പാകിസ്താനിലെ ആബട്ടാബാദിലെ വീട്ടിലേക്ക് അമേരിക്കൻ കമാൻഡോകൾ ഇരച്ചുകയറി ഉസാമ ബിൻലാദനെ വെടിവെച്ചുകൊന്നത് 2011 മേയ് രണ്ടിന് പുലർച്ചെയാണ്. ലോകത്തെ അമ്പരപ്പിച്ച ആ ഓപ്പറേഷനെക്കുറിച്ച് പ്രസിദ്ധ മാധ്യമപ്രവർത്തകൻ പീറ്റർ ബെർഗൻ ‘മാൻഹണ്ട്’ എന്ന പുസ്തകമെഴുതി. ഒട്ടേറെ സിനിമകൾ വന്നു. എന്നാൽ, ആ ഓപ്പറേഷൻ തീരുമാനിച്ച് നടപ്പാക്കിയ അമേരിക്കൻ പ്രസിഡന്റ്‌ ബരാക് ഒബാമ അതേക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എന്നാലിപ്പോൾ ഒബാമയുടെ ‘A PROMISED LAND’ എന്ന ആത്മകഥയിൽ ഒരു ത്രില്ലറിനെ വെല്ലുന്നതരത്തിൽ ആ ഓപ്പറേഷനെ അദ്ദേഹം വിവരിച്ചിരിക്കുന്നു

ബരാക് ഒബാമ, 2009-ൽ, അമേരിക്കയുടെ നാൽപ്പത്തിനാലാമത് പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുമ്പോഴേക്കും ഉസാമ ബിൻ ലാദൻ, കിഴക്കൻ അഫ്ഗാനിസ്താനിലെ തണുപ്പുറഞ്ഞ ഗോത്രമേഖലയായ തോറാബോറാ ഗുഹകളിലെ തന്റെ ഒളിവുജീവിതം മറ്റേതോ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്ന്‌ അയാളുടെ ആഹ്വാനങ്ങളും വീഡിയോകളും വന്നുകൊണ്ടേയിരുന്നു. അതിനനുസരിച്ച് ലോകമെമ്പാടും ഏതൊക്കെയോ നിഷ്കളങ്കരായ മനുഷ്യർ ചിതറിത്തെറിച്ച് മരിച്ചു. അപ്പോഴേക്കും എട്ടുവർഷങ്ങൾ പിന്നിട്ടിരുന്നെങ്കിലും അമേരിക്കയുടെ നെഞ്ചിൽ ഒരു ഉണങ്ങാവ്രണമായി വേൾഡ് ട്രേഡ് സെന്റർ നിന്ന് കത്തിയെരിയുന്നുണ്ടായിരുന്നു. അത് അമേരിക്കയുടെ പൊതുദുഃഖം എന്നതുപോലെ ഒബാമയുടെ സ്വകാര്യദുഃഖവുമായിരുന്നു. 
2001 സെപ്റ്റംബർ 11-ന് ഇരട്ട ഗോപുരം എരിഞ്ഞുവീഴുമ്പോൾ ഒബാമയുടെ ഭാര്യ മിഷേൽ, മകൾ മലിയയെ അവളുടെ ആദ്യ പ്രീ-സ്കൂൾ ദിനത്തിലേക്ക് കൊണ്ടുവിടാൻ പോയതായിരുന്നു. ഒബാമ ഷിക്കാഗോവിലെ ഇല്ലിനോയ്‌സ് കെട്ടിടത്തിൽ സ്തംഭിതനും വിമൂകനുമായി നിൽക്കുകയും. ഭാര്യയും മകളും സുരക്ഷിതരാണോയെന്ന് ഒരു ഭർത്താവിന്റെയും പിതാവിന്റെയും പരിഭ്രമത്തോടെ വിളിച്ചുചോദിച്ചതും അന്നുരാത്രി മൂന്നുവയസ്സുകാരിയായ മകൾ സാഷയെ ഇരുട്ടുനിറഞ്ഞ മനസ്സോടെ നെഞ്ചിൽ കിടത്തിയുറക്കിയതും വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ മനസ്സിൽ ശേഷിച്ചു. മായാത്ത മുറിവിന്റെ ആ ഓർമകാരണമാവണം പ്രസിഡന്റായി അധികാരമേറ്റയുടൻ വൈറ്റ് ഹൗസിലെ സിറ്റ്വേഷൻ റൂമിൽെവച്ച് ഒബാമ സഹപ്രവർത്തകരോട് പറഞ്ഞു: ‘‘ബിൻ ലാദനെ വേട്ടയാടിപ്പിടിക്കുക എന്നതാണ് പ്രസിഡന്റ്‌ എന്നനിലയിൽ എന്റെ ഏറ്റവും മുന്തിയ പരിഗണനാവിഷയം. എങ്ങനെ അയാളെ കണ്ടെത്തുമെന്നതിന് എനിക്കൊരു പദ്ധതി വേണം. പദ്ധതിയുടെ പുരോഗമനത്തെക്കുറിച്ച് ഓരോ മുപ്പതുദിവസത്തിനുള്ളിലും എനിക്ക്‌ റിപ്പോർട്ടുതരണം. ഇത് പ്രസിഡന്റിന്റെ നിർദേശമായിക്കരുതുക...’’
 

അന്വേഷണം തുടങ്ങുന്നു

ബിൻ ലാദന്റെ വിശ്വസ്തനും അൽ ഖായിദയുടെ സന്ദേശവാഹകനുമായ അബു അഹമ്മദ് അൽ കുവൈത്തിയുടെ ഫോണും ചലനങ്ങളും നിരീക്ഷിച്ചതിൽനിന്ന്‌ ഒരുകാര്യം ആദ്യഘട്ടത്തിൽത്തന്നെ അന്വേഷണസംഘത്തിന് മനസ്സിലായി: ഗോത്രവർഗമേഖലയായ തോറാബോറയിലല്ല ലാദനുള്ളത്. മറിച്ച്, സമ്പന്നമായ അയൽപക്കങ്ങളുള്ള പാകിസ്താനി നഗരമായ ആബട്ടാബാദിലാണ്. ഇസ്‌ലാമബാദിൽനിന്ന്‌ 35 മൈൽ അകലെ. സംശയാസ്പദമായ ഒരു വലിയ വീടുണ്ട് അവിടെ. ഉന്നതനായ ഒരു അൽ ഖായിദക്കാരൻ അവിടെ പാർക്കുന്നുമുണ്ട്. അത് ബിൻ ലാദനാണോ എന്നറിയില്ല.
അന്വേഷണത്തിന്റെ റിപ്പോർട്ടുകൾ മുപ്പതുദിവസങ്ങൾക്കുള്ളിൽ ഒബാമയുടെ മേശപ്പുറത്ത് വന്നുകൊണ്ടേയിരുന്നു: വ്യാജപേരിൽ അൽ കുവൈത്തിയാണ് അത് വാങ്ങിയിരിക്കുന്നത്, അയൽപക്ക ഗൃഹങ്ങളെക്കാൾ എട്ടുമടങ്ങ് വലുപ്പം ആ വീടിനുണ്ട്, 10-18 അടി വലുപ്പമുള്ള ചുറ്റുമതിലിൽ മുള്ളുവേലികൾ ചുറ്റിപ്പിണഞ്ഞുകിടപ്പുണ്ട്, ഉള്ളിൽ വീണ്ടും ചെറുമതിലുകൾ... വിശകലനവിദഗ്ധർ (Analysts) കണ്ടെത്തി: സ്വന്തം അസ്തിത്വം മറച്ചുവെക്കാൻ വെമ്പുന്ന ആരോ ആണ് അവിടെ പാർക്കുന്നത്. ആ വീട്ടിൽ ഫോണില്ല, ഇന്റർനെറ്റില്ല, മാലിന്യം അതതുദിവസങ്ങളിൽ ശുചീകരണത്തൊഴിലാളികൾക്ക് എടുക്കാൻ പുറത്തുവെക്കാതെ മതിലകത്തുതന്നെ കത്തിക്കുകയാണ് അവരുടെ പതിവ്. ആ വീട്ടിലെ കുട്ടികളുടെ പ്രായവും ബിൻ ലാദന്റെ കുട്ടികളുടെ പ്രായവും തമ്മിൽ സാമ്യമുണ്ട്. ആകാശനിരീക്ഷണത്തിൽനിന്ന് ഒരു കാര്യംകൂടി വ്യക്തമായി: ‘ഒരിക്കലും ആ മതിൽക്കെട്ടിന് പുറത്തുപോവാത്ത ഒരു നീണ്ട മനുഷ്യൻ ചിട്ടയായി ചില നേരങ്ങളിൽ ആ വീടിനുപിറകിലെ ചെറിയ പൂന്തോട്ടത്തിൽ നടക്കാനെത്താറുണ്ട്.’
‘‘നമുക്കയാളെ പേസർ (ചുവടുവെക്കുന്നവൻ) എന്ന് വിളിക്കാം. അത് ബിൻ ലാദനാണെന്ന് നമുക്കൂഹിക്കാം’’ -വിദഗ്ധർ പറഞ്ഞു. ഒബാമയുടെ മനസ്സിൽ സംശയങ്ങൾ പെരുകി. അദ്ദേഹം ലീഡ് ഓഫീസറോട് ചോദിച്ചു:
‘‘എന്താണ് നിങ്ങളുടെ വിശ്വാസം?’’
 പരിചയസമ്പന്നനായ അയാൾ പറഞ്ഞു:
‘‘അത് നാം അന്വേഷിക്കുന്നയാൾതന്നെയാവാനാണ് സാധ്യത. പക്ഷേ, ഉറപ്പില്ല.’’
ഇനി ഉറപ്പുണ്ടെങ്കിൽത്തന്നെ തന്റെമുമ്പിൽ പ്രതിസന്ധികൾ ഏറെയായിരുന്നുവെന്ന് പറയുന്നു ഒബാമ. പദ്ധതിയുടെ അതിരഹസ്യാത്മകത സൂക്ഷിക്കുകയായിരുന്നു ഏറ്റവും മുഖ്യം. സ്വന്തം കുടുംബംപോലും അറിയരുത്. പാകിസ്താന്റെ മണ്ണിലാണ് ആബട്ടാബാദ്. എന്നാൽ, പാകിസ്താൻ അറിയാതെ കാര്യം നടക്കണം. കാരണം, അഫ്ഗാനിസ്താനിലെ ഭീകരവിരുദ്ധപ്രവർത്തനത്തിന് പാകിസ്താൻ അമേരിക്കയെ സഹായിക്കുന്നുണ്ടെങ്കിലും അൽ ഖായിദയോടും ബിൻലാദനോടുമുള്ള അവരുടെ ബന്ധം പരസ്യമായ രഹസ്യമാണ്. മാത്രമല്ല, ലാദന്റേതെന്ന് കരുതുന്ന വീട് പാകിസ്താനി സൈനികകേന്ദ്രത്തിന് തൊട്ടടുത്തുമാണ്. ഏതുതരത്തിലുള്ള ഓപ്പറേഷൻ നടത്തിയാലും അത് നയതന്ത്രബന്ധങ്ങളെ ബാധിച്ചേക്കാം, യുദ്ധസമാനമായ തീപ്പൊരികൾ സൃഷ്ടിച്ചേക്കാം. ഒബാമയുടെ മനസ്സിൽ ആശങ്കകൾ കുമിഞ്ഞു.
ഓപ്പറേഷൻ രീതിയും കൃത്യമാവേണ്ടതുണ്ടായിരുന്നു: ആകാശത്തുനിന്ന്‌ ബോംബുകളുതിർത്ത് ആ വീട് തകർക്കുകയാണെങ്കിൽ അതിൽ ബിൻലാദൻ ഉണ്ടായിരുന്നുവെന്ന കാര്യം എങ്ങനെയറിയും? ബിൻ ലാദൻ മരിച്ചിട്ടില്ല എന്ന് അൽ ഖായിദ അവകാശപ്പെട്ടാൽ വീടുതകർത്തതിനെ എങ്ങനെ ന്യായീകരിക്കും? മാത്രമല്ല, ആ വീട്ടിൽ നാലുപുരുഷന്മാരും അഞ്ച് സ്ത്രീകളും ഇരുപത് കുട്ടികളുമാണുള്ളത്. സ്ഫോടനത്തിൽ ഇവരെല്ലാം മരിക്കും. ‘‘ബിൻ ലാദൻ ആ മതിൽക്കെട്ടിനകത്തുണ്ട് എന്ന കാര്യത്തിൽ ഉറപ്പില്ലാതെ നടത്തുന്ന ആക്രമണത്തിൽ മൂപ്പതോളം ആളുകൾ കൊല്ലപ്പെടുന്നതിനോട് എനിക്ക് യോജിപ്പില്ല. ആക്രമണം കൂടുതൽ സൂക്ഷ്മമാവണം’’ -ഒബാമ പറഞ്ഞു.
അമ്പതുവയസ്സ് പിന്നിട്ട, നടൻ ടോം ഹാങ്ക്‌സിനെ ഓർമിപ്പിക്കുന്ന വില്യം ഹാരി മക്റാവൻ എന്ന നേവി ഫോർ സ്റ്റാർ അഡ്മിറലിനായിരുന്നു ഓപ്പറേഷന്റെ ചുമതല. സി.ഐ.എ. നിർമിച്ച ആബട്ടാബാദ് വീടിന്റെ മാതൃകയ്ക്കുമുന്നിൽനിന്ന് മക്റാവൻ ഒബാമയോട് പറഞ്ഞു:
‘‘മിസ്റ്റർ പ്രസിഡന്റ്‌, തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ നേവി സീൽ കമാൻഡോകൾ അഫ്ഗാനിസ്താനിലെ ജലാലാബാദ് എയർബേസിൽനിന്ന്‌ ഇരുട്ടിന്റെ മറപറ്റി പറന്നുയർന്ന്, അതിർത്തികടന്ന്, ആബട്ടാബാദിലെ ആ മതിൽക്കെട്ടിനകത്ത് ഇടിച്ചിറങ്ങും. വീടിനകത്ത് ഇരച്ചുകയറി എല്ലാം തീർക്കും. പാകിസ്താനിൽ എവിടെയെങ്കിലുംവെച്ച് വിമാനത്തിൽ എണ്ണ നിറച്ച് തിരിച്ചുപറക്കും.’’
ഇതുകേട്ടപ്പോൾ ഒബാമ തിരിച്ചുചോദിച്ചു: ‘‘നിങ്ങൾക്കിത് ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കുമെന്ന്‌ ഉറപ്പുണ്ടോ?’’
‘‘സർ, ആശയംമാത്രമാണിത്. ഇനി ഹോംവർക്കുകളും റിഹേഴ്‌സലുകളും നടത്തണം. കുറച്ചുകൂടി വലിയ ടീം വേണം. ഇപ്പോൾ ഞാനീപ്പറഞ്ഞതാണോ ഇതിനുള്ള ഏറ്റവും നല്ല വഴി എന്നെനിക്കറിയില്ല. അകത്തെങ്ങനെ കടക്കുമെന്നും പുറത്തേക്കെങ്ങനെ വരുമെന്നുമുള്ളതിനെക്കുറിച്ച് എനിക്കിപ്പോൾ ഒന്നും പറയാൻ സാധിക്കില്ല. ഒരു കാര്യംമാത്രമേ ഇപ്പോൾ പറയാൻ സാധിക്കൂ, അവിടെയെത്തിയാൽ റെയ്ഡ് ഭംഗിയായി നടത്താം. മറ്റുകാര്യങ്ങൾ വിശദമായ ഹോംവർക്കുകൾക്കുശേഷം പറയാം.’’
‘‘ഹോംവർക്കും റിഹേഴ്‌സലും തുടങ്ങൂ’’ -ഒബാമ നിർദേശിച്ചു.
നോർത്ത് കരോലൈനയിലെ രഹസ്യകേന്ദ്രത്തിൽ പരിശീലനംതുടങ്ങി. പദ്ധതി അതിരഹസ്യമായി തുടരേണ്ടതുകാരണം മക്റാവൻ ക്ഷണിച്ചിട്ടും ഒബാമ അത് കാണാൻ പോയില്ല.
 

മക്റാവന്റെ കുട്ടികളും  പ്രസിഡന്റിന്റെ മനസ്സും

മക്‌റാവന്റെ കുട്ടികൾ ആബട്ടാബാദ് ഓപ്പറേഷന് പരിശീലനം നടത്തുമ്പോഴും തന്റെ മനസ്സ് അശാന്തമായിരുന്നുവെന്ന് ഒബാമ എഴുതുന്നു.
ഒരു തീരുമാനമെടുക്കാനാവുന്നില്ല. രാവും പകലും മനസ്സിൽ നിറയെ ചോദ്യങ്ങൾ, ചോദ്യങ്ങൾ... വരുമ്പോഴോ പോകുമ്പോഴോ പാകിസ്താൻ ഇടപെട്ടാൽ? ബിൻ ലാദൻ ഏതെങ്കിലുംവിധത്തിൽ രക്ഷപ്പെട്ടാൽ? റെയ്ഡിനിടെ പാകിസ്താൻ പട്ടാളമോ പോലീസോ വീടുവളഞ്ഞാൽ? കമാൻഡോകൾ പിടിക്കപ്പെട്ടാൽ? കമാൻഡോകൾ പിടിക്കപ്പെട്ട്, ജയിലിലടയ്ക്കപ്പെട്ട് ലോകംമുഴുവൻ അറിഞ്ഞുകൊണ്ടുള്ള ഒരു വിലപേശലിന് താൻ തയ്യാറല്ലെന്ന്‌ അദ്ദേഹം തീരുമാനിച്ചു; അത് തുറന്നുപറയുകയും ചെയ്തു. പദ്ധതിയെക്കുറിച്ചറിയുമായിരുന്ന സെക്രട്ടറി ഓഫ് സ്റ്റേറ്റ്‌സ് ഹില്ലരി ക്ലിന്റണും നിറയെ സംശയങ്ങളായിരുന്നു. ഭാര്യക്കും മക്കൾക്കുമൊപ്പം ഡിന്നറിനിരിക്കുമ്പോഴും താൻ മൂകനായിരുന്നുവെന്ന് ഒബാമ ഓർക്കുന്നു. അവരുടെ കളിയാക്കലുകൾ തലയ്ക്കുമുകളിലൂടെ പറന്നുപോയി. വേഗം ഭക്ഷണംകഴിച്ച് അദ്ദേഹം വൈറ്റ്ഹൗസിലെ ട്രീറ്റി മുറിയിൽ തനിച്ചിരുന്നു. പിന്നെ, ബാസ്കറ്റ്ബോൾ കളിക്കാൻ ശ്രമിച്ചു. ‘എന്റെ മനസ്സ് കറങ്ങുന്നതുപോലെ എന്റെ കണ്ണുകളും ചലിക്കുന്ന ബാസ്കറ്റ് ബോളിനുപിറകെ കറങ്ങി’-അദ്ദേഹം എഴുതുന്നു.
2011 ഏപ്രിൽ 29-ന് ഒബാമയ്ക്ക് രണ്ടുപരിപാടികളുണ്ടായിരുന്നു. അലബാമയിൽ ടൊർണാഡോ നാശനഷ്ടങ്ങൾ വിലയിരുത്തണം, കുടുംബസമേതം സ്പേസ് ഷട്ടിലായ എൻഡവറിന്റെ ഫൈനൽ ലോഞ്ച് കാണണം. അതിന് പോവുന്നതിനുമുമ്പ് അദ്ദേഹം സഹപ്രവർത്തകരോട് നയതന്ത്രമുറിയിൽ വരാൻപറഞ്ഞു. അവർ വന്നു. മുറിക്കുപുറത്ത് പ്രസിഡന്റിനുപോവാനുള്ള ഹെലി കോപ്റ്ററുകൾ മുരണ്ടുനിന്നു. അതിലിരുന്ന് കുഞ്ഞുങ്ങൾ ഡാഡിയെ വിളിച്ചുകൊണ്ടേയിരുന്നു. ആ ബഹളങ്ങൾക്കിടയിൽ നിന്നുകൊണ്ട് ബരാക് ഒബാമ പറഞ്ഞു:
‘‘GO AHEAD-മക്റാവനായിരിക്കണം ഓപ്പറേഷൻ നിയന്ത്രണം. ദിവസവും സമയവും റെയ്ഡിന്റെ രീതികളും അദ്ദേഹത്തിന് നിശ്ചയിക്കാം.’’ ഉസാമ ബിൻലാദന് ‘ജെറോനിമോ’ എന്ന പേരും നൽകി. ഹെലികോപ്റ്റർ പ്രസിഡന്റിനെയും കുടുംബത്തെയും വഹിച്ച് പറന്നുയർന്നു.
മക്‌റാവനും സീൽ കമാൻഡോകളും നിലാവില്ലാത്ത രാത്രിയുംകാത്ത് ജലാലാബാദിലെ എയർബേസിലിരിക്കെ താൻ യാന്ത്രികമായി ഏതൊക്കെയോ പരിപാടികളിൽ പങ്കെടുത്തുകൊണ്ടിരിക്കയായിരുന്നു എന്ന് ഒബാമ എഴുതുന്നു. പത്രപ്രവർത്തകരോടൊപ്പം അമേരിക്കൻ പ്രസിഡന്റ് തന്റെ കാലയളവിൽ ഒരിക്കലെങ്കിലും നടത്തുന്ന വൈറ്റ് ഹൗസ് കറസ്പോണ്ടൻസ് ഡിന്നർ ആയിരുന്നു അതിൽ പ്രധാനം. രണ്ടായിരത്തിലധികം പത്രവർത്തകർക്കും പ്രമുഖ രാഷ്ട്രീയക്കാർക്കും വ്യവസായപ്രമുഖർക്കും മുന്നിൽ, ഈ ലോകത്ത് വിശേഷപ്പെട്ട ഒന്നുമേ സംഭവിക്കുന്നില്ല എന്നമട്ടിൽ ഒബാമ ഇരുന്നു. ‘എല്ലാം ശാന്തമാണ് എന്ന മട്ടിൽ അഭിനയിച്ചുകൊണ്ട് ഞാനിരുന്നു’ -അദ്ദേഹം എഴുതുന്നു. പിറ്റേന്ന് ഉച്ചകഴിഞ്ഞപ്പോഴേക്കും മക്റാവനെ പ്രസിഡന്റ്‌ വിളിച്ചു. പാകിസ്താനിൽ മഞ്ഞ് കനത്തതിനാൽ ഓപ്പറേഷൻ ഞായറാഴ്ചയ്ക്ക് മാറ്റിെവച്ചു എന്നായിരുന്നു മറുപടി:
‘‘എല്ലാവരോടും ഞാൻ അവരെ അഭിനന്ദിക്കുന്നു എന്നുപറയൂ’’ -അദ്ദേഹം പറഞ്ഞു. തുടർന്നുള്ള ദിവസം രാവിലെ മനസ്സിനെ വഴിതിരിച്ചുവിടാൻ ഗോൾഫ് കളിക്കാനിറങ്ങിയ ഒബാമ അടിച്ച പന്തുകളിൽ പലതും ലക്ഷ്യംതെറ്റി മരക്കൂട്ടങ്ങൾക്കിടയിലാണ് ചെന്നുവീണത്. അതുമുപേക്ഷിച്ച് അദ്ദേഹം തിരിച്ചുനടന്നു, തനിച്ചിരുന്നു. പക്ഷേ, മനസ്സടങ്ങിയില്ല.

നിലാവൊഴിഞ്ഞ രാവിൽ ഓപ്പറേഷൻ

ഒടുവിൽ അഫ്ഗാനിസ്താന്റെയും പാകിസ്താന്റെയും ആകാശത്തുനിന്ന് നിലാവൊഴിഞ്ഞു. നിതാന്തമായ ഇരുട്ട് പരന്നു. പുലർച്ചെ രണ്ടുമണിക്ക്‌ 23 സീൽ കമാൻഡോകളും ഒരു പാകിസ്താനി അമേരിക്കൻ സി.ഐ.എ. പരിഭാഷകനും കയ്‌റോ എന്ന മിലിട്ടറി നായയും ആബട്ടാബാദിലേക്ക് പറന്നു. ഒന്നരമണിക്കൂർ പറക്കാനുണ്ടായിരുന്നു, ആബട്ടാബാദിലേക്ക്. ഓപ്പറേഷൻ നെപ്റ്റിയൂൺസ്ഫിയർ ആരംഭിച്ചു. അതുകാണാൻ വൈറ്റ് ഹൗസിലെ സിറ്റ്വേഷൻ റൂം വാർറൂമായി. അവിടെ ഒബാമയും ഹില്ലരി ക്ലിന്റണും വളരെ അടുത്ത ഓഫീസർമാരും ഒത്തുചേർന്നു. അവർ ഒരുകാര്യം തീരുമാനിച്ചു: റെയ്ഡിൽ ബിൻ ലാദൻ കൊലചെയ്യപ്പെട്ടാൽ ഫോട്ടോകൾ എടുക്കാൻപാടില്ല, മൃതദേഹം പരമ്പരാഗത ഇസ്‌ലാമികരീതകളെല്ലാം അനുസരിച്ച് കടലിൽ അടക്കണം. മറിച്ചായാൽ ലാദന്റെ കുഴിമാടം ഒരു തീർഥാടനസ്ഥലമാക്കിയേക്കാം, ഭീകരർ. ഇരുട്ടുകനത്തപ്പോൾ സീൽ കമാൻഡോകൾ ആ വീടിന്റെ മതിൽക്കെട്ടിനകത്ത് പറന്നിറങ്ങി. ഒബാമ എഴുതുന്നു: ‘പ്രസിഡന്റ് എന്നനിലയിൽ ഇതാദ്യമായും അവസാനമായുമാണ് ഞാൻ ഒരു മിലിട്ടറി ഓപ്പറേഷൻ നേരിട്ടുകാണുന്നത്’. അവർ ഇറങ്ങി, ഇരച്ചുകയറി, വെടിവെച്ചുതീർത്തു, ഫയലുകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തു, ബിൻലാദന്റെ ശരീരം വലിച്ചിഴച്ച് കൊണ്ടുപോയി, സ്ത്രീകളെയും കുട്ടികളെയും ചോദ്യംചെയ്തു. മക്‌റാവൻ അറിയിച്ചു:
‘GERONIMO ID'd...GERONIMO EKIA’
പോരാട്ടത്തിൽ ശത്രു കൊല്ലപ്പെട്ടു.
‘‘അത് ബിൻ ലാദൻ തന്നെയാണെന്ന്‌ ഉറപ്പുണ്ടോ?’’ -ഒബാമ മക്റാവനോട് ചോദിച്ചു.
‘‘പൂർണവിവരത്തിന് ഡി.എൻ.എ. ടെസ്റ്റ് ഫലം വരണം. ആറടി രണ്ടിഞ്ചാണ് ലാദന്റെ ഉയരം. എന്റെ സംഘത്തിൽ അതേ ഉയരമുള്ള ഒരാളെ മൃതദേഹത്തിനടുത്ത് കിടത്തി ഞാൻ അളക്കുകയാണ്’’ -മക്റാവൻ മറുപടികൊടുത്തു ‘‘ശരിക്കും? ഇത്രയൊക്കെ പ്ലാനിങ് നടത്തിയ നിങ്ങൾ അളവെടുക്കാനുള്ള ഒരു ടേപ്പ് കരുതാൻ മറന്നോ?’’ -ഒബാമ ചോദിച്ചു. ‘‘'ഒരുപാട് ദിവസങ്ങൾക്കുശേഷം ഞാൻ പറഞ്ഞ ലഘുവായ ഒരു തമാശ’’ -ഒബാമ എഴുതുന്നു.
ഓപ്പറേഷൻ കഴിഞ്ഞപ്പോൾ താൻ ആദ്യം വിളിച്ചത് മുൻ പ്രസിഡന്റ്‌ ജോർജ് ബുഷിനെയും ബിൽ ക്ലിന്റനെയുമായിരുന്നു എന്ന് എഴുതുന്നു ഒബാമ. ബുഷാണ് തുടങ്ങിെവച്ചത്, താൻ തീർത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, പാകിസ്താൻ പ്രസിഡന്റ്‌ അസിഫ് അലി സർദാരി എന്നിവരെയും വിളിച്ചറിയിച്ചു. തന്റെ മണ്ണിൽ താനറിയാതെനടന്ന ഓപ്പറേഷനെക്കുറിച്ചറിഞ്ഞ സർദാരി പറഞ്ഞു:
‘എന്തൊക്കെ തെറ്റുകുറ്റങ്ങളുണ്ടെങ്കിലും ഇതൊരു നല്ല വാർത്തയാണ്.’ തന്റെ പത്നി ബേനസീർ ഭൂട്ടോ ഭീകരരാൽ വധിക്കപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം അപ്പോൾ ഓർത്തു. ഒടുവിൽ ഒബാമയ്ക്ക് മാധ്യമങ്ങൾക്കുമുന്നിൽവന്ന് ബിൻ ലാദന്റെ മരണം ഔദ്യോഗികമായി ലോകത്തോട് പറയാനുള്ള സമയമായി. പലതവണ മിനുക്കലുകൾ വരുത്തിയ തന്റെ പ്രസ്താവനയിൽ അവസാനം അദ്ദേഹം വ്യക്തമായി എഴുതി:
‘അൽ ഖായിദയ്ക്ക് എതിരായ യുദ്ധം ഇസ്‌ലാമിനെതിരായ യുദ്ധമല്ല. മാത്രമല്ല, അമേരിക്ക ഒന്ന് തീരുമാനിച്ചാൽ, അത് ചെയ്തിരിക്കുമെന്ന് ലോകത്തെ ഓർമപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു. ഒരു രാജ്യമെന്നനിലയിൽ വലിയ കാര്യങ്ങൾ ചെയ്യാൻ അമേരിക്കയ്ക്ക് സാധിക്കും’. 
ഓപ്പറേഷൻ വിജയത്തിനുശേഷം തനിക്കുവന്ന ഒരു ഇ-മെയിൽ സന്ദേശത്തെക്കുറിച്ചും ഒബാമ ഓർക്കുന്നുണ്ട്. പേയ്ടൺ വാൾ എന്ന കൗമാരക്കാരിയായിരുന്നു അത് എഴുതിയത്. വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെടുമ്പോൾ അവൾക്ക് നാലുവയസ്സായിരുന്നു. അവളുടെ അച്ഛൻ ആ ടവറുകളിലൊന്നിലുണ്ടായിരുന്നു. അത് എരിഞ്ഞുവീഴുമ്പോൾ അച്ഛൻ വിളിച്ച അവസാനഫോൺകോൾ അവൾ ഓർക്കുന്നു, അതുകേട്ട് കരഞ്ഞ അമ്മയെയും. അവൾ പ്രിയപ്പെട്ട പ്രസിഡന്റിന് എഴുതി:
‘അച്ഛന്റെ ആ അവസാനവിളി എനിക്കും കുടുംബത്തിനും മറക്കാനാവില്ലെങ്കിലും അമേരിക്ക ഞങ്ങളെ 
മറന്നില്ല എന്ന് ഞങ്ങളിപ്പോൾ മനസ്സിലാക്കുന്നു. നന്ദി’

GO AHEAD
മക്റാവനായിരിക്കണം ഓപ്പറേഷൻ നിയന്ത്രണം. ദിവസവും സമയവും റെയ്ഡിന്റെ രീതികളും അദ്ദേഹത്തിന് നിശ്ചയിക്കാം.’’ ഉസാമ ബിൻലാദന് ‘ജെറോനിമോ’ എന്ന പേരും നൽകി. ഹെലികോപ്റ്റർ പ്രസിഡന്റിനെയും കുടുംബത്തെയും വഹിച്ച് പറന്നുയർന്നു


Content Highlights: A Promised Land, Barack Obama