രു ദിനാചരണം കൊണ്ടോ, താത്കാലികമായ ഓർമപ്പെടുത്തൽ കൊണ്ടോ, വലിയ പ്രഖ്യാപനങ്ങൾകൊണ്ടോ തീരുന്ന പ്രശ്നമല്ല കേരളത്തിലെ കൈത്തറിവ്യവസായം നേരിടുന്ന പ്രതിസന്ധി. കോവിഡ് ഭീഷണിക്കാലത്ത് യൂണിയനും തൊഴിലാളികളും വ്യവസായികളും ചോദിക്കുന്നത്‌ ഒരു ചോദ്യമാണ്‌; ‘സർക്കാർ കൈത്തറി ഉടുക്കുമോ’?.
നേരത്തേ സർക്കാർജീവനക്കാരും അധ്യാപകരും ആഴ്ചയിൽ രണ്ടുദിവസം നിർബന്ധമായും കൈത്തറിവസ്ത്രം ധരിച്ചിരിക്കണം എന്ന നിർദേശമുണ്ടായിരുന്നു. ഒന്നും നടന്നില്ല. സ്കൂൾകുട്ടികളുടെ യൂണിഫോം കൊണ്ട് തത്കാലം മേഖല ഒന്നു പിടിച്ചുനിൽക്കുന്നുണ്ട്. അത് സർക്കാരിന്റെ കാരുണ്യമാണ്. ഇതുവരെ 50 ലക്ഷം മീറ്ററോളം സ്കൂൾ യൂണിഫോം തുണികൾ കെട്ടിക്കിടന്നിരുന്നു. സ്കൂൾ തുറന്നില്ലെങ്കിലും യൂണിഫോം വിദ്യാർഥികൾക്ക് എത്തിച്ചതിനാൽ അത് കേടാവാതിരുന്നു. കുട്ടികൾക്ക് തുണി ലഭിച്ചെങ്കിലും തുണി നെയ്ത തൊഴിലാളികൾക്ക് കൂലി കുടിശ്ശികയാണെന്ന പരാതി നിലവിലുണ്ട്.

വിഷമകാലത്ത് കൂനിന്മേൽ കോവിഡും

രണ്ടു കോവിഡ് വർഷങ്ങൾ. ഏറ്റവും വലിയ തിരിച്ചടി ഉണ്ടാക്കി കൈത്തറിമേഖലയ്ക്കാണ്. ഓരോവർഷവും ഓണം, വിഷു, ക്രിസ്മസ്, പെരുന്നാൾ എന്നിങ്ങനെ 56 ദിവസം കൈത്തറിവിൽപ്പനയ്ക്ക് സർക്കാർ റിബേറ്റ്‌ നൽകാറുണ്ട്. ഈ റിബേറ്റിന്റെ ബലത്തിലാണ് ഹാൻവീവിന്റെയും ഹാൻടെക്സിന്റെയും കീഴിലുള്ള തൊഴിലാളികൾ ഉത്പാദിപ്പിക്കുന്ന കൈത്തറി ഉത്പന്നങ്ങളിൽ 80 ശതമാനവും വിറ്റുപോകാറ്‌. സാധാരണ കൈത്തറിത്തുണികൾക്ക് അതിന്റെ പ്രത്യേകത കാരണം വിൽപ്പന കൂടുതലാണ്. തമിഴ്‌നാട്ടിൽനിന്നും മറ്റും വരുന്ന വിലകുറഞ്ഞ കൈത്തറിത്തുണികളോടും പവർമിൽ തുണികളോടും പൊരുതി കേരള കൈത്തറി, വിപണി പിടിച്ചുനിൽക്കുന്നത് ഈ റിബേറ്റ് കൊണ്ടുതന്നെയാണ്‌. കോവിഡ് മഹാമാരി എല്ലാം ചതിച്ചു. വിൽപ്പന ഇല്ലാതായതോടെ പഴയ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്നു.  

നഷ്ടത്തിലേക്കുള്ള യാത്ര

ഒരുകാലത്ത് മൂന്നുലക്ഷത്തിലധികം തൊഴിലാളികൾ കൈത്തറിമേഖലയിൽ തൊഴിൽ കണ്ടെത്തിയിരുന്നു. മഹാഭൂരിപക്ഷവും കണ്ണൂർ ജില്ലയിൽ. കോടികളുടെ വിദേശനാണ്യം തേടിത്തന്ന വ്യവസായം കൂടിയായിരുന്നു കൈത്തറിരംഗം. കൈത്തറിയുടെ ആസ്ഥാനം എന്നറിയപ്പെടുന്ന കണ്ണൂരിൽനിന്നുമാത്രം 400 കോടിയിലധികം രൂപയുടെ കയറ്റുമതി. 2005-ന് മുന്പുവരെ കണ്ണൂരായിരുന്നു കേന്ദ്രം. ഇന്നു കയറ്റുമതിമേഖലയും ശോഷിച്ചു. ഉള്ളതിൽ വെറും പത്തുശതമാനത്തിൽ താഴെയാണ് കേരളാകൈത്തറിയുടെ വക. പതിനായിരക്കണക്കിന് ആൾ തൊഴിൽ ഉപേക്ഷിച്ചു. ആയിരക്കണക്കിന് തറികൾ നിശ്ചലമായി. ഉത്പാദനം ഗണ്യമായി കുറഞ്ഞു. രേഖകളിൽമാത്രം ഒരുലക്ഷം തൊഴിലാളികളെ കാണാം. പക്ഷേ, തൊഴിലെടുക്കുന്നവർ വെറും 30000-ത്തിൽ താഴെവരും. പലർക്കും ഒന്നോ രണ്ടോ ദിവസംമാത്രം തൊഴിൽ. ‘ഒരു വ്യക്തി എന്തുകൊണ്ട് കൈത്തറിത്തുണി വാങ്ങുന്നില്ല’ ഈ ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. ആ ഉത്തരങ്ങളിൽ തൊട്ടുവേണം മാറ്റങ്ങൾ ഉണ്ടാക്കാൻ. ഒന്ന്‌, കൈത്തറിത്തുണിക്ക് പവർലൂം വസ്ത്രത്തെക്കാൾ വിലയാണ്‌. കൈത്തറി വസ്ത്രങ്ങൾ ഒട്ടും ഫാഷനബിളല്ല, കൈത്തറിവസ്ത്രങ്ങൾ പരമ്പരാഗത ശൈലിയിൽ നിന്ന് മാറുന്നില്ല. അതേസമയം, തികച്ചും ഫാഷനായ പവർലൂം തുണികൾ വാങ്ങാനുള്ളപ്പോൾ എന്തിന് വലിയ വിലകൊടുത്ത് കൈത്തറി വാങ്ങണം. ഈ ചോദ്യങ്ങളിൽത്തന്നെ ഉത്തരവും ഉണ്ട്. അനിവാര്യമായ മാറ്റം മേഖലയ്ക്ക് അത്യാവശ്യമാണ്. ഇവിടെയാണ് ‘കണ്ണൂർ ക്രേപ്പി’ന്റെ ഒരു പഴയ ചരിത്രം പരിശോധിക്കേണ്ടത്.

കണ്ണൂർ ക്രേപ്പ്

കൈത്തറിയുടെ സുവർണകാലഘട്ടം ശരിക്കും ‘കണ്ണൂർ ക്രേപ്പി’ന്റെ കാലമായിരുന്നു. കൃത്യമായി പറഞ്ഞാൽ 1970 മുതൽ 1980 വരെ. ക്രേപ്പ് എന്നത് പ്രത്യേക ഇലാസ്തികതയുള്ള ഒരു തരം നൂലുകൊണ്ടു നെയ്ത തുണിയായിരുന്നു. ചുരുങ്ങിക്കിടക്കുന്ന വളരെ നേരിയ ഈ തുണി വസ്ത്രരംഗത്ത് ആഗോളതലത്തിൽത്തന്നെ വലിയ ഫാഷൻ തരംഗം ഉണ്ടാക്കി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന്‌ വലിയ ഓർഡർ ലഭിച്ചുതുടങ്ങി. കണ്ണൂർ ക്രേപ്പ് കയറ്റുമതിയിലൂടെ ഒരുപാട് വ്യവസായികൾ കണ്ണൂരിൽ സമ്പന്നരായി. തൊഴിലാളികൾക്ക് എല്ലാ ദിവസും എടുത്താൽതീരാത്ത ജോലിയും വേതനവും. കണ്ണൂർ ജില്ലയിൽ മാത്രം പ്രതിവർഷം 350 കോടി രൂപയുടെ കൈത്തറി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തു. കൈത്തറി വ്യവസായത്തിന് ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം ഏഴാമതാണെങ്കിലും അവയുടെ കയറ്റുമതിയിൽ കേരളത്തിൽ ഒന്നാംസ്ഥാനം കണ്ണൂരിനാണെന്നോർക്കണം. ക്രേപ്പ് ഫാഷൻ തളർന്നതോടെ ആ മേഖലയിലുള്ള കയറ്റുമതി നിലച്ചു. ക്രേപ്പിൽ പവർലൂം വന്നതോടെ കൈത്തറിക്ക് പിടിച്ചുനിൽക്കാനായില്ല.

കയറ്റുമതിയിൽ  സംഭവിച്ചത്

കൈത്തറിയെ സംബന്ധിച്ചിടത്തോളം തുടക്കത്തിൽ വലിയ വിദേശമാർക്കറ്റ് ഉണ്ടായിരുന്നു. 2004 ഡിസംബറിനു ശേഷമാണ് കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള ‘മൾട്ടി ഫൈബർ എഗ്രിമെന്റ്’ വരുന്നത്. സാധാരണ കൈത്തറിത്തുണി ഇറക്കുമതിക്കാർക്ക് അതത് രാജ്യം ഡ്യൂട്ടി ഇളവുനൽകും. 2004 ഡിസംബർ 31-ഓടുകൂടി ഈ ഇളവ് അതത് രാജ്യങ്ങൾ നിർത്തൽ ചെയ്തു. അതോടെ ഏജൻസികൾ ഹാൻഡ്‌ലൂം, പവർലൂം, മിൽമെയ്ഡ് എന്നു നോക്കാതെ എല്ലാറ്റിനെയും ടെക്‌സ്റ്റൈൽ എന്ന ഒറ്റ ലേബലിൽക്കണ്ട്‌ സാധനം ഇറക്കാൻ തുടങ്ങി.  ഇതോടെ കൈത്തറി വാങ്ങുന്നവർ പവർലൂമിലേക്ക് നീങ്ങി. കൈത്തറിത്തൊഴിലാളികൾ സാധാരണ ഒരുദിവസം ആറുമീറ്റർമുതൽ ഏഴുമീറ്റർ വരെയാണ് നെയ്യുക. അതേസമയം, പവർലൂമിൽ 25 മീറ്ററും ഓട്ടോമാറ്റിക് മെഷീനിൽ 50 മീറ്ററുംവരെ നെയ്തെടുക്കാൻ കഴിയും. ഉത്പന്നം കൂടുതൽ മാർക്കറ്റിൽ എത്തിക്കാനും അതുവഴി കഴിയുന്നു.

എന്താണു വേണ്ടത്

കേരളത്തിൽ കയർമേഖല കഴിഞ്ഞാൽ രണ്ടാം സ്ഥാനമായിരുന്നു കൈത്തറിക്ക്. 90 ശതമാനം തറികളും സഹകരണമേഖലയിലാണ് പ്രവർത്തിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ  കണ്ണൂരിന്റെ സ്വന്തം കൈത്തറി അമേരിക്കൻ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസിലും ബെക്കിങ്ങാം കൊട്ടാരത്തിൽപ്പോലും എത്തിയിരുന്നുവെന്നത് ചരിത്രം. പഴമ പറഞ്ഞിട്ട് കാര്യമില്ല. മാറ്റമാണ് അനിവാര്യം. കേരള സംസ്ഥാന കൈത്തറി നെയ്‌ത്തു സഹകരണസംഘം (ഹാൻടെക്സ്), കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (ഹാൻവീവ്), മറ്റു സഹകരണസ്ഥാപനങ്ങൾ എന്നിവയുടെ കീഴിലാണ് കൈത്തറിതൊഴിലാളികൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നത്. 
തൊഴിലാളികളെയും തൊഴിലും സംരക്ഷിക്കുന്നത്‌ മാത്രമായി പോകുന്നു, പലപ്പോഴും ഈ സ്ഥാപനങ്ങളുടെ ശ്രദ്ധ. ആഗോളീകരണത്തിന്റെ അന്തരീക്ഷത്തിൽ ദേശീയ-അന്തർദേശീയ മാർക്കറ്റ്‌ പിടിക്കാനുള്ള സാധ്യത കൈത്തറിയിലൂടെ ഉണ്ടാക്കുകയാണ് വേണ്ടത്. ഒപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനസർക്കാരുകളുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ കൈത്തറി ഉത്പന്നങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളും ഉണ്ടാവണം. ആശുപത്രികളിൽ ഉപയോഗിക്കുന്ന തുണികൾ പ്രധാനമാണ്. വിൽപ്പന കൂടുമ്പോൾ വില കുറയ്ക്കാൻപറ്റും. എങ്കിൽ മാത്രമേ, കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാനാവൂ.

വീണ്ടെടുക്കണം ബാലരാമപുരപ്രതാപം

ടി. രാമാനന്ദകുമാർ

പരമ്പരാഗതമായി കൈത്തറി നെയ്ത്തുള്ള സ്ഥലമാണ് ബാലരാമപുരം. രാജഭരണക്കാലത്ത് നാഞ്ചിനാട്ടിൽനിന്ന്‌ എത്തിച്ച നെയ്ത്തുകാർ താമസിക്കുന്ന ശാലിഗോത്ര തെരുവാണ് കൈത്തറിമേഖല. ഇവരിൽനിന്നാണ് മറ്റു സമുദായക്കാർ നെയ്ത്ത് അഭ്യസിച്ചത്. 

യന്ത്രത്തറി വന്നതോടെ കൈകൊണ്ട് ഊടും പാവും നെയ്യുന്ന കുഴിത്തറികൾ അപ്രത്യക്ഷമായി. നൂൽ നൂൽപ്പും അവയെ പശമുക്കി പാകപ്പെടുത്തുന്ന പാവുകളങ്ങളും നേരത്തേ നിലച്ചിരുന്നു. ഇവ തമിഴ്നാട്ടിൽനിന്നുമാണ് ഇപ്പോൾ എത്തിക്കുന്നത്. 10,000-ത്തിലേറെ കുടുംബങ്ങളാണ് ഈ തൊഴിൽമേഖലയെ ആശ്രയിക്കുന്നത്. ബാലരാമപുരം കൈത്തറിക്ക് ട്രേഡ് മാർക്കും ഉണ്ടായിരുന്നു. എന്നാൽ, യന്ത്രവത്കരണം പാരമ്പര്യതൊഴിൽമേഖലയ്ക്ക് തിരിച്ചടിയായി. പഴയ നെയ്ത്തുകാരുടെ പുതുതലമുറ ഇപ്പോൾ ഈ രംഗത്തെത്തുന്നില്ല. എന്നാലും ബാലരാമപുരം കൈത്തറിയുടെ പെരുമയ്ക്ക് മങ്ങലേറ്റിട്ടില്ല. പുടവയും കവണിയും നൂറിഴ മുണ്ട് എന്നിവയ്ക്ക് ഇന്നും വിപണിയുണ്ട്. കൈത്തറി സഹകരണ സംഘങ്ങളാണ് ഇപ്പോൾ നിർമാണത്തിനും വിപണനത്തിനും നേതൃത്വം നൽകുന്നത്. അടച്ചിട്ടിരുന്ന ബാലരാമപുരം സ്പിന്നിങ് മിൽ തുറന്നെങ്കിലും കൈത്തറിക്കുള്ള നൂൽ ഉത്പാദിപ്പിക്കുന്നില്ല. ബാലരാമപുരം കൈത്തറിയെ പോഷിപ്പിക്കാൻ കേന്ദ്രമന്ത്രി വി. മുരളീധരൻ അമേരിക്കയിലെ പ്രവാസികളെ ചേർത്ത് ഒരു പദ്ധതി ആരംഭിച്ചിരുന്നു. സർക്കാർ ആരംഭിച്ച കൈത്തറി ടൂറിസം പദ്ധതിയും എങ്ങുമെത്തിയില്ല. ടൂറിസ്റ്റുകൾ ബാലരാമപുരത്തെ കൈത്തറിമേഖല സന്ദർശിച്ച് വിപണനം നടത്താനുള്ള സാധ്യതയായിരുന്നു ഇതിലൂടെ നഷ്ടമായത്. നിറംമുക്കാനുള്ള ഡൈ ഹൗസ്, ഡിസൈൻ, പ്രിന്റ് എന്നിവയ്ക്കുള്ള യൂണിറ്റുകളും ദീർഘകാലം അടഞ്ഞുകിടന്നു. പിന്നീടിത് കണ്ണൂരിലെ സഹകരണ മേഖല ഏറ്റെടുത്തു.

കൈത്തറിദിനത്തിൽ പ്രത്യേക ഡിസ്‌കൗണ്ട് 

കൈത്തറി പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ പദ്ധതികൾ നടപ്പാക്കുമെന്ന് നിയമസഭയിൽ നേരത്തേ പറഞ്ഞിരുന്നു. ‘ഓണസമയത്തൊരു കൈത്തറി ചലഞ്ച്’ പോലെ പരമാവധി കൈത്തറി ഉപയോഗിക്കുക എന്നൊരു പരിപാടി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ കൈത്തറിദിനത്തിൽ പ്രത്യേക ഡിസ്‌കൗണ്ട് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.  ലോകത്തുള്ള മലയാളികളുടെ സംഘടനകൾ എവിടെനിന്ന് ബുക്കുചെയ്താലും കൈത്തറി സംഘങ്ങളുമായി ചേർന്ന് വീടുകളിൽ ഓണക്കോടി എത്തിക്കുന്ന പരിപാടി ആരംഭിച്ചിട്ടുണ്ട്. ‘കൈത്തറിക്ക്‌ ഒപ്പം ചേരുന്നു ഞങ്ങളും’ എന്ന് പ്രമുഖവ്യക്തികളും ഇതിനോടൊപ്പം പങ്കുചേരുന്നുണ്ട്.
- പി. രാജീവ്, വ്യവസായ മന്ത്രി

കുത്താമ്പുള്ളി തകർന്നുപോയ പൈതൃകം

കുത്താമ്പുള്ളി, എരവത്തൊടി, തിരുവില്വാമല എന്നീ നെയ്ത്തുസംഘങ്ങളിൽ കുത്താമ്പുള്ളിയൊഴികെ പ്രതിസന്ധിയിൽ. വർഷങ്ങൾക്കുമുമ്പ് 3000 തറികളുണ്ടായിരുന്നു. ഇപ്പോൾ മുന്നൂറിൽ താഴെ ഭൗമസൂചികയിലിടം നേടിയെങ്കിലും പ്രതീക്ഷിച്ചത്ര ബ്രാൻഡ്‌ ഇമേജ് കുത്താമ്പുള്ളി കൈത്തറിക്ക് ലഭിച്ചില്ല. ആകെയുള്ള മൂന്നു സംഘങ്ങളിൽ രജിസ്റ്റർചെയ്ത 1200-ഓളം പേരിൽ പലരും തൊഴിൽ പ്രതിസന്ധിയെത്തുടർന്ന് തൊഴിലിടം മാറി. കുത്താമ്പുള്ളിയുെട വിപണിമൂല്യംവെച്ച്  ഉത്‌പാദനം കൂട്ടിയാലും കെട്ടിക്കിടക്കുന്ന അവസ്ഥ. ഉത്തരവാദിത്വ ടൂറിസത്തിൽ കുത്താമ്പുള്ളിയെ ഉൾപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല കുത്താമ്പുള്ളി ടാസ്ക് ഫോഴ്സിനും ഒന്നും ചെയ്യാനായില്ല

പുതിയ കാലഘട്ടത്തിൽ ഇന്നത്തെ നിലയിൽ കൈത്തറിയുടെ കയറ്റുമതിക്ക് സാധ്യത വളരെ കുറവാണ്, നവീനരീതിയിലുള്ള വസ്ത്രസങ്കല്പങ്ങളിലേക്ക് കൈത്തറിരംഗം മാറേണ്ടതുണ്ട്‌ 
-സി. ജയചന്ദ്രൻ മുഖ്യരക്ഷാധികാരി , കേരള ടെക്‌സ്റ്റൈൽ എക്സ്‌പോർട്ട്‌സ് ഓർഗനൈസേഷൻ 

ഇ-കാലത്തെ അതിജീവനവഴികൾ

പി.ലിജീഷ്‌

‘കോടിമുണ്ട്‌’ എന്ന പേരിൽ അഴിയൂർ സ്വദേശിയായ വിഷ്ണു വിജയനും രണ്ടു സഹോദരങ്ങളും ആരംഭിച്ച ഓൺലൈൻ സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു. മാറുന്ന കാലത്ത് കൈത്തറിമേഖലയെയും ‘ഇ- വഴി’യിലേക്ക് നയിക്കുക. സ്റ്റാർട്ടപ്പ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ മോശമല്ലാത്ത വിൽപ്പനയാണ് കോടിമുണ്ട് എന്ന ഇ-കൊമേഴ്സ് വെബ്സൈറ്റ് വഴി നടന്നത്. ഇതോടെ കൂടുതൽ നിക്ഷേപമിറക്കി, കൂടുതൽ കൈത്തറിസംഘങ്ങളുമായി സഹകരിച്ച് കോടിമുണ്ടിനെ വിപുലമാക്കാൻ ഒരുങ്ങുകയാണിവർ.

പ്രതിസന്ധികളുടെ കാലത്ത് പ്രതീക്ഷയേകുന്ന സംരംഭമാണിത്. കൈത്തറിവസ്ത്രങ്ങൾ പേരുകേട്ട ഓൺലൈൻസ്ഥാപനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. പക്ഷെ ‘കോടിമുണ്ട്‌’ വ്യത്യസ്തമാകുന്നത് നാട്ടിൻപുറങ്ങളിലെ നെയ്ത്തുസംഘത്തിലെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തിക്കൊടുക്കുന്നതിലൂടെയാണ്. ഇപ്പോൾ കുഞ്ഞിപ്പള്ളിയിലെ കേരള ഹാൻഡ്‌ലൂം നെയ്ത്തുസംഘത്തിൽനിന്നാണ്‌ ഉത്പന്നങ്ങളെടുക്കുന്നത്. ഇനി ഓരോ സംഘങ്ങളിലെയും വ്യത്യസ്ത ഉത്പന്നങ്ങൾ കണ്ടെത്തി ഇവയും കോടിമുണ്ടിന്റെ ഭാഗമാക്കും.

ഡിസൈനറുടെ കൈയൊപ്പിൽ കഥമാറി...

റെയ്മണ്ട്സിൽ അസിസ്റ്റന്റ് ഡിസൈൻ മാനേജരായിരുന്ന മീരാ ഹരിദാസിന്റെ രൂപകല്പനയിൽ പിറന്ന കൈത്തറിചുരിദാറുകൾ പ്രതിസന്ധിയുടെ കാലത്തെ മറ്റൊരു പ്രതീക്ഷയാണ്.

ഫാഷൻലോകത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്താൽ കൈത്തറിക്കും അദ്‌ഭുതങ്ങൾ തീർക്കാൻകഴിയുമെന്ന സൂചന. മിക്ക കൈത്തറിസംഘങ്ങളും പരമ്പരാഗതരീതിയിൽ തുണികൾ നെയ്യുന്നുണ്ടെന്നല്ലാതെ വൈവിധ്യവത്കരണം നടത്തുന്നതിൽ പരാജയമാണ്. ഇവിടെയാണ് അഴിയൂർ കുഞ്ഞിപ്പള്ളിയിലെ കേരള ഹാൻഡ്‌ലൂംസ് നെയ്ത്തുസംഘം ഈ ഓണക്കാലത്ത് മാറിച്ചിന്തിച്ചത്. ഇതിന് നിമിത്തമായത് ടെക്‌സ്റ്റൈൽ ഡിസൈനറായ കോഴിക്കോട് ചേവായൂർ സ്വദേശിനി മീരയാണ്. സംഘം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ‘മാതൃഭൂമി’യിലൂടെ അറിഞ്ഞ മീര ഒരു ലാഭേച്ഛയുമില്ലാതെയാണ് സംഘത്തിനായി തികച്ചും പ്രൊഫഷണലായിത്തന്നെ ചുരിദാർ ടോപ്പുകൾ ഡിസൈൻ ചെയ്തുനൽകിയത്.

ഓണം വിപണിയിലെ ട്രെൻഡായി മാറുകയാണ് ഈ കൈത്തറിചുരിദാറുകൾ. റെയ്മണ്ട്സിൽ രണ്ടുവർഷം കൈത്തറിയിൽ മെൻസ് വെയർ ഡിസൈൻ ചെയ്തിട്ടുണ്ട് മീര. സ്‌കോട്ട്‌ലൻഡിലെ ഉപരിപഠനത്തിനു ശേഷം (ഇന്റർനാഷണൽ മാനേജ്മെന്റ് ആൻഡ് ഡിസൈൻ ഇന്നൊവേഷൻ) നാട്ടിലെ കൈത്തറിസംഘങ്ങൾക്കുകൂടി ഗുണം കിട്ടുന്ന വിധത്തിൽ സ്വന്തമായൊരു കൈത്തറി ബ്രാൻഡാണ് ലക്ഷ്യം.

വിദേശവിപണിയെ മുന്നിൽ കാണണം

റെയ്മണ്ട്സിൽ ജോലിചെയ്യുന്ന സമയത്ത് കൈത്തറി മെൻസ് വെയറുകൾക്ക് നല്ല ചലനമുണ്ടായിരുന്നു. പ്രത്യേകിച്ച് ഇന്ത്യക്കു പുറത്ത്. നമ്മുടെ നാട്ടിലെ കൈത്തറിതുണിത്തരങ്ങൾ ലോകാത്തരമാണ്. പക്ഷേ, ലോകത്തിന്റെ മാറ്റത്തിനനുസരിച്ച് ഡിസൈനിലും മാറ്റം വരുത്തണം. മാറ്റങ്ങൾ അപ്പപ്പോൾ മനസ്സിലാക്കി ഡിസൈൻ ചെയ്താൽ കൈത്തറിമേഖലയ്ക്കും മാറ്റമുണ്ടാകും.

-മീരാ ഹരിദാസ് (ടെക്‌സ്റ്റൈൽ ഡിസൈനർ)