കേരളത്തിൽ മദ്യോപഭോഗം ഏറ്റവും കൂടുതലുള്ള മതവിഭാഗം ക്രിസ്ത്യാനികളാണ്. ഇവരിൽ 6.86 ശതമാനം മദ്യം ഉപയോഗിക്കുന്നവരും മദ്യപിക്കുന്നവർക്കിടയിൽ 24.33 ശതമാനം അമിതമായി മദ്യപിക്കുന്നവരുമാണ്.

രണ്ടാംസ്ഥാനം ഹിന്ദുക്കൾക്കുള്ളതാണ്. ഹിന്ദുക്കളിൽ 6.52 ശതമാനം വ്യക്തികൾ മദ്യപിക്കുന്നു. ഇവരിൽ 36.21 ശതമാനം അമിതമായി മദ്യപിക്കുന്നവരാണ്.
മുസ്‌ലിം മതവിഭാഗത്തിൽ 0.99 ശതമാനം വ്യക്തികൾ മദ്യം ഉപയോഗിക്കുന്നു. എന്നാൽ, ഈ മദ്യപരിൽ 46.53 ശതമാനം വ്യക്തികളും അമിതമായി മദ്യം ഉപയോഗിക്കുന്നവരാണ്.
ഹിന്ദുമതത്തിൽ ദളിത് വിഭാഗത്തിൽപ്പെട്ടവരാണ് കൂടുതലായി മദ്യപിക്കുന്നത്. ഈ വിഭാഗത്തിൽ 10.15 ശതമാനം മദ്യപരും ഇവർക്കിടയിൽ 42.96 ശതമാനം അമിതമദ്യപരുമാണ്. പിന്നാക്കസമുദായത്തിൽപ്പെട്ടവരിൽ 6.39 ശതമാനവും മുന്നാക്കസമുദായത്തിൽപ്പെട്ടവരിൽ 4.71 ശതമാനവും മദ്യം ഉപയോഗിക്കുന്നു.

ക്രിസ്തുമതത്തിൽ ദളിത് ക്രിസ്ത്യാനികളാണ് കൂടുതലായി മദ്യപിക്കുന്നത്. ഇവരിൽ 11.47 ശതമാനം മദ്യപിക്കുന്നു. ഈ സാമൂഹികവിഭാഗമാണ് കേരളത്തിലെ പ്രധാന മദ്യപർ. രണ്ടാം സ്ഥാനം റോമൻ കത്തോലിക്കാ വിഭാഗത്തിലുള്ളവർക്കാണ്. ഈ വിഭാഗത്തിൽ 7.89 ശതമാനം വ്യക്തികൾ മദ്യപിക്കുന്നു. വിശദമായ കണക്കുകൾക്ക് പട്ടിക-2 നോക്കുക.

വിദ്യാഭ്യാസവും മദ്യപാനശീലവും

കണക്കുകളനുസരിച്ച് കേരളത്തിൽ 78.09 ശതമാനം വ്യക്തികളും 12-ാം ക്ലാസ്സോ അതിനു താഴെയോ വിദ്യാഭ്യാസമുള്ളവരാണ്. ഈ വിഭാഗത്തിൽ 5.92 ശതമാനം വ്യക്തികൾ മദ്യപിക്കുന്നവരും അതിൽ 33.44 ശതമാനം അമിതമായി മദ്യപിക്കുന്നവരുടെ ഗണത്തിൽപ്പെടുന്നവരുമാണ്.

 രണ്ടാംസ്ഥാനത്തു നിൽക്കുന്നത് ഏതെങ്കിലുംതരത്തിലുള്ള ‘ടെക്‌നിക്കൽ’ വിദ്യാഭ്യാസം നേടിയവരാണ്. ഇവരിൽ 5.49 ശതമാനം മദ്യപിക്കുന്നു. ഉന്നതവിദ്യാഭ്യാസം നേടിയവർക്കിടയിൽ മദ്യപാനശീലം പൊതുവെ കുറവാണ്. ഈ വിഭാഗത്തിൽ 1.47 ശതമാനം വ്യക്തികളാണ് മദ്യം ഉപയോഗിക്കുന്നത്. പട്ടിക-3 നോക്കുക.

കുടുംബ ആസ്തിയും മദ്യപാനശീലവും

സർവേ ഡാറ്റയനുസരിച്ച് 30.19 ശതമാനം വ്യക്തികൾ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള(BPL) കുടുംബങ്ങളിൽനിന്നുള്ളവരാണ്. ഇവരിൽ 7.1 ശതമാനം വ്യക്തികൾ മദ്യം ഉപയോഗിക്കുന്നവരാണ്.
 എന്നാൽ ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള(APL) കുടുംബങ്ങളിൽനിന്നുള്ളവരിൽ 4.4 ശതമാനമാണ് മദ്യമുപയോഗിക്കുന്നവർ. BPL കുടുംബങ്ങളിൽനിന്നുള്ള മദ്യപരിൽ 39.68 ശതമാനം വ്യക്തികളും അമിതമദ്യപരാണ്.
പ്രിൻസിപ്പൽ കംപോണൻറ് അനാലിസിസ് എന്ന സ്റ്റാറ്റിസ്റ്റിക്കൽ അപഗ്രഥനത്തിലൂടെ കുടുംബ ആസ്തിയുടെ അടിസ്ഥാനത്തിൽ പഠനത്തിനാധാരമായ ജനസംഖ്യയെ അഞ്ചുഭാഗങ്ങളായിത്തിരിച്ച്‌ നടത്തിയ വിശകലനത്തിൽനിന്നു മനസ്സിലായത്, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവർ കൂടുതൽ മദ്യപിക്കുന്നുവെന്നാണ്.

 കുടുംബങ്ങളുടെ സമ്പത്‌ സമൃദ്ധി വർധിക്കുന്നതനുസരിച്ച് മദ്യപാനശീലവും കുറഞ്ഞുവരുന്നു. ഈ വിശകലനമനുസരിച്ച് കുടുംബ ആസ്തിയുടെ കാര്യത്തിൽ ഏറ്റവും പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരിൽ 7.03 ശതമാനം മദ്യമുപയോഗിക്കുന്നവരും, അവരിൽ 42.6 ശതമാനം വ്യക്തികൾ അമിതമദ്യപാനത്തിനടിമപ്പെട്ടവരുമാണ്. എന്നാൽ, കുടുംബ ആസ്തിയുടെ കാര്യത്തിൽ ഏറ്റവും മുന്നാക്കംനിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരിൽ വെറും 4.03 ശതമാനം മാത്രമാണ്‌ മദ്യപിക്കുന്നവർ. അവരിൽ 61 ശതമാനമാകട്ടെ അപൂർവമായി മദ്യപിക്കുന്നവരുമാണ്.
 
തൊഴിലും മദ്യപാനശീലവും

സർവേ ഡാറ്റയനുസരിച്ച് 11.88 ശതമാനം വ്യക്തികൾ കേരളത്തിൽ സംഘടിത തൊഴിൽമേഖലയിൽ ഉദ്യോഗസ്ഥരാണ്. 8.95 ശതമാനം സ്വയംതൊഴിൽചെയ്യുന്നവരും 34.70 ശതമാനം വേതനമില്ലാക്കുടുംബജോലികളിലേർപ്പെട്ടിട്ടുള്ളവരും 4.67 ശതമാനം കർഷകത്തൊഴിലാളികളും 12.73 ശതമാനം കാർഷികേതരതൊഴിലിലേർപ്പെട്ടിട്ടുള്ളവരുമാകുന്നു. ഇവരിൽ കർഷകത്തൊഴിലാളികളും കാർഷികേതരതൊഴിലിലേർപ്പെട്ടിട്ടുള്ളവരും സ്വയംതൊഴിൽ കണ്ടെത്തിയിട്ടുള്ളവരുമാണ് പ്രധാനമായും മദ്യപാനശീലമുള്ളവർ. കർഷകത്തൊഴിലാളികളിൽ 15.95 ശതമാനവും കാർഷികേതരതൊഴിലാളികളിൽ 13.89 ശതമാനവും സ്വയംതൊഴിൽ ചെയ്യുന്നവരിൽ 10.68 ശതമാനവും മദ്യപാനശീലമുള്ളവരാണ്. എന്നാൽ, ഉദ്യോഗസ്ഥരിൽ 5.86 ശതമാനം മാത്രമാണ് മദ്യമുപയോഗിക്കുന്നവർ.

മാനസികാരോഗ്യവും മദ്യപാനശീലവും

സാമൂഹികവികസനരംഗത്ത്‌ കേരളം അന്താരാഷ്ട്രനിലവാരത്തിലുള്ള നേട്ടങ്ങൾ കൈവരിച്ചെങ്കിലും മാനസികാരോഗ്യത്തിൽ കേരളത്തിന്റെ നില അത്ര ഭദ്രമല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വർധിച്ചുവരുന്ന ആത്മഹത്യാനിരക്ക്, സാമൂഹികമായ കുറ്റകൃത്യങ്ങൾ തുടങ്ങിയവ ഇതിനു തെളിവായി സൂചിപ്പിക്കുന്നു. ഈ പഠനത്തിൽനിന്നു മനസ്സിലാകുന്നത് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും പലവിധ മാനസികക്ലേശങ്ങളനുഭവിക്കുന്ന കുടുംബപശ്ചാത്തലത്തിൽനിന്നുള്ളവരാണെന്നാണ്. കുടുംബത്തിലെ പ്രശ്നങ്ങൾ വ്യക്തിയുടെ മദ്യപാനശീലത്തെ ബാധിക്കുമോയെന്നു പരിശോധിക്കുകയാണിവിടെ.

കേരളത്തിലെ 36.78 ശതമാനം വ്യക്തികളും വിവാഹവും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ള കുടുംബപശ്ചാത്തലത്തിൽനിന്നുള്ളവരാണ്. 33.16 ശതമാനം വ്യക്തികൾ തൊഴിൽലഭ്യതയുമായി ബന്ധപ്പെട്ട കുടുംബവിഷമങ്ങളുള്ളവരാണ്. 24.26 ശതമാനം രോഗവും ചികിത്സച്ചെലവുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മാനസികപിരിമുറുക്കമനുഭവിക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരാണ്. 19.18 ശതമാനം വ്യക്തികൾ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദുഃഖങ്ങളുള്ള കുടുംബങ്ങളിൽനിന്നുള്ളവരും 18.17 ശതമാനം കടക്കെണിയിൽ മാനസികസംഘർഷമനുഭവിക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരും 16.8 ശതമാനം വരുമാനസ്ഥിരതയില്ലാത്തതുകൊണ്ടുള്ള വിഷമങ്ങളനുഭവിക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരും 10.20 ശതമാനം വീടുനിർമാണവുമായി ബന്ധപ്പെട്ട ആകുലതകളനുഭവിക്കുന്ന കുടുംബപശ്ചാത്തലമുള്ളവരുമാണ്.

മദ്യപാനത്തിന്റെ വിഷയത്തിൽ തൊഴിൽലഭ്യതയുമായി ബന്ധപ്പെട്ട വിഷമങ്ങളുള്ള കുടുംബങ്ങളിൽനിന്നുള്ളവരാണ് മുന്നിൽ. മനഃശാസ്ത്രപരമായി ഇത്തരം ആകുലതകളുള്ളവരിൽ മദ്യാസക്തി കൂടുകയും അമിതമദ്യപാനം ഇത്തരം പ്രശ്നങ്ങളുടെ തീവ്രത കൂട്ടുകയുംചെയ്യാം. ചുരുക്കത്തിൽ, വർധിച്ചുവരുന്ന തൊഴിലില്ലായ്മയും സ്ഥിരവരുമാനത്തിന്റെ കുറവും കടക്കെണിയും ഭവനനിർമാണവുമായി ബന്ധപ്പെട്ട വിഷമങ്ങളുമെല്ലാം കേരളത്തിൽ മദ്യോപഭോഗം വർധിക്കുന്നതിനു പ്രേരകമാകുന്ന ഘടകങ്ങളാണ്.

കേരളത്തിലെ മദ്യപാനഭൂമിശാസ്ത്രം

കേരളത്തിലെ ജില്ലതിരിച്ചുള്ള പഠനത്തിൽനിന്നു മനസ്സിലാകുന്നത്‌ കോട്ടയം ജില്ലയിലുള്ളവരാണ് മദ്യോപഭോഗത്തിന്റെ കാര്യത്തിൽ മുന്നിലുള്ളതെന്നാണ്‌. കോട്ടയം ജില്ലയിൽ 11.89 ശതമാനം വ്യക്തികൾ മദ്യപിക്കുന്നു. രണ്ടാംസ്ഥാനത്ത്‌ ആലപ്പുഴ(9.16), മൂന്നാംസ്ഥാനത്ത്‌ പത്തനംതിട്ട(7.08), നാലാംസ്ഥാനത്ത്‌ വയനാട്(6.84) തുടങ്ങിയ ജില്ലകൾ സ്ഥാനംപിടിച്ചിരിക്കുന്നു. ഏറ്റവും കുറവ്‌ മദ്യപാനനിരക്ക് കാണിക്കുന്നത് മലപ്പുറത്താണ്. ഇവിടെ 1.6 ശതമാനം വ്യക്തികളാണ് മദ്യമുപയോഗിക്കുന്നത്. കാസർകോടാണ് കുറഞ്ഞ മദ്യപാനനിരക്കിന്റെ കാര്യത്തിൽ രണ്ടാംസ്ഥാനത്ത്. ഇവിടെ 2.84 ശതമാനം വ്യക്തികളാണ് മദ്യപിക്കുന്നത്.

മദ്യപാനത്തിന്റെ തീവ്രതയുടെ കാര്യത്തിൽ കൊല്ലവും തിരുവനന്തപുരവും ആലപ്പുഴയുമാണ് ആദ്യമൂന്നു സ്ഥാനക്കാർ. കൊല്ലത്ത് 6.32 ശതമാനം മാത്രമാണ്‌ മദ്യപിക്കുന്നത്‌. എന്നാൽ, ഇവരിൽ 51.49 ശതമാനം വ്യക്തികളും അമിതമായി മദ്യപിക്കുന്നവരാണ്. തിരുവനന്തപുരത്ത് 4.16 ശതമാനം വ്യക്തികൾ മദ്യപിക്കുന്നു. ഇവരിൽ 45.64 ശതമാനം വ്യക്തികൾ കൂടുതലായി മദ്യപിക്കുന്നവരാണ്. ആലപ്പുഴയിൽ 9.16 ശതമാനം മദ്യം ഉപയോഗിക്കുകയും അതിൽ 43.58 ശതമാനം അമിതമായി മദ്യപിക്കുകയും ചെയ്യുന്നു.

കോട്ടയത്ത് 23.16 ശതമാനം പുരുഷന്മാരും 1.68 ശതമാനം സ്ത്രീകളും മദ്യപിക്കുന്നു. ഇവരാണ് മദ്യപാനത്തിൽ കേരളത്തിൽ ഒന്നാംസ്ഥാനക്കാർ. രണ്ടാംസ്ഥാനം ആലപ്പുഴയ്ക്കാണ്. ഇവിടെ 19.07 ശതമാനം പുരുഷന്മാരും 1.02 ശതമാനം സ്ത്രീകളും മദ്യപിക്കുന്നു. ഈ പഠനത്തിൽനിന്നു മനസ്സിലാക്കാൻ കഴിഞ്ഞ ഒരു വസ്തുത, സ്ത്രീകളിൽ മദ്യത്തിന്റെ ഉപഭോഗം കുറവാണെങ്കിലും മദ്യപിക്കുന്നവരിൽ 49.99 ശതമാനം വ്യക്തികൾ അമിതമായി മദ്യമുപയോഗിക്കുന്നവരാണെന്നാണ്. സ്ത്രീകൾക്കിടയിലെ മദ്യപാനം സംസ്ഥാനശരാശരിയെക്കാൾ കൂടുതൽ രേഖപ്പെടുത്തുന്ന പ്രധാന ജില്ലകളാണ്‌ കോട്ടയം(1.68), ആലപ്പുഴ(1.02), വയനാട്(1.08) തുടങ്ങിയവ.

വിവിധ മതവിഭാഗങ്ങളുടെ മദ്യപാനം ജില്ലാടിസ്ഥാനത്തിൽ

ഹിന്ദുമതവിഭാഗത്തിൽ കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ മദ്യപാനത്തിന്റെ ഉപഭോഗം കൂടുതലായി കാണുന്നു. കോട്ടയത്ത് 12.81 ശതമാനവും ആലപ്പുഴയിൽ 9.45 ശതമാനവും ഇടുക്കിയിൽ 8.9 ശതമാനവും പത്തനംതിട്ടയിൽ 8.46 ശതമാനവും വ്യക്തികൾ മദ്യമുപയോഗിക്കുന്നു.

ഹിന്ദുമതവിഭാഗത്തിൽ മദ്യോപഭോഗത്തിന്റെ തീവ്രത കൂടുതലായി കണ്ടുവരുന്നത് കണ്ണൂർ(54.89), കൊല്ലം(52.20), തൃശ്ശൂർ(47.50), തിരുവനന്തപുരം(46.77), പാലക്കാട്(38.60) തുടങ്ങിയ ജില്ലകളിലാണ്.
ക്രിസ്തുമതവിഭാഗത്തിൽ കണ്ണൂർ(14.34), കോട്ടയം(11.4), ആലപ്പുഴ(9.88), വയനാട്(8.04), തൃശ്ശൂർ(7.63) തുടങ്ങിയ ജില്ലകളാണ് മദ്യോപഭോഗത്തിൽ മുന്നിൽ. എന്നാൽ, മദ്യോപഭോഗത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തിൽ മുൻസ്ഥാനക്കാർ പാലക്കാട് (58.33), കൊല്ലം (51.43), ആലപ്പുഴ (32.76), കാസർകോട്‌(30.77), തൃശ്ശൂർ(26.53) തുടങ്ങിയ ജില്ലകളിൽനിന്നുള്ള ക്രിസ്ത്യൻ സമൂഹമാണ്.

മുസ്‌ലിം മതവിഭാഗത്തിൽ കൂടുതൽ മദ്യോപഭോഗം നിലവിലുള്ള ജില്ലകൾ ഇടുക്കി(5.56), പത്തനംതിട്ട(5.13), എറണാകുളം(4.32), കോട്ടയം(3.49), ആലപ്പുഴ(2.2) തുടങ്ങിയവയാണ്. കേരളത്തിലാകെ നോക്കുമ്പോൾ ഒരുശതമാനത്തിനു താഴെയാണ് മുസ്‌ലിം മതസ്ഥരുടെ മദ്യപാനനിരക്ക്. എന്നാൽ, മദ്യപിക്കുന്നവർക്കിടയിലെ ഉപഭോഗത്തിന്റെ തീവ്രത താരതമ്യേന കൂടുതലായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുസ്‌ലിം മതവിഭാഗങ്ങൾക്കിടയിലെ ഉയർന്നതോതിലുള്ള മദ്യോപഭോഗത്തിന്റെ അടിസ്ഥാനത്തിൽ മുന്നിലുള്ള ജില്ലകളാണ് കണ്ണൂർ(100), കാസർകോട്‌(90), തിരുവനന്തപുരം(85.71), ആലപ്പുഴ(80), മലപ്പുറം(78.57) തുടങ്ങിയവ.

കുടുംബ ആസ്തിയും മദ്യത്തിന്റെ ഉപഭോഗവും

ജില്ലാടിസ്ഥാനത്തിൽ കുടുംബങ്ങളുടെ ആസ്തി അടിസ്ഥാനപ്പെടുത്തി ആകെയുള്ള ജനവിഭാഗത്തെ അഞ്ചായി തരംതിരിച്ചുള്ള അപഗ്രഥനത്തിലും മനസ്സിലാക്കാൻ കഴിഞ്ഞത് കേരളത്തിലെ എല്ലാ ജില്ലകളിലും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കിടയിലാണ് മദ്യപാനം കൂടുതലുള്ളതെന്നാണ്. ഇത് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള അപഗ്രഥനത്തിൽനിന്നു മനസ്സിലാക്കിയ ചിത്രത്തിൽനിന്ന് ഒട്ടും ഭിന്നമല്ല.  

ജില്ലതിരിച്ചുള്ള വിശകലനത്തിൽ സാമ്പത്തികമായി ഏറ്റവും പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിൽ മദ്യപിക്കുന്നവരുടെ നിരക്ക് കൂടുതലായി രേഖപ്പെടുത്തുന്നത് എറണാകുളം(15.71), കോട്ടയം(15.63), പത്തനംതിട്ട(12.32), വയനാട്(9.17), കൊല്ലം(8.09) തുടങ്ങിയ ജില്ലകളിലാണ്. എന്നാൽ, ഇതേ ജില്ലകളിലെ കുടുംബ ആസ്തിയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽനിൽക്കുന്ന സമ്പന്നകുടുംബങ്ങളിലെ വ്യക്തികൾക്കിടയിൽ മദ്യപാനനിരക്ക് 3.55, 8.90, 4.89, 5.81, 4.40 എന്നിങ്ങനെയാണ്.

കേരളത്തിലെ മദ്യപാനത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ

മദ്യപിക്കുന്നവർക്കിടയിൽ നടത്തിയ പ്രോബബിലിറ്റി സ്റ്റാറ്റിസ്റ്റിക്സ് അപഗ്രഥനത്തിൽനിന്നു മനസ്സിലായത് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനിൽക്കുന്നവർക്കിടയിൽ മദ്യപാനത്തിനുള്ള തൃഷ്ണ കൂടുതലാണെന്നാണ്.
സ്ത്രീകളെയപേക്ഷിച്ച് പുരുഷന്മാർക്കിടയിൽ 9.17 ശതമാനം മദ്യപിക്കാനുള്ള സാധ്യത കൂടുതലാണ്.  മുസ്‌ലിം സമുദായത്തെ അപേക്ഷിച്ച് ഹിന്ദു ദളിത് സമൂഹത്തിൽ 7.74 ശതമാനവും മുന്നാക്ക ക്രിസ്ത്യാനികളിൽ 6.77 ശതമാനവും പിന്നാക്ക ഹിന്ദുക്കളിൽ 5.04 ശതമാനവും ദളിത് ക്രിസ്ത്യാനികളിൽ 4.81 ശതമാനവും മദ്യപാനസാധ്യത കൂടുതലാണ്.  അവിവാഹിതരുമായി താരതമ്യംചെയ്യുമ്പോൾ വിവാഹിതരിൽ 3.89 ശതമാനവും വിവാഹബന്ധം വേർപെടുത്തിയവരിൽ 6.93 ശതമാനവും വിധവ/വിഭാര്യരിൽ 2.28 ശതമാനവും ആൾക്കാരിൽ മദ്യോപഭോഗത്തിനുള്ള സാധ്യത കൂടുതലാണന്നനുമാനിക്കാം.

മദ്യോപഭോഗത്തിനുള്ള സാധ്യത പൊതുവെ കുറവു രേഖപ്പെടുത്തുന്നത് പ്രധാനമായും വിദ്യാസമ്പന്നർക്കിടയിലും ആസ്തിയുള്ള കുടുംബങ്ങളിൽനിന്നുള്ള വ്യക്തികൾക്കിടയിലുമാണ്. മറ്റൊരു പ്രധാന വസ്തുത, മദ്യലഭ്യതയുടെ ദൂരം കൂടുന്തോറും മദ്യപാനസാധ്യത കുറയുന്നതായി പ്രോബബിലിറ്റി സ്റ്റാറ്റിസ്റ്റിക്സ്‌ കാണിക്കുന്നുവെന്നതാണ്‌. 12-ാം ക്ലാസ്സും അതിനുതാഴെയും വിദ്യാഭ്യാസമുള്ളവരെ അപേക്ഷിച്ച് ബിരുദാനന്തരബിരുദമുള്ളവർക്കിടയിൽ 3.06 ശതമാനത്തിനും പ്രൊഫഷണൽ ബിരുദമുള്ളവർക്കിടയിൽ 2.7 ശതമാനത്തിനും ബിരുദമുള്ളവർക്കിടയിൽ 1.97 ശതമാനത്തിനും മദ്യോപഭോഗത്തിനുള്ള സാധ്യത കുറവാണ്. കുടുംബ ആസ്തിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ കണക്കാക്കിയ സമ്പത്ത് സൂചിക ഒരു യൂണിറ്റ് കൂടുന്തോറും 0.28 ശതമാനം മദ്യപാനസാധ്യത കുടുംബങ്ങളിൽ കുറവായിട്ടാണു സൂചിപ്പിക്കുന്നത്.

ബാറുകളുടെ സാമീപ്യം കേരളത്തിലെ മദ്യപാനശീലത്തെ സ്വാധീനിക്കുന്നുണ്ടോ എന്നു മനസ്സിലാക്കാൻ കേരളത്തിലാകമാനമുള്ള ബാറുകളുടെ യഥാർഥ സ്ഥിതിവിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും ബാറുകളെ സംബന്ധിച്ച പൂർണവിവരങ്ങൾ ലഭ്യമല്ലാത്തതുകൊണ്ട് അതിനു സാധിച്ചില്ല. എന്നാൽ, ലഭ്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികളുടെ വീടുകളിൽനിന്ന്‌ അടുത്തുള്ള മദ്യവിൽപ്പനശാലയിലേക്കുള്ള (ബീവറേജ് ഷോപ്പ്) ദൂരം പത്തു കിലോമീറ്റർവെച്ചു കൂടുന്തോറും 0.7 ശതമാനംകണ്ട് മദ്യപാനത്തിനുള്ള സാധ്യത കുറയുന്നതായിട്ടാണ് മനസ്സിലാകുന്നത്.

ജില്ലതിരിച്ചുള്ള പ്രോബബിലിറ്റി സ്റ്റാറ്റിസ്റ്റിക്സ് അപഗ്രഥനത്തിൽനിന്നു മനസ്സിലാകുന്നത് കേരളത്തിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് കോട്ടയം ജില്ലയിലാണ് മദ്യത്തിന്റെ ഉപഭോഗം കൂടാനുള്ള സാധ്യത കൂടുതലെന്നാണ്‌.
സ്ഥിതിവിവരക്കണക്കു പ്രകാരം കേരളത്തിലെ മദ്യപാനനിരക്ക് കുറഞ്ഞ ജില്ലയായ കാസർകോടിനെയപേക്ഷിച്ച് കോട്ടയത്ത് 5.02ശതമാനവും ആലപ്പുഴയിൽ 3.66 ശതമാനവും കണ്ണൂരിൽ 3.05 ശതമാനവും പത്തനംതിട്ടയിൽ 2.53 ശതമാനവും വയനാട്ടിൽ 2.04 ശതമാനവും ഇടുക്കിയിൽ 1.99 ശതമാനവും എറണാകുളത്ത് 1.87 ശതമാനവും കൊല്ലത്ത് 1.56 ശതമാനവും കോഴിക്കോട്ട് 1.32 ശതമാനവും മദ്യോപഭോഗത്തിനുള്ള സാധ്യത കൂടുതലാണെന്നനുമാനിക്കാം.

ചരിത്രപരമായി, സാമൂഹികവും സാമ്പത്തികവുമായ തുല്യനീതി സകല ജനവിഭാഗങ്ങൾക്കുമുറപ്പാക്കാൻ ശ്രമിക്കുന്ന ഇന്ത്യയിലെ അതിപ്രധാനമായ ഒരു പ്രദേശമാണ് കേരളം. അതുകൊണ്ടുതന്നെയാണ് ആഗോളതലത്തിൽ കേരളം മറ്റു പല അവികസിതപ്രദേശങ്ങൾക്കും മാതൃകയായിത്തീർന്നതും. ഇത്തരത്തിലുള്ള നേട്ടങ്ങളിൽ അഭിമാനംകൊള്ളുന്നതിനൊപ്പംതന്നെ ചില സ്വയംവിലയിരുത്തലുകളും വിമർശനങ്ങളും കേരളീയർ നടത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഇരുപതു വർഷങ്ങൾക്കുമുമ്പ് കേരളം നേടിയ സാമൂഹിക-സാമ്പത്തിക നീതിക്കും തുല്യതയ്ക്കും പിന്നീട് കാര്യമായ വളർച്ച സംഭവിച്ചിട്ടില്ല. മാത്രമല്ല, തളർച്ച സംഭവിക്കുകയും ചെയ്തു. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും സാമൂഹികസമ്പദ് രംഗത്തുമെല്ലാം പിന്നോട്ടുള്ള വളർച്ച പ്രകടമാണ്. പൊതുചെലവ്‌ അവലോകന കമ്മിറ്റിയുടെ കണക്കുകളനുസരിച്ച് സാമൂഹികനീതി ഉറപ്പുവരുത്തേണ്ട രംഗങ്ങളിലെല്ലാം കേരളത്തിന്റെ പ്രവർത്തനങ്ങൾ തകിടംമറിഞ്ഞിരിക്കുകയാണന്നുവേണം മനസ്സിലാക്കാൻ. ഈസാഹചര്യത്തിൽ, കേരളത്തിലെ പിന്നാക്കാവസ്ഥയിലുള്ള ജനവിഭാഗത്തിന്റെ സാമൂഹിക-സാമ്പത്തിക ശേഷിയെ കൂടുതൽ മോശമാക്കുന്നരീതിയിലുള്ള ധന വിനിയോഗ-നിർവഹണ നയങ്ങൾക്കു രൂപംകൊടുക്കുകയും അത്തരത്തിലുള്ള നേട്ടങ്ങൾ ചില സംഘടിതവിഭാഗങ്ങളിൽമാത്രം കേന്ദ്രീകരിക്കുകയുംചെയ്യുന്നത് സാമൂഹിക-സാമ്പത്തിക തുല്യതയ്ക്കായി ആഗ്രഹിക്കുന്ന ജനങ്ങൾക്കും, അതു നൽകാൻ ബാധ്യസ്ഥമായ ഭരണകൂടത്തിനും യോജിച്ചതല്ല.
(അവസാനിച്ചു)