ഏതാണ്ടു രണ്ടരസഹസ്രാബ്ദം മുമ്പ് പ്ലേറ്റോ ഏതൻസിലെ അക്കാദമിയിലും സമാനമായി ഭാരതമുൾപ്പെടെ പലരാജ്യങ്ങളിലും ആരംഭിച്ച വിദ്യാഭ്യാസമെന്ന വിപ്ലവാത്മകമായ സമ്പ്രദായം മനുഷ്യസമൂഹത്തിന്റെ പുരോഗതിയുടെ നാഴികക്കല്ലാണ്. അതിന്റെ നടത്തിപ്പിലെ അപാകങ്ങളെ പലപ്പോഴും ചോദ്യംചെയ്യുമ്പോൾപ്പോലും അതിന്റെ പ്രയോജനത്തെ ആരും നിരാകരിക്കാത്തത് അതുകൊണ്ടാണ്.
ഏതൊരു സമ്പ്രദായവും അതിന്റെ ലക്ഷ്യത്തിൽനിന്നു വ്യതിചലിക്കുമ്പോൾ പ്രയോജനരഹിതമാവുന്നു. ഇതു സ്ഥാപനങ്ങൾക്കും ബാധകമാണ്. എന്താണ് വിദ്യാഭ്യാസത്തിൽനിന്നു ലഭിക്കേണ്ടത് എന്നതു സുവ്യക്തമായാൽ, അതിനുവേണ്ട പ്രക്രിയ ശരിയാണോ എന്നു നിർണയിക്കാൻ പിന്നെ ഒട്ടും പ്രയാസമില്ല. വിദ്യാഭ്യാസത്തിന്റെ മുൻപറഞ്ഞ ലക്ഷ്യത്തിന് രണ്ടുഭാഗങ്ങൾ ഉണ്ട്. ഒന്നാമതായി ശരിയായ കാഴ്ചപ്പാടുകളും മൂല്യസംഹിതകളും ഉള്ള മനുഷ്യരെ സൃഷ്ടിക്കാൻ വിദ്യാഭ്യാസസമ്പ്രദായത്തിനു കഴിയണം. രണ്ടാമതായി സമൂഹത്തിനു ഫലപ്രദമായി സംഭാവന ചെയ്തുകൊണ്ട് സ്വപ്രയത്‌നത്തിലൂടെ ജീവിക്കാനുള്ള കഴിവു നേടാൻ വിദ്യാഭ്യാസത്തിലൂടെ ഒരു വ്യക്തി പ്രാപ്തനാകണം. ഒരുപക്ഷേ, ഇങ്ങനെ രണ്ടു തലങ്ങളിലുള്ള നേട്ടങ്ങൾ വേണ്ടതുകൊണ്ടാണ്, ‘ഹൃദയത്തിന്റെ വിദ്യാഭ്യാസമില്ലാതെയുള്ള ധിഷണയുടെ വിദ്യാഭ്യാസം വിദ്യാഭ്യാസമേ അല്ല’ എന്ന് അരിസ്റ്റോട്ടിൽ പറഞ്ഞത്.
ഗ്രേഡിങ്ങിന്റെ ലക്ഷ്യം സഫലമായോ?
വിദ്യാഭ്യാസത്തിന്റെ മേൽപ്പറഞ്ഞ ദ്വിമാനലക്ഷ്യങ്ങൾക്കനുസരിച്ച് ചിട്ടപ്പെടുത്തിയെടുക്കേണ്ടതാണ് അതിന്റെ ഉള്ളടക്കവും മൂല്യനിർണയസമ്പ്രദായവും. അതിൽ ആരോഗ്യപരമായ മാറ്റങ്ങൾ ഏതൊരു പരിഷ്‌കൃതസമൂഹത്തിന്റെയും അനിവാര്യതയാണ്. കേരളത്തിൽ എസ്.എസ്.എൽ.സി.ക്ക് നേരത്തേ നിലവിലുണ്ടായിരുന്ന റാങ്കിങ് സമ്പ്രദായത്തെപ്പറ്റി 1994-ൽ ഒരു ചർച്ച ഉണ്ടായപ്പോൾ, റാങ്കിങ് സമ്പ്രദായം നിർത്തലാക്കി ഗ്രേഡിങ്ങിലേക്കു മാറണമെന്ന് ഞാൻ ഒരു ലേഖനത്തിൽ നിർദേശിച്ചത് ഓർമിക്കുന്നു. അതിനുശേഷം വർഷങ്ങൾക്കു ശേഷമാണ് അത് കേരളത്തിൽ നടപ്പിൽവന്നത്.
സ്കൂൾതലത്തിൽ നിലവിൽ വന്ന ഗ്രേഡിങ് സമ്പ്രദായത്തിന്റെ ആത്യന്തികലക്ഷ്യം, ജയം-തോൽവി സമ്പ്രദായ (Pass-Fail system)ത്തിനു പകരമായുള്ള ശാസ്ത്രീയരീതിയായി മാറുക എന്നതായിരുന്നു. മാർക്കുസമ്പാദനം എന്ന ഏകലക്ഷ്യത്തിൽ വിദ്യാഭ്യാസം പരിമിതപ്പെടാതെ വളർന്ന് വിശാലമായ വിജ്ഞാനവും നൈപുണികളും നേടുക എന്ന യഥാർഥലക്ഷ്യം കൈവരിക്കാൻ അത്യന്താപേക്ഷിതമെന്ന നിലയ്ക്കാണ് ഗ്രേഡിങ് സമ്പ്രദായം നിലവിൽവന്നത്. എന്നാൽ അത് നടപ്പാക്കിയപ്പോൾ ആദ്യപടിയെന്ന നിലയിൽ, ജയം-തോൽവി സമ്പ്രദായം നിലനിർത്തിക്കൊണ്ടുള്ള ഗ്രേഡിങ് ആണ് നടപ്പാക്കിയത്. അതിന്റെ ഒരുകാരണം, ഈ രംഗത്ത് ക്രമേണയുള്ള മാറ്റങ്ങളേ എല്ലാവർക്കും ഉൾക്കൊള്ളാനും അംഗീകരിക്കുവാനും കഴിയൂ എന്ന യാഥാർഥ്യമാണ്. അതുകൊണ്ട് ഇപ്പോഴും എസ്.എസ്.എൽ.സി.ക്ക് ഗ്രേഡിങ് ഉള്ളപ്പോൾത്തന്നെ ജയം-തോൽവിയെന്ന തരംതിരിവുസമ്പ്രദായവും നിലനിൽക്കുന്നു.
സ്കൂൾ വിദ്യാഭ്യാസത്തിലൂടെ കടന്നുപോകുന്ന ഒരു വിദ്യാർഥിയുടെ നൈപുണികൾ യഥാർഥമായും സത്യസന്ധമായും വിലയിരുത്തിയുള്ള ഗ്രേഡുകൾ നൽകേണ്ടത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിലനിർത്താനും വർധിപ്പിക്കാനും അത്യന്താപേക്ഷിതമായിരിക്കുമ്പോൾത്തന്നെ, സ്കൂൾഫൈനലിൽ എത്തുന്ന ഒരു വിദ്യാർഥിയെ ജയം-തോൽവിയിൽ വർഗീകരിക്കുന്നത്, ഇപ്പോഴത്തെ സാഹചര്യത്തിൽ അനാവശ്യമാണെന്നു തോന്നുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രവേശനയോഗ്യത, േഗ്രഡുകളുടെ അടിസ്ഥാനത്തിൽ അതതു സ്ഥാപനങ്ങൾക്കു നിശ്ചയിക്കാനും അഡ്മിഷൻ അതിനനുസരിച്ച് ക്രമീകരിക്കാനും കഴിയുമെന്നിരിക്കേ, ജയം-തോൽവി വർഗീകരണം, തോൽക്കുന്ന വിദ്യാർഥിയുടെ മനസ്സിൽ അനാവശ്യമായ അപകർഷബോധവും നിരാശയും സൃഷ്ടിക്കുന്നതിനുമാത്രമേ ഉപകരിക്കുന്നുള്ളൂ.
സങ്കീർണമായ മനുഷ്യശേഷികൾ വളരെക്കുറഞ്ഞ സമയംകൊണ്ടു വിലയിരുത്തപ്പെടുന്ന പരീക്ഷകളിൽ പരിപൂർണമായി അളക്കാനുള്ള പരിമിതികൾ പരിഗണിച്ച്, അളക്കപ്പെടുന്ന നൈപുണികളുടെ ഗ്രേഡുകൾ രേഖപ്പെടുത്തി അറിയിക്കുന്ന യഥാർഥലക്ഷ്യത്തിലേക്ക് മൂല്യനിർണയത്തെ പരിമിതപ്പെടുത്തേണ്ടതുണ്ട്. പ്രതിഭാശാലിയായ വിദ്യാർഥികൾക്ക് അതിനനുസരിച്ച് ഉന്നതമായ ഗ്രേഡുകൾ നേടാനുള്ള സാധ്യത നിലനിർത്തിക്കൊണ്ട്, അത്തരം വിദ്യാർഥികളുടെ പഠനാവേശത്തെ തളർത്താതെ, കൗമാരദശയിലെ ഇച്ഛാഭംഗങ്ങളിൽനിന്ന് ധാരാളം വിദ്യാർഥികളെ കരകയറ്റാൻ ജയം-തോൽവി വർഗീകരണം നിർത്തലാക്കുന്നതിലൂടെ കഴിയും.
അതുകൊണ്ട് ഗ്രേഡിങ് സമ്പ്രദായത്തിൽ ഉദ്ദേശിക്കപ്പെട്ടതുപോലെ, പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികൾക്കും അവർ നേടിയ ഗ്രേഡുകൾ നൽകുകയെന്നതിൽ പരീക്ഷയെ ഒതുക്കിനിർത്തി, ജയം-തോൽവി എന്ന മൂല്യവിധി ഒഴിവാക്കേണ്ടതാണ്. പരീക്ഷ എന്നാൽ, മൂല്യനിർണയമാണ്, മൂല്യവിധിയല്ല എന്നതാണ് നാം മനസ്സിലാക്കേണ്ടത്.
തുടർച്ചയായും സമ്പൂർണമായുമുള്ള മൂല്യനിർണയസമ്പ്രദായം ശരിയായി നടപ്പാക്കുന്നതിൽ അധ്യാപകരെ പ്രാപ്തരാക്കേണ്ടതും വളരെ ആവശ്യമാണ്. അതിന് ഇന്നത്തെ നിലയിൽ അധ്യാപകർക്കുള്ള ശേഷികളിലും വിജ്ഞാനത്തിലും അവരുടെ പ്രതിബദ്ധതയിലും ഒരു കുതിച്ചുചാട്ടം ആവശ്യമാണ്. മനസ്സുകൊണ്ട് പ്രതികരിക്കുകയും ധിഷണകൊണ്ട് ചിന്തിക്കുകയും ചെയ്യുന്ന അധ്യാപകരും വിദ്യാർഥികളുമുള്ള കലാലയങ്ങൾ വളർത്തിയെടുക്കാനുള്ള പ്രക്രിയ കൂടുതൽ ഊർജിതമാക്കുന്ന പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസത്തിൽ അടിയന്തരമായി ഊന്നൽ നൽകേണ്ടിയിരിക്കുന്നു.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായിരുന്ന ലേഖകൻ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറിയാണ്