2015-ൽ മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകകോടീശ്വരന്മാരിൽ നാലാമനുമായ ബിൽഗേറ്റ്‌സ് മനുഷ്യവംശത്തിന് ഒരു മുന്നറിയിപ്പ് നൽകുകയുണ്ടായി. അടുത്തപതിറ്റാണ്ടിൽ ഒരു മാരകമായ പകർച്ചവ്യാധി ലോകത്തെ പിടികൂടുമെന്നും തന്മൂലം ആറുമാസത്തിനുള്ളിൽ മൂന്നുകോടി ആളുകൾ കൊല്ലപ്പെടുമെന്നുമായിരുന്നു അത്, 1918-ൽ സ്പാനിഷ് ഫ്ലൂ അഞ്ചുകോടി ആളുകളെ സംഹരിച്ചതുപോലെ. അമേരിക്കയിലെ പ്രശസ്ത ഓൺലൈൻ മാധ്യമമായ ടി.ഇ.ഡി.(Technology, Entertainment, Design)യുടെ ഒരു കോൺഫറൻസിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അതേവർഷം മാർച്ച് 25-ന് വാൾസ്ട്രീറ്റ് ജേണലിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. ആ പ്രബന്ധത്തിൽ ബിൽഗേറ്റ്‌സിന്റെ ശ്രദ്ധേയമായ ഒരു പ്രസ്താവനയുണ്ടായിരുന്നു. ലോകത്തിനാവശ്യമായ പ്രതിരോധമരുന്നുകളും ഔഷധങ്ങളും നിർമിക്കാൻവേണ്ടി പതിനായിരം കോടി അമേരിക്കൻ ഡോളർ നിക്ഷേപിക്കാൻ തീരുമാനിച്ചെന്ന വെളിപ്പെടുത്തലായിരുന്നു അത്. ബിൽ ആൻഡ്‌ മെലിൻഡാ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി പ്രതിരോധമരുന്ന് നിർമാണത്തിൽ ആഗോളപ്രശസ്തിയാർജിച്ച മൂന്നു കമ്പനികളിലേക്കാണ് ആ നിക്ഷേപം അദ്ദേഹം നീക്കിവെച്ചത്. താൻ ഇതുവരെ നടത്തിയതിൽവെച്ച് ഏറ്റവും നല്ല നിക്ഷേപമാണെന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. പ്രതിരോധമരുന്നുകളിലും ബന്ധപ്പെട്ട സാങ്കേതികവിദ്യകളിലുമുള്ള മൂലധനനിക്ഷേപം വളരെ വിജയകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
 

ബൗദ്ധികാവകാശം ലാഭത്തിൽ മറയുമ്പോൾ

ഈയിടെ ബിൽഗേറ്റ്‌സിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു, മറ്റുരാജ്യങ്ങൾക്കുവേണ്ടി കോവിഡ് പ്രതിരോധമരുന്നിന്റെ ബൗദ്ധികസ്വത്തവകാശം ഒഴിവാക്കിക്കൊടുക്കുമോയെന്നും അതിന്റെ രാസസൂത്രവും നിർമാണവിദ്യയും കൈമാറുമോയെന്നും. അരക്ഷണംപോലും ആലോചിക്കാതെ അദ്ദേഹം ഇല്ലായെന്ന് മറുപടിപറഞ്ഞു. ആ നിലപാടിന് അദ്ദേഹം ചില ന്യായവാദങ്ങളും തുടർന്ന് നിരത്തി. പ്രതിരോധമരുന്നുകളുടെ നിർമാണകാര്യത്തിൽ കഴിവുറ്റ കുറച്ച് കമ്പനികൾ മാത്രമാണ് ലോകത്തുള്ളതെന്നായിരുന്നു ഒന്നാമത്തെ വാദമുഖം. നിർമാണസങ്കേതികവിദ്യ കൈമാറിയാലും ഞങ്ങളുടെ സഹായധനവും വൈദഗ്‌ധ്യവും ഇല്ലാതെ മറ്റുള്ളവർക്ക് ഫലപ്രദമായി പ്രവർത്തിക്കാനാവില്ലെന്നായിരുന്നു അടുത്ത വാദമുഖം. അദ്ദേഹത്തിന്റെ നോട്ടത്തിൽ യൂറോപ്പിലും അമേരിക്കയിലുമുള്ള ചില വൻകിട കോർപ്പറേറ്റ് കമ്പനികൾ മാത്രമേ മികച്ചതായുള്ളൂ. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിരോധമരുന്നുകൾ ഉത്‌പാദിപ്പിക്കുന്ന ഇന്ത്യപോലും അദ്ദേഹത്തിന്റെ കാഴ്ചയിലില്ല. 
 

കുത്തിവെപ്പ്‌ തീരാൻ എത്രകാലം

ഇനി വാക്‌സിൻ രാസസൂത്രം രഹസ്യമാക്കിവെച്ച്, അവർ വിചാരിക്കുന്ന കമ്പനികൾ മാത്രം ഉത്‌പാദനം നടത്തിയാൽ ലോകത്തിന്റെ ആവശ്യം പരിഹരിക്കപ്പെടുമോ. ഇല്ലെന്നാണ് ലഭ്യമായ വിവരങ്ങളിൽനിന്ന് മനസ്സിലാവുന്നത്. ലോകജനസംഖ്യയിൽ 70 ശതമാനത്തിന്, അതായത്, അഞ്ഞൂറ് കോടി ആളുകൾക്ക് പ്രതിരോധകുത്തിവെപ്പ് നൽകേണ്ടതുണ്ട്. ഒരാൾക്ക് രണ്ടു ഡോസ് എന്ന കണക്കിൽ 1000 കോടി ഡോസുകൾ വേണം. ഇപ്പോഴുള്ള ഉത്‌പാദനശേഷിയനുസരിച്ച് 350 കോടി ഡോസാണ് പ്രതിവർഷം സാധ്യമാവുക. ചുരുക്കത്തിൽ ലോകത്തിന് മുഴുവൻ പ്രതിരോധ വാക്‌സിൻ നൽകണമെങ്കിൽ മൂന്നുവർഷം വേണ്ടിവരും. ഇതിനകംതന്നെ ലോകത്ത് 16 കോടിയോളം ആളുകൾക്ക് രോഗം ബാധിക്കുകയുണ്ടായി. 33 ലക്ഷം ആളുകളെ കോവിഡ് മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇപ്പോൾ ജനിതകമാറ്റംവന്ന, കൂടുതൽ അപകടകാരികളായ വൈറസുകൾ അതിതീവ്രമായി മനുഷ്യരാശിയെ ബാധിച്ചുകൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് ഇത്രയുംകാലം കാത്തിരിക്കാനാവുക.
 

ബൈഡന് ചലനങ്ങളുണ്ടാക്കാൻ പറ്റുമോ

മരുന്നുകളുടെ മേലുള്ള ബൗദ്ധികസ്വത്തവകാശം ഒഴിവാക്കാനുള്ള അഭ്യർഥന മെയ്‌ അഞ്ചിന്‌ അമേരിക്ക നടത്തി.  അമേരിക്കയുടെ ആ തീരുമാനം ആശ്വാസകരമാണെങ്കിലും കാര്യമായ ചലനങ്ങളൊന്നും അതുണ്ടാക്കില്ലെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു. അതിനു കാരണം ലോകവ്യാപാരസംഘടനയിലെ അംഗങ്ങളുമായി ചർച്ചചെയ്ത്, ഇക്കാര്യത്തിൽ അഭിപ്രായ ഐക്യമുണ്ടാക്കി മുന്നോട്ടുപോവാനാണ് അമേരിക്ക നിർദേശിച്ചത്. അതിനുള്ള സാധ്യത വളരെ വിരളമാണ്. കാരണം കോർപ്പറേറ്റ് താത്‌പര്യങ്ങളെ ഹനിക്കുന്ന ഒരു നിലപാടും സമ്പന്നരാജ്യങ്ങൾ കൈക്കൊള്ളില്ല. മറ്റൊരുകാര്യം പ്രതിരോധകുത്തിവെപ്പിന്റെ നിർമാണത്തിനുള്ള അടിസ്ഥാനചേരുവകളുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി അമേരിക്ക നിരോധിക്കുകയും ചെയ്തിട്ടുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അദാർ പൂനാവാല അമേരിക്കൻ പ്രസിഡന്റ്‌ ബൈഡൻ നിർമാണചേരുവകളിലുള്ള കയറ്റുമതിവിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിലിൽ ട്വീറ്റ് ചെയ്തിരുന്നു. അയക്കാമെന്ന് പറഞ്ഞെങ്കിലും അത് ഇനിയും ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
 

'ബില്ലിന്റെ' പിടിവാശിയുടെ കാരണം

ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ്-സ്വീഡൻ മരുന്നുനിർമാണ കമ്പനിയായ ആസ്ട്രസെനെക്കയും ചേർന്നാണ് കോവിഡ് വാക്‌സിൻ വികസിപ്പിച്ചെടുത്തത്. ആ സംയുക്തസംരംഭത്തിന്റെ ധനസ്രോതസ്സാണ് ബിൽ ഗേറ്റ്സ്. അതാണ് ബൗദ്ധികസ്വത്തവകാശത്തിലുള്ള അദ്ദേഹത്തിന്റെ പിടിവാശിയുടെ അടിസ്ഥാനം. ആസ്ട്രസെനെക്കയും ബിൽഗേറ്റ്‌സിന്റെ രണ്ട് ചാരിറ്റിസ്ഥാപനങ്ങളുമായി ഒപ്പുവെച്ച ഉടമ്പടിയിൽ എന്തെല്ലാം വ്യവസ്ഥകളാണ് ഉള്ളതെന്നകാര്യം ലോകത്തിന് ഇനിയും വ്യക്തമല്ല. അദ്ദേഹം അതിൽ മാത്രമായി ഒതുങ്ങിനിന്നില്ല. പ്രതിരോധമരുന്നുകളുടെ നിർമാണം, സംഭരണം, വിതരണം എന്നീ കാര്യങ്ങളിലും കുത്തകാധികാരം സ്ഥാപിച്ചു. ആ ലക്ഷ്യത്തോടുകൂടി സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ബിൽഗേറ്റ്‌സിന്റെ സ്ഥാപനം 300 ദശലക്ഷം ഡോളറിന്റെ മറ്റൊരു ഉടമ്പടിയിൽക്കൂടി ഒപ്പുവെക്കുകയുണ്ടായി. അതുപ്രകാരം ഇരുപതുകോടി ഡോസുകൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് ബിൽഗേറ്റ്‌സിന് നൽകണം. ഇതിനകംതന്നെ 6.6 കോടി ഡോസുകൾ വിവിധരാജ്യങ്ങളിലേക്കായി കയറ്റുമതി ചെയ്തുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിരോധമരുന്നുകളുടെ ക്ഷാമംമൂലം ഇന്ത്യയിൽ പ്രതിസന്ധി മൂർച്ഛിച്ചുകൊണ്ടിരിക്കുമ്പോൾനടന്ന ഈ കയറ്റുമതി വ്യാപകമായ വിമർശനത്തിന് കാരണമായിത്തീർന്നു. സുപ്രീംകോടതിയും തുടർന്ന് കേന്ദ്രസർക്കാരും വിഷയത്തിൽ ഇടപെടുകയും കമ്പനിക്ക് കയറ്റുമതി നിർത്തിവെക്കേണ്ടിവരുകയും ചെയ്തു. ഇന്ത്യയുടെ ഈ തീരുമാനത്തിനെതിരേയും ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സഹസ്ഥാപനമായ ഗവി രംഗത്തുവരികയുണ്ടായി. ആഭ്യന്തരാവശ്യങ്ങൾക്ക് മുൻഗണനനൽകുന്ന ഇന്ത്യയുടെ ഈ തീരുമാനത്തിനെതിരേ വാക്‌സിൻ ആവശ്യമുള്ള ലോകത്തിലെ മറ്റുരാജ്യങ്ങളിൽനിന്ന് പ്രതികരണമുണ്ടാവുമെന്ന് ആ സ്ഥാപനത്തിന്റെ ഔദ്യോഗികവക്താവ് ഭീഷണിയുടെ സ്വരത്തിൽ പറയുകയുണ്ടായി. മാത്രമല്ല, ആസ്ട്രസെനെക്ക കമ്പനി ഉടമ്പടി പ്രകാരമുള്ള മരുന്നളവ് കിട്ടിയില്ലെന്നു കാണിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് നോട്ടീസ് അയക്കുകയും ചെയ്തു.

അവസാന പന്തിക്കാർ

സമ്പന്നരാജ്യങ്ങളും ദരിദ്രരാജ്യങ്ങളും എന്ന ലോകയാഥാർഥ്യം വാക്‌സിന്റെ കാര്യത്തിലും പ്രകടമായി കാണാവുന്നതാണ്. ഇതുവരെ ഏറ്റവും കൂടുതൽ പ്രതിരോധമരുന്നുകൾ ലഭ്യമായ രാജ്യങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽതന്നെ അത് ബോധ്യമാവും. ലോകത്ത് 180-ഓളം രാജ്യങ്ങളിലെ 132 കോടി ജനങ്ങൾക്കാണ് ഇതുവരെ വാക്‌സിൻ നൽകിയിട്ടുള്ളത്. ഏകദേശം 20 ശതമാനം പേർക്ക്. അതിൽ ഒരു ഡോസും രണ്ടു ഡോസും കിട്ടിയവരുണ്ട്. ഇസ്രയേലാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇന്ത്യയുടെ സ്ഥിതിയും വളരെ ശോചനീയമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 

നീതിപൂർവമായ വാക്‌സിൻ വിതരണമെന്നത് ലോകത്തിനുമുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി തുടരുന്നു. ബിൽഗേറ്റ്‌സും വൻകിട ഫാർമ കമ്പനികളും ലാഭം കൊയ്യാനുള്ള ഒരു സുവർണാവസരമായി ഈ ദുരന്തത്തെ കാണുന്നിടത്തോളം കാലം അതിന് പ്രതിവിധിയുണ്ടാവില്ല. ബൗദ്ധികസ്വത്തവകാശനിയമം താത്‌കാലികമായെങ്കിലും മരവിപ്പിക്കണമെന്ന ലോകജനതയുടെ ആവശ്യം പരിഗണിക്കപ്പെടാനുള്ള സാധ്യത വളരെ വിരളവുമാണ്. വികസ്വര-അവികസിത രാജ്യങ്ങൾ ഒരുമിച്ചുനിന്ന്, അവരുടെ അറിവും കഴിവും പരസ്പരം പങ്കുവെച്ച് പ്രതിരോധ വാക്‌സിനുകളും മരുന്നുകളും കണ്ടെത്തുകയാണ് അടിയന്തരമായിവേണ്ടത്.

സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമാണ്‌ ലേഖകൻ