വലോകക്രമത്തിലെ ബാങ്കിങ് അടിമുടി മാറിക്കഴിഞ്ഞു. ഇനിയൊരു മാറ്റം തത്‌കാലം സാധ്യമല്ല എന്നാണ് വിദഗ്ധതമതം. എന്നാൽ, മനുഷ്യവിഭവശേഷിയെ ക്രിയാത്മകമായി മാറ്റുന്നതിനുപകരം അതിനെ തകർക്കുന്ന സമീപനം വിപരീതഫലമാണ് സൃഷ്ടിക്കുക എന്നത് വ്യക്തം. പുതിയ കാലത്തിനു യോജ്യമായ പരിശീലനവും സമ്മർദങ്ങളെ അതിജീവിക്കാനുള്ള‘സ്ട്രസ് ബസ്റ്റർ’ പദ്ധതികളും തൊഴിൽ നിയമനവും സർവോപരി ‘ഹീലിങ് ടച്ചും’ ആണ് അടിയന്തരമായ ആവശ്യം. നൂതന ബാങ്കിങ് രീതികളുമായി പൊരുത്തപ്പെടാനുള്ള പരിശീലനമോ  പഠനരീതികളോ പരിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട സമയമാണിത്. വ്യത്യസ്ത വിദ്യാഭ്യാസ മേഖലകളിൽനിന്ന് തിരഞ്ഞെടുപ്പുകിട്ടി വരുന്നവരെ ശാസ്ത്രീയമായ ഓറിയന്റേഷനുകൾ ഇല്ലാതെ ഒറ്റയടിക്ക് സമ്മർദത്തിലാഴ്‌ത്തിയാൽ ഫലം വിപരീതമായിരിക്കും. ടാർഗറ്റുകൾ തികയ്ക്കാനുള്ള യാന്ത്രികവും ഭീഷണവുമായ തൊഴിൽസമീപന രീതിയിൽ നിന്നുമാറി കുറച്ചുകൂടി പ്രൊഫഷണലായ രീതികൾ അവലംബിക്കേണ്ടതാണെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. ഇതിൽ ന്യായമുണ്ടുതാനും. മൾട്ടി ടാസ്‌കിങ് ജോലികളിൽ എല്ലാവരും ശോഭിക്കില്ല എന്നവശം കണക്കിലെടുത്ത്‌ തൊഴിൽരീതിയിൽ മാറ്റം വരുത്തണമെന്നും അവർ പറയുന്നു. കടുത്ത യാഥാർഥ്യങ്ങളെ ഉൾക്കൊണ്ട് മത്സരാധിഷ്ഠിതമായ ലോകത്തെ ബാങ്കിങ് സംവിധാനവുമായി മുന്നോട്ടുപോവാൻ കൂട്ടായ യത്നമാണ് ആവശ്യം. അതിന് മാനേജ്‌മെന്റും ജീവനക്കാരും സംഘടനകളും ഒരുമിച്ചിരിക്കണം. ഇതുസംബന്ധിച്ച്‌ ബാങ്കിങ് മേഖലയിൽ നിന്നുള്ളവരുടെ നിർദേശങ്ങളും പ്രതികരണങ്ങളും.

ശാസ്ത്രീയ സംവിധാനം വേണം

സേതു, എഴുത്തുകാരൻ
എസ്‌.ഐ.ബി.  മുൻ ചെയർമാൻ

ഞങ്ങളൊക്കെ ജോലിചെയ്തിരുന്ന കാലത്തുള്ള സ്ഥിതിയല്ല ഇന്ന്. ഒന്നാമതായി റിക്രൂട്ട്‌മെന്റ് കുറഞ്ഞതോടെ ജീവനക്കാരുടെ എണ്ണത്തിൽ വല്ലാത്ത കുറവുണ്ടായി. അതേസമയം, ജോലിസമ്മർദം കൂടുന്നുമുണ്ട്. പരമ്പരാഗത ബാങ്കിങ് സംവിധാനത്തിനുപുറമേ ഒട്ടേറെ അനുബന്ധ ജോലികൾ ബാങ്ക് ജീവനക്കാർക്ക് ചെയ്യേണ്ടിവരുന്നുണ്ട്. മ്യൂച്വൽ ഫണ്ട്, കാർഡുകൾ, ഇൻഷുറൻസ് തുടങ്ങി പല ഉത്പന്നങ്ങളും ടാർഗറ്റ് അനുസരിച്ചു വിപണനം ചെയ്യേണ്ടതായുണ്ട്. പുതിയ കാലത്ത് ടെക്‌നോളജിയുടെ വലിയൊരു സപ്പോർട്ട് കിട്ടുന്നുണ്ട്. എന്നാലും പല കാരണങ്ങൾകൊണ്ടും ജോലിഭാരം കൂടുകയാണ്. നമ്മുടെ സമ്പദ്ഘടന വലിയൊരു വെല്ലുവിളി നേരിടുന്ന കാലമാണിത്. നോട്ടുനിരോധനത്തിൽനിന്ന് തുടങ്ങിയ തളർച്ച കോവിഡിനുശേഷം വല്ലാതെ കൂടിയിരിക്കുന്നു. ഇതിന്റെയെല്ലാം സമ്മർദം മറ്റു മേഖലകളെക്കാൾ കൂടുതൽ പ്രതിഫലിക്കുക ബാങ്കിങ് രംഗത്താണ്. കൃഷി, ചെറുകിട വ്യവസായരംഗംമുതൽ വാഹനവായ്പ, ഭവനവായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയ പലതും ഇക്കാലത്ത് കുടിശ്ശികയാകുകയാണ്. കുറെ സൗജന്യങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇതിനൊക്കെയും റിക്കവറി ടാർഗറ്റുകളുമുണ്ട്.
കൃത്യമായ ജോലിസമയമില്ലാത്ത ഓഫീസർമാരുടെ കാര്യം കഷ്ടമാണ്‌; ഈ സമ്മർദം കൂടുകയേ ഉള്ളൂ. എഴുത്തുകാരനെന്ന നിലയിൽക്കൂടി പറഞ്ഞാൽ സ്വന്തം മനസ്സിനെ നിയന്ത്രിക്കുകയെന്നത് എളുപ്പമല്ല. സ്വയം ജീവനൊടുക്കാൻ ഒരു മാനേജർ ബാങ്ക് കെട്ടിടംതന്നെ തിരഞ്ഞെടുത്തുവെന്നത് ഏറ്റവും ദുഃഖകരമായ അവസ്ഥയാണ്. സമ്മർദം ആവുന്നത്ര സ്വയം കൈകാര്യം ചെയ്യാൻ പരിശ്രമിക്കേണ്ടി വരും മേലധികാരികളും ഇതിനെ അനുഭാവപൂർവം കാണേണ്ടതുണ്ട്. ജീവനക്കാരുടെ പ്രത്യേകിച്ചും വനിതകളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് മനുഷ്യത്വപരമായ രീതിയിൽ കൈകാര്യം ചെയ്യാൻ അവർക്ക് കഴിയണം. സമയോചിതമായ കൗൺസലിങ്ങും സഹായകമാണ്. കുടുംബവും മുതിർന്നവരും നൽകുന്ന പിന്തുണയും വളരെ പ്രാധാന്യമർഹിക്കുന്നു.

വേണം, സ്‌ട്രെസ് മാനേജ്‌മെന്റ്

എസ്. രാമകൃഷ്ണൻ 
(ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ 
(എ.ഐ.ബി.ഇ.എ.) ജനറൽ കൗൺസിൽ അംഗം)

തൊഴിലിടത്തെ സമ്മർദം കാരണമുള്ള ആത്മഹത്യയെന്നത് സങ്കടകരവും ഏതുനിലയ്ക്കും ഒഴിവാക്കപ്പെടേണ്ടതുമാണ്. ജോലിഭാരം കുന്നുകൂടുന്നത് ഒഴിവാക്കാൻ ആദ്യപടി ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക എന്നതാണ്. സൗഹൃദപരവും ജീവനക്കാരെ ചേർത്തുപിടിക്കുന്നതുമായ ഒരു മാനേജ്‌മെന്റ് സൗകര്യം വേണം. ജീവനക്കാർക്ക് സ്‌ട്രെസ് മാനേജ്‌മെന്റിൽ മികച്ചപരിശീലനം നൽകണം. സഹപ്രവർത്തകരുടെ കാര്യത്തിൽ സ്നേഹപൂർണമായ കരുതൽ ജീവനക്കാർക്കും വേണം. ട്രേഡ് യൂണിയനുകൾ ഇക്കാര്യങ്ങളിൽ ഉത്തരവാദിത്വപൂർണമായ ഇടപെടൽ നടത്തുകയും വേണം.

നവയാഥാർഥ്യത്തോട്‌ പൊരുത്തപ്പെടണം

ആദികേശവൻ
ചീഫ്‌ ജനറൽ മാനേജർ, എസ്‌.ബി.ഐ.

പൊതുമേഖലാ ബാങ്കുകളിൽ താരതമ്യേന സൗമ്യമായ സമീപനമാണ് ഉന്നത ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. ജോലിയുടെ ഭാഗമായി മേലധികാരികൾ മോശപ്പെട്ട ഭാഷയോ പെരുമാറ്റമോമൂലം സമ്മർദംചെലുത്താൻ ശ്രമിച്ചാൽ അത് ശരിയല്ല. അതിൽ പ്രതികരിക്കണം. അതിനുള്ള നിയമപരമായ മാർഗങ്ങൾ ഓഫീസിനകത്തും പുറത്തും ഉണ്ടുതാനും. 
കൂടാതെ, പല ബാങ്കുകളിലും കൗൺസലിങ് ഉൾപ്പെടെയുള്ള സംവിധാനം ഓഫീസർ മാനേജർ തസ്തികയിൽ ‘ജോലിസമ്മർദം’ അനുഭവപ്പെടുന്ന വ്യക്തികൾക്ക് നൽകിവരുന്നു. സുഹൃത്തുക്കളോടും കുടുംബത്തിലും ഈ സമ്മർദത്തെക്കുറിച്ച്  സംസാരിക്കുക. എങ്ങനെ മാനസികമായി തളരാതെ നിൽക്കാം എന്നുനോക്കുക. 
ആദ്യമേതന്നെ എടുക്കാൻ പറ്റാത്ത ഭാരം ആണെങ്കിൽ, അത് മനസ്സിലാക്കി പ്രൊമോഷനും മറ്റും പോകാതിരിക്കുക. ഓരോ വ്യക്തിക്കും തന്നെക്കൊണ്ട് എന്ത് ജോലിയൊക്കെ ചെയ്യാൻ പറ്റും എന്നൊക്കെ ഒരു ധാരണവേണം. അത് മനസ്സിലാക്കി മാത്രം ജോലിസ്ഥലത്തു പ്രൊമോഷന് പോവുക. പദവികളോടൊപ്പം സമ്മർദവും വരും. 
സമ്മർദത്തോടു പൊരുത്തപ്പെടാൻ പരമാവധി ശ്രമിച്ചിട്ടും ശരിയാവുന്നില്ലെങ്കിൽ, ഇതുമൂലം ഉണ്ടാകുന്ന മാനസികപ്രശ്നങ്ങൾ ഒരു ‘മെഡിക്കൽ’ പ്രശ്നമാണ് എന്നകാര്യം മനസ്സിലാക്കുക. മാനസികാരോഗ്യം കാത്തുസൂക്ഷിക്കാൻ ഡോക്ടർമാരെ സമീപിക്കുക.  സ്ഥിരവരുമാനംപോലും ഇല്ലാതെ ജീവിതത്തോട് പടവെട്ടുന്നവർ, ദൈനംദിന വേതനത്തിനു ജോലിചെയ്യുന്നവർ, ചെറുകിട കച്ചവടവും കൃഷിയും മറ്റുമായി ഉപജീവനം നടത്തുന്ന എത്രയോ കോടി ആൾക്കാർ ഉള്ള നമ്മുടെ രാജ്യത്തിൽ, നാം ചർച്ചചെയ്യുന്ന  ‘സമ്മർദം’ തികച്ചും ആപേക്ഷികമാണ്. ജോലിസമ്മർദവും ടാർ‌ഗറ്റും ഒക്കെ ലഘൂകരിക്കണം എന്നൊക്കെ നമുക്ക് പറയാമെങ്കിലും സമൂഹത്തിലും സ്ഥാപനങ്ങളിലും ഈ സമ്മർദം കൂടുകയേയുള്ളൂ. 
ഈ നവയാഥാർഥ്യത്തോട് പൊരുത്തപ്പെട്ടുജീവിക്കാൻ നാം സ്വയം പാകപ്പെടണം. ഒരു പക്ഷേ, ഇനിവേണ്ടത് പരീക്ഷകളിൽ മാർക്ക്‌ നേടുന്നതിനെക്കാളേറെ നമുക്കു വേണ്ടത് സമ്മർദം നേരിടാൻ മാനസികശേഷി വളർത്തിയെടുക്കാനുള്ള തയ്യാറെടുപ്പുകളാണ്. 

ജീവനക്കാർക്കൊപ്പം നിൽക്കണം

ജെ.കെ. ശിവൻ
 (മാനേജിങ് ഡയറക്ടർ, ധനലക്ഷ്മി ബാങ്ക്)

 

വെറും സേവനങ്ങൾ അല്ലെങ്കിൽ ഇടപാടുകൾ എന്ന പഴയ സംവിധാനത്തിൽനിന്ന് ബാങ്കിങ് ഒരുപാട് മാറിക്കഴിഞ്ഞു. ഇപ്പോൾ സെയിൽസ് അല്ലെങ്കിൽ പ്രോഡക്ട് അടിസ്ഥാനമാക്കിയുള്ളതാണ് ബാങ്കിങ് സംവിധാനം. പ്രത്യേകിച്ചും സ്വകാര്യബാങ്കുകളിൽ എല്ലാവരും തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനാണ് പ്രഥമപരിഗണന കൊടുക്കുന്നത്. എല്ലാവർക്കും ടാർഗറ്റുകളുണ്ടാകും. അതുമായി ബന്ധപ്പെട്ട് ജോലി സമ്മർദമുണ്ടെന്നത് ശരിതന്നെയാണ്. പണ്ട് ജോലി തീർക്കുക എന്നതിനെക്കുറിച്ചായിരുന്നു ടെൻഷനെങ്കിൽ ഇന്ന് ഈ ഉത്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ടാണ്. കാരണം, ഇന്ന് സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ജോലി സാങ്കേതികവിദ്യ ഏറ്റെടുത്തുകഴിഞ്ഞു. എത്രയാണ് നിങ്ങൾ വിറ്റത്, നിങ്ങളെത്ര ടാർഗറ്റുകൾ തികച്ചു എന്നതാണ് ഏറ്റവും താഴെത്തട്ടുമുതൽ മാനേജർമാർ വരെയുള്ളവരുടെ മികവ് അളക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡം. .
ജീവനക്കാർക്കൊപ്പം മാനേജ്‌മെന്റും നിൽക്കുക എന്നതാണ് പരിഹാരം. സാഹചര്യങ്ങൾ വളരെ മാറിക്കഴിഞ്ഞു. ഉത്പന്നങ്ങളെയും മറ്റു വരുമാന മാർഗങ്ങളെയും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ല. സമ്മർദം കുറയ്ക്കാൻ ജീവനക്കാർക്കൊപ്പം നിൽക്കാനാവണം. എല്ലാവർക്കും മാർക്കറ്റിങ്ങിൽ ശോഭിക്കാനായെന്നു വരില്ല. അങ്ങനെയുള്ളവർ മോശക്കാരെന്നല്ല. പകരം അവർ മികച്ചതാകുന്ന മറ്റ് ഏരിയകളുണ്ടാകും. അഡ്മിനിസ്‌ട്രേഷൻ, ഐ.ടി. തുടങ്ങിയവ. ടാർഗറ്റുകളുടെ വെല്ലുവിളി സ്വീകരിക്കാനാകാത്തവരെ ബാക്കപ്പ് സംവിധാനങ്ങളിലേക്ക് പരിഗണിച്ചാണ് പെട്ടെന്നൊരു പരിഹാരം ഞങ്ങൾ കാണുന്നത്.

 

വേണ്ടത് മാൻ പവർ പ്ലാനിങ്

എ. രാഘവൻ
(ജനറൽ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയൻ, കേരള സർക്കിൾ)

 

ബാങ്ക് ലയനങ്ങൾ, സാങ്കേതിക പ്രശ്നങ്ങൾകാരണം ഇടപാടുകാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇവയുടെയെല്ലാം ഫലവും പ്രതികരണവും ശാഖകളിൽ ഏറ്റുവാങ്ങേണ്ടി വരുന്നത് അവിടെ ജോലിചെയ്യേണ്ടിവരുന്ന ജീവനക്കാരാണ്. അശാസ്ത്രീയമായ മാൻ പവർ പ്ലാനിങ്ങാണ് ഈ സമ്മർദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. ലാഭത്തിൽ മാത്രം, പ്രത്യേകിച്ചും ‘മറ്റു വരുമാന സ്രോതസ്സുകൾ’ എന്നതിലൂന്നിയുള്ള ബിസിനസ് പ്ലാനിങ്ങാണ് ഇന്ന് പൊതുമേഖലാ മാനേജ്‌മെന്റുകളടക്കം ശ്രദ്ധിക്കുന്നത്. പേഴ്‌സണൽ, ബിസിനസ് ഇൻസെന്റീവ് എന്ന ഘടകങ്ങൾ കൂടിച്ചേരുമ്പോൾ വല്ലാത്ത പ്രശ്നങ്ങൾ ഉടലെടുക്കുന്നു. ശാസ്ത്രീയമായ മാൻ പവർ പ്ലാനിങ് നടപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനം. നേരത്തേ ഒരു ഓഫീസർക്ക് നാലു ക്ലാർക്ക് എന്ന ക്രമീകരണം ഉണ്ടായിരുന്നിടത്ത് ഇന്ന് അര ക്ലാർക്ക് എന്നതാണ് സ്ഥിതി. ഇത് പരിശോധിക്കപ്പെടണം, ഒപ്പം വ്യക്തിഗത ഇൻസെന്റീവ് സമ്പ്രദായം ബാങ്കിങ് മേഖലയിൽ അവസാനിപ്പിക്കണം.

 

സമഗ്രമായ മാറ്റം വരുത്തണം

ടി. നരേന്ദ്രൻ
ബെഫി സംസ്ഥാന പ്രസിഡന്റ്‌

മതിയായ ജീവനക്കാരില്ലാത്തതുമുതൽ ബാങ്ക് ഉള്ളടക്കത്തിൽ വന്ന മൗലിക മാറ്റങ്ങൾവരെയുള്ള കാരണങ്ങൾ പ്രതിപാദിക്കാനാകും. അതാകട്ടെ, കേന്ദ്രസർക്കാരും റിസർവ് ബാങ്കുമൊക്കെ മുകളിൽനിന്ന്‌ കെട്ടിയിറക്കിയ ചേരുവമാറ്റങ്ങളുടേതാണ്. ഫെയർ ആൻഡ്‌ ലൗലി പ്രയോഗം കണക്കേ ഉപരിതലത്തിൽ ശാഖയുടെയോ വ്യക്തിയുടെയോ കുറവുകളായി വിലയിരുത്തിപ്പോകുന്നത് യഥാർഥ പ്രശ്നപരിഹാരത്തിന് പര്യാപ്തമാകില്ല. ഇടപാടുകാരെയും ജീവനക്കാരെയും വിശ്വാസത്തിലെടുത്ത് ഇന്ത്യൻ ജനതയുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സമഗ്രമായ ഒരു ബാങ്കിങ്‌ നയമാണ് ആവിഷ്കരിക്കേണ്ടത്. ഇന്ത്യയിലെ ബാങ്കുകളിൽ ജനങ്ങൾ നിക്ഷേപിച്ചിട്ടുള്ള സമ്പാദ്യമായ 151 ലക്ഷം കോടി രൂപയെന്നത് നാടിന്റെ ജി.ഡി.പി.തുകയ്ക്ക് തുല്യമായ അമൂല്യവിഭവമാണ്. ലോകത്തിനു തന്നെ മാതൃകയായ ഇന്ത്യൻ പൊതുമേഖലാ ബാങ്കിങ്‌ രീതികളെ രാജ്യ പുരോഗതിക്കായി വിനിയോഗിക്കാനുള്ള തുറന്നമനസ്സാണ് അധികാരികളിൽനിന്ന് പ്രതീക്ഷിക്കുന്നത്.

 

(അവസാനിച്ചു)