സെന്തിലും ഗൗണ്ടമണിയും വടിവേലുവുമൊക്കെ വിരാജിച്ച തമിഴ് സിനിമകളിൽ വേറിട്ട ഉദയമായിരുന്നു വിവേക്.  ഹാസ്യനടന്റെ ശരീരഭാഷപോലുമില്ലാത്ത സുമുഖൻ. എന്നാൽ,  ജനങ്ങൾ അദ്ദേഹത്തിന്റെ തമാശകൾ ഇഷ്ടപ്പെട്ടു. ചിരിക്കുക മാത്രമല്ല, ചിന്തിക്കാനും തുടങ്ങി. കാർട്ടൂണിന്റെ മൂർച്ചപോലെയായിരുന്നു വിവേകിന്റെ ഹാസ്യം. തട്ടുപൊളിപ്പൻ തമിഴ് കച്ചവട സിനിമകളിൽപ്പോലും വിവേകിന്റെ ഹാസ്യം സഞ്ചരിച്ചത് ഗൗരവമേറിയ പാതകളിലൂടെയായിരുന്നു. അതുകൊണ്ടാണ് അവ ഇന്നും ഓർമക്കപ്പെടുന്നതും. 

‘മനതിൽ ഉരുതി വേണ്ടും’ എന്ന ചിത്രത്തിലൂടെ പ്രമുഖ സംവിധായകൻ കെ. ബാലചന്ദറാണ് വിവേകിനെ സിനിമയിലേക്കു കൊണ്ടുവരുന്നത്. കലാമേന്മയുള്ള സിനിമകൾ കാഴ്ചവെച്ച ഒരു സംവിധായകന്റെ കൈപിടിച്ചെത്തിയതിനാലാവാം ഒരുപക്ഷേ, വിവേകിന്റെ ഹാസ്യത്തിലും നിലവാരത്തകർച്ച ഉണ്ടാവാതിരുന്നത്. തന്റെ ഹാസ്യരംഗങ്ങൾക്ക് അദ്ദേഹം എപ്പോഴും സ്വയം മതിൽതീർത്തു. പണത്തിനുവേണ്ടി തരംതാണ വേഷങ്ങളോ നിലവാരമില്ലാത്ത തമാശകൾ പറയാനോ തയ്യാറായില്ല. രജനീകാന്ത്, വിജയകാന്ത്, ശരത്കുമാർ, അജിത്ത്, വിജയ്, വിക്രം, ധനുഷ് തുടങ്ങിയ പ്രമുഖതാരങ്ങൾക്കൊപ്പം കച്ചവട സിനിമയുടെ ഭാഗമായിരുന്നപ്പോൾപ്പോലും തന്റെ നിലവാരം അളന്നുതിട്ടപ്പെടുത്താൻ വിവേക് പ്രത്യേകം ശ്രദ്ധിച്ചു. പരന്ന വായനയും സംഗീതതാത്‌പര്യവും സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും പരിസ്ഥിതിസ്നേഹവും തന്നിലെ നടനെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായി വിവേക് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 

മനസ്സിൽ സംഗീതമുള്ളതിനാൽ അഭിനയത്തിലും താളമുണ്ടായിരുന്നു. ഒരു നടന് അനിവാര്യമായ ടൈമിങ്‌ അഥവാ സമയബോധം കാത്തുസൂക്ഷിക്കാനും മുൻപന്തിയിലായിരുന്നു. കൂടെ അഭിനയിക്കുന്നവരുടെ ഡയലോഗുകൾക്ക് കൗണ്ടറടിക്കാനും പ്രത്യേക മിടുക്കുകാട്ടി. തിരക്കഥാകൃത്ത് എഴുതിവെച്ചതായിരുന്നില്ല വിവേകിന്റെ സംഭാഷണങ്ങളിൽ പലതും. രജനീകാന്ത് ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ തങ്ങളുടെ സിനിമകളിൽ വേണ്ടത്ര തിളങ്ങാൻ വിവേകിന്‌ ഇടം അനുവദിച്ചുകൊടുത്തു. 

220-ലധികം സിനിമകളിൽ അഭിനയിച്ച വിവേക് ’90-കളുടെ അവസാനമാണ് മുഖ്യധാരയിലേക്കുയരുന്നത്. സൂപ്പർ താരങ്ങൾക്കൊപ്പം പോസ്റ്ററുകളിൽ വിവേകിന്റെ മുഖം പ്രത്യക്ഷപ്പെട്ടുതുടങ്ങി. വിവേകുണ്ടെങ്കിൽ സിനിമയ്ക്ക് മിനിമം ഗ്യാരന്റി എന്ന നിലവന്നു. അലൈപായുതേ, മിന്നലേ, റൺ, ധൂൾ, സാമി, പാർഥിപൻ, കനവ്  ബോയ്‌സ്, അന്യൻ (2005), ശിവാജി, കുരുവി, സിങ്കം, വേലയില്ലാ പട്ടധാരി, മീശയെ മുറുക്ക്, വിശ്വാസം, വെള്ളൈ പൂക്കൾ, ബിഗിൽ (2019), ധാരാളപ്രഭു തുടങ്ങിയവയാണ് പ്രധാന സിനിമകൾ. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ 2-വിലും വിവേക് അഭിനയിച്ചിരുന്നു. 

സാമൂഹിക തിന്മകളെയും അന്ധവിശ്വാസങ്ങളെയും ജാതീയതയെയും ജാതിരാഷ്ട്രീയത്തെയും തമാശകളിലൂടെ അദ്ദേഹം കുത്തിനോവിച്ചു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമായിരുന്നു മാനസഗുരു. കലാമിന്റെ ദർശനങ്ങൾ പ്രചരിപ്പിച്ച വിവേക് ആഗോളതാപനത്തിനെതിരായി ബോധവത്കരണം നടത്താൻ ‘ഗ്രീൻ കലാം’ എന്ന സംരംഭം തുടങ്ങി. ഇതിലൂടെ വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ച് ഹരിതവത്കരണത്തിൽ ശ്രദ്ധയൂന്നി. പ്ലാസ്റ്റിക്കിനെതിരായ തമിഴ്‌നാട് സർക്കാരിന്റെ കാമ്പയിനിൽ അംബാസഡറായിരുന്നു. ചെന്നൈ കോർപ്പറേഷന്റെ മിയാവാക്കി വനപദ്ധതിയുമായും സഹകരിച്ചു. സിനിമകളിൽ തിന്മകൾക്കെതിരേ ആക്ഷേപഹാസ്യം തൊടുത്തുവിടുമ്പോൾ  മറുഭാഗത്ത് വിവേകിന് എതിരാളികളും വർധിച്ചു. സിനിമയിൽനിന്നും അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ പതുക്കെ തുടങ്ങി. വിവേകിനുവെച്ച കഥാപാത്രങ്ങളിൽ സംവിധായകർ പുതിയ അഭിനേതാക്കളെ തേടാൻതുടങ്ങി. ഹാസ്യതാരം സന്താനം മുൻനിരയിലെത്തുന്നതുപോലും വിവേകിനോടുള്ള രോഷത്തിന്റെ ഭാഗമാണെന്ന്‌ കോളിവുഡിൽ പ്രചാരണമുണ്ട്.