പേറ്റന്റ് നിയമം മാറ്റിയതിനുശേഷം ഔഷധ ഉത്പാദന-വിതരണ മേഖലയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ആരോഗ്യനയരേഖയിൽ കാണാൻ കഴിയുന്നില്ല. ഇന്ത്യൻ ഔഷധമേഖലയുടെ വളർച്ചയ്ക്കുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പൊതുമേഖല ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കാൻ താത്പര്യമെടുത്തിട്ടില്ല

കേന്ദ്രസർക്കാർ പുതിയ ആരോഗ്യനയം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പത്തെ വർഷത്തെ (1946) ഭോർകമ്മിറ്റി റിപ്പോർട്ട് സമഗ്രമായ ആരോഗ്യനയമാണ് മുന്നോട്ടുവെച്ചത്. എന്നാൽ, പിൽക്കാലത്ത് അധികാരത്തിലെത്തിയവർ ഭോർകമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ അവഗണിക്കുകയും ചുരുക്കം ചില പരിഷ്കാരങ്ങൾമാത്രം നടപ്പാക്കുകയും ചെയ്തു. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ (ജി.ഡി.പി.) രണ്ടുശതമാനമെങ്കിലും ആരോഗ്യമേഖലയ്ക്കായി നീക്കിെവയ്ക്കേണ്ടതാണെന്ന ഭോർകമ്മിറ്റി നിർദേശവും അവഗണിക്കപ്പെട്ടു. 

ലോകാരോഗ്യസംഘടന 1978-ൽ സോവിയറ്റ് യൂണിയനിലെ  അൽമാ അട്ടായിൽ നടത്തിയ പ്രാഥമിക ആരോഗ്യസേവനത്തെ സംബന്ധിച്ച  അന്താരാഷ്ട്രസമ്മേളനത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. സമ്മേളനം അംഗീകരിച്ച അൽമാ അട്ടാ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ഇന്ത്യൻസർക്കാർ 1983-ൽ സാമാന്യം സമഗ്രവും പ്രാഥമികാരോഗ്യസേവനത്തിന് ഊന്നൽ നൽകുന്നതുമായ ആരോഗ്യനയം പ്രഖ്യാപിച്ചു. ഗ്രാമീണാരോഗ്യമേഖലയ്ക്ക് പ്രാധാന്യംനൽകിക്കൊണ്ടുള്ള  ഒട്ടേറെ ആരോഗ്യപരിപാടികൾ നടപ്പാക്കി. ജി.ഡി.പി.യുടെ 0.7 ശതമാനം മാത്രമായിരുന്ന ആരോഗ്യച്ചെലവ് 1.5 ശതമാനമായി വർധിപ്പിച്ചു. പ്രാഥമികാരോഗ്യമേഖലയ്ക്കൊപ്പം ദ്വിതീയ, തൃതീയ മേഖലകളും മെച്ചപ്പെട്ടു. എന്നാൽ, തൊണ്ണൂറുകളുടെ ആരംഭത്തോടെ നടപ്പാക്കാൻ തുടങ്ങിയ നവലിബറൽ സാമ്പത്തികനയത്തിന്റെ ഭാഗമായി സർക്കാർ ആരോഗ്യമേഖലയിൽനിന്ന് പിൻവാങ്ങാൻ തുടങ്ങി. ആരോഗ്യച്ചെലവ് വീണ്ടും ജി.ഡി.പി.യുടെ 0.9 ശതമാനമായി കുറച്ചു. 

പുതിയ സാമ്പത്തികനയത്തിന്‌ അനുസൃതമായ ആരോഗ്യനയം 2002-ൽ സർക്കാർ പ്രഖ്യാപിച്ചു. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുക, സർക്കാർ ആശുപത്രികളിൽ ചികിത്സാഫീസ് ഏർപ്പെടുത്തുക, സർക്കാർമേഖല രോഗപ്രതിരോധ പ്രവർത്തനങ്ങളിലും മാതൃശിശുസംരക്ഷണത്തിലുംമാത്രം ശ്രദ്ധിച്ചുകൊണ്ട്  രോഗചികിത്സ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുക തുടങ്ങിയ സമീപനങ്ങളാണ് 2002-ലെ  നയത്തിൽ ശുപാർശചെയ്തത്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളും വൻകിട മരുന്നുകമ്പനികളും ഉപകരണനിർമാതാക്കളും ആരോഗ്യമേഖലയുടെ ഗതി നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സാമ്പത്തിക അധികാരകേന്ദ്രങ്ങളായി മാറി. ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ രൂക്ഷമായതോടെ ഒന്നാം യു.പി.എ. സർക്കാർ ദേശീയ പൊതുമിനിമം പരിപാടിയുടെ ഭാഗമായി ദേശീയ ഗ്രാമീണാരോഗ്യപദ്ധതി നടപ്പാക്കി. ആരോഗ്യച്ചെലവ് 0.9 ശതമാനത്തിൽനിന്ന്‌ 1.2 ശതമാനമായി വർധിച്ചു.

ഗ്രാമീണാരോഗ്യസേവനം കുറേയൊക്കെ മെച്ചപ്പെട്ടെങ്കിലും ദ്വിതീയ, തൃതീയ മേഖലകൾ ആരോഗ്യപ്രവർത്തകരുടെ കുറവുമൂലം  പ്രവർത്തനക്ഷമമല്ലാതായി. നിലവിലുള്ള ഒഴിവുകളിൽപ്പോലും 40 ശതമാനം ഡോക്ടർമാരുടെയും 70 ശതമാനം സ്പെഷലിസ്റ്റുകളുടെയും കുറവുണ്ടായിരുന്നതുമൂലം സർക്കാർ ആസ്പത്രികളിലെ സേവനനിലവാരം തകരാൻ തുടങ്ങി. അതിനിടെ ഇന്ത്യൻ പേറ്റന്റ്നിയമം ലോകവ്യാപാര സംഘടനയുടെ നിബന്ധനപ്രകാരം പുതുക്കി. പരിഷ്കരിച്ച നിയമം 2005 മുതൽ നടപ്പാക്കിയതോടെ ഔഷധവില കുതിച്ചുയരാൻ തുടങ്ങി.പന്ത്രണ്ടാം പദ്ധതിയുടെ ഭാഗമായി നിയോഗിച്ച  ഉന്നതാധികാര വിദഗ്ധസമിതി ആരോഗ്യച്ചെലവ് 2017-ഓടെ 2.5 ശതമാനമായി വർധിപ്പിക്കണമെന്ന് ശുപാർശചെയ്തു. എന്നാൽ, ജി.ഡി.പി.യുടെ ഒരു ശതമാനം മാത്രമായി ആരോഗ്യച്ചെലവ് പരിമിതപ്പെടുത്തുകയാണ് സർക്കാർ ചെയ്തത്.  ആരോഗ്യമേഖലയ്ക്ക്  പന്ത്രണ്ടാം പദ്ധതിക്കാലത്തേക്കായി  വിദഗ്ധസമിതി ശുപാർശചെയ്ത   2,68,551 കോടി രൂപയുടെ സ്ഥാനത്ത് പകുതിയിൽത്താഴെവരുന്ന 1,25,117 കോടി രൂപ മാത്രമാണ് മാറ്റിവെച്ചത്. മാത്രമല്ല, ആരോഗ്യമേഖലയിൽ ഗുണകരമായ മാറ്റം വരുത്തിക്കൊണ്ടിരുന്ന ദേശീയ ഗ്രാമീണാരോഗ്യപദ്ധതിവിഹിതം  1,93,406 കോടി രൂപയിൽനിന്ന് 90,023 കോടിരൂപയായി കുറയ്ക്കുകയും ചെയ്തു. 

എൻ.ഡി.എ. സർക്കാർ അധികാരത്തിലെത്തിയതിനുശേഷം 2015-ൽ പ്രസിദ്ധീകരിച്ച ആരോഗ്യനയ കരടുരേഖയിൽ വിദഗ്ധസമിതിയുടെ ശുപാർശക്കനുസൃതമായി ആരോഗ്യച്ചെലവ് 2.5 ശതമാനമായി 2020-ഓടെ വർധിപ്പിക്കുമെന്ന് രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ 20 ശതമാനത്തിന്റെ സ്ഥാനത്ത്  ആരോഗ്യച്ചെലവിന്റെ 40 ശതമാനം കേന്ദ്രസർക്കാർ വഹിക്കണമെന്നും 70 ശതമാനം തുകയും പ്രാഥമികാരോഗ്യസേവനത്തിന് മാറ്റിെവയ്ക്കണമെന്നും പ്രതിശീർഷ സർക്കാർ ആരോഗ്യച്ചെലവ് 3800 രൂപയായി വർധിപ്പിക്കണമെന്നും കരടുരേഖയിൽ ശുപാർശചെയ്തിരുന്നു. സംസ്ഥാനങ്ങൾ ബജറ്റിന്റെ എട്ടുശതമാനം ആരോഗ്യമേഖലയ്ക്ക് മാറ്റിെവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആരോഗ്യം മനുഷ്യാവകാശമായി പ്രഖ്യാപിച്ചുകൊണ്ട് ദേശീയ ആരോഗ്യാവകാശബിൽ സർക്കാർ അവതരിപ്പിക്കണമെന്നും കരടുരേഖയിൽ നിർദേശിച്ചിരുന്നു. എന്നാൽ, ആസൂത്രണക്കമ്മിഷന് പകരമായി രൂപവത്കരിച്ച നീതി ആയോഗ് കരടുരേഖയിലെ പ്രധാന നിർദേശങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു. നീതി ആയോഗിന്റെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് 2015-ലെ കരടുനയത്തിന്റെ അന്തസ്സത്ത ചോർത്തിക്കളഞ്ഞ നയമാണ് ഇപ്പോൾ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചിട്ടുള്ളത്. 

ആരോഗ്യ ഉറപ്പിന്റെ പുതുരേഖ

2015-ലെ കരടുരേഖയിൽ സാർവത്രിക ആരോഗ്യസേവനത്തെപ്പറ്റിയാണ് (Universal Health Care) പറഞ്ഞിട്ടുള്ളതെങ്കിൽ പുതിയ രേഖയിൽ ആരോഗ്യ ഉറപ്പിനെപ്പറ്റിയാണ് (Health Assurance) സൂചിപ്പിക്കുന്നത്. അതായത് സർക്കാർ മേഖലയുടെ വിപുലീകരണത്തോടെയുള്ള സാർവത്രികവും സൗജന്യവുമായ ആരോഗ്യസേവനത്തിന്റെ സ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിലൂടെയുള്ള സേവനലഭ്യതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആരോഗ്യച്ചെലവ് കരടുരേഖയിൽ പറയുന്നതുപോലെ 2.5 ശതമാനമായി വർധിപ്പിക്കുമെന്ന് പുതിയ നയത്തിലും പറയുന്നത് സ്വാഗതാർഹമാണെങ്കിലും 2025-ഓടെമാത്രം കൈവരിക്കേണ്ട ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത് വലിയ ആശങ്കയുളവാക്കുന്നുണ്ട്. മാത്രമല്ല, ലോകാരോഗ്യസംഘടന നിർദേശിച്ചിട്ടുള്ള അഞ്ചുശതമാനത്തിന്റെ നേർപകുതി മാത്രമാണിതെന്നോർക്കണം.  

പേറ്റന്റ് നിയമം മാറ്റിയതിനുശേഷം ഔഷധ ഉത്പാദന-വിതരണ മേഖലയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ നയരേഖയിൽ കാണാൻ കഴിയുന്നില്ല. ഇന്ത്യൻ ഔഷധമേഖലയുടെ വളർച്ചയ്ക്കുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പൊതുമേഖല ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കാൻ താത്പര്യമെടുത്തിട്ടില്ല. പേറ്റന്റ് മരുന്നുകളുടെ അതിവില നിയന്ത്രിക്കുന്നതിനായി  പേറ്റന്റ് നിയമത്തിലുള്ളതും ലോകവ്യാപാരസംഘടന അംഗീകരിച്ചതുമായ നിർബന്ധിത ലൈസൻസിങ് പ്രയോഗിക്കുന്നതിനെപ്പറ്റി ആരോഗ്യരേഖ മൗനം അവലംബിക്കുന്നു.

ജർമൻ  കമ്പനിയായ ബേയർ നെക്സാവർ എന്ന ബ്രാൻഡ് നാമത്തിൽ വിറ്റുവന്നിരുന്ന കാൻസറിനുള്ള സൊറാഫെനിബ് റ്റോസിലേറ്റ് എന്ന മരുന്ന് ഇന്ത്യൻ കമ്പനികൾക്ക് നിർബന്ധിത ലൈസൻസിങ് പ്രകാരം ഉത്പാദിപ്പിക്കാൻ അനുവദിച്ചതോടെ ഒരുമാസത്തെ ചികിത്സയ്ക്ക് രണ്ടുലക്ഷത്തിലേറെ രൂപ കൊടുക്കേണ്ടിവന്ന മരുന്ന് ഇപ്പോൾ 4200 രൂപയ്ക്ക് ഇന്ത്യൻ കമ്പനി വിറ്റുവരുന്ന അനുഭവത്തിൽനിന്ന് സർക്കാർ പാഠമൊന്നും ഉൾക്കൊണ്ടിട്ടില്ലെന്നാണ് ആരോഗ്യനയം സൂചിപ്പിക്കുന്നത്. മൊത്തം ആരോഗ്യച്ചെലവിന്റെ 35.7 ശതമാനവും പൊതുജനങ്ങളുടെ ആരോഗ്യച്ചെലവിന്റെ 71 ശതമാനവും ഔഷധങ്ങൾക്കുവേണ്ടിയാണ് ചെലവിടുന്നതെന്ന് നാഷണൽ ഹെൽത്ത് അക്കൗണ്ട്‌സ് കമ്മിറ്റിയും നാഷണൽ സാമ്പിൾ സർവേയും വെളിപ്പെടുത്തിയിട്ടുള്ളത് ആരോഗ്യനയം രൂപവത്കരിക്കുന്ന അവസരത്തിൽ സർക്കാർ കണക്കിലെടുത്തതായി കാണുന്നില്ല.   

പ്രാഥമികാരോഗ്യസേവനം സർക്കാർ മേഖലയിൽ നിലനിർത്തി ശക്തിപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുള്ളത് ശരിയായ ദിശയിലേക്കുള്ള കാൽവെപ്പായി കാണേണ്ടതാണ്. പ്രാഥമികാരോഗ്യ സേവനം, അവശ്യമരുന്നുകൾ, രോഗനിർണയോപാധികൾ, അടിയന്തര സേവനം ഇവയെല്ലാം എല്ലാവർക്കും ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതും സന്തോഷകരംതന്നെ. ഡോക്ടർമാർക്കുപുറമേ സോഷ്യോളജി, സാമ്പത്തികശാസ്ത്രം, ഹോസ്പിറ്റൽ മാനേജ്മെന്റ് എന്നീ വിഭാഗത്തിൽപ്പെട്ടവർകൂടി  ഉൾപ്പെടുന്ന പൊതുജനാരോഗ്യ കേഡർ രൂപവത്‌കരിക്കാനും ഫാമിലി മെഡിസിനിലും ജനറൽ പ്രാക്ടീസിലും പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ ആരംഭിക്കാനുമുള്ള നിർദേശങ്ങളും പ്രസക്തംതന്നെ. എന്നാൽ, ദ്വിതീയ, തൃതീയതല ചികിത്സ, ആരോഗ്യ ഇൻഷുറൻസിന്റെ അടിസ്ഥാനത്തിൽ ഫലത്തിൽ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കേണ്ടതാണെന്ന  സമീപനമാണ് നയപ്രഖ്യാപനത്തിൽ സ്വീകരിച്ചിട്ടുള്ളത്.  

ആരോഗ്യമേഖലയ്ക്കാവശ്യമായ വിഭവം നൽകുക, സ്വകാര്യമേഖലയെ നിയന്ത്രിക്കുക തുടങ്ങിയ ചുമതലകളെക്കാൾ ആരോഗ്യസേവനം സ്വകാര്യമേഖലയിൽനിന്ന്‌ വാങ്ങി ജനങ്ങൾക്ക് ലഭ്യമാക്കുന്ന ഏജൻസി എന്ന രീതിയിലുള്ള  സർക്കാരിന്റെ പങ്കിനാണ് രേഖ പ്രാധാന്യം നൽകുന്നത്. ഇത്തരമൊരു സ്വകാര്യമേഖലാ സൗഹൃദസമീപനത്തിന്റെ ഭാഗമായിട്ടായിരിക്കണം കരടുരേഖയിലുൾപ്പെടുത്തിയിട്ടുള്ള  സ്വകാര്യമേഖലയെ സംബന്ധിച്ച വിമർശങ്ങളും സർക്കാർമേഖലയുടെ മികവിനെ സംബന്ധിച്ചുള്ള പരാമർശങ്ങളും അന്തിമരേഖയിൽ ഒഴിവാക്കിയിട്ടുള്ളത്. സ്വകാര്യമേഖലയെ നിയന്ത്രിക്കുന്നതിനുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനെപ്പറ്റിയും സൂചനകളില്ല.  

ആരോഗ്യത്തിന്റെ സാമൂഹിക ഉറവിടങ്ങൾ, പൊതുവിതരണത്തിലൂടെയും അങ്കണവാടികളിലൂടെയും കൈവരിക്കേണ്ട ഭക്ഷ്യസുരക്ഷ, സുരക്ഷിതമായ ഗർഭച്ഛിദ്രം തുടങ്ങി കരടുരേഖയിൽ സൂചിപ്പിച്ചിട്ടുള്ള പല സുപ്രധാനവിഷയങ്ങളും ആരോഗ്യരേഖയിൽ ഒഴിവാക്കിയിരിക്കുന്നു. സുസ്ഥിര വികസനലക്ഷ്യത്തിന്റെ ഭാഗമായി രാജ്യം കൈവരിക്കേണ്ട ആരോഗ്യസൂചികാലക്ഷ്യങ്ങളിൽ ചിലവ ആരോഗ്യനയരേഖയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അവയിൽ പല സൂചികയും ഇന്ത്യയേക്കാൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ കൈവരിച്ചതാണ്. ഉദാഹരണത്തിന് ആയുർദൈർഘ്യം 2025-ഓടെ 70 ആയി വർധിപ്പിക്കുമെന്നാണ് രേഖയിൽ സൂചിപ്പിക്കുന്നത്. ആയുർദൈർഘ്യം ശ്രീലങ്കയിലേത്  എഴുപത്താറും നേപ്പാളിലേത് എഴുപത്തൊന്നുമാണ്.  (കേരളത്തിൽ ഇപ്പോൾത്തന്നെ 75 ആണെന്നോർക്കുക).

ചുരുക്കത്തിൽ  കേന്ദ്രസർക്കാർ അധികാരത്തിലെത്തിയതിനുശേഷം പ്രസിദ്ധീകരിച്ച കരട് ആരോഗ്യനയരേഖയിൽനിന്നുള്ള പിന്നാക്കംപോക്കായിട്ടുവേണം അന്തിമമായി അംഗീകരിച്ച നയത്തെ കാണാൻ. പ്രാഥമികാരോഗ്യസേവനം വ്യാപിപ്പിക്കാനും ആരോഗ്യച്ചെലവ് വർധിപ്പിക്കാനുമുള്ള തീരുമാനങ്ങൾ സ്വാഗതംചെയ്യുമ്പോൾത്തന്നെ വൻകിട സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച്  സർക്കാർ ആരോഗ്യമേഖലയെ  ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ എതിർക്കപ്പെടേണ്ടതാണ്.