കേരളത്തിന്റെ സാമ്പത്തികരംഗത്തിന് ശക്തിപകരാവുന്ന കോടിക്കണക്കിന് രൂപ നാളികേര ഉത്പാദനക്കുറവിലൂടെ നഷ്ടമാകുന്നതും പരിഹാരം തേടിയുള്ള ഗവേഷണത്തിന് കോടികള്‍ ചെലവഴിച്ചതും കണ്ടുകഴിഞ്ഞു. ഇനി രോഗത്തിന്റെ ചരിത്രം ചില പഠനറിപ്പോര്‍ട്ടുകളിലൂടെയും സര്‍വേയിലൂടെയും കൃത്യമായി അറിയാം.

 1908ല്‍ രോഗപഠനത്തിനായി പുസയില്‍നിന്നുവന്ന ഡോ. ഇ.ജെ. ബട്‌ലറാണ് രോഗബാധിതപ്രദേശങ്ങളെക്കുറിച്ചും രോഗം വരുത്തിവെച്ച നഷ്ടത്തെക്കുറിച്ചും ആദ്യമായി പ്രതിപാദിച്ചത്.

 ഉദ്ദേശം 2.5 ലക്ഷം ഏക്കറില്‍ തെങ്ങുകൃഷിയുണ്ടെന്ന് അനുമാനിച്ച ബട്‌ലര്‍, 1903ലെ കണക്കുപ്രകാരം ഒരു കോടി രൂപയുടെ കയറ്റുമതിവരുമാനം നാളികേരം വഴിയുണ്ടെന്ന് രേഖപ്പെടുത്തി. വെളിച്ചെണ്ണ, കൊപ്ര, കയര്‍, തേങ്ങ എന്നിവയെല്ലാം കയറ്റുമതിചെയ്തിരുന്നു. ആഭ്യന്തര ഉപഭോഗം വളരെ വലുതാണെന്നും പറയുന്നുണ്ട്. 1901ലെ സെന്‍സസ് പ്രകാരം 1,33,047 പേര്‍ കയര്‍വ്യവസായത്തില്‍ മാത്രമുണ്ടെന്നും വ്യക്തമാക്കി.

 രോഗത്തിന്റെ തീവ്രത നാളികേര ഉത്പാദനത്തെ ബാധിച്ചുവെന്നതിനും ബട്‌ലര്‍ കണക്കുകള്‍ നിരത്തി. 1905'06ല്‍ 32 ശതമാനം മാത്രമാണ് കയറ്റുമതിയില്‍ തേങ്ങയുടെ വിഹിതം. അതിനുമുമ്പുള്ള വര്‍ഷങ്ങളില്‍ അത് 50 ശതമാനത്തിന് മുകളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 മീനച്ചില്‍, തിരുവല്ല, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലായി 24,000 ഹെക്ടര്‍ സ്ഥലത്ത് രോഗമുണ്ടെന്ന് അന്ന് വിലയിരുത്തി. 1934ല്‍ എം.കെ. വര്‍ഗീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഗം കൊച്ചിയിലും കൊട്ടാരക്കരയിലും എത്തിയതായി പറയുന്നു.

  1920കളില്‍ വര്‍ഗീസ് കായംകുളത്ത് നടത്തിയ സര്‍വേയും എടുത്തുപറയേണ്ടതാണ്. രോഗം ഏതുവിധത്തില്‍ ഏതൊക്കെയിനം തെങ്ങുകളില്‍ ബാധിച്ചിട്ടുണ്ടെന്ന് 60,545 തെങ്ങുകള്‍ പരിശോധിച്ചാണ് അദ്ദേഹം നിര്‍ണയിച്ചത്. അതില്‍ 35,958 എണ്ണം (59.4 ശതമാനം) രോഗബാധിതമായിരുന്നു. 42,338 തെങ്ങുകള്‍ കായ്ച്ചവ. അവയില്‍ 23,431 എണ്ണത്തിനാണ് രോഗമുള്ളത്. രോഗമുള്ളവയില്‍ 809 എണ്ണം മികച്ചരീതിയില്‍ കായ്ഫലമുള്ളതും 15,223 എണ്ണം ഭേദപ്പെട്ടനിലയിലും 7399 എണ്ണം തീര്‍ത്തും നശിച്ചവയുമായിരുന്നെന്നും അദ്ദേഹം രേഖപ്പെടുത്തി.

 1937 മുതല്‍ കെ.പി.വി. മേനോനും യു.കെ. നായരും നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ട് 1951ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പുനലൂരിനും ഓച്ചന്തുരുത്തിനും മലയാറ്റൂരിനും ഇടയില്‍ രോഗമെത്തിയെന്ന് വ്യക്തമായി. കായംകുളം, തിരുവല്ല, ആലപ്പുഴ, ചങ്ങനാശ്ശേരി, മീനച്ചില്‍, പത്തനംതിട്ട, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളില്‍ രോഗം ഗുരുതരമാണെന്നും രേഖപ്പെടുത്തി. 1959ല്‍ ഇ.ജെ. വര്‍ഗീസ് നടത്തിയ പഠനത്തില്‍ രോഗം കൊല്ലത്തിനപ്പുറം വാമനപുരം പുഴയോരത്ത് ആറ്റിങ്ങല്‍വരെ എത്തിയെന്നും പറയുന്നു. 1960ല്‍ കെ.പി.വി. മേനോനും കെ.എം. പണ്ടാലയും ചേര്‍ന്ന് 40,000 ഹെക്ടര്‍ സ്ഥലത്ത് രോഗം ബാധിച്ചെന്നും കണക്കാക്കി.

 1972ല്‍ എന്‍. ഗോപിനാഥന്‍പിള്ളയുടെ നേതൃത്വത്തിലാണ് പിന്നീട് വിശദമായ സര്‍വേ നടന്നത്. അതില്‍ കേരളത്തിലെ ഏഴുലക്ഷം ഹെക്ടര്‍ നാളികേരകൃഷിയില്‍ 2.5 ലക്ഷം ഹെക്ടര്‍ പ്രദേശങ്ങളില്‍ രോഗമുണ്ടെന്നാണ് വിവരം. രോഗാവസ്ഥ വളരെ കൃത്യമായി ഭൂപടം തയ്യാറാക്കി വിവരിക്കുന്നുമുണ്ട്. തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍ രോഗമുണ്ടെന്നും വ്യക്തമാക്കി. തൃശ്ശൂര്‍ താലൂക്കില്‍ രോഗമില്ലെന്നും കല്ലൂര്‍, വരന്തരപ്പിള്ളി മുതല്‍  തെക്ക് മാരനെല്ലൂര്‍, ഒറ്റശ്ശേഖരമംഗലം വരെ രോഗമുണ്ടെന്നുമാണ് കണ്ടെത്തല്‍. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, കുട്ടനാട്, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, കണയന്നൂര്‍ താലൂക്കുകളില്‍ രോഗം ഗുരുതരമാണെന്നും പ്രതിപാദിച്ചു.

 1971 മുതല്‍ '76 വരെയുള്ള കാലയളവില്‍ രോഗം ആലപ്പുഴയില്‍ 54.6 ശതമാനവും കോട്ടയത്ത് 49.8 ശതമാനവും ഇടുക്കിയില്‍ 43 ശതമാനവും ഉണ്ടെന്ന് എം.വി. ജോര്‍ജ് നടത്തിയ സര്‍വേയില്‍ പറയുന്നു. പ്രതിവര്‍ഷം 340 കോടി തേങ്ങ രോഗംമൂലം നഷ്ടപ്പെടുന്നതായും വ്യക്തമാക്കി.

 1984'85ല്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ സി.പി.സി.ആര്‍.ഐ. നടത്തിയ സര്‍വേയില്‍ എട്ടു ജില്ലകളിലെ 4.1 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് രോഗമുണ്ടെന്നും കോട്ടയം (75.6 ശതമാനം), ആലപ്പുഴ (70.7 ശതമാനം), പത്തനംതിട്ട (38.2 ശതമാനം), എറണാകുളം (34.5 ശതമാനം), ഇടുക്കി (34.2 ശതമാനം), കൊല്ലം (28.6 ശതമാനം), തിരുവനന്തപുരം (1.5 ശതമാനം), തൃശ്ശൂര്‍ (2.6 ശതമാനം) എന്നിങ്ങനെയാണ് രോഗാവസ്ഥയെന്നും കണ്ടു. വടക്കന്‍ കേരളത്തിലെ ചിലയിടങ്ങളിലും രോഗമുള്ളതായും രേഖപ്പെടുത്തി.

 96.8 കോടി തേങ്ങ പ്രതിവര്‍ഷം രോഗംമൂലം കേരളത്തിന് നഷ്ടമാകുന്നുവെന്നത് ഈ സര്‍വേയിലെ പ്രധാന കണ്ടെത്തലാണ്. തിരുവനന്തപുരം11.34 ദശലക്ഷം, കൊല്ലം110.56, പത്തനംതിട്ട99.39, ആലപ്പുഴ271.02, കോട്ടയം254.39, ഇടുക്കി31.11, എറണാകുളം177.13, തൃശ്ശൂര്‍12.65 ദശലക്ഷം എന്നിങ്ങനെയാണ് നഷ്ടം. രോഗമുള്ള ഒരു തെങ്ങിന്റെ കുലയില്‍ 25.8 ശതമാനം തേങ്ങ കുറവാണെന്നാണ് പൊതുവേ കണക്കാക്കിയത്. കൊപ്രയില്‍ ഒമ്പതുശതമാനവും എണ്ണയില്‍ 11.3 ശതമാനവും കുറവ് കണക്കാക്കി. അന്നത്തെ വിലപ്രകാരം 300 കോടി രൂപ പ്രതിവര്‍ഷം നഷ്ടപ്പെടുന്നതായും വിലയിരുത്തി.

 1996ല്‍ കൃഷിവകുപ്പ് നടത്തിയ സര്‍വേയില്‍ സ്ഥിതി കുറച്ച് മെച്ചപ്പെട്ടുവെന്ന ചിത്രമാണ് ലഭിച്ചത്. രോഗബാധിതപ്രദേശങ്ങളുടെ അതിര്‍ത്തിജില്ലകളെന്നനിലയില്‍ തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശങ്ങളിലും സര്‍വേ നടത്തിയപ്പോള്‍ മറ്റുജില്ലകളില്‍ പത്തുശതമാനം പഞ്ചായത്തുകളില്‍ സാമ്പിള്‍ സര്‍വേയാണ് നടത്തിയത്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രോഗം നല്ലപോലെ കുറഞ്ഞുവെന്നും തൃശ്ശൂരില്‍ കൂടുതല്‍ സ്ഥലത്ത് രോഗമുണ്ടെന്നുമായിരുന്നു വിവരം.

 കഴിഞ്ഞ 20 വര്‍ഷമായി കാറ്റുവീഴ്ച വിസ്മരിക്കപ്പെട്ട അവസ്ഥയാണ്. കണക്കും കാര്യങ്ങളും ഒന്നുമില്ല. അതിനിടെത്തന്നെ അയല്‍സംസ്ഥാനമായ തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രാപ്രദേശും തെങ്ങുകൃഷിയില്‍ കുതിക്കുകയാണ്. ഇനിയൊന്നും ചെയ്യാനില്ലെന്ന കേരളത്തിന്റെ നിലപാട് ശരിയോ?

 തെങ്ങ് മലയാളിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു ഘടകമാണ്. 'ഞാഞ്ഞ' എന്ന പ്രയോഗത്തിലൂടെ കുഞ്ഞുമനസ്സിലേക്ക് കയറിക്കൂടുന്ന തെങ്ങ്, ഓലപ്പീപ്പി, വാച്ച്, മച്ചിങ്ങയും പ്ലാവിലയും ചേര്‍ന്നുള്ള വണ്ടി തുടങ്ങിയ കളിപ്പാട്ടങ്ങളായും പിന്നീട് ഒഴിവാക്കാനാകാത്ത ഭക്ഷ്യഘടകമായും ഒടുവില്‍ പട്ടടയിലെ ചാരമായിപ്പോലും ഓരോ മലയാളിയുടെയും ജീവിതത്തില്‍ എന്നുമുണ്ട്. കേരളം ഒരിക്കലും കേരമില്ലാത്ത ഒരിടമാകരുത്. 

ചരിത്രം കണക്കിലൂടെ

കേരളത്തിലെ നാളികേര കൃഷിയിടത്തിന്റെയും ഉത്പാദനത്തിന്റെയും കണക്ക് പരിശോധിച്ചാല്‍ തെങ്ങ് വല്ലാത്തൊരു സമസ്യയായിനില്‍ക്കും.
 കാരണം 1982ല്‍ 6.74 ലക്ഷം ഹെക്ടര്‍ സ്ഥലത്താണ് തെങ്ങുണ്ടായിരുന്നത്. 300.6 കോടി തേങ്ങമാത്രമായിരുന്നു ഉത്പാദനം. ഉത്പാദനക്ഷമത ഹെക്ടറിന് 4457 നാളികേരം മാത്രം. 1988ല്‍ കൃഷിപ്രദേശം 8.32 ലക്ഷം ഹെക്ടറായി വര്‍ധിച്ചു. ഉത്പാദനം 384.1 കോടി തേങ്ങ. 2001ല്‍ കൃഷി 9.25 ലക്ഷം ഹെക്ടറിലായി. ഉത്പാദനത്തിലും വര്‍ധനവന്നു. 553.6 കോടി തേങ്ങ. 2014 ആയപ്പോഴേക്കും കൃഷി 8.86 ലക്ഷം ഹെക്ടറിലേക്ക് കുറഞ്ഞു. എന്നാല്‍, ഉത്പാദനം കൂടി579.9 കോടി തേങ്ങ.

 നെല്‍വയലുകള്‍ തെങ്ങിന്‍പറമ്പുകളാവുകയും അത് പിന്നീട് പാര്‍പ്പിടങ്ങള്‍ വെക്കുന്നതിനുള്ള ഭൂമിയായി മാറിയതിന്റെയും ഒരു ചിത്രംകൂടി ഈ കണക്കുകളില്‍നിന്ന് വ്യക്തമാകും. വയലുകള്‍ മണ്ണിട്ടുനികത്തി തെങ്ങുവെച്ചതിനാലാണ് 1988ല്‍ കൃഷിപ്രദേശം 8.32 ലക്ഷമായി ഉയര്‍ന്നത്. അങ്ങനെയുള്ള തെങ്ങുകള്‍ ഫലംതന്നുതുടങ്ങിയപ്പോള്‍ 2011ലെ ഉത്പാദനക്കണക്കില്‍ വര്‍ധനയുണ്ടായി. പറമ്പുകള്‍ തുണ്ടംതുണ്ടമായി വിറ്റതോടെ 2014 ആയപ്പോഴേക്കും കൃഷിഭൂമിയുടെ വിസ്തീര്‍ണം കുറഞ്ഞു. ഉത്പാദനക്ഷമത കൂട്ടാന്‍ നടപടി കൈക്കൊണ്ടതിനാല്‍ ഉത്പാദനം വര്‍ധിച്ചു. തമിഴ്‌നാട്ടില്‍ ഒരു ഹെക്ടറില്‍ 10000നുമുകളില്‍ തേങ്ങ ഉത്പാദിപ്പിക്കുമ്പോഴാണ് കേരളത്തില്‍ ഇപ്പോഴും ഉത്പാദനക്ഷമത 7300ല്‍ നില്‍ക്കുന്നത്.

(അവസാനിച്ചു)