അകത്താണ് അമ്മ: 2

മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടയിലെ ജോലിക്കാരിയായിരുന്ന കായംകുളം സ്വദേശിനിയായ ഇരുപത്തിനാലുകാരി സോജി  ആറുമാസത്തെ തടവിന്റെ നാലുമാസം പൂർത്തിയാക്കിയ ആശ്വാസത്തിലാണ്. കടയിലെ സ്ഥിരം സന്ദർശകനായ യുവാവ് സൂക്ഷിക്കാൻതന്ന പ്ലാസ്റ്റിക് കവറുകൾ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടിയപ്പോഴാണ് കിലോക്കണക്കിന് കഞ്ചാവുപാക്കറ്റുകളാണ് താൻ സൂക്ഷിച്ചുകൊണ്ടിരുന്നതെന്ന് സോജിയറിയുന്നത്. വിദേശത്ത് ജോലിചെയ്യുന്ന ഭർത്താവ്, ഒന്നരവയസ്സ് തികയാത്ത പെൺകുഞ്ഞ്, ബന്ധുക്കൾ, മാതാപിതാക്കൾ... ഇവരെയെല്ലാം എങ്ങനെ അഭിമുഖീകരിക്കും എന്ന ഉത്കണ്ഠ വിഷാദത്തിലേക്കാണ് സോജിയെ എത്തിച്ചത്. കുഞ്ഞിനെ ജയിലിലേക്ക് കൂടെക്കൂട്ടാൻ ബന്ധുക്കൾ അനുവദിച്ചില്ല. അതോടെ അമ്മയും കുഞ്ഞും ഒറ്റപ്പെട്ടു. ഫോണിൽക്കൂടി അമ്മയുടെ ശബ്ദം കേൾക്കുമ്പോൾ അലറിക്കരയുന്ന കുഞ്ഞും അതിലും അലമുറയിട്ടുകരയുന്ന സോജിയും സഹതടവുകാരുടെ പരിഹാസപാത്രമായി.  

വയനാട്ടിൽനിന്ന്‌ വലിയ അളവിൽ മയക്കുമരുന്നുമായാണ് ആന്ധ്രാ സ്വദേശിനിയായ ജയ  പോലീസ് പിടിയിലാവുന്നത്.  അറസ്റ്റിലാകുമ്പോൾ ഗർഭിണിയായിരുന്നു ഈ ഇരുപത്തിയാറുകാരി. വിചാരണത്തടവിൽ രണ്ടുവർഷം പിന്നിട്ടപ്പോൾ ഒരു പെൺകുഞ്ഞുകൂടി ജയയോടൊപ്പം കണ്ണൂർ വനിതാ ജയിലിൽ കഴിയുന്നുണ്ട്. ബെംഗളൂരുവിൽനിന്ന്‌ മയക്കുമരുന്ന് കേരളത്തിലെ നിശാപാർട്ടികളിലേക്കെത്തിക്കുന്നവരുടെ സംഘത്തിലെ കണ്ണിയായിരുന്നു ജയ. മുഴുവൻ പ്രതികളെയും പിടികൂടാനായെങ്കിൽ മാത്രമേ കോടതിനടപടികൾ പുരോഗമിക്കുകയുള്ളൂ. വിചാരണ കഴിഞ്ഞാലും ശിക്ഷ ഉറപ്പിക്കാവുന്ന കുറ്റമാണ്. ശിക്ഷാത്തടവുകാരുടെയും റിമാൻഡ്‌ പ്രതികളുടെയും ഇടയിൽ വളരുന്ന രണ്ടരവയസ്സുകാരിയുടെ സെല്ലിനപ്പുറത്തെ കാഴ്ചകളിലെ അദ്‌ഭുതമെന്നത് പന്ത്രണ്ടോളം പശുക്കളുള്ള കണ്ണൂർ ജയിലിലെ ഡെയറി ഫാം മാത്രമാണ്.  

അതിർത്തിക്കിപ്പുറം ആരുണ്ട്

ഒന്നരവയസ്സുകാരനായ ഇഷാൻ  വിയ്യൂരിലെ വനിതാ ജയിലിൽ അമ്മയ്ക്കൊപ്പമാണ്. ബംഗ്ലാദേശുകാരിയായ അമ്മയോടൊപ്പം ഇഷാന്റെ അമ്മൂമ്മയും അവരുടെ നാലുവയസ്സുകാരിയായ മകൾ നമിതയും വിയ്യൂരിലുണ്ട്. ഇഷാന്റെ അച്ഛനും മുത്തച്ഛനും അമ്മാവന്മാരും ഒരു മതിൽ അപ്പുറത്തുള്ള സെൻട്രൽ ജയിലിൽ തടവിലാണ്. മതിയായ രേഖകളില്ലാതെ രാജ്യാതിർത്തികടന്ന് ജോലിതേടി കേരളത്തിലെത്തിയതാണ് ഇഷാന്റെ കുടുംബം. ഭാഷയറിയില്ല, ജാമ്യം ലഭിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഒരു രേഖകളും കൈയിലില്ലാത്തതാണ് പ്രശ്നം. ബംഗ്ളാദേശിലുള്ള തങ്ങളുടെ ബന്ധുക്കൾക്ക് ഇന്ത്യയിലെത്തി കേസുനടത്താനുള്ള ശേഷിയുമില്ല. ഒന്നരവർഷം കഴിഞ്ഞ്‌ റിമാൻഡിലായിട്ട്. റിമാൻഡ്‌ നീണ്ടുപോകുകയാണെങ്കിൽ അമ്മമാർക്കൊപ്പം അധികകാലം കഴിയാൻ നമിതയ്ക്കും ഇഷാനും സാധിക്കില്ല. കുഞ്ഞുങ്ങളെ ആറുവയസ്സുവരെ മാത്രമേ തടവുകാരോടൊപ്പം കഴിയാൻ അനുവദിക്കുകയുള്ളൂ. ആറുവയസ്സുകഴിഞ്ഞാൽ ഏറ്റെടുക്കാൻ ഉത്തരവാദപ്പെട്ട ബന്ധുക്കൾ വന്നിട്ടില്ലെങ്കിൽ സർക്കാർ ഉടമസ്ഥതയിലുള്ള ജുവനൈൽ ഹോമുകളെ ആശ്രയിക്കേണ്ടിവരും. മതിയായ രേഖകളില്ലാതെ നേപ്പാളുകാരായ അമ്മയും കുഞ്ഞുംകൂടി വിയ്യൂരിൽ കഴിയുന്നുണ്ട്.

തടവറയിലെ കുഞ്ഞുങ്ങൾ

പിടിക്കപ്പെടുമ്പോൾ ഗർഭിണിയായിരിക്കുന്നവരും കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറല്ലാത്തവരുമാണ് തങ്ങളുടെ കുഞ്ഞുങ്ങളെയും ജയിൽ അന്തരീക്ഷത്തിൽ വളർത്താൻ നിർബന്ധിതരാവുന്നത്. അമ്മയ്ക്കൊപ്പം അകത്താവുന്നവരിൽ വലിയൊരു വിഭാഗം നാടോടികളും അന്യസംസ്ഥാനക്കാരും അയൽരാജ്യങ്ങളിൽനിന്ന്‌ അനധികൃതമായി എത്തിപ്പെട്ടവരുമാണ്. കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് നിരന്തരം ഡോക്ടർമാരുടെ സേവനങ്ങളും മറ്റും ആവശ്യമാണ്.

അമ്മയ്ക്കൊപ്പം അകത്താവുന്ന കുഞ്ഞുങ്ങളുടെ പ്രായം കണക്കിലെടുത്ത്‌ പ്രത്യേക ക്രഷ് സംവിധാനങ്ങൾ ഓരോ വനിതാ ജയിലിലുമുണ്ട്. പക്ഷേ, കുഞ്ഞുങ്ങളുമായി വിനോദത്തിലേർപ്പെടാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല പലപ്പോഴും അമ്മമാർ. ഒരു കുഞ്ഞിന്റെ പ്രാഥമിക മാനസിക-ശാരീരിക വളർച്ചഘട്ടങ്ങളിൽ ജയിൽവാസത്തിലൂടെ കടന്നുപോകുമ്പോൾ സംഭവിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളുമുണ്ട്. അമ്മയ്ക്കും കുഞ്ഞിനുമായി പ്രത്യേക സെൽ സംവിധാനങ്ങളില്ല. സഹതടവുകാരുടെ മാനസികമായ ആരോഗ്യപ്രശ്നങ്ങൾ കുഞ്ഞിന് ഹാനികരമായി ഭവിക്കാൻ സാധ്യതയേറെയാണ്. കൃത്യമായ പോഷകാഹാരങ്ങൾ ലഭ്യമാക്കണം. നാലു വയസ്സുമുതൽ കിന്റർഗാർട്ടൺ സമ്പ്രദായത്തിലേക്ക് കുഞ്ഞിനെ കൊണ്ടുവരണം. അമ്മയുടെ മാനസികാരോഗ്യം മോശമാണെങ്കിൽ ജീവഹാനിവരെ കുഞ്ഞിന് സംഭവിക്കാം. ജയിലിൽ അനുവദിക്കപ്പെട്ട ഭക്ഷണക്രമങ്ങൾക്കുപുറമേയുള്ള ആഹാരങ്ങൾ കുഞ്ഞിനു ലഭ്യമാകണമെങ്കിൽ അമ്മ ജോലിചെയ്യണം. മുലയൂട്ടുന്ന അമ്മമാർക്ക് ജോലിചെയ്യാൻ പരിമിതികളുണ്ട്. ജയിൽ സംവിധാനത്തിൽ തങ്ങളുടെ ശൈശവവും ബാല്യത്തിന്റെ ആദ്യവർഷങ്ങളും ചെലവഴിക്കപ്പെടുന്ന കുട്ടികൾ പിന്നീട് നേരിടേണ്ടിവരുന്ന മാനസികപ്രശ്നങ്ങളും ഒട്ടേറെയാണ്.

ഓട്ടിസമുള്ള മകൻ, തിരികെവിളിക്കാത്ത ഭർത്താവ്

നാൽപ്പതുദിവസം പ്രായമായ കുഞ്ഞിനെ കുളിപ്പിച്ചുകൊണ്ടിരിക്കെ കഴുത്തുഞെരിച്ചുകൊന്ന കേസിലാണ് മുപ്പതുകാരിയായ റീന  ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടത്. റീനയുടെ അമ്മയും സഹോദരനും നേരത്തേ ആത്മഹത്യചെയ്തതാണ്. പത്തുവയസ്സുകാരനായ മൂത്തമകന് ഓട്ടിസമാണ്. കുഞ്ഞുങ്ങളെയും കൊന്ന് ആത്മഹത്യചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് റീന തടവിലാകുന്നത്. സഹതടവുകാർക്കെല്ലാം പരോൾ ലഭിക്കുന്നത് കാണുമ്പോൾ തനിക്കും മകനോടൊപ്പം കഴിയണമെന്ന് കാണിച്ച് റീന അപേക്ഷകൊടുത്തു. പരോളിന് റീന അർഹയാണെങ്കിലും ഏറ്റെടുക്കാൻ ഭർത്താവ് തയ്യാറല്ല. വീട്ടിലെത്തിയാൽ അസുഖമുള്ള മകനെയും കൊന്ന് ആത്മഹത്യചെയ്താലോ എന്ന ഭയത്തിലാണ് ഭർത്താവ്. ജയിലിലാണ് ഭാര്യ സുരക്ഷിത  എന്ന അയാളുടെ നിലപാട് റീനയെ ഇതുവരെ അറിയിച്ചിട്ടില്ല ജയിൽ അധികൃതർ. വീട്ടുകാരുമായും ഭർത്താവുമായും നല്ല ബന്ധം പുലർത്തുന്ന റീന മകനെ കാണാൻ വീഡിയോ കോളും ആവശ്യപ്പെടാറുണ്ട്. വൈകാതെതന്നെ തന്റെ മകനോടൊപ്പം കഴിയാം എന്ന പ്രതീക്ഷയിലാണ് റീന.

കുഴൽപ്പണം, സ്വർണക്കടത്ത്, എൻഫോഴ്‌സ്‌മെന്റ്

അധ്യാപികയായ റോഷ്‌നിയുടെ ശരീരത്തിൽനിന്നും മൂന്നുലക്ഷം രൂപയാണ് എൻഫോഴ്‌സ്‌മെന്റ് വീട്ടിൽ നടത്തിയ മിന്നൽ റെയ്ഡിൽ പിടിച്ചെടുത്തത്. ഭർത്താവിന്റെ ഇടപാടുകൾ പിടിക്കപ്പെടുമെന്നായപ്പോൾ കുഴൽപ്പണം ഭാര്യയുടെ ശരീരത്തിൽ ഒളിപ്പിച്ചു. കള്ളപ്പണം കൈവശംവെച്ചതിന് റോഷ്‌നി വിചാരണത്തടവിലുമായി. പലതവണ ജാമ്യാപക്ഷേ നൽകിയെങ്കിലും കുഴൽപ്പണസംഘത്തിലെ മുഴുവൻപേരെയും പിടികൂടിയാലേ കോടതിയിൽ കേസ് പരിഗണിക്കുകയുള്ളൂ. പത്തും പന്ത്രണ്ടും വയസ്സുള്ള റോഷ്‌നിയുടെ മക്കൾ അമ്മയ്ക്കു വന്നുപെട്ട ദുരിതം കാരണം ബന്ധുക്കളുടെ വീട്ടിലാണ് കഴിയുന്നത്. ഊർജസ്വലയായി ജയിലിലെ ബേക്കറി നിർമാണ യൂണിറ്റുകളിലും മറ്റും ഓടിനടക്കുകയാണ് റോഷ്‌നി. അകത്താക്കപ്പെട്ടതിനെക്കുറിച്ച് ചിന്തിച്ചാൽ പിന്നെ കുടുംബം തകരുമെന്നാണ് റോഷ്‌നി പറയുന്നത്.

പ്രമാദമായ സ്വർണക്കടത്ത് കേസിലുൾപ്പെട്ട വിചാരണത്തടവുകാരിയും കൂടത്തായ് കൊലപാതകസീരീസിലെ പ്രതിയും വർധിച്ചതോതിലുള്ള മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തങ്ങൾ അതുവരെ ജീവിച്ച സാമൂഹിക, സാമ്പത്തികാന്തരീക്ഷത്തിൽനിന്നുള്ള പറിച്ചുനടൽ ഉൾക്കൊള്ളാൻ കഴിയാതെയാവുന്നു ഇവർക്ക്. സാമ്പത്തികമായി ഉയർന്ന പിൻബലമുള്ള തടവുകാരികളുടെ മക്കൾ ബന്ധുക്കളാൽ സംരക്ഷിക്കപ്പെടുമ്പോൾ നിസ്സഹായരായ കുഞ്ഞുങ്ങൾ ചോദ്യചിഹ്നമാകുന്നത് സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങൾക്കാണ്. തടവുകാരികളിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ള കുടുംബങ്ങളിൽനിന്നുള്ളവരുമാണ്.  (തുടരും)


അമ്മത്തടവുകാരും ജുവനൈൽ ജസ്റ്റിസ് ആക്ടും

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പംപോയ ഇരുപത്തിരണ്ടുകാരിയും ഒരുവയസ്സുള്ള കുഞ്ഞിന്റെ അമ്മയുമായ നിഷ ആറുമാസം തടവുശിക്ഷ അനുഭവിക്കുന്നത് കുഞ്ഞിന് അമ്മയെന്ന അവകാശം നിഷേധിച്ചതിനാൽ ആണ്‌. സോഷ്യൽ മീഡിയക്കാലത്ത് വിവാഹേതരപ്രണയബന്ധങ്ങൾ കൂടുകയും കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാതെ ഉപേക്ഷിച്ചുപോകുകയും ചെയ്യുമ്പോൾ സ്ത്രീയ്ക്കും പുരുഷനുമെതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ശിക്ഷിക്കുന്നുണ്ട്. അബ്കാരി നിയമം ശക്തമായ കാലത്ത് കൈക്കുഞ്ഞുങ്ങളുമായി തടവിലാക്കപ്പെടുന്ന സ്ത്രീകളെയായിരുന്നു നാം കണ്ടിരുന്നതെങ്കിൽ സോഷ്യൽ മീഡിയക്കാലത്ത് തികച്ചും അരക്ഷിതമായ ചുറ്റുപാടിലേക്ക് സ്വന്തം മക്കളെ ഇട്ടെറിഞ്ഞുപോകുന്ന അമ്മമാരുടെ എണ്ണം ഇതിനെ കവച്ചുവെക്കുന്നു. കൊലപാതകക്കേസുകളിൽ തടവുശിക്ഷയനുഭവിക്കുന്നവരുടെ പ്രായം മുപ്പത്തിയഞ്ചിനും അറുപതിനും ഇടയിലാകുമ്പോൾ ജെ.ജെ. ആക്ട് പ്രകാരം തടവിലാകുന്നവർ പത്തൊമ്പതിനും ഇരുപത്തിയെട്ടിനും മധ്യേയുള്ളവരാണ്. പത്താംക്ലാസിനുമുകളിൽ വിദ്യാഭ്യാസമുള്ളവരുമാണ് ഇവർ.

അമ്മചെയ്ത കുറ്റത്തിന്റെ കാഠിന്യമറിയാത്ത കുഞ്ഞുങ്ങൾ അവരെ കാണുമ്പോൾത്തന്നെ കൈനീട്ടുന്നു. എന്നാൽ, തിരികെ കുടുംബത്തിലേക്കുപോകാൻ തയ്യാറാവാത്തവണ്ണം മനസ്സുറപ്പുള്ളവരായിമാറുന്നു സോഷ്യൽ മീഡിയക്കാലത്തെ അമ്മമാർ. മക്കൾക്ക് നീതി നിഷേധിക്കപ്പെട്ടോ ഇല്ലയോ എന്നത് അവരുടെ പ്രശ്നമേ അല്ലാതായിമാറുന്നു. കഴിഞ്ഞ മൂന്നുവർഷത്തെ ജയിൽ കണക്കുകൾ പരിശോധിക്കുമ്പോൾ പോക്‌സോ കേസുകളിലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കേസുകളിലും ഉൾപ്പെട്ടിരിക്കുന്ന വനിതകളുടെ എണ്ണം വർധിച്ചുവരികയാണ്. വർഷാവർഷം മുപ്പത് ശതമാനത്തോളം വർധനയാണ് ഇത്തരം കേസുകളിൽ കണ്ടുവരുന്നത്.

(ഈ കുറിപ്പിൽ ഉപയോഗിച്ചിരിക്കുന്നത്‌ യഥാർഥ പേരുകളല്ല)