കേരളത്തിന്റെ തീരങ്ങളിൽ മീൻ കുറയുന്നു എന്നത് പുതിയ വിശേഷമൊന്നുമല്ല. ആലപ്പുഴ കൊല്ലം, തിരുവനന്തപുരം ഉൾപ്പെടുന്ന തിരുവിതാംകൂർ മേഖലയിൽ മീൻ കിട്ടുന്നുണ്ട്. പരമാവധി രണ്ടുമാസത്തേക്കെന്ന് തൊഴിലാളികൾ. കൊച്ചി മേഖലയിൽ ‘കുറേശ്ശേ’. മലബാർ മേഖലയിൽ മീനില്ല. ഡിസംബർ മാസത്തോടെ മത്സ്യത്തൊഴിലാളികൾ കൂടുതൽ ദുരിതങ്ങളിലേക്ക് മുങ്ങിത്താഴും. ട്രോളിങ് നിരോധനകാലമായ ജൂൺ 10 മുതൽ ജൂലായ് 31 വരെ കിട്ടിയതും മുൻവർഷത്തെക്കാൾ കുറവ് മീൻ.  പരമ്പരാഗത യാനങ്ങൾ മാറി യന്ത്രവത്കൃത ബോട്ടുകളും ട്രോളറുകളും വന്നതോടെ കടൽ അരിച്ചുപെറുക്കിയായി മീൻപിടിത്തം. മീൻപിടിത്തം വൻകിടക്കാരുടെ കുത്തകയായി. 
 2010-ൽ യു.എന്നിന്റെ ഉപഘടകമായ  യുണൈറ്റഡ് നാഷണൻസ്  എൻവയോൺമെന്റ് പ്രോഗ്രാമിനായി പഠനം നടത്തിയ അമേരിക്കയിലെ ഗ്രീൻ ഇക്കോണമി ഇനീഷ്യേറ്റീവ് മേധാവി ഡോ. പവൻ സുഖ്‌ദേവ് പറയുന്നത്, ‘40 വർഷം കഴിയുമ്പോൾ കടലിൽ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുണ്ടാവില്ല’ എന്നാണ്. 

വിശ്വസിക്കാനാവുന്നില്ല, കടലിനെയും 
കടലിന്റെ മക്കൾക്കുപോലും കടലിനെ വിശ്വസിക്കാൻ പറ്റാതായി. രാത്രി കടൽ കയറിവരില്ലെന്ന അവരുടെ വിശ്വാസം 2021 മേയിലെ ടൗട്ടേ ചുഴലിക്കാറ്റ് തൂത്തുവാരി. 2004-ലെ സുനാമി, 2017-ലെ ഓഖി ചുഴലിക്കാറ്റ് എന്നിവയും വിശ്വാസങ്ങളെ തകർത്തെറിഞ്ഞു. പ്രളയങ്ങൾ കടൽമേഖലയെ കാര്യമായി ബാധിച്ചില്ല. ഓഖിക്കുശേഷം ന്യൂനമർദമുന്നറിയിപ്പ് അധികൃതരിൽനിന്ന് കൂടുതൽ വരുന്നു. അതിനനുസരിച്ച് കടലിൽ പോകണോ വേണ്ടയോ എന്ന ആശങ്കയിൽ മത്സ്യത്തൊഴിലാളികളും. കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ മാത്രം ആശങ്കയല്ല. സംസ്ഥാനത്തിന്റെ തീരദേശത്തിന്റെ 63 ശതമാനവും തീരശോഷണം നേരിടുന്നുവെന്ന് ദേശീയ ഏജൻസിയായ നാഷണൽ സെന്റർ ഫോർ സസ്‌റ്റെയ്‌നബിൾ കോസ്റ്റൽ മാനേജ്‌മെന്റ് (എൻ.സി.എസ്.എൽ.എം.) പറയുന്നു. നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ (എൻ.സി.സി.ആർ.) 2016-ലെ റിപ്പോർട്ടിൽ 263 കിലോമീറ്റർ തീരം ശോഷണത്തിന് വിധേയമാണ്.

‘രക്ഷ’യില്ലാതെ കടൽ സുരക്ഷ
2012 ഫെബ്രുവരി 15-ന് ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്‌സിയയിലെ നാവികരുടെ വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു.2021 മേയിൽ ബേപ്പൂരിൽനിന്ന് പുറപ്പെട്ട അജ്മീർ ഷാ എന്ന ബോട്ടും 15 തൊഴിലാളികളും കടലിലെവിടെയോ പോയ് മറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൊല്ലം അഴീക്കലിൽ വള്ളം മറിഞ്ഞ് നാല് മീൻപിടിത്തക്കാർ മരിച്ചത്. കടലിൽ അപകടങ്ങൾ കൂടിവരുന്നു. കടൽക്ഷോഭങ്ങളിൽ യാനങ്ങൾ മറിയുന്നതും  മരണം സംഭവിക്കുന്നതും മത്സ്യബന്ധന ഉപകരണങ്ങൾ നശിക്കുന്നതും ഇടയ്ക്കിടെ വാർത്തയാണ്. സുരക്ഷയുടെ ചുമതലയുള്ള ഫിഷറീസ് വകുപ്പും തീരദേശ പോലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും അതിവേഗമെത്തി രക്ഷാപ്രവർത്തനം നടത്താനുള്ള സംവിധാനങ്ങളില്ലാതെ വലയുന്നു. കാലഹരണപ്പെട്ട ബോട്ടും ഉപകരണങ്ങളുമാണിപ്പോൾ ഇവരുടെ പക്കൽ. പലപ്പോഴും മത്സ്യത്തൊഴിലാളികളും നാട്ടുകാരും തന്നെയാണ് രക്ഷാപ്രവർത്തകരാവുന്നത്. 

കടം, മേൽക്കടം...കെണി
ജീവിക്കാൻ പണമില്ലാതാവുമ്പോൾ കടം വാങ്ങും. മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ സർക്കാർ വകുപ്പുകളും സംവിധാനങ്ങളുമുണ്ട്. എന്നാൽ, ഇവയെക്കുറിച്ചുള്ള ധാരണ സാധാരണ തൊഴിലാളികൾക്കില്ല.  നൂലാമാലകൾ ഒഴിവാക്കി എളുപ്പത്തിൽ ലഭിക്കാവുന്ന വായ്പകളിലേക്ക് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾ ചായുന്നു. പലർക്കും അത് കടക്കെണിയുമാവുന്നു. 2004-ൽ കാലിക്കറ്റ് സർവകലാശാലയിലെ കൊമേഴ്‌സ് വിഭാഗത്തിന്റെ ഒരു ഗവേഷണപ്രബന്ധത്തിൽ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും കടത്തിലാണെന്നും സമ്പാദ്യ-നിക്ഷേപങ്ങൾ  ഒന്നുമില്ലെന്നും രേഖപ്പെടുത്തുന്നുണ്ട്. വിവിധ ബാങ്കുകളിൽനിന്നും സഹകരണസ്ഥാപനങ്ങളിൽനിന്നും മത്സ്യത്തൊഴിലാളികളെടുത്ത വായ്പകളിൽ ഇളവുനൽകാൻ 2008-ൽ സംസ്ഥാന സർക്കാർ രൂപവത്കരിച്ച മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ ഗുണമൊന്നും ചെയ്തില്ലെന്നാണ് മത്സ്യത്തൊഴിലാളി സംഘടനാനേതാക്കൾ പറയുന്നത്. തൊഴിലാളികളുടെ ജീവിതസാഹചര്യം മോശമാണെന്നും പലിശയും പിഴപ്പലിശയും അടയ്ക്കാൻ അവർക്ക്   മാർഗവുമില്ലെന്നുമാണ് കമ്മിഷന്റെ കണ്ടെത്തൽ. സ്ത്രീകൾ ജോലിക്കുപോയാണ് പലയിടങ്ങളിലും കുടുംബം പുലരുന്നത്. ദാരിദ്ര്യം കാരണം  അമ്പലപ്പുഴ തീരദേശ മേഖലയിൽ അവർ വൃക്കവിൽക്കാൻ വരെ നിർബന്ധിതരാവുന്നു.പുതിയ തലമുറയ്ക്ക് പഠിക്കാനാണ് താത്പര്യം, വിശേഷിച്ചും പെൺകുട്ടികൾക്ക്. വടക്ക് കടലിൽ പോകുന്നവരിൽ ഏറെപ്പേർ അസം, ബംഗാൾ തുടങ്ങിയ ഇതരദേശക്കാർ. കേരളത്തിലെ എല്ലാ ഹാർബറുകളിലും ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. കേരളത്തിലെ പത്ത് ഫിഷറീസ് സ്കൂളുകളിൽ  മീൻപിടിത്തവുമായി ബന്ധപ്പെട്ട കോഴ്‌സുകളുണ്ട്. എന്നാൽ, ഇവ പഠിക്കാൻ പുതുതലമുറയ്ക്ക് താത്പര്യമില്ല. 

പഠനങ്ങൾ പറയുന്നു പരിതാപകരം
2020 ഡിസംബറിലെ ഇ.പി.ആർ.എ. ‘ഇന്റർനാഷണൽ ജേണൽ ഓഫ് ഇക്കണോമിക് ആൻഡ്‌ ബിസിനസ് റിവ്യൂ’വിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ഇന്ത്യയിലെ മീൻപിടിത്തക്കാരുടെ സാമൂഹിക- സാമ്പത്തിക ജീവിതം തൃപ്തികരമല്ലെന്നാണ്. 2013-ൽ ഫിഷറീസ് വകുപ്പ് നടത്തിയ സാമൂഹിക സാമ്പത്തിക സാംപിൾ സർവേയിലും മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണെന്ന് കണ്ടെത്തി. തൊഴിലില്ലായ്മ, ജലനിർഗമന സംവിധാനങ്ങളില്ലാത്തത്, കുടിവെള്ളക്ഷാമം, അടിയന്തര ആവശ്യങ്ങൾക്ക് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് എന്നിവയാണ് പ്രധാന കാരണങ്ങൾ.2018 ജൂൺ 25-ലെ ഉത്തരവുപ്രകാരം സംസ്ഥാനസർക്കാർ ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെന്റ് ആനന്ദ്, മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് സോഷ്യൽ സയൻസസ് എന്നീ സ്ഥാപനങ്ങളെ മത്സ്യമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഏൽപ്പിച്ചു. ടിസ്സ് സർക്കാരിന് സമർപ്പിച്ച പഠന റിപ്പോർട്ടിലും കേരളത്തിന്റെ തീരദേശ സമൂഹത്തിന്റെ ദുരിതങ്ങൾ പറയുന്നു. കോവിഡുകാരണം ഐ.ആർ.എം.എ.യുടെ പഠനം നടന്നിട്ടില്ല.  ശാസ്ത്രസാഹിത്യപരിഷത്ത് 2016-ൽ കണ്ണൂർ ജില്ലയിലെ പത്ത് മത്സ്യഗ്രാമങ്ങളിലും തലശ്ശേരി ഗോപാൽപേട്ടയിലെ ചാലിൽ ഗ്രാമത്തിലും നടത്തിയ സർവേകളിൽ മത്സ്യത്തൊഴിലാളികളുടെ സാമൂഹികസാമ്പത്തിക ജീവിതനിലവാരം  ആദിവാസികളെക്കാൾ ഒട്ടും മെച്ചമല്ലെന്ന് കണ്ടെത്തി. 2019-ൽ കുസാറ്റിലെ വിദ്യാർഥി നടത്തിയ പഠനത്തിൽ കുറഞ്ഞ വരുമാനവും മീൻ ലഭ്യതയിലെ അനിശ്ചിതത്വവും സാധാരണ മത്സ്യത്തൊഴിലാളികളുടെ ജീവിതം ‘രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്തവിധം’ ബുദ്ധിമുട്ടിലാണെന്നു കണ്ടെത്തി. 
2021-'22ലെ സംസ്ഥാന ബജറ്റിൽ 1220.84 കോടിരൂപയാണ് ഫിഷറീസ് വകുപ്പിന് അനുവദിച്ചത്. കഴിഞ്ഞവർഷത്തെക്കാൾ 34 ശതമാനം കൂടുതൽ. 1,89,200 പേരാണ്  മീൻപിടിത്തവുമായി ബന്ധപ്പെട്ട തൊഴിലാളികളെന്ന് ഫിഷറീസ് വകുപ്പ് പറയുന്നു. ജാതി തിരിച്ചുള്ള കണക്ക് ലഭ്യമല്ലെന്നും വകുപ്പ്. 2010-ലെ കേരള മറൈൻ ഫിഷറീസ് സെൻസസ് റിപ്പോർട്ട് പ്രകാരം ലത്തീൻ കത്തോലിക്കർ 50,720, ഹിന്ദു 34,509, മുസ്‌ലിം 33,708 എന്നിങ്ങനെയാണ് മത്സ്യബന്ധനത്തിലേർപ്പെടുന്നവർ.

കാസർകോട്‌ മഞ്ചേശ്വരം കടപ്പുറം
നമ്മക്കിപ്പോ മീന് കിട്ട്ന്നില്ലപ്പാ. മംഗലാരക്കാര് നട്ടപ്പാതിരക്ക് ലൈറ്റ് ഇട്ട് മീൻപിടിക്ക്ന്ന്. ഞമ്മ പോയെങ്ക് ചിമ്മിണീന്റെ പൈസ കിട്ട്ന്നില്ല. പിന്നല്ലെ ചെലവിന്. ഈടെ പെണ്ണുങ്ങ ബീഡി കെട്ട്ന്ന കൊണ്ട് ജീവിക്ക്ന്ന്.
-ഹൊസബെട്ടുവിലെ മീൻപിടിത്തക്കാർ

തൃശ്ശൂർ 
ചേറ്റുവ തുറമുഖം
എന്തൂട്ടണിഷ്ടാ. ഇന്ന് കിട്ട്യേത് കൊർച്ച് മണങ്ങ്. കഴിഞ്ഞീസം അയലേം മാന്തളും കിട്ടീർന്നു. ന്നാലും കഴിഞ്ഞ കൊല്ലത്തെക്കാൾ കുറവാ. കഷ്ടണ്. -മുത്തപ്പൻ ബോട്ടിന്റെ കാര്യക്കാരൻ ചിഞ്ചുമോനും തൊഴിലാളികളും

തിരുവനന്തപുരം 
വലിയതുറ
എന്തരപ്പീ, മീൻ വാങ്ങാൻ വന്നതല്ലേ. പത്രത്തീവന്നാ നിങ്ങക്ക് ഗുണം. കണ്ടാ ഈ അയല. ഇന്ന് വാങ്ങാനാളില്ല. ബാക്കിവന്നാ ഉപ്പിട്ട് ഒണക്കമീനാക്കും. സാധാരണ ഒരീസം ഇരുനൂറ്. ചെലപ്പോ ആയിരോ കിട്ടും. കിട്ട്യാലായി.
 - മീൻവില്പനക്കാരി ബേബി.