ഇസ്‌ലാമിക് സ്റ്റേറ്റ് ആശയങ്ങൾ പ്രചരിപ്പിക്കുകയും തീവ്രവാദപ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുകയുംചെയ്ത അധ്യാപികയായ കാസർകോട് സ്വദേശിനി മുഹ്‌സിൻ വിയ്യൂരിലെ ടെറസ് പച്ചക്കറിത്തോട്ടത്തിൽനിന്ന്‌ ചാടി ആത്മഹത്യഭീഷണി മുഴക്കിയപ്പോഴാണ് സുരക്ഷാകാരണങ്ങൾ മാനിച്ച് കണ്ണൂരിലേക്ക് മാറ്റിയത്. നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന മുഹ്‌സിന്, താൻചെയ്യുന്നത് ദൈവികപ്രവൃത്തിയാണെന്നും നിയമം അനാവശ്യമായി തടവിലിട്ടിരിക്കയാണെന്നുമായിരുന്നുതോന്നൽ. സ്വയം ദേഹോപദ്രവമേൽപ്പിക്കുക, സഹതടവുകാരെ ഭീഷണിപ്പെടുത്തുക തുടങ്ങി ഒട്ടേെറ പരാതികളായിരുന്നു മുഹ്‌സിനെതിരേ ഉയർന്നത്. തീവ്രവാദി എന്ന പേരിൽ സഹതടവുകാർ പരിഹസിക്കുകയും തന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്ന മട്ടിൽ പെരുമാറുകയും ചെയ്യുന്നു എന്നാരോപിച്ച് മുഹ്‌സിൻ ബഹളമുണ്ടാക്കുന്നത് പതിവാക്കിയിരുന്നു. ഇത്തരക്കാരെ കൈകാര്യംചെയ്യാനുള്ള കൗൺസലിങ് സംവിധാനങ്ങൾ ജയിലറകളിൽ കുറവാണ്

ഭാഷയും ഭക്ഷണവും അന്യഭാഷാതടവുകാരും

ഇന്ത്യമാർഗം വിദേശത്തേക്ക് കൊക്കെയ്ൻ കടത്താൻശ്രമിച്ച കേസിൽ പിടിയിലായ സിംബാബ്‌വേക്കാരി സമ ആറുമാസമായി വിയ്യൂരിൽ വിചാരണത്തടവിൽ കഴിയുന്നു. ഭാഷയും ഭക്ഷണവുമാണ് സമയുടെ പ്രധാന പ്രതിസന്ധി. പരാതികളൊഴിഞ്ഞ നേരമില്ല. വിദേശതടവുകാരും അന്യസംസ്ഥാനക്കാരും തടവിലാക്കപ്പെടുമ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധി ഭാഷയും ഭക്ഷണവുമാണ്. ഇതുരണ്ടിനോടും അവർ സമവായത്തിലെത്താൻ സമയമെടുക്കും. ജയിലിൽ എത്തിപ്പെട്ട ആദ്യനാളുകളിൽ സമ ബ്രഡ്ഡിനെമാത്രം ആശ്രയിച്ചു. വേറെ ഭക്ഷണമൊന്നും കഴിക്കാൻപറ്റാത്തതിനാൽ ബ്രഡ് നിർദേശിക്കുന്നുവെന്ന് ജയിൽ ഡോക്ടറെക്കൊണ്ട് എഴുതി വാങ്ങുകയായിരുന്നു . ഫിലിപ്പീൻകാരിയായ നജയാണ് സമയെ ജയിൽഭക്ഷണവുമായി പൊരുത്തപ്പെടാൻ സഹായിച്ചത്. 

ഭാഷയാണ് മറ്റൊരു പ്രശ്നം. അന്യഭാഷാതടവുകാരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കിയെടുക്കാൻ സമയമെടുക്കും. അന്യസംസ്ഥാനക്കാരിൽ പലരും തൊഴിലാളികളായതിനാൽ അവരുടെ പ്രാദേശികഭാഷയല്ലാതെ ഇംഗ്ലീഷ് പറയാനോ മനസ്സിലാക്കാനോ പറ്റില്ല. വിദേശീയർക്കാവട്ടെ ഇന്ത്യൻ ഇംഗ്ലീഷ് മനസ്സിലാകുകയുമില്ല. പിന്നെയെല്ലാം മൗനമായ അഡ്ജസ്റ്റ്‌മെന്റാണ്. നാട്ടിലെ റിമാൻഡുകാരെയും അന്യസംസ്ഥാനക്കാരെയും ഒരുമിച്ചിടുമ്പോൾ സ്വാഭാവികമായും പ്രകോപനപരമായ പ്രശ്നങ്ങൾ സംഭവിക്കും. വീടും നാടും കുടുംബവും അകലെയാണല്ലോ എന്ന മാനുഷികപരിഗണനയാണ് അവിടെ ജയിലധികൃതർ നൽകുന്നത്. ‘‘കുറ്റവും ശിക്ഷയും കോടതിയാണ് തീരുമാനിക്കുന്നത്. ഇവിടെ വരുന്നവരെ സുരക്ഷിതരാക്കിയിരിക്കുക, അവർക്കുവേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുക,  ഗൈനക്കോളജിസ്റ്റിനെ വരുത്തുക, സൈക്യാട്രിസ്റ്റിനെ കാണിക്കുക, അല്ലാത്ത അസുഖങ്ങൾക്ക് ജയിൽ ഡോക്ടറെ കാണിക്കുക, ജയിൽജീവിതം മടുപ്പില്ലാതാക്കാൻ ജോലിചെയ്യിക്കുക, വായിക്കാനോ എഴുതാനോ ഉള്ള സൗകര്യം ചെയ്തുകൊടുക്കുക തുടങ്ങിയവയൊക്കെയാണ് മുന്നിലുള്ള മാർഗങ്ങൾ’’ -വിയ്യൂർ ജയിൽ സൂപ്രണ്ട് പറയുന്നു  

ആർത്തവം, വ്യക്തിശുചിത്വം, അമിത വൃത്തി

ആർത്തവകാലങ്ങൾ ശുചിത്വമുള്ളതാക്കാൻ സാനിറ്ററി നാപ്കിനുകളും സോപ്പുകളും ജയിലിൽനിന്ന്‌ നൽകുന്നുണ്ടെങ്കിലും മാനസികാസ്വാസ്ഥ്യമുള്ള തടവുകാരികൾ പലപ്പോഴും പ്രശ്നക്കാരാവുന്നത് ആർത്തവവേളയിലാണ്. നാപ്കിനുകൾ ഉപയോഗിക്കാൻ തയ്യാറാവാതെ, വ്യക്തിശുചിത്വം പാലിക്കാതെ, മറ്റുതടവുകാർക്കും ജയിലധികൃതർക്കും പരമാവധി ബുദ്ധിമുട്ടുണ്ടാക്കുന്നു ഇവർ. മൂഡ്സ്വിങ്, വിഷാദം, ചിന്ത പോലുള്ള പ്രശ്നങ്ങളും ഈ സമയങ്ങളിൽ അവരെ കൂടുതൽ അലട്ടും. അത് ഉൾക്കൊള്ളാതെയാണ് സഹതടവുകാരുടെ പെരുമാറ്റമുണ്ടാകുക. 

ആർത്തവകാലത്തെ ശുചിത്വമില്ലായ്മപോലെത്തന്നെ ജയിൽ അധികൃതർക്ക് തലവേദയുണ്ടാക്കുന്ന ഒന്നാണ് ചില അന്തേവാസികളുടെ അമിതവൃത്തിയും. മടക്കിയ തുണികൾ വീണ്ടും മടക്കിവെക്കുക, പത്തോളം പേർ ഒന്നിച്ചുതാമസിക്കുന്ന സെല്ലിൽ ബെഡ്ഡിൽ സഹതടവുകാരികൾ വന്നിരുന്നാൽ ഷീറ്റ് വൃത്തികേടായി എന്നാരോപിച്ച് പ്രശ്നമുണ്ടാക്കുക, ഉപയോഗിക്കുന്ന ഗ്ലാസ്, പ്ലേറ്റ്, സോപ്പ്  തുടങ്ങിയവയുടെ ശുചിത്വത്തിൽ സദാ സംശയം വെച്ചുപുലർത്തുക, മണിക്കൂറുകൾ ഇടവിട്ട് കുളിച്ചുകൊണ്ടിരിക്കുക തുടങ്ങിയ ഒബ്‌സസീവ് കംപൽസറി ഡിസോർഡറുകളുള്ള തടവുകാരികൾ മറ്റുള്ളവരുമായി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും വാക്കേറ്റത്തിലാണ് അവസാനിക്കാറ്. 

ഗർഭവും പ്രസവവും ശുശ്രൂഷയും

മോഷണം, മയക്കുമരുന്ന്, കള്ളക്കടത്ത് തുടങ്ങിയ കേസുകളിൽ സ്ത്രീകൾ പിടിക്കപ്പെടുമ്പോൾ അവരിൽ ഇരുപത്തഞ്ച് ശതമാനം പേരെങ്കിലും ഗർഭിണികളായിരിക്കും. തടവുകാലത്തെ ഗർഭവും പ്രസവവും തുടർ പരിചരണങ്ങളുമെല്ലാം ജയിലധികാരികൾതന്നെയാണ് ഏറ്റെടുത്ത് നടത്തേണ്ടത്. സർക്കാർ ആശുപത്രികളിൽ പോലീസ് കാവലോടെ മികച്ച പരിചരണം അമ്മയ്ക്കും കുഞ്ഞിനും ലഭ്യമാക്കേണ്ടതുണ്ട്. പ്രസവശേഷമുള്ള ആദ്യത്തെ നാളുകളിൽ കുളിക്കാനും തുണികൾ അലക്കാനും ഭക്ഷണം എടുത്തുകൊടുക്കാനുംമറ്റും തടവുകാരിയെ സഹായിക്കാനായി ഒാരോ ജയിലിലെയും പ്രായമായ തടവുകാരി മുന്നോട്ടുവരും. അങ്ങനെയാരും തയ്യാറാവുന്നില്ലെങ്കിൽ പറ്റിയ ആളെ തിരഞ്ഞെടുത്ത് അവരെ മാനസികമായി അതിന്‌ തയ്യാറാക്കുകയാണ് പതിവ്. 28 ദിവസമാണ് ഇത്തരം സഹായങ്ങൾ നിർബന്ധപൂർവം ചെയ്യിപ്പിക്കുക.  ജയിൽപരിധിക്കപ്പുറത്തെ െചലവുകൾ വരുമ്പോൾ ഇത്തരം തടവുകാർക്ക് പണത്തിനായി വീട്ടുകാരെ ആശ്രയിക്കേണ്ടിവരുന്നു. വീട്ടിൽനിന്ന്‌ പണം ലഭിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടാവാറുമില്ല. 

മരണം, ആത്മഹത്യശ്രമം

നാലുവർഷത്തിൽ ഒന്ന് എന്നനിരക്കിൽ വനിതാജയിലുകളിൽ മരണങ്ങൾ നടക്കുന്നുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിൽ മരണംനടക്കുമ്പോൾ ഉടൻതന്നെ ബന്ധപ്പെട്ടവരെ അറിയിക്കുകയും പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കുശേഷം ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ അവർക്ക്‌ വിട്ടുകൊടുക്കുകയോ അല്ലെങ്കിൽ പൊതുശ്മശാനത്തിൽ സംസ്കരിക്കുകയോ ആണ് പതിവ്. വയസ്സിനനുസൃതമായ മെഡിക്കൽ പരിശോധനകളും സ്കാനിങ്ങും ബയോപ്സിയുമെല്ലാം മുറപോലെ ഇവിടെയും നടത്തും. ഗുരുതരമായ അസുഖങ്ങൾ കണ്ടുപിടിക്കപ്പെടുമ്പോൾ സർക്കാർ ആശുപത്രികളിൽ ലഭ്യമായ വിദഗ്ധചികിത്സയും ഇവർക്ക് കൊടുക്കുന്നു. മരണത്തെക്കാൾ വെല്ലുവിളിയാണ് ചെറുപ്പക്കാരായ തടവുകാരികളുടെ ആത്മഹത്യശ്രമങ്ങൾ. ജയിൽവാസത്തിന്റെ ഒരു ഭാഗംമാത്രമായി ആത്മഹത്യശ്രമം മാറുന്നതിനുകാരണം ഇത് സാധാരണമായിക്കൊണ്ടിരിക്കുന്നു എന്നതാണ്. ശ്രദ്ധകേന്ദ്രീകരിക്കൽ പ്രവണതയാണ് പ്രധാനമായും ആത്മഹത്യശ്രമങ്ങൾക്കുപിന്നിൽ നടക്കുന്നത്. തീർത്തും അകപ്പെട്ടുപോയി എന്ന ചിന്ത ആത്മഹത്യയിലേക്കാണ് തടവുകാരിയെ നയിക്കുന്നത്.
(തുടരും)
ഈ കുറിപ്പിലെ പേരുകൾ യഥാർഥമല്ല