നവംബർ 26-ന് ദേശീയ പണിമുടക്ക്

പത്ത് ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെയും ബാങ്ക് ഇൻഷുറൻസ് ബി.എസ്.എൻ.എൽ. ജീവനക്കാരുടെയും സംഘടനകളും ചേർന്ന്‌ നവംബർ 26-ന്‌ ദേശീയ പണിമുടക്കിന്‌ ആഹ്വാനംനൽകിയിരിക്കയാണ്‌. ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ നൽകുക, ആവശ്യക്കാരായ എല്ലാവർക്കും പ്രതിമാസം പത്തു കിലോഗ്രാം വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, ഗ്രാമീണ തൊഴിലുറപ്പുപദ്ധതിപ്രകാരം വർഷത്തിൽ 200 ദിവസം ജോലി നൽകുക, വേതനം വർധിപ്പിക്കുക, പൊതുമേഖലാ സ്വകാര്യവത്‌കരണം ഉപേക്ഷിക്കുക, കർഷകദ്രോഹനിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിൻവലിക്കുക, കേന്ദ്രസർവീസ് പൊതുമേഖലാ ജീവനക്കാരെ നിർബന്ധപൂർവം പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, എല്ലാവർക്കും പെൻഷൻ നൽകുക, പുതിയ പെൻഷൻപദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നൽകുക, പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നൽകുക, പ്രോവിഡന്റ് പെൻഷൻ പദ്ധതി മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക്. രാജ്യത്ത് ആഗോളീകരണനയങ്ങൾ ആരംഭിച്ച 1991-നുശേഷം നടക്കുന്ന
20-ാമത്തെ ദേശീയ പണിമുടക്കാണിത്.

എല്ലാം തകർക്കുന്ന സ്വകാര്യവത്‌കരണം

രാജ്യത്തിന്റെ സ്വയം പര്യാപ്തതയെ തകർക്കുന്നതാണ് പൊതുമേഖലയുടെ സ്വകാര്യവത്‌കരണം. നേരത്തേ ഓഹരിവിൽപ്പന മാത്രമായിരുന്നെങ്കിൽ ഇപ്പോൾ പൊതുമേഖലാകമ്പനികളൊന്നാകെ വിൽപ്പനനടത്തുകയാണ്.
കൽക്കരിമേഖലയിൽ വിദേശ-സ്വദേശ സ്വകാര്യനിക്ഷേപങ്ങൾക്കാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ ഊർജമേഖലയെ ഗുരുതരമായി ബാധിക്കുന്ന നടപടിയാണിത്. വൈദ്യുതി, എണ്ണ, ആണവോർജം മേഖലകളിലെ പൊതുമേഖലാസ്ഥാപനങ്ങളും സ്വകാര്യനിക്ഷേപത്തിന് തുറന്നിട്ടിരിക്കുന്നു. ഇന്ത്യൻ റെയിൽവേ സമ്പൂർണ സ്വകാര്യവത്‌കരണത്തിലേക്കാണ് പോകുന്നത്. സ്വകാര്യതീവണ്ടികൾ ഓടിക്കാൻ അനുമതിനൽകി കഴിഞ്ഞു. വൈദ്യുതിമേഖല സ്വകാര്യവത്‌കരിക്കുന്നതോടെ താഴ്ന്നവരുമാനക്കാർക്ക് ചുരുങ്ങിയ നിരക്കിൽ വൈദ്യുതിനൽകാനുള്ള സംസ്ഥാനസർക്കാരുകളുടെ അധികാരം ഇല്ലാതാവും.

തൊഴിൽനിയമങ്ങളിൽ കോർപ്പറേറ്റ്‌ താത്‌പര്യം

രാജ്യത്തെ 29 പ്രധാന തൊഴിൽനിയമങ്ങൾ ക്രോഡീകരിച്ചാണ് നാല് ലേബർ കോഡുകൾക്ക് രൂപംനൽകിയത്. മുമ്പൊക്കെ തൊഴിൽനിയമങ്ങൾ ഉണ്ടാക്കിയത് തൊഴിലാളികളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാനാണ്. ഇപ്പോൾ കോർപ്പറേറ്റുകളുടെ താത്‌പര്യാനുസരണമാണ് നിയമനിർമാണം. തൊഴിലാളിസംഘടനകളുടെ അഭിപ്രായം അവഗണിച്ചുകൊണ്ടാണ് നാല് കോഡുകൾ പാസാക്കിയത്.

ഇന്ത്യൻ കർഷകരെ കോർപ്പറേറ്റുകൾക്ക് കീഴടക്കാൻ ഉതകുന്ന മൂന്ന് നിയമങ്ങളാണ് പാർലമെന്റ് പാസാക്കിയത്. കർഷകസംഘടനകളും പാർലമെന്റിലെ പ്രതിപക്ഷപാർട്ടികളും ഉയർത്തിയ എതിർപ്പുകൾ സർക്കാർ ഗൗനിച്ചതേയില്ല. ഉത്‌പന്നങ്ങളുടെ സംഭരണം, താങ്ങുവില എന്നിവയൊന്നും പുതിയ നിയമങ്ങളിലില്ല. സ്വതന്ത്ര കമ്പോളത്തിനാണ് ഊന്നൽ. കരാർകൃഷിക്ക് വാതിൽ തുറക്കുന്നു. ഭക്ഷ്യധാന്യകൃഷിയിൽനിന്ന് കയറ്റുമതി സാധ്യതയുള്ള ഉത്‌പന്നങ്ങളിലേക്ക് കൃഷിരീതി മാറും. അത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും പൊതുവിതരണത്തെയും ദുർബലമാക്കും. ഭക്ഷ്യധാന്യങ്ങൾക്ക് വിദേശരാജ്യങ്ങളെ ആശ്രയിച്ചിരുന്ന പഴയ കാലത്തേക്ക് രാജ്യം തിരിച്ചുപോകും.സർക്കാർ ജീവനക്കാരുടെയും പൊതുമേഖലാ ജീവനക്കാരുടെയും സ്റ്റാറ്റ്യൂട്ടറി പെൻഷൻ തകർത്താണ് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതിയിൽ അംഗങ്ങളായവർക്ക് തുച്ഛമായ തുകയാണ് പെൻഷൻ ലഭിക്കുന്നത്. തൊഴിലാളികൾ അംഗങ്ങളായ പി.എഫ്. പെൻഷൻപദ്ധതി നാമമാത്രതുകയാണ് പെൻഷൻ നൽകുന്നത്. പ്രതിമാസം മിനിമം 3000 രൂപ പെൻഷൻ നൽകണമെന്ന ശുപാർശപോലും കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.

വർധിക്കാത്ത മിനിമം വേതനം

രാജ്യത്തെ തൊഴിലാളികളിൽ 94 ശതമാനം അസംഘടിത പരമ്പരാഗത കാർഷികമേഖലാ തൊഴിലാളികളാണ്. ഇവർക്ക് ഇപ്പോൾ സർക്കാർ നിർദേശിച്ച ദിവസവേതനം 202 രൂപയാണ്. തൊഴിലാളികളുടെ മിനിമംവേതനം പ്രതിമാസം 21,000 രൂപയാക്കണമെന്ന ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ ശുപാർശകളെ സർക്കാർ തള്ളിക്കളഞ്ഞു. 16 കോടിയോളംവരുന്ന കുടിയേറ്റത്തൊഴിലാളികളെയും സർക്കാർ അവഗണിച്ചു.
ജനങ്ങളുടെ സമരങ്ങൾ രാജ്യത്തെമ്പാടും ശക്തിപ്പെടുന്നുണ്ട്. കർഷകദ്രോഹനയങ്ങൾക്കെതിരേ വടക്കെ ഇന്ത്യയെ ഇളക്കിമറിച്ച കർഷകസമരങ്ങൾ നടന്നു. ഇത്തരം പ്രതിഷേധങ്ങളെ വർഗീയതയെ ആയുധമാക്കി ഭിന്നിപ്പിക്കാനാണ് കേന്ദ്രഭരണാധികാരികൾ ശ്രമിക്കുന്നത്. അധ്വാനത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്ന തൊഴിലാളികളുടെയും കർഷകരുടെയും ഐക്യനിര രാജ്യത്താകെ ശക്തിപ്പെടുന്നുണ്ട്. നവംബർ 26-ന്റെ ദേശീയപണിമുടക്ക് ആ മുന്നേറ്റത്തിന് കരുത്തു പകരും.

(ജനറൽ സെക്രട്ടറി, സി.ഐ.ടി.യു. സംസ്ഥാനകമ്മിറ്റി)

Content Highlights: 26th November 2020 strike