സാമൂഹികമായും രാഷ്ട്രീയമായും കേരളത്തിൽ തുടർച്ചയായി ചർച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ്‌ മദ്യത്തിന്റെ വർധിച്ചുവരുന്ന വിതരണവും  ഉപഭോഗവും. എന്നാൽ, മദ്യവുമായി ബന്ധപ്പെട്ട സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾക്കുപുറമേ അതിൽ അന്തർലീനമായിരിക്കുന്ന, ഒരുപക്ഷേ മറ്റെല്ലാ പ്രശ്നങ്ങൾക്കും മൂലകാരണമായ ചില സാമ്പത്തികവസ്തുതകളെ വിസ്മരിക്കുന്നതും ഉപരിപ്ലവമായ കാര്യങ്ങളിൽ കേരളത്തിലെ പൊതുചിന്തയെ കേന്ദ്രീകരിക്കുന്നതും സാമൂഹിക വികസനരംഗത്ത്‌ കേരളമുണ്ടാക്കിയ നേട്ടങ്ങളുടെ തുടർച്ചയ്ക്ക്‌ വിഘാതമായേക്കാം.മദ്യത്തിലൂടെയും ലോട്ടറിയിലൂടെയും ലഭിക്കുന്ന വരുമാനത്തെ അമിതമായി ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയായി കേരളം പരിണമിച്ചിരിക്കുന്നുവെന്നത് നഗ്ന സാമ്പത്തികസത്യമാണ്. സർക്കാർ നടപ്പാക്കിയ ശമ്പളപരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ സംഭവിക്കാൻപോകുന്ന രൂക്ഷമായ വരുമാനക്കമ്മി നികത്തണമെങ്കിൽ സർക്കാർ മദ്യത്തിലൂടെയുള്ള വരുമാനത്തെ കൂട്ടേണ്ടിയിരിക്കുന്നുവെന്ന ശമ്പളപരിഷ്കരണ കമ്മിഷന്റെ അഭിപ്രായപ്രകടനം സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തികപ്രശ്നത്തിന്റെ തീവ്രതയെക്കുറിച്ചും മദ്യം എത്രത്തോളം കേരള സമ്പദ്‌വ്യവസ്ഥയെ കീഴടക്കിയിരിക്കുന്നുവന്നതിനെക്കുറിച്ചും സൂചന പൊതുജനങ്ങൾക്ക്‌ നൽകുന്നു.ഒരുവശത്ത് സർക്കാർ ശക്തമായി മദ്യവർജനത്തിനും നിരോധനത്തിനും ആഹ്വാനംചെയ്യുമ്പോൾത്തന്നെ മറുവശത്ത് വരുമാനത്തിനായി മദ്യത്തെ അമിതമായി ആശ്രയിക്കുകയും മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടിവരുന്നത് കേരളത്തെപ്പോലുള്ള ക്ഷേമരാഷ്ട്രസങ്കല്പത്തിൽ അധിഷ്ഠിതമായ  വികസിത സമൂഹത്തിന്റെ ഭാവി ഒരു തരത്തിലുള്ള വിഷമവൃത്തത്തിനുള്ളിൽ അകപ്പെടാൻ കാരണമാകുന്നു.


പൂർണമായ മദ്യനിരോധനംകൊണ്ട് മദ്യത്തിന്റെ ഉപഭോഗത്തെ കുറയ്ക്കാമെന്നത് അസാധ്യമായ ഒരു നയമാണെന്നാണ് വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽനിന്ന്‌ തെളിവാകുന്നത്. എന്നാൽ, മദ്യത്തിന്റെ അമിത ഉപഭോഗത്തെ കുറയ്ക്കാനുള്ള നയപരിപാടികൾക്ക്‌ രാഷ്ട്രീയ-സാമൂഹിക-മത സംഘടനകളുടെ സഹായത്തോടെ സംസ്ഥാനത്ത്‌ തുടക്കമിടാനാകുമെങ്കിൽ അതുമൂലം പ്രതീക്ഷിക്കുന്ന ഫലം കണ്ടെത്താൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇത്തരത്തിലുള്ള ഒരു നയരൂപവത്‌കരണത്തിന്‌ തുടക്കമിടണമെങ്കിൽ കേരളത്തിലെ പൊതു മദ്യപാനശീലത്തെക്കുറിച്ചും അത് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ സംഭവിക്കുന്ന രീതിയെക്കുറിച്ചും എന്തെല്ലാം സാമൂഹിക-സാമ്പത്തിക ഘടകങ്ങളാണ് മദ്യത്തിന്റെ അമിത ഉപഭോഗത്തെ സ്വാധീനിക്കുന്നത്‌ എന്നതിനെക്കുറിച്ചും ഒരു പൊതുധാരണ സർക്കാറുകൾക്കും പൊതുസമൂഹത്തിനും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ ഉദ്ദേശ്യലക്ഷ്യത്തോടെ നടത്തിയ ഒരു ശാസ്ത്രീയ പഠനത്തിന്റെ കണ്ടെത്തലുകളുടെ വിശകലനമാണ് ഈ ലേഖനപരമ്പരയിലൂടെ ഉദ്ദേശിക്കുന്നത്.


മദ്യസമ്പദ്ഘടനയുടെ ആവിർഭാവം കേരളത്തിൽ

സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ വരുമാനം പ്രധാനമായും ലഭ്യമാകുന്നത് രണ്ട്‌ സ്രോതസ്സിലൂടെയാണ്. ഒന്ന്, സംസ്ഥാനത്തിന്റെ തനത്‌ നികുതിവരുമാനവും നികുതിയിതര വരുമാനവും. രണ്ട്, കേന്ദ്ര നികുതിവിഹിതവും മറ്റ്‌ സഹായധനങ്ങളും. തനത്‌ നികുതിവരുമാനമാണ് പ്രധാനമായും കേരളത്തിന്റെ വരുമാനസ്രോതസ്സ്. 2013-’14 കാലയളവിൽ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 65 ശതമാനം തനതുനികുതി വരുമാനവും 11 ശതമാനം നികുതിയിതര വരുമാനവുമായിരുന്നു. 
ഒരു പ്രദേശത്തെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ പ്രതിനിധാനംചെയ്യുന്ന ഒരു പ്രധാന വരുമാനസ്രോതസ്സാണ് തനതുനികുതി വരുമാനം. എന്നാൽ, കേരളത്തിലെ തനതുനികുതി വരുമാനത്തിന്റെ വളർച്ചനിരക്ക്‌ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വളരെ കുറവാണ്.
തനതുനികുതി വരുമാനത്തിൽ പ്രധാന പങ്കുവഹിക്കുന്ന വരുമാന സ്രോതസ്സുകളാണ് വാണിജ്യനികുതി, മുദ്രപ്പത്രവും രജിസ്റ്റർചെയ്യലിനുമുള്ള ഫീസ്, എക്സൈസ് തീരുവ, മോട്ടോർ വാഹനനികുതി, ഭൂനികുതി തുടങ്ങിയവ. 2013-’14ൽ കേരളത്തിലെ തനതുനികുതി വരുമാനത്തിന്റെ 78 ശതമാനവും ലഭിച്ചത് വാണിജ്യനികുതിയിൽനിന്നാണ്. 
വിദേശ മദ്യത്തിന്റെ വില്പനമൂലമുണ്ടാകുന്ന വരുമാനം ഉൾപ്പെടുന്നത് വാണിജ്യനികുതിയിനത്തിലാണ്. 2013-’14 കാലയളവിൽ വാണിജ്യനികുതി വരുമാനത്തിന്റെ 30 ശതമാനവും ലഭ്യമായത് മദ്യത്തിൽനിന്നാണ്. 2012-ലെ പൊതുചെലവ്‌ അവലോകനകമ്മിറ്റിയുടെ കണ്ടെത്തലുകളനുസരിച്ച്, വിദേശമദ്യവില്പനയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ വാണിജ്യനികുതി നൽകുന്ന വ്യാപാര ഉത്‌പന്നം. അവരുടെ കണക്കുകൾ അനുസരിച്ച് 2011-’12 കാലയളവിൽ വിദേശ മദ്യത്തിൽനിന്ന്‌ സംസ്ഥാനത്തിനുലഭിച്ച വരുമാനം 4710.74 കോടി രൂപയാണ്. ഇതനുസരിച്ച് സംസ്ഥാനത്തന്റെ തനതുനികുതി വരുമാനത്തിന്റെ 18 ശതമാനവും ലഭ്യമാകുന്നത് മദ്യത്തിൽനിന്നാണ്. ഇത് കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 12 ശതമാനവും നികുതിയിതര വരുമാനത്തിന്റെ ഏകദേശം രണ്ടിരട്ടിയും വരും. 2012-’13 കാലയളവിൽ സംസ്ഥാന ബിവറേജ് കോർപ്പറേഷനിൽനിന്ന്‌ ലഭ്യമായ കണക്കനുസരിച്ച് വിദേശമദ്യത്തിൽനിന്ന്‌ സംസ്ഥാനത്തിന്‌ ലഭ്യമായത് 7241 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ തനതുനികുതി വരുമാനത്തിന്റെ 24 ശതമാനംവരും.

 


ഇനി നികുതിയിതര വരുമാനം പരിശോധിച്ചാൽ കേരളത്തിൽ ലോട്ടറിയിലൂടെ ലഭ്യമാകുന്ന വരുമാനത്തിന്റെ പ്രാധാന്യം മനസ്സിലാകും. 2013-’14 കാലയളവിൽ 68 ശതമാനം നികുതിയിതര വരുമാനവും ലഭ്യമായിരിക്കുന്നത് ലോട്ടറി വില്പനയിലൂടെയാണ്. 
ഈ കണക്കുകളിൽനിന്ന്‌ പ്രധാനമായും മനസ്സിലാക്കേണ്ട വസ്തുത കേരളത്തിന്റെ റവന്യൂവരുമാനം പ്രധാനമായും സ്വരൂപിക്കുന്നത് വിദേശമദ്യ വില്പനയിലൂടെയും ലോട്ടറിയിലൂടെയുമാണെന്നാണ്. ഇത്‌ സൂചിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ ധനവിനിയോഗ നിർവഹണത്തിൽ മദ്യത്തിന്റെ അമിത പ്രാധാന്യത്തെയാണ്. ഈ സാഹചര്യത്തിൽ, കേരളത്തിന്റെ ഇന്നത്തെ സമ്പദ്ഘടയിൽ മദ്യം പൂർണമായും നിരോധിക്കാൻ സർക്കാറുകൾ തയ്യാറാകുമോ എന്ന്‌ പൊതുജനങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു. അപ്പോൾ പറയാൻപറ്റിയ ഏറ്റവും നല്ല സുവിശേഷവാക്യം ‘മദ്യനിരോധന’മല്ല, മറിച്ച് ‘മദ്യവർജന’മാണ്!
ഇനി ഇത്തരത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന സംസ്ഥാനവരുമാനത്തിന്റെ പ്രധാന ഗുണഭോക്താക്കാൾ ആരാണ്? ഈ വരുമാനം കേരളത്തിൽ എങ്ങനെയാണ് ചെലവഴിക്കപ്പെടുന്നത്? സംസ്ഥാന പൊതുചെലവ്‌ അവലോകനകമ്മിറ്റിയുടെ കണ്ടെത്തലുകളനുസരിച്ച് 58 ശതമാനത്തോളം ‘റവന്യൂ ചെലവുകൾ’ ചെലവഴിക്കപ്പെടുന്നത് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെയും കോളേജ്-സ്കൂൾ അധ്യാപകരുടെയും ശമ്പളത്തിനും പെൻഷനും വേണ്ടിയാണ്. കാലാകാലങ്ങളിൽ നടപ്പാക്കുന്ന ശമ്പളപരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ ഈ വകയിലുള്ള ചെലവുകൾ സംസ്ഥാന വരുമാനത്തിന്റെ വളർച്ചയുടെ തോതിനതീതമായി കൂടുകയും ചെയ്യുന്നു. തന്മൂലം സംസ്ഥാനത്ത്‌ വികസനച്ചെലവുകൾക്കായി, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങളുടെയും പൊതു സേവനരംഗത്തിന്റെയും ഉന്നമനത്തിന്‌ ആവശ്യമായ തുക മാറ്റിവെക്കാൻ സർക്കാറുകൾക്ക്‌ കഴിയാതെവരുന്നു.


ഈ നിഗമനത്തിനർഥം അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിന്റെ ധനവിനിയോഗ നിർവഹണശേഷിയിലുണ്ടായ കുറവുകൾക്കുകാരണം കേരളത്തിലെ സർക്കാർ ജീവനക്കാർക്ക്‌ നൽകുന്ന ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളുമാണെന്നല്ല. കാരണം, കേരളത്തിന്റെ സമ്പദ്ഘടനയുടെ പ്രത്യേകതയായ കുറഞ്ഞ സാമ്പത്തിക വളർച്ചയ്ക്കകത്തുനിന്നുകൊണ്ടുള്ള കൂടുതൽ സാമൂഹികനേട്ടങ്ങളെക്കുറിച്ചുള്ള അനേകം പഠനങ്ങൾ സൂചിപ്പിക്കുന്നത്, കേരളത്തിന്റെ സാമൂഹികരംഗത്തുണ്ടായിട്ടുള്ള നേട്ടങ്ങൾക്ക് പ്രധാനകാരണം  കാലാകാലങ്ങളിൽ സർക്കാറുകൾ പൊതുജനാരോഗ്യ സംരക്ഷണത്തിനായും വിദ്യാഭ്യാസ ഉന്നമനത്തിനായും മറ്റ്‌ പൊതുജന ക്ഷേമപ്രവർത്തനങ്ങൾക്കായും നടത്തിവരുന്ന പൊതുധനത്തിന്റെ കൂടിയ തോതിലുള്ള നിക്ഷേപവും വിനിയോഗവുമാണ്. ഇതിന്റെ ഭാഗമായി രൂപപ്പെടുത്തിയിട്ടുള്ള മാനവവിഭവശേഷിയെ സർക്കാർതലത്തിൽ നിലനിർത്തേണ്ടത് കേരളത്തിന്റെ സാമൂഹികനേട്ടങ്ങളുടെ തുടർച്ചയ്ക്ക്‌ അനിവാര്യമാണ്.
എന്നാൽ, ഇത്തരത്തിലുള്ള സാമൂഹിക വികസന സംരക്ഷണത്തിനായി സംസ്ഥാനം ആശ്രയിക്കുന്ന വരുമാന സ്രോതസ്സുകൾ മദ്യവും ലോട്ടറിയുമാകുമ്പോൾ ഇന്നത്തെ നമ്മുടെ സമ്പദ്ഘടനയുടെ അവസ്ഥയെക്കുറിച്ച്‌ ആകുലപ്പെടേണ്ടിയിരിക്കുന്നു. മാത്രമല്ല, ഇത്തരത്തിലുള്ള സാമ്പത്തിക സ്രോതസ്സുകളിന്മേൽ സംസ്ഥാനത്തിന്റെ അമിതാശ്രയവും അവയുടെ ചൂഷണവും കേരളത്തിന്റെ സാമൂഹികഘടനയ്ക്കുതന്നെ മാറ്റംവരുത്തുകയും സാമൂഹികരംഗത്ത്‌, പ്രത്യേകിച്ചും ആരോഗ്യരംഗത്ത്‌ കേരളം കൈവരിച്ച പഴയ നേട്ടങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.  കേരളത്തിന്റെ പൊതുനന്മയെ ലക്ഷ്യമാക്കി മദ്യനിരോധനം എന്ന സങ്കല്പമടിസ്ഥാനമാക്കിയുള്ള നയമാണ് സംസ്ഥാനത്തിനുള്ളതെങ്കിൽ കേരളത്തിന്റെ വർധിച്ചുവരുന്ന റവന്യൂകമ്മി കുറയ്ക്കുന്നതിനുള്ള നടപടികൾക്കും റവന്യൂവരവിനായി മദ്യത്തെ ആശ്രയിക്കുന്നതിരെയുള്ള സാമ്പത്തികനയങ്ങൾക്കും വേണം സംസ്ഥാനം തുടക്കമിടാൻ.


(തുടരും)
നാളെ: കേരളത്തിലെ ജനങ്ങളുടെ മദ്യപാനശീലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? കേരളത്തിന്റെ ഇന്നത്തെ മദ്യസമ്പദ്‌വ്യവസ്ഥയുടെ രൂപപ്പെടൽ പ്രതികൂലമായി ബാധിക്കുന്ന ജനവിഭാഗങ്ങൾ ആരൊക്കെയാണ്? അടുത്ത ലേഖനത്തിൽ പരിശോധിക്കുന്നു