ജോലിയിടത്തിൽനിന്ന്‌ വീട്ടിലേക്കുള്ള ബസ് യാത്രയ്ക്കിടെ വാളയാർ ചെക്‌പോസ്റ്റിലിറങ്ങി റോഡരികിലെ കുറ്റിക്കാട്ടിൽ പ്രസവിച്ചശേഷം അവിടെത്തന്നെ കുഴിച്ചുമൂടി തിരികെ ബസിൽ കയറിയിരുന്ന ശീതൾ (യഥാർഥ പേരല്ല) യാത്ര തുടരുംമുമ്പേതന്നെ പോലീസ് പിടിയിലായി. മൂന്നാമതും ജനിക്കുന്ന കുഞ്ഞ് പെണ്ണായാൽ തന്നെയും നിലവിലുള്ള രണ്ട് പെൺമക്കളെയും ഉപേക്ഷിക്കുമെന്ന ഭർത്താവിന്റെ നിരന്തരഭീഷണിയെ ഭയന്നാണ് ശീതൾ കുഞ്ഞിനെ കുഴിച്ചുമൂടിയത്. വിയ്യൂർ വനിതാ ജയിലിൽ ജീവപര്യന്തമനുഭവിക്കുന്ന മുപ്പത്തിരണ്ടുകാരിയായ ശീതൾ ശിക്ഷയുടെ നാലുവർഷം പിന്നിട്ടിരിക്കുന്നു. ജയിലിൽനിന്ന്‌ ജോലിചെയ്ത് ലഭിക്കുന്ന വരുമാനം മുറതെറ്റാതെ വീട്ടിലേക്ക്‌ അയച്ചുകൊടുത്താണ് മക്കളുടെ പട്ടിണിയകറ്റുന്നതും അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതും. 

ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം പുതിയ ജീവിതമാരംഭിച്ച വിശേഷങ്ങളറിയുമ്പോൾ തലയാട്ടുകമാത്രം ചെയ്യുന്ന ശീതൾ മഴക്കാലമാകുന്നതോടെ ജയിലിൽ ജോലികുറയുമോ, വീട്ടിലേക്കയക്കാൻ പണം തികയാതെ വരുമോ തുടങ്ങിയ ആധിയിലാണ്. ജയിലിൽ പലഹാരങ്ങളുണ്ടാക്കാനും പൗൾട്രിഫാം സംരക്ഷിക്കാനും മാസ്ക് നിർമിക്കാനും ഉത്സാഹത്തോടെ അവൾ മുൻപന്തിയിൽത്തന്നെയുണ്ട്. പത്താംക്ലാസ് പൂർത്തിയാക്കാത്ത ശീതളിന് ആഗ്രഹമായി അവശേഷിക്കുന്നത് തന്റെ രണ്ടുപെൺമക്കളെയും നന്നായി പഠിപ്പിക്കണം എന്നതുമാത്രമാണ്. ജയിലിൽ ജോലിചെയ്താൽ ഒരുദിവസം കിട്ടുന്ന വരുമാനം 170 രൂപ വീട്ടിലെ ആവശ്യങ്ങൾക്ക്‌ തികയുന്നില്ലെന്ന് വിഷമത്തോടെ സൂപ്രണ്ടിനെ അറിയിച്ചപ്പോൾ അവർ കുറച്ച് മാക്സിത്തുണികൾ വാങ്ങിക്കൊടുത്തു. നന്നായി തയ്യലറിയുന്ന തടവുകാരെക്കൂടി ഉൾപ്പെടുത്തി ജയിലിൽ മാക്സി യൂണിറ്റ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ശീതൾ.

അവൾ ജയിലിനുള്ളിലാവുമ്പോൾ

നിയമത്തിനുമുന്നിൽ സ്ത്രീയും പുരുഷനും തുല്യരാണെന്നിരിക്കേ നിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾക്കും ഈ തുല്യത ബാധകമാണ്. എന്നിരിക്കിലും ഒരു പുരുഷൻ ജയിലിലാകുമ്പോൾ കുടുംബത്തിനുണ്ടാകുന്ന പ്രതിസന്ധിയെക്കാൾ പതിന്മടങ്ങ് ആഘാതമാണ് ഒരു സ്ത്രീ തടവിലാകുമ്പോൾ സംഭവിക്കുന്നത്. പ്രത്യേകിച്ചും കുടുംബപദവിയിൽ അമ്മ എന്ന പങ്കുകൂടി പറ്റുന്നവരാണെങ്കിൽ. കൊലപാതകം, മോഷണം, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട്, അബ്കാരി ആക്ട്, കുഴൽപ്പണം, കള്ളക്കടത്ത്, നാർക്കോട്ടിക്‌ കേസുകൾ, ആൾമാറാട്ടം തുടങ്ങി കേരളത്തിലെ വനിതാജയിലുകളിൽ ശിക്ഷാത്തടവുകാരായും വിചാരണത്തടവുകാരായും കഴിയുന്ന അമ്മമാർ ഉൾപ്പെട്ടിരിക്കുന്ന കേസുകളൊന്നുംതന്നെ ചെറുതല്ല. മുൻകാലങ്ങളെ അപേക്ഷിച്ച്‌  വനിതാജയിലുകളിലെ ജനസംഖ്യയിൽ വലിയ വ്യത്യാസമില്ലെങ്കിലും കുറ്റകൃത്യങ്ങളുടെ ഗൗരവസ്വഭാവം പരിഗണിക്കുമ്പോൾ ജീവപര്യന്തമോ ഏഴുവർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാവുന്നതോ ആയ കേസുകളാണ് എൺപതുശതമാനം പേരും നേരിടുന്നത്. 

കുറ്റങ്ങൾ എണ്ണിപ്പറഞ്ഞാൽ...

സാമ്പത്തികതിരിമിറികൾ ചോദ്യംചെയ്ത ഭർത്തൃപിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തമനുഭവിക്കുന്ന രാധിക(യഥാർഥ പേരല്ല)യ്ക്ക് ഇരുപത്തിയെട്ട് വയസ്സാണ്. ഭർത്താവ് വിദേശത്ത് ജോലിചെയ്യുന്നു. അമ്മ ജയിലിലാണെന്ന സത്യം അഞ്ചുവയസ്സുകാരിയായ ഏകമകൾ ഇതുവരെ അറിഞ്ഞിട്ടില്ല. ബോർഡിങ് സ്കൂളിൽ പഠിക്കുന്ന മകൾ വെക്കേഷന് വരുമ്പോൾ രാധിക പരോളിൽ പോകുകയാണ് പതിവ്. കോവിഡ്കാലത്ത് സ്കൂളടച്ചപ്പോഴാണ് ‘ഒളിച്ചുകളി’യുടെ ഗൗരവം രാധിക ഉൾക്കൊള്ളുന്നത്. കൊലപാതകം, മോഷണം, പോക്സോ തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരിൽ എഴുപതുശതമാനം പേരും അമ്മമാരാണ്. വിവാഹേതരബന്ധങ്ങൾ കാരണം ഭർത്താവിനെയും മക്കളെയും ബന്ധുക്കളെയും കൊലപ്പെടുത്തിയവരിൽ ഭൂരിഭാഗവും മുപ്പത്തഞ്ചിനും നാൽപ്പത്തഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ്. ഭർത്താവിനെ സുഹൃത്തിന്റെ സഹായത്താൽ കൊലപ്പെടുത്തിയ കായംകുളത്തുകാരി വിനിതകുമാരി പതിന്നാലുവർഷമായി തടവിൽ. ജയിലിലടയ്ക്കപ്പെടുമ്പോൾ ഒമ്പതാംക്ലാസുകാരിയായിരുന്ന മകൾ ഇന്ന് കുടുംബിനിയായി. 52 വയസ്സുണ്ട് വിനിതയ്ക്കിപ്പോൾ. തടവുകാരിൽ 60 ശതമാനം പേർ പത്താംക്ലാസോ അതിനുതാഴെയോ വിദ്യാഭ്യാസമുള്ളവരാണ്. 25 ശതമാനം പേർ പ്രീഡിഗ്രിയോ പ്ലസ്ടുവോ കഴിഞ്ഞവരും 15 ശതമാനം പേർ ഉന്നതവിദ്യാഭ്യാസമോ ടെക്‌നിക്കൽ വിദ്യാഭ്യാസമോ നേടിയവരുമാണ്. 

കുഞ്ഞുങ്ങളുടെ കൈപിടിച്ച് മരണത്തിലേക്കുനയിച്ചവർ

ഭർത്താവിന്റെ പീഡനം സഹിക്കാനാവാതെ ഒമ്പതുവയസ്സുള്ള മകൾക്ക് ഭക്ഷണത്തിൽ വിഷംനൽകി മുപ്പതുകാരിയായ നഴ്‌സ് ലീന(യഥാർഥ പേരല്ല)യും കഴിച്ചെങ്കിലും മകൾ മരിച്ചു. മകൾക്ക് വിഷംനൽകി കൊന്നുവെന്ന കേസിൽ ജീവപര്യന്തം തടവിലുമായി. ലീനയ്ക്ക് വിവാഹസമ്മാനമായി നൽകിയ ആഭരണങ്ങളും കുടുംബസ്വത്തുമെല്ലാം വിറ്റുനശിപ്പിച്ച ഭർത്താവ് ലഹരിവസ്തുക്കൾക്കും അടിമയാണെന്ന കാര്യം വളരെ വൈകിയാണ് അവർ അറിഞ്ഞത്. ലീനയുടെ കുടുംബവുമായി ഒരു ബന്ധവും പുലർത്താൻ അയാൾ സമ്മതിച്ചിരുന്നില്ല. മുന്നോട്ടുള്ള ജീവിതം തടസ്സമായപ്പോഴാണ് ജീവനൊടുക്കാൻ തീരുമാനിച്ചത്. മകൾ മരിച്ചപ്പോൾ പശ്ചാത്താപത്തിന്റെ പേരിൽ ലീനയെ ജയിലിൽ വന്നുകാണാൻ ഭർത്താവ് ശ്രമിച്ചെങ്കിലും അവർ കാണാൻ സമ്മതംകൊടുത്തില്ല. ഒന്നുമറിയാത്ത മകളെ താൻ കൊന്നുവെന്ന ഏറ്റുപറച്ചിലാണ് ലീനയ്ക്കെപ്പോഴും. ലീനയുടെ കേസിന്റെ നിജസ്ഥിതി പരിഗണിച്ചുകൊണ്ട് ജയിൽ റിവ്യുകമ്മിറ്റി പരോൾ പരിഗണനയിൽവെച്ചപ്പോൾ മകളില്ലാത്ത കുടുംബത്തിലേക്ക് തിരികെയില്ലെന്ന തീരുമാനത്തിലാണ് ലീന. 

മക്കളുടെ കൈപിടിച്ചുചാടിയ കിണറുകളും കുളങ്ങളും പുഴകളും കുടിച്ചുപാതിയായ വിഷംകലർന്ന ജ്യൂസുകളും തലവെച്ച റെയിൽപ്പാളങ്ങളും കേരളത്തിലെ അമ്മമാർക്ക് പുതുമയുള്ളതല്ല. 
അതൃപ്തിനിറഞ്ഞ ദാമ്പത്യത്തിന്റെ, ആശയറ്റ ജീവിതത്തിന്റെ ഒടുക്കമെന്നവണ്ണം ജീവിതമവസാനിപ്പിക്കാൻ ലീനമാർ തീരുമാനിക്കുമ്പോൾ മക്കളെയും ഒപ്പംകൂട്ടാൻ മാനസികമായി തയ്യാറാവുന്നത്, തനിക്കുശേഷം മക്കൾ നേരിടുന്ന അരക്ഷിതാവസ്ഥയെ ഓർത്താണ്. വിശ്വസിച്ചേൽപ്പിക്കാൻ ആരുമില്ലെന്ന തിരിച്ചറിവാണ്. അത്തരം ആത്മഹത്യശ്രമങ്ങളിൽ പലപ്പോഴും കുഞ്ഞുങ്ങൾ മരിക്കുകയും അമ്മമാർ കൊലപാതകികളാവുകയും ചെയ്യുന്നു. ഐ.പി.സി. 302-കൊലപാതകക്കുറ്റവും ശിക്ഷയും-മാത്രമേ കോടതിക്കുമുമ്പിലുള്ളൂ. ജീവപര്യന്തത്തിൽ കുറഞ്ഞ ശിക്ഷയുമില്ല.

പ്രണയവും കൊലപാതകങ്ങളും

സോഫ്റ്റ്‌വേർ എൻജിനിയറായിരുന്ന ടീന (യഥാർഥപേരല്ല) വിചാരണയ്ക്കായി കോടതിയിലെത്തിയപ്പോൾ, തനിക്കൊപ്പം വിചാരണനേരിടുന്ന മുൻ സഹപ്രവർത്തകനെ കണ്ടമാത്രയിൽ അക്രമാസക്തയായി. അയാളുമായുള്ള പ്രണയത്തിന് തടസ്സമായ മൂന്നുവയസ്സുള്ള മകനെയും ഭർത്തൃമാതാവിനെയും കൊലചെയ്ത സംഭവത്തിലാണ് രണ്ടുപേരും തടവിലായത്. വിവാഹേതരബന്ധത്തിന്‌ തടസ്സമായിരുന്ന അഞ്ചും എട്ടും വയസ്സുള്ള മക്കളെ കിണറ്റിലെറിഞ്ഞുകൊന്ന മലപ്പുറത്തുകാരി ജമീല(യഥാർഥപേരല്ല) ജീവപര്യന്തം തടവിന്റെ ആദ്യപകുതിയിലാണ്. സൗഹൃദങ്ങൾ ഉറ്റവരുടെ ജീവനപഹരിക്കുന്ന സംഭവങ്ങളും അതിൽ അമ്മമാരുടെയും ഭാര്യമാരുടെയും പങ്കും മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. 

വീട്ടിലെ മുക്കിലും മൂലയിലേക്കും ഏതുസമയത്തും കടന്നുവരാനും  ഭക്ഷണമുണ്ടാക്കാനും വിളമ്പാനും ഒരുമിച്ചിരുന്ന്‌ കഴിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഭർത്താവിന്റെ സുഹൃത്ത് നേടിയെടുത്തപ്പോൾ പതിയെ അത് പ്രണയത്തിലേക്ക് വഴിതിരിയുകയും കണ്ടുപിടിക്കപ്പെട്ടപ്പോൾ അഭിമാനം ഭയന്ന് ഭർത്താവിനെ കൊലപ്പെടുത്തുകയുംചെയ്ത കേസിലാണ് മൂവാറ്റുപുഴക്കാരി ലത (യഥാർഥപേരല്ല) ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. ശിക്ഷയുടെ ആറുവർഷം കഴിഞ്ഞു. രണ്ട് ആൺമക്കളാണ് ലതയ്ക്ക്. പലതവണ ലത മക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അമ്മയെ തിരികെവേണ്ടാ എന്ന നിലപാടിലാണ് മക്കൾ. വിവാഹേതരബന്ധങ്ങളിലെ കൊലപാതകക്കേസുകളാണ് വനിതാജയിലുകളിൽ തികച്ചും സാധാരണമായിക്കൊണ്ടിരിക്കുന്നത്. 

അമ്മ  എന്ന അവകാശം

അമ്മ അകത്താവുമ്പോൾ കുട്ടികൾക്കുണ്ടാവുന്ന ‘മാനസികാഘാതം’ ജീവിതകാലം മുഴുവൻ നിലനിൽക്കും. പന്ത്രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികളാണ് അവരെങ്കിൽ ഈ മെന്റൽ ഷോക്കിൽനിന്ന്‌ മുക്തിനേടുക പ്രയാസമാണ്. ഒരു കുട്ടിയുടെ വളർച്ചഘട്ടത്തിൽ അച്ഛനെക്കാൾ അമ്മയുടെ സാന്നിധ്യവും വ്യക്തിത്വവും സ്നേഹവും സ്പർശവുമെല്ലാം  പ്രധാനപ്പെട്ടതാണ്.  
അമ്മ എന്ന ഇല്ലായ്മ, പ്രത്യേകിച്ചും കേസും കോടതിയുമായി ബന്ധപ്പെട്ടതാണെങ്കിൽ കുട്ടിയെ മാനസികമായി സങ്കീർണതയിലേക്ക് നയിക്കുന്നു. അതിനെ മറികടക്കുന്നത് മോഷണത്തിലൂടെയും ലഹരി ഉപയോഗങ്ങളിലൂടെയും അനാശാസ്യ കൂട്ടുകെട്ടിലൂടെയുമാണ്. മറ്റുകരങ്ങളാൽ വളർത്തപ്പെടുന്ന മക്കൾ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടാനും സുരക്ഷിതത്വം നഷ്ടപ്പെടാനുമുള്ള സാധ്യതകൾ വളരെയേറെയാണ്. സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കേന്ദ്രബിന്ദു, മക്കളെ സംബന്ധിച്ചിടത്തോളം അമ്മയാണ്. അമ്മ എന്ന മക്കളുടെ അവകാശം സംരക്ഷിക്കേണ്ടത് ഓരോ അമ്മയുടെയും കടമയാണ്. ആ കടമ ലംഘിക്കുന്നതും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ശിക്ഷാർഹമാണ്. അച്ഛനും ഇതേനിയമം ബാധകമാണ്. 
ജോർജ് ചാക്കോ, കൺസൾട്ടന്റ് സൈക്യാട്രിക് സോഷ്യൽ വർക്കർ  & വെൽഫെയർ ഓഫീസർ, ജില്ലാജയിൽ എറണാകുളം

(തുടരും)