ഞ്ചാറ് ആടുകൾ, മൂന്നുനാല് മുയലുകൾ, കുറച്ച് കോഴികൾ... കോഴിക്കോട് താമരശ്ശേരി സ്വദേശിയായ സുഹൈൽ (യഥാർഥ പേരല്ല) തന്റെ ജീവിതരീതിയും വരുമാനമാർഗവും മാറ്റുകയാണ്. കൊറോണയാണ് കാരണം. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മെൻ സെക്സ് വിത് മെൻ എന്ന സംഘടനയിൽ അംഗമായിരുന്നു സുഹൈൽ. തന്റെ ഇതുവരെയുള്ള ജീവിതവരുമാനത്തിന്റെ എഴുപത് ശതമാനവും സുഹൈൽ കണ്ടെത്തിയിരുന്നത് മെൻ സെക്സ് വർക്കിലൂടെയായിരുന്നു. പതിനേഴാം വയസ്സുമുതൽ തുടങ്ങിയ ഈ തൊഴിൽ കഴിഞ്ഞ മാർച്ച് വരെ തടസ്സങ്ങളില്ലാതെ പോയി. എന്നാൽ കോവിഡ് കാരണം സമ്പർക്ക വിലക്ക് ജീവിതത്തിലും വിലങ്ങാവുന്നു എന്നു തിരിച്ചറിഞ്ഞപ്പോൾ പതിയെ കൃഷിയിലേക്ക് തിരിയുകയായിരുന്നു.

പക്ഷേ, സഹൈലിനെ പോലെയല്ല മെൻ സെക്സ് വിത്ത് മെന്നിലെ മറ്റംഗങ്ങളുടെ അവസ്ഥ. പലരുടെയും ജീവിതം പൂർണമായി വഴിമുട്ടി. മറ്റെന്ത് തൊഴിൽ എന്നറിയാതെ കൂരിരുട്ടിൽ കഴിയുകയാണ് ഭൂരിഭാഗം പേരും. വയറും മനസ്സും ഒരുപോലെ നിലതെറ്റിയ അവസ്ഥ.

എട്ടാം വയസ്സിലാണ് സുഹൈൽ ആദ്യമായി ലൈംഗികമായി ഉപയോഗിക്കപ്പെടുന്നത്. ഒരു ബന്ധുവിൽ നിന്നായിരുന്നു ദുരനുഭവം. പിന്നീടങ്ങോട്ട് അതേ പ്രായത്തിൽ തന്നെ പലരിൽ നിന്നും ഇതാവർത്തിക്കപ്പെട്ടു. ആരോടും പറഞ്ഞില്ല. വേദന തിന്ന് ജീവിച്ചു. മുതിരുംതോറും സുഹൈൽ മറ്റൊന്ന് തിരിച്ചറിഞ്ഞു. തനിക്ക് പെണ്ണിനോട് യാതൊരു ആകർഷണവും തോന്നുന്നില്ല. പുരുഷന്മാരിൽ ചിലരെ പരിധിവിട്ട് ശ്രദ്ധിക്കാനും തുടങ്ങി.

''ഇരുപത്തേഴ് വയസ്സായി എനിക്ക്. ഉമ്മയും ഉപ്പയും രണ്ട് പെങ്ങന്മാരും അടങ്ങുന്ന കുടുംബമാണ്. ടൗണിൽ ഞാനൊരു സെയിൽസ്മാനായി ജോലി ചെയ്യുകയാണ്. പക്ഷേ  ജീവിക്കുന്നത് സെക്സ് വർക്കിലൂടെയാണ്. വീട്ടിൽ നിന്നും വിവാഹം കഴിക്കാൻ നിർബന്ധിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഒരു പെണ്ണിനോടൊത്തുള്ള ജീവിതം എനിക്ക് ഭാവനയിൽപോലും കാണാൻ പറ്റില്ല. അതുകൊണ്ടുതന്നെ പരമാവധി ഒഴിഞ്ഞുമാറുന്നു. വീട്ടിൽ നിന്നുള്ള നിർബന്ധം മുറുകുന്നുണ്ട്. നമ്മുടെ പ്രൊഫഷൻ ഇതാണെന്ന് അവർക്കറിയില്ലല്ലോ. അറിഞ്ഞാൽ ഒരുപക്ഷേ യാഥാസ്ഥിതികരായ അവർ എങ്ങനെ ഉൾക്കൊള്ളാനാണ്?'-സുഹൈൽ ചോദിക്കുന്നു.

 ''ഞാനൊരു തികഞ്ഞ സൗന്ദര്യാസ്വാദകനാണ്. എനിക്കെത്ര പണം ഓഫർ തന്നിട്ടും കാര്യമില്ല. ഞാൻ നേരിട്ട് കണ്ട് ബോധ്യപ്പെടുന്നയാളുടെ കൂടെ മാത്രമേ പോകൂ. അവിടെ എനിക്ക് പണമല്ല വലുത് മറിച്ച് ആസ്വാദനമാണ്. പരമാവധി രണ്ടായിരം രൂപയാണ് എന്റെ റേറ്റ്. പൈസയുടെ തിടുക്കമുണ്ടെന്ന് കരുതി വിട്ടുവീഴ്ചയ്ക്കൊന്നും തയ്യാറല്ല. എന്റെ ക്ലയന്റ്സിന്റെ കൈകാലുകളിലേക്കാണ് ആദ്യം ഞാൻ നോക്കുക. അത് വൃത്തിയുള്ളതാണെങ്കിൽ, മനോഹരമാണങ്കിൽ ഡീൽ ഉറപ്പിക്കും. വണ്ടിയും റൂം സംഘടിപ്പിക്കേണ്ടത് അയാളുടെ ഉത്തരവാദിത്തമാണ്. പിന്നെ റഫറൻസ് കേസുകൾ ധാരാളം വരും. ഞാൻ ചെവികൊടുക്കാറില്ല. ഇനി അഥവാ ഒരാൾ വന്ന് ഡീൽ ഉറപ്പിച്ച് കൂടെ മൂന്നാലു സുഹൃത്തുക്കളുമുണ്ടെങ്കിൽ ഞാൻ ഡീൽ കാൻസൽ ചെയ്യും. ഒരു തവണ ഒന്നിൽ കൂടുതൽ പേരുമായി ബന്ധപ്പെടാൻ പറ്റില്ലെന്ന് തീർത്തു പറയും. പോരാത്തതിന് ടൂർ ഓഫറുകളും സ്വീകരിക്കാറില്ല. അപ്പപ്പോൾ ജോലിയെടുക്കുക, തിരിച്ചുവരിക. ടൂർ പോകുമ്പോൾ ഒരു ഗ്രൂപ്പായിരിക്കും വിളിക്കുക. അവർക്ക് പലതരത്തിലുള്ള ശീലങ്ങളുണ്ടാവും. മദ്യപാനവും മറ്റ് ലഹരി ഉപയോഗങ്ങളൊക്കെയുണ്ടാകും. എങ്ങനെയാണ് നമ്മളോട് അവർ പെരുമാറുക എന്നു പറയാൻ പറ്റില്ല. ഞാൻ എന്നെത്തന്നെ കൂടുതൽ സംരക്ഷിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ എത്ര ഓഫർ തന്നാലും ടൂറിന് പോകില്ല.''

''നാട്ടിൽ എന്നെപ്പറ്റി ഒന്നു രണ്ടുപേർക്കറിയാം. അവർക്കെന്നോട് റൊമാൻസ് ആണ്. ഞാൻ വളരെ റൊമാന്റിക് ആണ്. ഒരു ബസ്സിൽ എനിക്കിഷ്ടപ്പെട്ട ഒരു പുരുഷനെ കണ്ടാൽ ഞാൻ അയാളെത്തന്നെ നോക്കിനിൽക്കാറുണ്ട്. അയാളുടെ ശ്രദ്ധ ക്ഷണിക്കാറുമുണ്ട്. എന്നാൽ എന്റെ വർക്ക്സ്പേസിൽ സ്ത്രീകളോടും പുരുഷന്മാരോടും തികഞ്ഞ മാന്യതയോടെയാണ് പെരുമാറുന്നത്. ഞാൻ നല്ലൊരു സഹപ്രവർത്തകനാണ്''.

മെൻ സെക്സ് വിത് മെന്നിലെ എല്ലാവരും ഹോമോസെക്ഷ്വാലിറ്റിയെ സംതൃപ്തിപ്പെടുത്താനാണോ ഇങ്ങനെയൊരു സൈഡ് ജോലി കൂടി ചെയ്യുന്നത് എന്ന ചോദ്യത്തിന് കൃത്യമാണ് സുഹൈലിന്റെ ഉത്തരം. ''ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങൾ രാവിലെ വീട്ടിൽ നിന്നിറങ്ങുന്നത് എന്ത് ജോലിയുടെ പേര് പറഞ്ഞാണോ അതാണ് സൈഡ് ജോലി. നിങ്ങൾ അന്വേഷിച്ചു വന്ന വിഷയമാണ് പ്രധാനപ്പെട്ട ജോലി. ഞങ്ങൾക്കിടയിൽ ഇതുകൊണ്ട് മാത്രം കുടുംബം പുലർത്തുന്നവരാണ് കൂടുതലും. എനിക്ക് കുഞ്ഞുകുട്ടി പരാധീനതകളില്ലാത്തതുകൊണ്ട് കൂടുതൽ ഉത്തരവാദിത്തമറിയുന്നില്ല എന്നേയുള്ളൂ. അവരിൽ ഭൂരിഭാഗം പേർക്കും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബമുണ്ട്. അതീവരഹസ്യമായി ചെയ്യുന്ന ജോലിയാണിത്. വരുമാനമാണ് പ്രധാന ആകർഷണം എന്ന് പറയാതെ വയ്യ.''

പരമാവധി മുപ്പത്തഞ്ച് വയസ്സുവരെയുള്ള ക്ലയന്റിനെ മാത്രമേ സുഹൈൽ സ്വീകരിക്കാറുള്ളൂ എന്നു പറയുമ്പോൾ മറ്റ് വർക്കർമാരെ സംബന്ധിച്ചിടത്തോളം സൗന്ദര്യാസ്വാദനം ജീവിതത്തിലെ കീറാമുട്ടിയാകുന്ന സന്ദർഭങ്ങളാണ് ഏറെയും. കുടുംബാംഗങ്ങളുടെ അസുഖങ്ങൾ, ഉറ്റവരുടെ മരണങ്ങൾ, മറ്റ് ചിലവുകൾ... പോരാത്തതിന് ശരീരം കൊണ്ട് ജീവിക്കുമ്പോൾ 'മെയ്ന്റനൻസ്' ചെലവുകൾ വേറെയും. ''ആഴ്ചയിൽ രണ്ടുതവണ മെൻസ് പാർലറിൽ പോകണം. കണ്ണും മുടിയുമാണ് ഏറ്റവും കൂടുതൽ സൂക്ഷിച്ചു പരിപാലിക്കേണ്ടത്. രണ്ടും ആകർഷണീയമാക്കണമെങ്കിൽ ചില്ലറയൊന്നും ചെലവാക്കിയാൽ പോരാ. പിന്നെയുള്ളത് വസ്ത്രമാണ്. എല്ലാ വർക്കേഴ്സിനും ഒന്നുരണ്ട് സ്ഥിരം കസ്റ്റമർ ഉണ്ടാകും. അപ്പോൾ മുമ്പ് കണ്ട അതേ ലുക്കിൽ പിന്നെയും കാണുന്നത് അത്ര രസമുള്ള കാര്യമല്ല. വിലകൂടിയ പെർഫ്യൂമുകൽ വേണം. ബ്രാൻഡഡ് ഷർട്ടുകൾ, പാദുകങ്ങൾ അങ്ങനെ ശരീരത്തെ ഒരുക്കി നടത്താൻ തന്നെ ചെലവേറെയാണ്. പക്ഷേ രതിയുടെ ആസ്വാദനം വ്യത്യസ്തമാകുന്നു എന്നതുകൊണ്ടുതന്നെ ഇതിനോടെല്ലാം പൊരുത്തപ്പെടാനും തയ്യാറാണ്. കിട്ടുന്ന വരുമാനത്തിന്റെ മുക്കാൽ പങ്കും മെയിന്റനൻസ് ചെലവിലേക്ക് പോകും. അങ്ങനെ സൂക്ഷിച്ചാൽ മാത്രമേ ഈ ഫീൽഡിൽ നിൽക്കാൻ പറ്റുകയുള്ളൂ. പുതിയ പിള്ളേർ യഥേഷ്ടം ഇറങ്ങുന്നുണ്ട്. അപ്പോൾ പിടിച്ചു നിൽക്കണ്ടേ?''

നിങ്ങൾ സ്ത്രീ വർക്കേഴ്സിന് കൊടുക്കുന്ന പരിഗണനയൊക്കെ ഞങ്ങൾക്കും സമൂഹത്തിൽ കിട്ടുന്നുണ്ടോ? നിങ്ങളുടെ സംസ്കാരത്തിന് യോജിച്ചതല്ലെങ്കിൽ ഒരു വഷളൻ ചെല്ലപ്പേര് ഞങ്ങളെപ്പോലുള്ളവർക്കായി കണ്ടുപിടിക്കുന്നതിൽ മാത്രമല്ലേ മിടുക്കുള്ളൂ. സുഹൈൽ അല്പം ക്ഷോഭത്തോടെയാണ് പിന്നെ പ്രതികരിച്ചത്.

കൊറോണ എല്ലാ മേഖലയിലും മാറ്റങ്ങൾ ഉണ്ടാക്കി തീർക്കുകയാണ്. അപ്പോൾ ഇനിയങ്ങോട്ട് വീട്ടിലെ കൃഷികൾ നോക്കി നടത്തിയാൽപോരേ എന്നന്വേഷിച്ചപ്പോൾ സുഹൈൽ പറഞ്ഞു; ''ഏകാന്തതയാണ് എനിക്ക്. അതിൽ നിന്നും രക്ഷപ്പെടാനാണ് ഇതിൽ ശ്രദ്ധിച്ചത്. വരുമാനവുമായി. ഇപ്പോഴും ക്ളൈന്റുകൾ വിളിക്കുന്നുണ്ട്. പക്ഷേ ധൈര്യമില്ല. നമ്മളോരോരുത്തരും വീടുകളിൽത്തന്നെ അരക്ഷിതരായി കഴിയുകയല്ലേ, അപ്പോൾ സെക്സിലെ സമ്പർക്കം ആലോചിച്ചു നോക്കൂ. എത്ര ഗുരുതരമാണ്! എനിക്കിങ്ങനെ കഴിയാം. എന്നാൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾ ഒന്നും തന്നെ സന്തോഷം തരുന്നതല്ല. എല്ലാവരും കഷ്ടത്തിലാണ്. ആരെങ്കിലും വർക്കിനു വിളിക്കുന്നുണ്ടെങ്കിൽ അറിയിക്കണേ എന്നാണ് അവർ പറയുന്നത്. പുരുഷനായി ജനിച്ച് പുരുഷനായി ജീവിച്ചുകൊണ്ട് അന്യപുരുഷന്മാരുടെ കിടക്കയിൽ സ്ത്രീകളാവുന്നവരാണ് ഞങ്ങൾ. പ്രച്ഛന്ന വേഷങ്ങൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നവർ. ഒന്നു പറയാം സ്നേഹമാണ് ഞങ്ങൾക്കെല്ലാറ്റിനോടും.''

സുഹൈൽ മാസത്തിൽ ഇരുപതിനായിരത്തോളം രൂപ സെക്സ് വർക്കിലൂടെ മാത്രം സമ്പാദിച്ചിരുന്ന കാലമുണ്ടായിരുന്നു. ആഴ്ചയിൽ പത്തോളം കസ്റ്റമേഴ്സിനെ ഡീൽ ചെയ്തു. ഇങ്ങനെ കിട്ടുന്ന വരുമാനം ഉപ്പയെ ഏൽപ്പിക്കാറില്ല. മനസ്താപം കൊണ്ടാണത്. ഇപ്പോൾ പലരും ഫോൺ സെക്സിനായി വിളിക്കുന്നുണ്ട്. പക്ഷേ അതിന് ആദ്യം വേണ്ടത് ഭാവനയാണെന്നാണ് സുഹൈലിന്റെ പക്ഷം. അത് വളരെക്കുറവാണ് സുഹൈലിന്. ഒന്നു രണ്ട് ബ്ളാക് മെയിലിങ് അനുഭവം ഉണ്ടായിട്ടുണ്ട്. ബാക്കിയുള്ള കസ്റ്റമേഴ്സെല്ലാം വളരെ മാന്യതയോടെയാണ് ഇടപഴകിയിട്ടുള്ളത്. സുഹൈൽ ലഹരികളൊന്നും ഉപയോഗിക്കാറില്ല. മറ്റ് കൂട്ടുകെട്ടുകളുമില്ല. അപ്പോൾ തന്റെ ഹോമോസെക്ഷ്വാലിറ്റിയെ തന്റെ ഇഷ്ടപ്രകാരം ഉപയോഗിക്കുന്നതിന് എന്താണ് തടസ്സം എന്നാണ് സുഹൈലിന്റെ ചോദ്യം.

സോമരാജ് (യഥാഥ പേരല്ല) നാല്പത്തിയാറായി വയസ്സ്. ഭാര്യയും രണ്ടുപെൺകുട്ടികളുമായി കുടുംബജീവിതം നയിക്കുന്നു. ഇരുപത്തിയെട്ട് വർഷമായി സോമരാജ് മെൻ സെക്സ് വിത് മെൻ ഫീൽഡിൽ സജീവമാണ്. മൂത്തമകൾ പ്ളസ് ടു കഴിഞ്ഞു. സോമരാജ് നന്നായി പാട്ടുപാടും. ഏത് ശബ്ദത്തിലും സംസാരിക്കാനുള്ള കഴിവുണ്ട്. ഫീമെയിൽ വോയ്സിൽ സ്റ്റേജുകളിലൊക്കെ പാടാറുണ്ട്. സിനിമാതാരങ്ങളുൾപ്പെടെയുള്ള ക്ലയന്റുകൾ സോമരാജിനുണ്ട്. നല്ലൊരു മേക്കപ്പ് ആർടിസ്റ്റു കൂടിയാണ് ഇദ്ദേഹം. പലപ്രായത്തിലുള്ള കസ്റ്റമേഴ്സ് സോമരാജിനുണ്ട്. ദിവസം ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെ തന്റെ സെക്സ് വർക്കിൽ നിന്നും സോമരാജ് നേടിയകാലമുണ്ടായിരുന്നു. വളരെ വിശ്വസ്തരായ കസ്റ്റമേഴ്സ് വിളിച്ചാൽ കോവിഡ് കാലത്തും സോമരാജ് ജോലിയെടുക്കാൻ തയ്യാറാണ്. തന്റെ ഫീൽഡിലെ സീനിയോറിറ്റിയിൽ നിന്നും അനുഭവങ്ങളിൽ നിന്നും സോമരാജ് പറയുന്നു.

വർക്കേഴ്സിനിടയിൽ ക്ലയന്റ്സിനായി മത്സരമുണ്ട്. ഒരാളുടെ സ്ഥിരം ക്ലയന്റ്സിനെ മറ്റേയാൾ പരിചയപ്പെട്ടാൽ ആ ക്ലയന്റിനെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു എന്നു കൂട്ടിയാൽ മതി. അതുകൊണ്ടുതന്നെ ക്ലയന്റിന്റെ പേരുൾപ്പെടെയുള്ള വിശദാംശങ്ങൾ സഹപ്രവർത്തകരുമായി പങ്കുവെക്കില്ല പിന്നെ സോമരാജ് പറയുന്നത് മാറിയ കാലത്തെക്കുറിച്ചാണ്. മുൻപൊക്കെ തേടിവരുന്ന കസ്റ്റമേഴ്സിന്റെ പ്രായം അല്പം കൂടുതലായിരുന്നു. എന്നാൽ പതിനാല് വയസ്സുമുതൽ ഉള്ള കുട്ടി ക്ലയന്റ്സിന്റെ എണ്ണത്തിൽ വർധനവുണ്ട്. എച്ച്.ഐ.വി ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെന്ന് കസ്റ്റമറെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിരാവിലെ ജോഗിങ്ങ്, പ്രാക്ടീസ് എന്നൊക്കെ പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ വഴിയോരത്ത് കാത്തുനിന്ന ഒരു മെയിൽ വർക്കറെ ഭീഷണിപ്പെടുത്തി സെക്സ് നടത്തിയ സംഭവത്തെക്കുറിച്ച് പറയുന്നു സോമരാജ്. ആ വർക്കർ എച്ച്.ഐ.വി പോസിറ്റീവായിരുന്നു. അയാൾ സുരാക്ഷാമാർഗങ്ങളൊന്നും സ്വീകരിച്ചിരുന്നില്ല. പോസിറ്റീവായവരിൽ ചിലരുടെ മാനസികാവസ്ഥ അതാണ്. രോഗം പകർത്താനുള്ള മനസ്സാണവർക്കുണ്ടാവുക. അപ്പോൾ നിർബന്ധിത സെക്സിലൂടെ കുട്ടികളും പോസിറ്റീവായി. രണ്ടുമാസം മുമ്പാണ് കോഴിക്കോട് ഇങ്ങനൊരു സംഭവം നടന്നത്.

മുൻപൊക്കെ വർക്കിനിറങ്ങുമ്പോൾ സോമരാജ് സ്വീകരിച്ചിരുന്നത് പെണ്ണിന്റെ റോൾ ആയിരുന്നെങ്കിൽ ഇപ്പോൾ കസ്റ്റമർ ആവശ്യപ്പെടുന്നത് ആണിന്റെ റോളാണ്. അതേസമയം തന്നെ ബൈ സെക്ഷ്വാലിറ്റിയും കൂടി. പോരാത്തതിന് സ്ത്രീകൾ കാറിൽ വന്ന് വർക്കേഴ്സിനെ കൂട്ടിക്കൊണ്ടു പോകുന്ന പ്രവണതയും കൂടുതലായി. സെക്സ് പേ ആൻഡ് യൂസ് ആയിക്കഴിഞ്ഞു ഏറെക്കുറെ. ഒരു സൗകര്യം കൂടിയുണ്ട്; സിംഗിൾ യൂസ് ആൻഡ് ത്രോ! കോളേജ് വിദ്യാർഥിനികളും വർക്കേഴ്സിനെ ബുക്ക് ചെയ്യാറുണ്ട്. സമാനപ്രായക്കാരെയാണ് അവർ അന്വേഷിക്കാറ്. ഡോക്ടർ മുതൽ തൂപ്പുകാർ വരെയുള്ള പ്രൊഫഷനിലുള്ളവർ തങ്ങൾക്കിടയിൽ വർക്കേഴ്സായി പോകുന്നുണ്ട് എന്നു പറയുമ്പോൾ ഒരു ആശങ്ക തെളിയുന്നുണ്ട് സോമരാജിന്റെ വാക്കുകളിൽ.