2

കോഴിക്കോട്:  റോട്ട്‌വീലര്‍ നായകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ ആരും ഒന്ന് പേടിക്കും. മനുഷ്യരെ കടിച്ചതിനും, എന്തിന് കടിച്ചുകുടഞ്ഞ് കൊലപ്പെടുത്തിയതിനും ഏറ്റവും അധികം പരാതിയുണ്ടാക്കിയ നായബ്രീഡുകളില്‍ ഒന്നാണ് റോട്ട്‌വീലര്‍. വൈത്തിരിയില്‍ രണ്ടു ദിവസം മുന്‍പ് ഉടമയുടെ വീട്ടില്‍ നിന്ന് ചാടിപ്പോയ രണ്ട് റോട്ട്‌വീലര്‍ നായകള്‍ പാവപ്പെട്ട ഒരു അറുപതുകാരിയെ നിഷ്‌ക്കരുണം കടിച്ചു കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലുളവാക്കി.

വൈത്തിരിക്കടുത്ത് അംബേദ്ക്കര്‍ കോളനിയില്‍ താമസിച്ചിരുന്ന രാജമ്മ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുളള പെടാപ്പാടിലായിരുന്നു. അതുകൊണ്ടാണ് 60 വയസായിട്ടും സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യാന്‍ പോയത്‌. ഒറ്റക്ക് നടന്നുപോവുമ്പോഴായിരുന്നു ആക്രമണം. 

അപകടകരമായ നായ ബ്രീഡുകളില്‍ രണ്ടാം സ്ഥാനം മാത്രമാണ് റോട്ട്‌വീലറുകള്‍ക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള പിറ്റ് ബുള്‍ കേരളത്തില്‍ അധികം പ്രചാരത്തിലില്ലാത്ത ഇനമാണ്. ഉടമ അടുത്തില്ലെങ്കില്‍ ഇവ എങ്ങനെ പെരുമാറും എന്നുപോലും ആര്‍ക്കും പറയാനാവില്ല. ചില രാജ്യങ്ങളില്‍ ഇവയെ നിരോധിക്കുകയും ചെയ്തിരിക്കുന്നു. 

കരിക്കല്‍ ജോസ് എന്നയാളുടെ വീട്ടില്‍ നിന്നും ചാടിപ്പോയ നായകളാണ് രാജമ്മയെ കൊലപ്പെടുത്തിയത്‌. ഇയാള്‍ക്കെതിരെ. പോലീസ് മനപൂര്‍വ്വമല്ലാത്ത കൊലപാതകത്തിന് കേസ് എടുത്തിരിക്കുകയാണ്. നായകളെ വളര്‍ത്തുന്നതും പരിപാലിക്കുന്നതുമൊക്കെ കൊള്ളാം. പക്ഷെ അവ മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കില്ലെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം ഉടമക്ക് തന്നെയാണ്. ഇത്തരത്തില്‍ നോക്കിയാല്‍ വലിയ നിരുത്തരവാദിത്വമാണ് നായകളുടെ ഉടമ കാണിച്ചിരിക്കുന്നത്.  

എന്തായാലും അപകടകാരികളായ നായ ബ്രീഡുകളെ വീട്ടില്‍ വളര്‍ത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ അലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചിട്ടുണ്ട്. 

1

റോട്ട്‌വീലറിനെ മടുത്ത ഒരു ഉടമയുടെ കഥകേള്‍ക്കാം:

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ രാധാകൃഷ്ണന് വാടക വീടിനൊപ്പം ഒരു റോട്ട്‌വീലറിനെ കൂടെ ലഭിച്ചിരുന്നു. ഇപ്പോള്‍ ഒഴൂരില്‍ താമസിക്കുന്ന മെഡിക്കല്‍ റെപ്രസന്ററ്റീവായി ജോലി നോക്കുന്ന ഇയാള്‍ക്ക് പൊതുവെ നായകളോട് താത്പര്യമായിരുന്നു. അതുകൊണ്ട് തന്നെ നായയെ കിട്ടിയതില്‍ വലിയ സന്തോഷവുമായി. പക്ഷെ, നായയുടെ ശൗര്യം കണ്ട് പേടിച്ച രാധാകൃഷ്ണന് അതിനെ കൂട്ടില്‍ നിന്ന് പുറത്തിറക്കാന്‍ പോലും പേടിയായി. മുമ്പൊരിക്കല്‍ ഉടമയെ തന്നെ കടിച്ച കഥകൂടെ കേട്ടപ്പോള്‍ നായയെ വേണ്ടെന്ന് വെച്ചു...

അതേസമയം, മുഴുവന്‍ നയകളെയും അപകടകാരികളായി കാണരുതെന്നും നന്നായി പരിശീലനം നല്‍കിയാല്‍ റോട്ട്‌വീലര്‍ മികച്ച കാവല്‍ നായയാണെന്നും നായകളുടെ പരിശീലകനായ മേവട സ്വദേശി സാജന്‍ സജി സിറിയക്ക് പറയുന്നു. സാജന്‍ റോട്ട്‌വീലറടക്കം പല നായകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. മറ്റ് നായകളെ അപേക്ഷിച്ച് ബുദ്ധി കുറവായ ഇനമാണ് റോട്ട്‌വീലറെന്നും അതുകൊണ്ട് തന്നെ അവയെ പരിശീലിപ്പിക്കുകയെന്നത് അത്ര എളുപ്പമല്ലെന്നുമാണ് സാജന്‍ പറയുന്നത്.