സഹോദരനെ ആസിഡൊഴിച്ചുകൊന്ന കേസിൽ പതിന്നാലുവർഷമായി വിയ്യൂരിൽ തടവുശിക്ഷയനുഭവിച്ചുവരുന്ന ലിസി ചാക്കോ തന്റെ അമ്മ മരണപ്പെട്ടതും രണ്ടാമത്തെ സഹോദരൻ രണ്ടുവർഷംമുമ്പ് ആക്‌സിഡന്റിൽ മരിച്ചതും അറിഞ്ഞത് അടുത്തിടെ ഉപയോഗിക്കാൻ തുടങ്ങിയ ഫോൺബന്ധത്തിലൂടെയാണ്. കഴിഞ്ഞ പതിന്നാലുവർഷക്കാലം ബന്ധുക്കളുമായി ഒരു ബന്ധവും പുലർത്താതെ, സന്ദർശകരായി ആരുമില്ലാതെ ജയിലിൽക്കഴിഞ്ഞ ലിസി ഉറ്റവരുടെ സ്വരം കേട്ടപ്പോൾമുതൽ തിരികെ വീട്ടിലേക്ക് പോകണമെന്ന ആഗ്രഹത്തിലാണ്. പതിന്നാല് വർഷം തടവ് അനുഭവിച്ചതിനാൽ ജയിൽ റിവ്യൂ കമ്മിറ്റിക്കുമുമ്പാകെ ലിസിയുടെ വിടുതൽകാര്യം പരിഗണനയിൽവെച്ചു. ലിസിയുടെ പരോളുമായി ബന്ധപ്പെട്ട് ഉത്തരവാദപ്പെട്ടവരെ അറിയിച്ചപ്പോൾ കിട്ടിയ മറുപടി വീട്ടുകാർ ലിസിയെ ഏറ്റെടുക്കാൻ തയ്യാറല്ല എന്നാണ്. മുപ്പത്തിമൂന്നാമത്തെ വയസ്സിൽ കൊലപാതകക്കേസിൽ അകത്താകുമ്പോൾ തകരാറിലായ മാനസികാരോഗ്യം കൂടിയാണ് പ്രശ്നം. ലിസിയുടെ പ്രണയത്തെച്ചൊല്ലിയുള്ള തർക്കത്തിലാണ് സഹോദരൻ കൊല്ലപ്പെട്ടത്. കമിതാവ് വേറെ വിവാഹം കഴിച്ചതും അമിതമദ്യപാനം കാരണം കരൾരോഗം ബാധിച്ച് മരണപ്പെട്ടതും ലിസി അറിഞ്ഞത് ഈയിടെയാണ്. പുറത്തിറങ്ങണമെങ്കിൽ മാനസികാരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പക്ഷേ, ഫിറ്റ്‌നസ് ടെസ്റ്റ് നടത്താൻ ലിസി തയ്യാറല്ല. ഫലം തനിക്കനുകൂലമല്ലാതിരിക്കുമോ എന്ന ഭയമാണ് കാരണം.

ഇരുപത്തിയഞ്ചുകാരിയായ അസ്മ നാലുവർഷമായി വിയ്യൂരിൽ തടവിൽ കഴിയുന്നു. പത്തൊമ്പതാം വയസ്സിൽ വിവാഹിതയായെങ്കിലും ബന്ധമവസാനിപ്പിച്ചു തിരികെ വീട്ടിലേക്കുപോന്നു. സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരഭാര്യയെ റബ്ബർപ്പാലിലൊഴിക്കാൻവെച്ചിരുന്ന ആസിഡൊഴിച്ച് കൊലപ്പെടുത്തി. മാനസികാസ്വാസ്ഥ്യത്തിന്‌ ഡോക്ടർ ചികിത്സ നിർദേശിച്ചെങ്കിലും മരുന്നുകഴിക്കാൻ തയ്യാറല്ല.

അവിവാഹിതയായ തന്റെ സ്വത്തുകൂടി സഹോദരന് കൊടുക്കേണ്ടിവരുമോ എന്ന ആശങ്കകാരണം പത്തുവയസ്സുകാരനായ മരുമകനെ കഴുത്തറുത്തുകൊന്ന അറുപതുകാരി മോളി, ബുദ്ധിമാന്ദ്യമുള്ള പ്രായപൂർത്തിയാവാത്ത മകളെ പണം വാങ്ങി പീഡനത്തിനിരയാക്കാൻ ബലമായി പിടിച്ചുവെച്ചുകൊടുക്കുമ്പോൾ മകൾ കൊല്ലപ്പെട്ട നാൽപ്പത്തിയെട്ടുകാരി ആയിഷ, വിവാഹേതരബന്ധത്തിൽ കുഞ്ഞു പിറന്നയുടൻ അഭിമാനപ്രശ്നത്താൽ ശ്വാസംമുട്ടിച്ചുകൊന്ന രമ തുടങ്ങി മാനസികാസ്വാസ്ഥ്യമുള്ള തടവുകാരും ഏറെയാണ്.     

വിയ്യൂരിലെ തടവുകാരിൽ പത്തിൽ എട്ടുപേരും മാനസികാരോഗ്യമുള്ളവരല്ല. തിരുവനന്തപുരത്ത് തടവിൽ കഴിയുന്ന ഒരാളും റിമാൻഡിലുള്ള രണ്ടുപേരും മാനസിക രോഗത്തിന്‌ ചികിത്സയിലുള്ളവരാണ്‌. കണ്ണൂരിലെ തടവുകാരിൽ രണ്ടുപേരും റിമാൻഡ്‌ പ്രതികളിൽ മൂന്നുപേരും ഇത്തരത്തിൽ ചികിത്സയിൽ കഴിയുന്നവരാണ്‌.

കുറ്റകൃത്യത്തിലേർപ്പെടുമ്പോൾത്തന്നെ മാനസികാസ്വാസ്ഥ്യങ്ങളുള്ളവരും എന്നാൽ, അതുവരെ മരുന്നുകൾ കഴിക്കാത്തവരുമാണ് പകുതിയിലധികംപേരും. മാനസികാരോഗ്യ സർട്ടിഫിക്കറ്റിനായി ഹാജരാക്കുമ്പോഴാണ് പ്രശ്നം മനസ്സിലാവുന്നത്. ഭർത്തൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ ജയിലിലെത്തിയ നാൽപ്പത്തൊമ്പതുകാരിയുടെ തൈറോയ്ഡ് ടെസ്റ്റ് ചെയ്തപ്പോഴാണ് അവരുടെ കൃത്യത്തിനു പിന്നിലെ ഹോർമോൺ പങ്കാളിത്തം മനസ്സിലാക്കാൻ കഴിഞ്ഞത്.

 പോസ്റ്റ്പാർട്ടം സൈക്കോസിസും അമ്മത്തടവുകാരും
നവജാതശിശുക്കളെ കൊലപ്പെടുത്തുന്ന അമ്മമാരിൽ പോസ്റ്റ്പാർട്ടം സൈക്കോസിസ് ലക്ഷണങ്ങൾ കാണാം. പ്രസവശേഷം വരുന്ന മാനസികമായ സ്വസ്ഥതയില്ലായ്മ എന്ന വ്യാഖ്യാനത്തിലേക്ക് ചുരുക്കപ്പെട്ടുപോയ ഒന്നാണ് പോസ്റ്റ്പാർട്ടം സൈക്കോസിസ്. ശിക്ഷാമാനദണ്ഡങ്ങളായി സ്വീകരിക്കുന്ന മാനസികാരോഗ്യ പരിശോധനകളിൽ പോസ്റ്റ്‌പാർട്ടം സൈക്കോസിസുകാർ നോർമൽ മൈൻഡ് ഉള്ളവരായി സർട്ടിഫൈ ചെയ്യപ്പെടുന്നതുകാരണം അവർ ശിക്ഷിക്കപ്പെടുകയും തുടർചികിത്സകൾ നേടാതെപോകുകയും ചെയ്യുന്നു. വിഷാദരോഗമാണ് പിന്നെ ഇത്തരക്കാരെ കാത്തിരിക്കുന്നത്. ആർത്തവകാലത്തും പെരിമെനപ്പോസ് കാലത്തും തീവ്രമായ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവർ ശാരീരിക ശുചിത്വം പാലിക്കാതെ പെരുമാറുന്നതും സഹതടവുകാരുമായി സംഘർഷത്തിലേർപ്പെടുന്നതും വനിതാ ജയിലുകളിൽ സാധാരണയാണ്.

ജയിലിലെ മനോരോഗ വിദഗ്ധരുടെ ചികിത്സയെ അവഗണിക്കുന്നവരുടെ മാനസികാസ്വാസ്ഥ്യം തീവ്രമാവുമ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം മാനസികാരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റാതെ നിവൃത്തിയില്ല. ഇത്തരത്തിൽ മൂന്ന് വനിതാ തടവുകാർ കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിലും രണ്ടുപേർ തൃശ്ശൂർ മാനസികാരോഗ്യകേന്ദ്രത്തിലും വർഷങ്ങളായി ചികിത്സയിലാണ്.

അറുപത്തിമൂന്നുകാരിയായ മണിയമ്മ അയൽക്കാരിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ഒത്താശചെയ്തുകൊടുത്ത കേസിൽ പോക്‌സോ ആക്ട് പ്രകാരം തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ ഏഴുവർഷം തടവുശിക്ഷ അനുഭവിച്ചുവരുകയാണ്. അമ്പതുവയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് പരോൾ അനുവദിക്കാനുള്ള സാഹചര്യം നിലവിലുണ്ടെങ്കിലും തനിക്ക് പരോൾ വേണ്ടാ എന്നെഴുതിക്കൊടുത്തു, മണിയമ്മ. കോട്ടയംകാരിയായ മണിയമ്മയെ ജയിലിൽവന്ന് കൂട്ടിക്കൊണ്ടുപോകാൻ ആരുമില്ല. മാത്രമല്ല പോയാൽത്തന്നെ പരോൾ കഴിഞ്ഞാൽ തിരികെവരണം. അതിനുള്ള ശാരീരികാവസ്ഥ ഇപ്പോളില്ല. ജയിലിൽനിന്നും എന്നന്നേക്കുമായി വിട്ടാൽ എവിടെയെങ്കിലും പോയി ജീവിച്ചോളാം, അതിനുള്ള സഹായം ചെയ്തുതരുമോ എന്നാണ് മണിയമ്മ ജയിൽ ഉദ്യോഗസ്ഥരോട് ചോദിക്കുന്നത്.

ജയിൽവാസം വീട്ടിൽനിന്ന്‌ അകറ്റുമ്പോൾ
പരോൾ പരിഗണനയിലുള്ള പല വനിതാ തടവുകാരുടെയും വീടുകളുമായി ബന്ധപ്പെടുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നം ഏറ്റെടുക്കാൻ തയ്യാറാവാത്ത ബന്ധുക്കളാണ്. തിരികെച്ചെന്നാൽ മക്കൾ നാടുവിടും എന്ന ഭീഷണിയാണ് അമ്പത്തിമൂന്നുകാരിയായ തടവുകാരിക്ക്‌ കിട്ടിയ മറുപടി.  അമ്മ-മക്കൾ ബന്ധത്തിൽ തടവുകാലം സൃഷ്ടിച്ച വിള്ളലും കാലാനുസൃതമായ ജീവിതാന്തരീക്ഷവുമാണ് പലപ്പോഴും മക്കളെ ഇത്തരത്തിൽ പെരുമാറാൻ പ്രേരിപ്പിക്കുന്നത്. സഹോദരി തിരികെവന്നാൽ കൈവശം വെച്ചുകൊണ്ടിരിക്കുന്ന സ്വത്തുക്കൾ വീതംവെക്കേണ്ടിവരുമോ എന്ന ഭയമുള്ള സഹാദരങ്ങളുമുണ്ട്. പരോൾ ആയാലും വിടുതൽ ആയാലും ഏറ്റെടുക്കാൻ ബന്ധുക്കൾ വരണമെന്ന ധാർമികമായ നിലപാട് വനിതാ ജയിലുകൾ കൈക്കൊള്ളുന്നുണ്ട്. വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ സ്ത്രീകൾ പുറത്തേക്കയക്കപ്പെടുമ്പോൾ സുരക്ഷിതരായിരിക്കണം എന്ന ഉദ്ദേശ്യമാണ് ഇതിനുകാരണം. സർക്കാർ ഉടമസ്ഥതയിൽ മഹിളാമന്ദിരങ്ങളുണ്ടെങ്കിലും തിരികെ കുടുംബത്തിലേക്കുപോകാനുള്ള ആഗ്രഹമാണ് പലരും പ്രകടിപ്പിക്കുക. തങ്ങൾ തിരസ്‌കരിക്കപ്പെട്ടു എന്ന് തിരിച്ചറിയുമ്പോൾ ശിഷ്ടകാലം ജയിലിൽത്തന്നെ കഴിയാം എന്ന മനഃസ്ഥിതിയിലേക്ക് അവർ എത്തുന്നു. കുടുംബമല്ലാത്ത മറ്റേതൊരു സ്ഥാപനത്തിലെത്തിയാലും തങ്ങൾ തടവുപുള്ളികളായിത്തന്നെ ചിത്രീകരിക്കപ്പെടുമോ എന്ന ആശങ്കയാണ് മഹിളാമന്ദിരങ്ങൾപോലുള്ള സ്ഥാപനങ്ങളെ തടവുകാരികൾ നിരസിക്കുന്നതിന്‌ കാരണം.

 ഉപാധികളോടെ സ്വീകരിക്കപ്പെടുന്നവർ
വീട്ടുവേല ചെയ്തയിടത്തെ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയ പാലക്കാട്ടുകാരി മല്ലിക ജീവപര്യന്തം തടവുകാലയളവിൽ അനുവദിക്കപ്പെട്ട പരോളുകളിലെല്ലാംതന്നെ തന്റെ മക്കളോടൊപ്പം കഴിഞ്ഞു. മാസാമാസം മല്ലിക ജയിലിൽനിന്ന്‌ അയച്ചുകൊടുത്ത പണംകൊണ്ടാണ് വീട് കഴിഞ്ഞിരുന്നത് എന്നതുതന്നെയായിരുന്നു കാരണം. അമ്മ ജയിലിലായതോടെ പെൺമക്കൾ പഠിപ്പുനിർത്തി, താമസിയാതെ ഉൾനാടൻ പ്രദേശത്തിലേക്ക് താമസവും മാറ്റി. മക്കളുടെ വിവാഹത്തിനും മല്ലിക പങ്കെടുത്തു.

പണം മുറിവുകൾ മായ്ക്കാൻ ഏറ്റവും മികച്ച ഉപാധിയാവുന്നത് ഇത്തരത്തിലാണ്. മല്ലികയെ ആശ്രയിക്കാതെ കുടുംബത്തിന് മുന്നോട്ടുപോകാൻ കഴിയാതെവന്നപ്പോൾ അവർ എവിടെയിരുന്നാലും പ്രശ്നമില്ലാതായി. കായംകുളത്തുകാരി ലീലാമ്മ  ഭർത്താവിനെ കൊന്ന കേസിൽ പതിന്നാലര വർഷമായി തടവിൽ കഴിയുന്നു. അമ്പത് കഴിഞ്ഞൂ പ്രായം. ലീലാമ്മയുമായി മകൾ നല്ലബന്ധം സൂക്ഷിക്കുന്നു. പരോളിൽ ഇറങ്ങിയപ്പോൾ നാട്ടിൽപ്പോകാതെ മകളും കുടുംബവും താമസിക്കുന്നിടത്തേക്കാണ് ലീലാമ്മ പോയത്. (തുടരും)
ഈ കുറിപ്പിലെ പേരുകൾ യഥാർഥമല്ല