണ്ടത് അംബേദ്‌കറിലെ അക്കാദമിക പ്രതിഭയെയുമാണ്. വരുംതലമുറയ്ക്ക് തീവ്രമായ പ്രചോദനംപകരുന്നതാണ് ആ ബൗദ്ധികപാണ്ഡിത്യം


ഇന്ത്യയിലെ പുതിയകാല രാഷ്ട്രീയത്തിൽ വളരെവേഗം വർധിച്ചുവരുന്ന ബുദ്ധിജീവിവിരുദ്ധത(anti-intellectualism)യുടെ അന്തരീക്ഷത്തിലാണ് ബാബാ സാഹേബ് അംബേദ്കറുടെ മറ്റൊരു ജന്മജയന്തി കടന്നുപോകുന്നത്. ആലംബമറ്റ് ചിതറിക്കിടന്നിരുന്ന ഇന്ത്യയെ ഒരു സുസ്ഥിരജനാധിപത്യ റിപ്പബ്ലിക്കായി നിർമിച്ചെടുത്ത മഹദ്‌വ്യക്തികളെ തമസ്കരിക്കാൻ ശ്രമിക്കുമ്പോൾപ്പോലും ഭരണഘടനാശില്പിയും സാമൂഹികപരിഷ്കർത്താവുമായ അംബേദ്കറുടെ കാര്യത്തിൽ ഈ പുതിയ ഇന്ത്യയുടെ വക്താക്കൾ നിസ്സഹായരാണ്. പക്ഷേ, നമ്മുടെ കണ്മുന്നിൽനിന്ന്‌ വളരെ വേഗം മാഞ്ഞുപോകുന്ന മറ്റൊരു അംബേദ്കറുണ്ട്-ഇരുപതാം നൂറ്റാണ്ടിലെ ആദ്യകാലങ്ങളിൽത്തന്നെ വിശ്വോത്തരമായ അക്കാദമിക് സംഭാവനകൾ നൽകിയ മഹാപണ്ഡിതൻ. ഇതിൽ നഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ ബൗദ്ധികപാണ്ഡിത്യം നമ്മുടെ പുതിയ തലമുറയ്ക്ക് പകരേണ്ടുന്ന തീവ്രമായ പ്രചോദനവും.
 മികവിന്റെ മുദ്രകൾ
1915-ൽ അമേരിക്കയിലെ പ്രശസ്തമായ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ധനതത്ത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദത്തിൽ തുടങ്ങി, 1923-ൽ ഇംഗ്ലണ്ടിൽനിന്ന്‌ ബാരിസ്റ്ററായി യോഗ്യതനേടുന്നതുവരെയുള്ള എട്ടുവർഷങ്ങളിൽ അദ്ദേഹം കൈവരിച്ച അക്കാദമിക് നേട്ടങ്ങളെ അത്യുജ്ജ്വലമെന്നേ വിശേഷിപ്പിക്കാനാവൂ. കൊളംബിയയിൽനിന്ന് ഗവേഷണബിരുദം, ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽനിന്ന്‌ ഡോക്ടർ ഓഫ് സയൻസ്-രണ്ടും ധനതത്ത്വശാസ്ത്രത്തിൽ. ഒപ്പം ഇംഗ്ലണ്ടിൽനിന്നുതന്നെ നിയമബിരുദവും. 1913-ൽ, ബോംെബയിൽനിന്ന്‌ ബിരുദംനേടി അമേരിക്കയിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന് വയസ്സ് 22; തിരികെയെത്തുമ്പോൾ 32. ഈ  പത്തുവർഷത്തിനുള്ളിൽ ധനതത്ത്വശാസ്ത്രത്തിലും നിയമകാര്യങ്ങളിലും അംബേദ്കർ നേടിയ സാങ്കേതികവൈദഗ്ധ്യം പിന്നീടുള്ള അദ്ദേഹത്തിന്റെ ഉജ്ജ്വലമായ രാഷ്ട്രീയ-സാമൂഹിക-രാഷ്ട്രനിർമാണ സംഭാവനകളിൽ നിറഞ്ഞുനിൽക്കുന്നതുകാണാം.
കൂടുതൽക്കൂടുതൽ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ ഇന്ന് നാം വളരെയേറെ കലഹിക്കുന്ന ഒരു കാര്യമാണ് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധം (centre-state relations). നമ്മുടെ നികുതികളെല്ലാം കേന്ദ്രം പിരിച്ചുകൊണ്ടുപോവുകയും ചെലവിനായി അവരുടെ ഔദാര്യത്തിനായി കൈനീട്ടേണ്ടതുമായ അവസ്ഥ. ഇതിനെക്കുറിച്ചായിരുന്നു അംബേദ്കർ നൂറിലേറെ വർഷംമുമ്പ്‌ കൊളംബിയയിൽെവച്ച് എഴുതിയ തന്റെ ആദ്യത്തെ ഗവേഷണപ്രബന്ധം: ‘Evolution of Provincial Finances in British India’. ഈ വിഷയത്തിൽ എഴുതപ്പെട്ട ആദ്യത്തെ സമഗ്രമായ പഠനമായിരുന്നു അത്. 1800 മുതൽ 1910 വരെയുള്ള കാലഘട്ടത്തിൽ എങ്ങനെയാണ് ബ്രിട്ടീഷ് കേന്ദ്രസർക്കാരും അന്നത്തെ പ്രവിശ്യകളും തമ്മിലുള്ള സാമ്പത്തിക ഏർപ്പാടുകൾ ഉയർന്നുവന്നതെന്നും അത് മാതൃകാപരമായി എങ്ങനെയായിരിക്കണമെന്നും അംബേദ്കർ എഴുതി. 
വർഷങ്ങൾക്കുശേഷം, 1951-ൽ ഇന്ത്യയുടെ ആദ്യത്തെ ഫിനാൻസ് കമ്മിഷൻ രൂപവത്‌കരിക്കുന്നത് ഇതേ വിഷയം കൈകാര്യം ചെയ്യുന്നതിനായിരുന്നു. അപ്പോൾ, അതിന്‌ ആകെയുണ്ടായിരുന്ന സാങ്കേതികമൂലാധാരം അംബേദ്കറിന്റെ ഉജ്ജ്വലമായ ഈ പ്രബന്ധമായിരുന്നു. പ്രവിശ്യകളുടെ (ഇപ്പോഴത്തെ സംസ്ഥാനങ്ങൾ) സാമ്പത്തിക സ്വയംഭരണമായിരുന്നു അംബേദ്കർ നിർദേശിച്ചത്. സാമ്പത്തികകേന്ദ്രീകൃതത്വത്തിൽ നമ്മൾ എത്രത്തോളം പിറകോട്ടുപോയിരിക്കുന്നു എന്ന് അന്നത്തെ അംബേദ്കർ നമ്മളെ ഓർമിപ്പിക്കുന്നതുപോലെ. 
 ദീർഘദർശനം
അതുപോലെ ഇന്നും സാങ്കേതികമായി വളരെ സാംഗത്യമുള്ളതാണ് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ അദ്ദേഹത്തിന്റെ ഡോക്ടർ ഓഫ് സയൻസ് പ്രബന്ധം (അദ്ദേഹത്തിന്റെ സാമ്പത്തിക ശാസ്ത്രത്തിലെ രണ്ടാമത്തെ ഡോക്ടറേറ്റ്). ‘The problem of the rupee: Its origin and its solution.’ പൂർണമായും സാങ്കേതികമായ ഈ പുസ്തകം പരിചയംസിദ്ധിച്ച സാമ്പത്തികശാസ്ത്രജ്ഞർക്കുപോലും വായിച്ചുമനസ്സിലാക്കാൻ പ്രയാസമാണ്. രൂപ ഇന്ന് നേരിടുന്ന പ്രതിസന്ധികൾ, നോട്ടുനിരോധനമുണ്ടാക്കിയ സാമ്പത്തികത്തകർച്ച എന്നിവയുടെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, ഒരു നൂറ്റാണ്ടുമുമ്പുതന്നെ ഇന്ത്യൻ കറൻസിയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ അംബേദ്കർ ശ്രമിച്ചിരുന്നു എന്നത് അദ്‌ഭുതാവഹമാണ്. ബ്രിട്ടീഷ് ഇന്ത്യയിൽ നൂറിലേറെ വർഷങ്ങളിൽ രൂപ എങ്ങനെയൊരു സാമ്പത്തികകൈമാറ്റ ഉപകരണമായി മാറി എന്നും എന്തായിരിക്കണം ഇന്ത്യയ്ക്കുചേരുന്ന കറൻസിയെന്നും അദ്ദേഹം തന്റെ പ്രബന്ധത്തിൽ പ്രതിപാദിച്ചു. ഇതിലൂടെ ആർജിച്ച അറിവുകൾ അദ്ദേഹം പിന്നീട് (1926) ഇന്ത്യയിൽ റിസർവ് ബാങ്ക് സ്ഥാപിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഹിൽട്ടൺ-യങ് കമ്മിഷന് (Royal Commission on Indian Currency and Finance) മുമ്പിൽ പങ്കുവെക്കുകയും രൂപയുടെ നിയന്ത്രണം റിസർവ് ബാങ്കിന്റെ കൈയിലായിരിക്കണമെന്ന അദ്ദേഹത്തിെന്റ നിർദേശം അംഗീകരിക്കപ്പെടുകയും ചെയ്തു. 
വളരെ പ്രസക്തമായിരുന്നു ഇന്ത്യയുടെ കറൻസി ‘ഗോൾഡ് സ്റ്റാൻഡേർഡി’ൽ അധിഷ്ഠിതമായിരിക്കണോ അതോ ‘ഗോൾഡ് എക്സ്‌ചേഞ്ച് സ്റ്റാൻഡേർഡി’ൽ അധിഷ്ഠിതമായിരിക്കണോ എന്ന ചർച്ചയിൽ അംബേദ്കറിന്റെ നിലപാട്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ കെയ്ൻസിന്റെ വാദഗതിയെ എതിർത്ത് അംബേദ്കർ വാദിച്ചത് ‘ഗോൾഡ് സ്റ്റാൻഡേഡ്’ രീതി സ്വീകരിച്ചാൽ അത് തോന്നുന്നതുപോലെ നോട്ടടിക്കുന്നതിൽനിന്നും ആർ.ബി.ഐ.യെ തടയുമെന്നും അതുവഴി നമ്മുടെ കറൻസിക്ക് കൂടുതൽ ഉറപ്പുലഭിക്കുമെന്നും ജനങ്ങളെ പണപ്പെരുപ്പത്തിൽനിന്ന്‌ രക്ഷിക്കുമെന്നുമാണ്.
 മുമ്പേ നടന്ന മഹാപ്രതിഭ
അംബേദ്കറിനെക്കുറിച്ച്‌ ധാരാളമെഴുതിയിട്ടുള്ള (പുസ്തകങ്ങളും ലേഖനങ്ങളും) മുൻ പ്ലാനിങ്‌ കമ്മിഷൻ അംഗവും ഇപ്പോൾ രാജ്യസഭാംഗവുമായ സാമ്പത്തികശാസ്ത്രജ്ഞൻ നരേന്ദ്രജാദവ് പറയുന്ന ഒരു സംഭവമുണ്ട്. അദ്ദേഹം ആർ.ബി.ഐ. ഉദ്യോഗസ്ഥനായിരുന്നപ്പോൾ അന്നത്തെ ഗവർണർ രംഗരാജനുവേണ്ടി ഒരു പ്രസംഗമെഴുതിയത്രെ. ‘Automatic monetisation of budget deficit’ എന്നതായിരുന്നു വിഷയം. പ്രസംഗം കൈമാറുമ്പോൾ ജാദവ് രംഗരാജനോട് പറയുന്നു: ‘‘ഞാനെഴുതിയതിന്  ഡോക്ടർ അംബേദ്കർ ഈ വിഷയത്തിൽ പറഞ്ഞിട്ടുള്ളതിനോട് സാമ്യമുണ്ട്’’
‘‘അംബേദ്കറോ? അദ്ദേഹത്തിന് സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് എന്തറിയാം?’’ -രംഗരാജന്റെ മറുപടി. 
രംഗരാജനെപ്പോലെയുള്ള ഒരാളിന്റെ അന്നത്തെ മറുപടി അംബേദ്കറിന്റെ പാണ്ഡിത്യത്തിന്റെ നിരാകരണമായിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യവും ആഘോഷിക്കേണ്ട സമയമായിരിക്കുന്നു. നമുക്കും എത്രയോമുമ്പേ നടന്ന മഹാപ്രതിഭ. 

നിയമ-വികസന വിഷയങ്ങളിലെ ​വൈദഗ്ധ്യം
വിദേശപഠനത്തിനുശേഷം തിരികെയെത്തിയ അംബേദ്കറിന്റെ രാഷ്ട്രീയജീവിതത്തിൽ നിറഞ്ഞുനിൽക്കുന്നത് അദ്ദേഹത്തിന്റെ നിയമ-വികസന വിഷയങ്ങളിലുള്ള വൈദഗ്ധ്യമാണ്, സാമ്പത്തിക ശാസ്ത്രമല്ല.  ബോംബെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി അദ്ദേഹം നടത്തിയിട്ടുള്ള ഗഹനമായ അപഗ്രഥനങ്ങളിലും വിവരശേഖരണങ്ങളിലും ഇടപെടലുകളിലും അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള അക്കാദമിക് പ്രാവീണ്യം തെളിഞ്ഞുകാണാം. 
ബോംബയിലെ തൊഴിലാളിനേതാവായിരിക്കുമ്പോൾ അദ്ദേഹം നേതൃത്വംനൽകിയ ‘ഇൻഡിപെൻഡന്റ് ലേബർ പാർട്ടി’ പരമ്പരാഗത ഇടതുതൊഴിലാളിപ്പാർട്ടികളുടെ നയങ്ങളുമായി ഒത്തു ചേരുന്നതായിരുന്നില്ല. തൊഴിലവകാശങ്ങൾക്കുപുറമേ, തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും അദ്ദേഹം നിലകൊണ്ടു എന്നിടത്തായിരുന്നു അദ്ദേഹവും ഇടതുതൊഴിലാളി പ്രസ്ഥാനവുമായി ചേരാതെപോയത്. എങ്കിലും, തൊഴിലാളികളെ മൊത്തത്തിൽ ബാധിക്കുന്ന കാര്യങ്ങളിൽ അദ്ദേഹം ഇടതിനോടൊപ്പം നിന്നു.
1942-യിൽ വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിൽ അംഗമായി ദേശീയരംഗത്ത് ശ്രദ്ധനേടിയശേഷം അദ്ദേഹം തന്റെ സാങ്കേതികവും ഭരണപരവുമായ കഴിവുതെളിയിക്കാത്ത മേഖലകളില്ല. തൊഴിൽ, ജലവിഭവകാര്യങ്ങൾ,  പൊതുനിർമാണം (public works), പ്ലാനിങ്‌ അങ്ങനെ എത്രയെത്ര മേഖലകൾ. ആദ്യത്തെ നിയമമന്ത്രിയായതും പിന്നെ ഭരണഘടനയുടെ ഡ്രാഫ്റ്റിങ്‌ കമ്മിറ്റി അധ്യക്ഷനായതുമൊക്കെ ചരിത്രം.

 

യു.എൻ.ഡി.പി.യുടെ മുൻ 
ഏഷ്യ-പസിഫിക് സീനിയർ ഉപദേശകനും കോളമിസ്റ്റുമാണ് ലേഖകൻ