കേരളത്തിൽ വർധിച്ചുവരുന്ന മദ്യ ഉപഭോഗത്തെ സ്വാധീനിക്കുന്ന പ്രധാന സാമൂഹികസാമ്പത്തിക ഘടകങ്ങളെന്തൊക്കെയാണ്‌ എന്നാണ് ഈ ലേഖനത്തിൽ പ്രധാനമായും അപഗ്രഥിക്കുന്നത്. കൂടാതെ മദ്യഉപഭോഗം കുറയ്ക്കുന്നതിനായി സമൂഹത്തിൽ എത്തരത്തിലുള്ള ഇടപെടലുകളാണ് വിവിധ ജാതിമത വിഭാഗങ്ങൾക്കിടയിൽ നടത്തേണ്ടതെന്നും അവരുടെ സാമൂഹിക, സാമ്പത്തികപശ്ചാത്തലത്തെക്കുറിച്ചും വ്യക്തമായ സൂചനകൾ ഈ പഠനം നൽകുന്നു.ഈ പഠനത്തിനാധാരമായ ഡാറ്റ, കേരളത്തിൽനിന്നുള്ള കുടിയേറ്റത്തിെൻറ സാമൂഹിക, സാമ്പത്തികവശങ്ങളെക്കുറിച്ചു പഠിക്കാനായി തിരുവനന്തപുരം ആസ്ഥാനമായുള്ള സാമ്പത്തികഗവേഷണ കേന്ദ്രം സെൻറർ ഫോർ ഡെവലപ്പ്‌മെൻറ് സ്റ്റഡീസ്, 2012-’13 കാലയളവിൽ കേരളത്തിലെ 14 ജില്ലകളിലായി ശാസ്ത്രീയമായി തിരഞ്ഞെടുക്കപ്പെട്ട 14,577 വീടുകളിൽ നടത്തിയ കേരള മൈഗ്രേഷൻസർവേയാണ്. 
മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട വിശകലനങ്ങൾക്കായി ഞങ്ങൾ ഉപയോഗിക്കുന്ന ജനവിഭാഗം പതിനെട്ടും അതിനുമുകളിൽ പ്രായമുള്ളവരെയുമാണ്. ഇതിനർഥം പതിനെട്ടുവയസ്സിനു താഴെ പ്രായമുള്ളവർക്കിടയിൽ മദ്യപിക്കുന്നശീലം ഇല്ലയെന്നല്ല. മറിച്ച് ഈ പഠനത്തിൽ മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട ഡാറ്റ ഞങ്ങൾക്കു പ്രധാനമായും ലഭ്യമായിട്ടുള്ളത് പതിനെട്ടും അതിനു മുകളിൽ പ്രായമുള്ളവരെയും കേന്ദ്രീകരിച്ചാണ്. ഇതിൽത്തന്നെ മദ്യ ഉഭോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ സാധാരണഗതിയിൽ സർവേകളിൽ വ്യക്തികൾ പൂർണമായും വെളിപ്പെടുത്താറില്ല എന്ന വസ്തുത കൂടി ഈ സന്ദർഭത്തിൽ ഞങ്ങൾ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. തന്മൂലം കേരളത്തിലെ മദ്യപരുടെ നിരക്ക് ഈ പഠനത്തിൽ സൂചിപ്പിക്കുന്നതിനേക്കാൾ വളരെയധികം കൂടുതലായേക്കാം!ഭാരതീയസംസ്കാരത്തിലും കേരള ചരിത്രത്തിലും മദ്യം ഒരു നിഷിദ്ധ പാനീയമല്ലെന്നത് ഒരു പൊതുസത്യമാണ്. കേരളത്തിലെ ജനങ്ങളുടെ അമിത മദ്യപാനശീലത്തെക്കുറിച്ച് കുഞ്ചൻനമ്പ്യാരുടെ കവിതകളിലും ശ്രീനാരായണ ഗുരുവിനെപോലുള്ളവരുടെ മദ്യത്തിനെതിരെയുള്ള ആഹ്വാനത്തിൽ നിന്നും നമ്മൾക്കു മനസ്സിലാക്കാം.  

 

കേരളത്തിലെ മദ്യപരുടെ കണക്ക്

സർവേ ഡാറ്റയുടെ അടിസ്ഥാനത്തിൽ കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിൽ 25 ദശലക്ഷം വ്യക്തികൾ 18 വയസ്സിനും അതിനുമുകളിലുമുള്ള പ്രായ വിഭാഗത്തിലുണ്ടെന്നാണ്. അതിൽ 57 ശതമാനം വ്യക്തികൾ ഗ്രാമ പ്രദേശങ്ങളിൽനിന്നുള്ളവരും, 54 ശതമാനം സ്ത്രീകളും, 73 ശതമാനം വിവാഹിതരും, 9 ശതമാനം വിധവ/വിഭാര്യരും, 0.89 ശതമാനം വിവാഹമോചനം നേടിയവരുമാണ്.പഠനാവശ്യങ്ങൾക്കായി മദ്യഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ  വ്യക്തികളെ ഞങ്ങൾ മൂന്നായി തരംതിരിക്കുന്നു. അമിതമദ്യപർ (ആഴ്ചയിൽ മൂന്നുദിവസത്തിൽ കൂടുതൽ മദ്യപിക്കുന്നവർ), മിതമദ്യപർ (ആഴ്ചയിൽ മൂന്നുദിവസത്തിനു താഴെ മദ്യപിക്കുന്നവർ), വിരളമായി മദ്യപിക്കുന്നവർ (മാസത്തിൽ ചില ദിവസങ്ങളിൽ മാത്രം മദ്യപിക്കുന്നവർ)കണക്കുകൾ അനുസരിച്ച്‌ കേരളത്തിലാകെ 5.29 ശതമാനം വ്യക്തികൾ മദ്യം ഉപയോഗിക്കുന്നു.

chart

ഗ്രാമപ്രദേശങ്ങളിലുള്ളവരിൽ 5.5 ശതമാനവും പട്ടണപ്രദേശങ്ങളിൽ 4.94 ശതമാനവും മദ്യപിക്കുന്നു. എന്നാൽ, അമിതമദ്യപർ പട്ടണപ്രദേശങ്ങളിലുള്ളവരാണ്. പുരുഷന്മാരിൽ 10.68 ശതമാനവും സ്ത്രീകളിൽ 0.69 ശതമാനവുംമദ്യപിക്കുന്നു. 50-നും 60-നും ഇടയ്ക്കു പ്രായമുള്ളവരാണ് കേരളത്തിൽ കൂടുതൽ മദ്യപിക്കുന്നത്. ഇവരിൽ 8.06 ശതമാനം വ്യക്തികൾ മദ്യപരാണ്. കൂടാതെ ഈ പ്രായത്തിലുള്ള മദ്യപരിൽ 39.49 ശതമാനംപേരും അമിതമായി മദ്യപിക്കുന്നവരാണ്. വിവാഹിതരിൽ 6.56 ശതമാനവും വിവാഹ മോചനം നേടിയവരിൽ 5.02 ശതമാനവും മദ്യപിക്കുന്നു. വിവാഹമോചനം നേടിയവർക്കിടയിലെ മദ്യപരിൽ 49.78 ശതമാനം വ്യക്തികളും അമിതമദ്യപരാണ്. വിശദമായ വിവരങ്ങൾക്ക് പട്ടിക 1 ശ്രദ്ധിക്കുക.

(തുടരും)