പാനൂരിനടുത്ത് കണ്ണിന് കാഴ്ചയില്ലാത്ത ഒരു ക്വട്ടേഷൻ സംഘത്തലവനുണ്ട്. കണ്ണിന് കാഴ്ചയില്ലെങ്കിലും ഇദ്ദേഹം വിളിപ്പിച്ചാൽത്തന്നെ പലർക്കും മുട്ടുവിറയ്ക്കും. അതുകൊണ്ട് ക്വട്ടേഷൻ സംഘങ്ങളേറ്റെടുക്കുന്ന ‘ഒത്തുതീർപ്പുകൾ’ പലതും ഇയാളുടെ സാന്നിധ്യത്തിലാണ് നടക്കുക. ആളുകളെ ഭയപ്പെടുത്തി കാര്യങ്ങൾ നേടിയെടുക്കുന്നതിൽ മിടുക്കരായതിനാൽ ചിലർ കേട്ടറിഞ്ഞുവരെ ഇവിടെ പ്രശ്നപരിഹാരം തേടി എത്തുന്നുണ്ട്. ബി.ജെ.പി.യിലെ ക്വട്ടേഷൻ സംഘത്തിന്റെ തലവനാണ് കക്ഷി.പാനൂർ മേഖലയിൽ രാഷ്ട്രീയസംഘർഷങ്ങൾ നടന്നിരുന്ന സമയത്ത് ഇയാൾക്ക് വലിയ റോളുണ്ടായിരുന്നു.

സി.പി.എം. ക്വട്ടേഷൻ സംഘങ്ങളെപ്പോലെ ബി.ജെ.പിക്കും ശക്തികേന്ദ്രങ്ങളുണ്ട്. പിണറായിക്കടുത്തുള്ള പുത്തൻകണ്ടം, പന്തക്കലിനടുത്തുള്ള ചെമ്പ്ര, തലശ്ശേരിക്കടുത്തുള്ള എടത്തിലമ്പലം തുടങ്ങിയ സ്ഥലങ്ങളൊക്കെ ഇവരുടെ മേഖലകളാണ്. ഇതിൽ ഏറ്റവും കുപ്രസിദ്ധമാണ് പുത്തൻകണ്ടം സംഘം. ഒരുകാലത്ത് ഇവിടെ ആളുകളെ തട്ടിക്കൊണ്ടുവന്ന് തടവിൽ പാർപ്പിച്ചിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇപ്പോഴും ഹവാല, കള്ളക്കടത്തു സ്വർണം തട്ടൽ എന്നിവയിലെല്ലാം പുത്തൻകണ്ടം ടീമിന്റെ സാന്നിധ്യമുണ്ട്. തലശ്ശേരി ബ്രണ്ണൻകോളേജിനുവേണ്ടി സിന്തറ്റിക് ട്രാക്ക് നിർമിച്ച സ്ഥലം ക്വട്ടേഷൻ സംഘങ്ങളുടെ താവളമായിരുന്നു. രാത്രിയിൽ ഇവിടെ തമ്പടിക്കുന്ന സംഘങ്ങൾ ഇപ്പോഴും ഹവാല ഇടപാടുകാരെ ആക്രമിച്ച് പണം തട്ടുന്നവരിൽ പ്രധാനികളാണ്.

കാരിയർമാരിൽനിന്ന് വിവരങ്ങൾ ചോർത്തിയാണ് ഇവരുടെയും ഓപ്പറേഷൻ. വില്യാപ്പള്ളിയിലെ കുഴൽപ്പണ സംഘത്തിന്റെ 85 ലക്ഷം രൂപ തട്ടിയെടുത്തതിന് ഇവരുടെ കൂട്ടത്തിൽപ്പെട്ട അഞ്ചുപേരെ വടകര പോലീസ് 2019-ൽ അറസ്റ്റ് ചെയ്തിരുന്നു. കേരള-കർണാടക അതിർത്തിയായ കുട്ടയിൽവെച്ച് തട്ടിയെടുത്ത രണ്ടുകോടിരൂപയുടെ കുഴൽപ്പണം പങ്കുവെക്കുന്നതിനെച്ചൊല്ലി ധർമടത്തെ ഗ്രൗണ്ടിൽവെച്ച് ഇവർ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇതിൽ ശരത് എന്ന യുവാവിന് വെട്ടേറ്റതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ക്വട്ടേഷൻ ‘സഹകരണ സംഘം’
എതിരാളികളെ ഇല്ലാതാക്കാൻ ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയുമൊക്കെ ക്വട്ടേഷൻ സംഘങ്ങൾ പരസ്പരം കൈകോർക്കുന്നതിന് മാഹി ഒരു ‘മാതൃക’യാണ്. മാഹിയിലെ ജനകീയനായ സി.പി.എം. നേതാവ് കണ്ണിപ്പൊയിൽ ബാബുവിന്റെ വധത്തിനു പിന്നിൽ രണ്ടു സംഘങ്ങൾക്കും പങ്കുണ്ട്. ബി.ജെ.പി.യുമായി വലിയ പ്രശ്നങ്ങളൊന്നുമില്ലാത്തയാളായിരുന്നു ബാബു. പക്ഷേ, കേസിൽ അറസ്റ്റു ചെയ്യപ്പെട്ടത് ബി.ജെ.പി.പ്രവർത്തകരായിരുന്നു. അതിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് സി.പി.എം. ക്വട്ടേഷൻ സംഘവും. പലരിലേക്കും സംശയത്തിന്റെ മുന നീണ്ടതിനാൽ കേസന്വേഷണം തടസ്സപ്പെട്ടിരിക്കുകയാണ്. ബാറുടമകളുടെ ഗുണ്ടകളായും കോഴിക്കടത്തുകാരായുമൊക്കെ ക്വട്ടേഷൻരംഗത്തേക്കെത്തിയവരാണ് മാഹിയിലെ ഇരുപാർട്ടികളിലെയും ഗുണ്ടാസംഘങ്ങൾ. അതിനു ശേഷമാണ് അവർ രാഷ്ട്രീയ ക്വട്ടേഷൻസംഘമായി മാറിയത്. അതുകൊണ്ട് പരസ്പരം യോജിക്കുന്നതിന് മറ്റ് തടസ്സങ്ങളൊന്നുമില്ല. ഒരു ടീം ഏറ്റെടുക്കുന്ന ക്വട്ടേഷനിൽ മറ്റുള്ളവർ ഇടപെടില്ല. കേരളത്തിനു പുറത്ത് ഇവർ പല ഓപ്പറേഷനുകളിലും പങ്കാളികളാവാറുണ്ടെന്നും പോലീസ് പറയുന്നു.

വ്യത്യസ്ത രാഷ്ട്രീയകക്ഷികളുമായി ബന്ധപ്പെട്ട ക്വട്ടേഷൻ സംഘങ്ങളാണെങ്കിലും ഈ ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള അന്തർധാര സജീവമാണ്. ക്വട്ടേഷൻ നേതാക്കന്മാർ തമ്മിൽ 
മാഹിയിൽ വളരെ ശക്തമായ ബന്ധമാണുള്ളത്. പാർട്ടി ഏൽപ്പിച്ച ക്വട്ടേഷൻ അറിയുമ്പോൾത്തന്നെ എതിർ ചേരിയിലെ ക്വട്ടേഷൻ നേതാവിനോട് ഇത്തരമൊരു ‘നീക്കമുണ്ട്’ സ്ഥലത്തുനിന്ന് മാറണം എന്ന മുന്നറിയിപ്പു നൽകും. പന്തക്കൽ, പള്ളൂർ, മാഹി കടപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ ക്വട്ടേഷൻ സംഘങ്ങൾ ഒരേ ജോലിയിൽത്തന്നെ ഏർപ്പെട്ട് പ്രവർത്തിക്കുന്നതും ജയിലിൽ ഒന്നിച്ച് കഴിഞ്ഞതുമെല്ലാമാണ് ഇവർ തമ്മിൽ അന്തർധാര സജീവമാകാൻ ഇടയാക്കിയത്.

കൊടികണ്ട് ഞെട്ടേണ്ടാ; ഇത് ഡ്യൂപ്ളിക്കേറ്റ് പാർട്ടിയാ
മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ സംഘടനകളുടെ പതാകകൾക്ക് സമാനമായ കൊടികൾ ഉപയോഗിച്ച് അവരുടെ വേഷവിധാനങ്ങൾ ആവിഷ്കരിച്ച് ക്രിമിനൽ ഇടപാടുകൾ നടത്തുന്നവർ കോഴിക്കോട് നഗരത്തിൽപ്പോലും അടുത്തിടെ ഏറി. ഇതിൽ കാവിക്കൊടിയും പച്ചക്കൊടിയും ചുവപ്പുകൊടിയും എല്ലാം ഉൾപ്പെടും. കാവിയാണ് ഇത്തരത്തിൽ കൂടുതൽ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. കാവി കൊടിയേന്തിയവരെല്ലാം സംഘപരിവാർ സംഘടനയാണെന്ന ധാരണ പൊതുവേ സമൂഹത്തിലുള്ളത് മുതലെടുത്ത് അതേ നിറത്തിലുള്ള കൊടിയേന്തി ക്വട്ടേഷൻ ഏറ്റെടുക്കുന്ന സംഘങ്ങൾ കഴിഞ്ഞ പതിനഞ്ചുവർഷത്തിനിടെ സജീവമായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.

വയൽ നികത്തൽ, വൻ കയറ്റിറക്ക് ഇടപാടുകൾ, റോഡ് തർക്കങ്ങൾ, കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകൾമുതൽ പ്രണയം കലക്കൽ, തട്ടിക്കൊണ്ടുവരൽ, പ്രവൃത്തികളുടെ കരാർ ലഭ്യമാക്കൽവരെ ഇവർ ‘സർവീസ്’ നൽകും. എന്തിനും ഏതിനും കമ്മിഷൻ ആണെന്നുമാത്രം.
ബി.ജെ.പി.യുടെയോ ആർ.എസ്.എസിന്റെയോ പ്രതിച്ഛായ വരുത്തുന്നതുകൊണ്ട് പലയിടത്തുനിന്നും അത്തരം ആനുകൂല്യം ഇവർക്ക് ലഭിക്കുന്നുമുണ്ട്. ഇതിൽ ചിലർ വലിയ ക്രിമിനൽ കേസുകളിൽ കുടുങ്ങി പാർട്ടിക്കെതിരേ ആരോപണം വന്നപ്പോൾ മാത്രമാണ് ഇവർ പാർട്ടിയുമായി ബന്ധമുള്ളവരല്ലെന്ന ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടുള്ളത്.

വിഗ്രഹനിമജ്ജന ഘോഷയാത്ര നടത്തുന്ന പ്രധാന സംഘടനയ്ക്ക് സമാന്തരമായി ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ച് വ്യാപകമായി പണപ്പിരിവ് ഭീഷണിപ്പെടുത്തി നടത്തിയ സംഭവവുമുണ്ട്. റോഡിലൂടെ പോകുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി നിർബന്ധപൂർവം പണം ആവശ്യപ്പെടുകയും നൽകാത്തവരോട് മോശമായി പെരുമാറുകയും ചെയ്ത് പരാതിയായപ്പോൾ മാത്രമാണ് പ്രധാനസംഘടന ഇക്കാര്യം അറിയുന്നത്. 

പരിശോധന തുണയായി; പൊട്ടിക്കലിൽനിന്ന് രക്ഷയായി
കോഴിക്കോട് നഗരത്തിൽ ഒന്നിലേറെ വ്യാപാര സമുച്ചയങ്ങൾ സ്വന്തമായുള്ള മലപ്പുറത്തുകാരൻ. സമ്പാദ്യത്തിന്റെ പ്രധാന വഴികളെല്ലാം പതിറ്റാണ്ടുകളായി നടത്തിവന്നിരുന്ന കുഴൽപ്പണ-സ്വർണക്കടത്ത് ഇടപാടുകൾതന്നെ. ആദ്യം വെറും തുച്ഛമായ തുകയ്ക്ക് കടത്തുകാരനായി നിന്ന ഇയാൾക്ക് മുസ്‌ലിംലീഗ് പ്രാദേശിക ബന്ധത്തിലൂടെ ലഭിച്ച ആത്മവിശ്വാസം കൂടുതൽ ഇടപാടുകൾ ഏറ്റെടുക്കുന്നതിലേക്ക് മാറി. നാട്ടിലെ പല ലീഗ് നേതാക്കളും നിക്ഷേപകരായി ‘സഹായത്തിനെത്തി’. നിക്ഷേപം കൂടിയതോടെ പ്രവാസലോകത്ത് കക്ഷിക്ക് കൂടുതൽ പ്രാധാന്യമേറി. കടത്തുകാരൻ ആളെവെച്ച് സ്വർണവും കുഴൽപ്പണവും കടത്തുന്നതിലേക്ക് മാറി.

സേവന പ്രവർത്തനങ്ങൾക്കും നിർധനർക്കും സഹായങ്ങൾചെയ്ത് നാട്ടിലെ പൗരപ്രമുഖനുമായി. വിമാനത്താവളത്തിൽ വന്നിറങ്ങിയാൽ ട്രോളി തള്ളാനെത്തുന്നവർക്കും ക്ളീനിങ് ജീവനക്കാർക്കുമെല്ലാം ടിപ്പ് നൽകുന്നതിലേക്കു വരെ എത്തി കാര്യങ്ങൾ. ഇങ്ങനെയുള്ള കള്ളക്കടത്ത് വളർച്ചയിൽ വിറളിപൂണ്ട് ശത്രുകള്ളക്കടത്തുസംഘം ഒരുദിവസം സംഭവം ഒറ്റി. ഒറ്റിക്കൊടുത്തതും ഇതേ പാർട്ടിയുടെ നിഴലിൽക്കഴിഞ്ഞവർത്തന്നെ. എന്നാൽ, പരിശോധനയിൽ ഇയാളിൽനിന്ന് ഒന്നും ലഭിച്ചില്ല. വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങി സ്ഥിരം സഞ്ചരിക്കുന്ന ആഡംബരക്കാർ ഉപയോഗിക്കാതെ അവിടെ നിർത്തിയിട്ട ടാക്സിയിൽ വീട്ടിലേക്ക് പോയി. സ്വന്തം കാർ പിന്നാലെയും. എന്നാൽ, വഴിയിൽ സ്വന്തം കാറിനു നേരെ ഒരാക്രമണം ഉണ്ടായി. കാറിൽ ഇയാളില്ലെന്നു കണ്ടതുകൊണ്ടു മാത്രം ഡ്രൈവറെയും വെറുതേ വിട്ടു. തന്നെ പരിശോധിച്ച ഉദ്യോഗസ്ഥനോട് പിന്നീട് ഫോണിൽ വിളിച്ച് നന്ദിയറിയിക്കാൻ മറന്നില്ല കക്ഷി.
(അവസാനിച്ചു)