കൂട്ടമറവിയുടെ ഏത് പ്രളയത്തിലും മുങ്ങിത്താഴാതെ വഴികാട്ടിയായി നിൽക്കുന്ന ഒരു ഇന്ത്യൻ സിനിമ ഏതാണ് എന്ന ചോദ്യത്തിന് പഥേർ പാഞ്ജലി (1955) എന്നല്ലാതെ ലോകം മറ്റൊരു ഉത്തരം ഇനിയും കണ്ടുപിടിച്ചിട്ടില്ല. പുറത്തുവന്ന് 65 വർഷം പിന്നിട്ടിട്ടും സത്യജിത് റായിയുടെ ഈ ഇതിഹാസത്തിലും മികച്ചൊരു വിസ്മയം ഇനിയും ഇന്ത്യൻ സിനിമയുടെ ചരിത്രം പണിതിട്ടില്ല. ഓരോ കാഴ്ചയും പുതിയ അനുഭൂതികൾ പകരുന്ന ഒരാഴക്കടൽ  തന്നെയാണ് പഥേർ പാഞ്ജലി. ലോക സിനിമയിൽ ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും മേൽവിലാസമായി അത് തലമുറകൾക്ക് ഇന്നും വഴികാട്ടുന്നു. 

വിശ്വസാഹിത്യത്തിൽ നൊബേൽ ജേതാവായതുകൊണ്ടുമാത്രമല്ല രബീന്ദ്രനാഥ ടാഗോർ ഇന്ത്യ കണ്ട മഹാകവികളിലൊരാളായത്‌. ഗീതാഞ്ജലി അതിന്റെ ഒരു വഴിത്താര മാത്രം.  ഭാവനയുടെ  വറ്റാത്ത നീരുറവകൾ കൊണ്ട്   ടാഗോർ വഴിവെട്ടിയ നദീതട സംസ്കാരത്തിന്റെ നനവിലാണ് പോയ  നൂറ്റാണ്ടിൽ നമ്മുടെ സാഹിത്യം ലോകത്തിന് മുന്നിൽ പച്ചപിടിച്ചത്. കുറസോവയും റോസെല്ലിനിയും താർക്കോസ്കിയുമൊക്കെ ലോകസിനിമയെ സമയത്തിൽ കൊത്തിവെക്കുന്ന മഹാകാവ്യങ്ങളാക്കി മാറ്റിയപ്പോൾ അവരോടൊപ്പം ഒട്ടും തലയെടുപ്പ് കുറയാതെ ഇന്ത്യൻ സിനിമയെ എഴുന്നേൽപ്പിച്ച് നിർത്തിയത് റായിയായിരുന്നു. പഥേർ പാഞ്ജലി അതിന്റെ തുടക്കം മാത്രം.    വെള്ളിത്തിരയിൽ ആ സിനിമകൾ   ഇതിഹാസം പണിതു. മഹാകവി എന്ന് നിസ്സംശയം വിളിക്കാൻ ആഴംകൊണ്ട് അത് കരുത്തുകാട്ടി. 

2004-ൽ ‘മാതൃഭൂമി’ക്കുവേണ്ടി സ്പെയിനിലെ സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത വേളയിൽ ലോകത്തിലെ  ഏറ്റവും വലിയ സിനിമാമാളിലൂടെ കറങ്ങി നടന്നപ്പോൾ ശ്രദ്ധിച്ചത്  ഇന്ത്യൻ സിനിമ എന്നത് എന്തൊരു  ശൂന്യതയാണ് എന്ന വസ്തുതയായിരുന്നു. അവിടെ സത്യജിത് റായ്‌  സിനിമകൾ കണ്ടെത്തിയത് ഒരു അഭിമാനത്തിന്റെ നിമിഷമായിരുന്നു.  ലോകത്തെങ്ങുമുള്ള നൂറുകണക്കിന് ചലച്ചിത്ര സംവിധായകർ തലയെടുപ്പോടെ നിരനിരയായി നിറഞ്ഞുനിന്ന ആ സിനിമാമാളിൽ  ഇന്ത്യ എന്ന രാജ്യത്തിന്റെ പേരു കാക്കാൻ  റായ്‌ സിനിമകൾ   മാത്രമാണുണ്ടായിരുന്നത്. അത് സിനിമകൾ കൊണ്ടുമാത്രം ഒരു കടൽ ദൂരം അതിർത്തി മുറിച്ചുകടക്കുന്ന പ്രതിഭയുടെ സാഹസികതയാണ്. അതാണ് റായ് എന്ന നക്ഷത്രത്തെ ഇന്നും പ്രസക്തനാക്കുന്നത്. 
അദ്ദേഹത്തെ തേടിയെത്തിയ ഭാരതരത്നവും ഫാൽക്കെ പുരസ്കാരവും പദ്‌മഭൂഷണും പ്രത്യേക ഓസ്കർ ബഹുമതിയുമൊക്കെ ആ  ആദരിക്കലിലൂടെ കൊടുത്തുകൊണ്ട് സ്വയം  പ്രകാശിക്കുകയാണ് ചെയ്തത്. അല്ലായിരുന്നെങ്കിൽ ആ ചരിത്രം അത്രമേൽ ഇരുണ്ടുപോകുമായിരുന്നു. റായ്‌ വിടപറഞ്ഞിട്ടിപ്പോൾ മൂന്ന് പതിറ്റാണ്ടാകുന്നു. അപു ത്രയങ്ങളും ( പഥേർ പാഞ്ജലി, അപരാജിതോ, അപുർ സൻസാർ)  കൽക്കട്ട ത്രയങ്ങളും (പ്രതിദ്വന്തി, സീമബദ്ധ, ജന അരണ്യ) ഇന്നും ലോകത്തിന് പ്രചോദനമാണ്. മനുഷ്യദൈവങ്ങളുടെ നാട്ടിൽ 1961-ൽ എടുത്ത ‘ദേവി’ ഇന്നും വിസ്മയമാണ്. 1958-ൽ പുറത്തുവന്ന ‘ജൽ സാഗർ’  ചരിത്രത്തിലെ  ഏറ്റവും മികച്ച സിനിമകളിലൊന്നായി കണക്കാക്കുന്നവർ കൂടി വരുന്ന കാലമാണിത്.
 

ഐസൻസ്റ്റീന്റെ ‘ഐവാൻ ദ ടെററി’ നെപ്പോലെ പിറന്ന കാലത്തെ  അമ്പരപ്പിക്കുന്ന രാഷ്ട്രീയമാനങ്ങൾ പതിയിരിക്കുന്ന വിശ്രുത രചനയാണത്. അധികാരത്തിന്റെ രാഷ്ട്രീയം ഇത്രയും അഗാധമായി കൈകാര്യം ചെയ്ത ഒരു സിനിമ  റായിയുടെ സിനിമാ ചരിത്രത്തിൽ വേറെയുണ്ടാകില്ല. മാജിക്കൽ റിയലിസത്തിന്റെ ഒരു തനത് ഇന്ത്യൻ രീതി തന്നെ ജൽ സാഗറിൽ റായ്‌ വികസിപ്പിച്ചെടുക്കുന്നുണ്ട്. 
നൂറ്റാണ്ടിന്റെ കണ്ണുകൾ എന്ന് വിളിക്കാവുന്ന റായ്‌ സിനിമകൾ വരുംകാലത്തിന്റെയും കണ്ണായിത്തന്നെ നിൽക്കും. എന്നും പ്രസക്തം ആ സിനിമകളിലൂടെയുള്ള യാത്രകൾ. ക്ലാസിക്കുകൾക്ക് മരണമില്ല. രചയിതാവിനും.