കേര(ള)ം എങ്ങോട്ട്? -  4
19ാം നൂറ്റാണ്ടിന്റെ പകുതിയോടെ തുടങ്ങിയ രോഗത്തിന് ജനപങ്കാളിത്തം ഉറപ്പാക്കിയുള്ള സമഗ്രപദ്ധതി ആവിഷ്‌കരിക്കുന്നത്21ാം നൂറ്റാണ്ടിന് പത്തുവര്‍ഷം പ്രായമുള്ളപ്പോഴാണെന്നത് കേരളത്തിന്റെ ദുരവസ്ഥയായേ വിശേഷിപ്പിക്കാനാവൂ

 പല പരീക്ഷണങ്ങള്‍ക്കുശേഷവും രോഗകാരണം കണ്ടുപിടിക്കാന്‍ കഴിയാതായപ്പോള്‍ 1934ല്‍ എം.കെ. വര്‍ഗീസ് പറഞ്ഞു, കേടുവന്ന തെങ്ങുകള്‍ മുറിച്ചുമാറ്റി പുതിയ തൈ നടുകയാണ് നല്ലതെന്ന്. അതൊരു നിരീക്ഷണമല്ല; പത്തുവര്‍ഷത്തോളമെടുത്ത് നടത്തിയ ഗവേഷണത്തിനുശേഷമുള്ള തീരുമാനമായിരുന്നു. എന്നിട്ടും ഈ നിര്‍ദേശം ആസൂത്രിതമായി നടപ്പാക്കാന്‍ 2010 വരെ കാത്തിരിക്കേണ്ടിവന്നു. അതിനിടെ നടന്നതെല്ലാം കടലില്‍ കായംകലക്കിയതുപോലായി.


 2010ല്‍ നാളികേര വികസന ബോര്‍ഡ് നേരിട്ട് നടപ്പാക്കിയ തെങ്ങുപുനരുദ്ധാരണപദ്ധതി, സ്ഥലം തിരഞ്ഞെടുപ്പിലെ അപാകമൊഴിച്ചാല്‍ താഴേത്തട്ടിലെ കേരകര്‍ഷകരില്‍ എത്തുന്നതായിരുന്നു. അതുവരെയും നാളികേര വികസന ബോര്‍ഡിനെ കേരള കൃഷിവകുപ്പ് ശരിക്കുമൊരു കറവപ്പശുവാക്കി. തെങ്ങുകള്‍ വെട്ടാനെന്നപേരില്‍ കുറേ പണം ബോര്‍ഡ് കൃഷിവകുപ്പിന് നല്‍കും. തെങ്ങുകള്‍ വെട്ടിമാറ്റിയതിന്റെ ഒരു കണക്ക് കൃഷിവകുപ്പ് ബോര്‍ഡിന് നല്‍കും. ഈവിധം 1982 മുതല്‍ 2010 വരെയും നാളികേര വികസന ബോര്‍ഡിനെ ആശ്രയിച്ചുമാത്രമായിരുന്നു കൃഷിവകുപ്പിന്റെ കാറ്റുവീഴ്ചാ പ്രതിരോധം.

  നാളികേര വികസന ബോര്‍ഡിലൂടെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം  ചെലവഴിക്കേണ്ടുന്ന ബാധ്യതമാത്രമേ കേരള സര്‍ക്കാറിന് ഉണ്ടായിരുന്നുള്ളൂ. പണം കൊടുക്കുന്ന ആളിനും ചെലവിടുന്ന ആളിനും ആത്മാര്‍ഥതയില്ലാത്ത അവസ്ഥ. ദീര്‍ഘദൃഷ്ടിയോടെയുള്ള നടപടികള്‍ ഇല്ലെന്ന് പറയാനാവില്ല. 1978ല്‍ കാറ്റുവീഴ്ചരോഗം വടക്കന്‍ കേരളത്തിലേക്ക് പടരാതിരിക്കാന്‍വേണ്ടി തൃശ്ശൂരിലെ കരുവന്നൂര്‍പ്പുഴയ്ക്ക് വടക്കും ആമ്പല്ലൂര്‍വരന്തരപ്പിള്ളി റോഡിനും ചാലക്കുടി പുഴയ്ക്ക് തെക്കുമുള്ള ഒമ്പത് വില്ലേജിലെ 28,000 തെങ്ങുകള്‍ മുറിച്ചുമാറ്റി. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 75 രൂപയും പുതിയ തെങ്ങുവെക്കാനുള്ള ആനുകൂല്യങ്ങളും നല്‍കി. തുടര്‍ന്നുള്ള രോഗനിരീക്ഷണത്തിന് മേല്‍നോട്ടം നല്‍കാന്‍ ഇരിങ്ങാലക്കുടയില്‍ സി.പി.സി.ആര്‍.ഐ. ഒരു ഫീല്‍ഡ് സ്‌റ്റേഷനും തുടങ്ങി.


 പുതുതായിവെച്ച തെങ്ങുകളിലും രോഗംവന്നു. എന്നാല്‍, കൃത്യമായ പരിപാലനത്തിലൂടെ ഉത്പാദനം കൂട്ടാമെന്ന് കണ്ടെത്തി. എന്നിട്ടും ക്രമേണ ഫീല്‍ഡ് സ്‌റ്റേഷന്‍ പൂട്ടി. റബ്ബര്‍ പരിപാലനത്തിന് കേരളത്തില്‍ 26 റീജ്യണല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയിലൂടെ റബ്ബര്‍ കര്‍ഷകര്‍ക്ക് സാങ്കേതികസഹായങ്ങളും ലഭിക്കുന്നു. എന്നാല്‍, നാളികേരത്തിന് ഒന്നുപോലുമില്ല. റബ്ബര്‍ ബോര്‍ഡ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിനുകീഴിലും നാളികേര വികസന ബോര്‍ഡ് കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുമാണെന്നതാകാം കാരണം. നഷ്ടം കേരകര്‍ഷകന്.

 തിരുവനന്തപുരത്ത് കന്യാകുമാരിജില്ലയോട് ചേര്‍ന്നുള്ള രണ്ടുവില്ലേജിലും 1200 തെങ്ങുകള്‍ വെട്ടിമാറ്റി. അവിടെയും രോഗംവന്നു. രോഗംവന്നവ വെട്ടിമാറ്റി പുതിയത് നട്ടുകൊണ്ടിരിക്കുന്ന കാലത്താണ് തെക്കന്‍ കേരളത്തിലെ മുഴുവന്‍ തെങ്ങുകളും 35 വര്‍ഷംകൊണ്ട് ആയിരം കോടി രൂപ ചെലവഴിച്ച് വെട്ടാനുള്ള സമഗ്രമായൊരു പദ്ധതി 1980ല്‍ സി.പി.സി.ആര്‍.ഐ. ആവിഷ്‌കരിച്ചത്. തൃശ്ശൂരിലെ പരീക്ഷണം പരാജയപ്പെട്ടതോടെ ഈ പദ്ധതി നടന്നില്ല. ആസൂത്രണക്കമ്മിഷന്‍ കേന്ദ്ര കൃഷിമന്ത്രിക്കെഴുതിയ കത്തില്‍ കേരള കൃഷിമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കായംകുളത്തെ ഗവേഷണപ്രവൃത്തികള്‍ ശക്തമാക്കാമെന്നായിരുന്നു തീരുമാനം. ശാസ്ത്രീയമായ തെങ്ങുവെട്ടിമാറ്റല്‍ യജ്ഞം അതോടെ അവസാനിച്ചു.


 1981ല്‍ നാളികേര വികസന ബോര്‍ഡ് രൂപവത്കരിച്ചു. ഉത്പാദനം കൂട്ടാനാണ് ബോര്‍ഡ് ലക്ഷ്യമിട്ടത്. അങ്ങനെ 1982 മുതല്‍ ഉത്പാദനം കുറഞ്ഞ തെങ്ങുകള്‍ വെട്ടിമാറ്റാന്‍ സംസ്ഥാന സര്‍ക്കാറിന് പണം നല്‍കിത്തുടങ്ങി. രോഗകാരണം ഫൈറ്റോപ്ലാസ്മയാണെന്നറിഞ്ഞപ്പോള്‍ 84ല്‍ സര്‍വേ നടന്നു. സര്‍വേഫലം കേരളത്തിന് ഗുണകരമായി. കേന്ദ്രസര്‍ക്കാറില്‍നിന്ന് കൂടുതല്‍ പണം തെങ്ങുവെട്ടിമാറ്റാന്‍ കിട്ടി. 1982 മുതല്‍ 2009 വരെ 30 ലക്ഷത്തോളം തെങ്ങുകള്‍ 49.1 കോടിരൂപ ചെലവില്‍ നാളികേര വികസന ബോര്‍ഡ് മുഖേന കേരള സര്‍ക്കാര്‍ വെട്ടിമാറ്റിയെന്നാണ് കണക്ക്. 

 1996ലെ സര്‍വേ റിപ്പോര്‍ട്ടില്‍ 50 ലക്ഷത്തോളം തെങ്ങുകള്‍ സര്‍ക്കാര്‍ സഹായമില്ലാതെയും വെട്ടിമാറ്റിയെന്ന് പറയുന്നു. ഇത്രയും പണം തെക്കന്‍ കേരളത്തിലെ രോഗബാധിതമായ തെങ്ങുകള്‍ക്കാണ് ചെലവഴിച്ചിരുന്നതെങ്കില്‍ അവിടം രോഗമുക്ത ഇടമായി മാറിയേനെ. അവിടെയാണ് മറഞ്ഞുകിടക്കുന്ന മറ്റൊരു വസ്തുത അറിയേണ്ടത്. ഈ കാലയളവില്‍ കുറേ തെങ്ങിന്‍തോപ്പുകള്‍ റബ്ബര്‍ത്തോട്ടങ്ങളായി മാറിയിരുന്നു. ചുരുക്കത്തില്‍ തെങ്ങിനുള്ള പണം റബ്ബറിന് പ്രയോജനപ്പെട്ടെന്നുവേണം കരുതാന്‍.   

എന്തായാലും 19ാം നൂറ്റാണ്ടിന്റെ പകുതിയോടെ തുടങ്ങിയ രോഗത്തിന് ജനപങ്കാളിത്തം ഉറപ്പാക്കിയുള്ള സമഗ്രപദ്ധതി ആവിഷ്‌കരിക്കുന്നത് 21ാം നൂറ്റാണ്ടിന് പത്തുവര്‍ഷം പ്രായമുള്ളപ്പോഴാണെന്നത് കേരളത്തിന്റെ ദുരവസ്ഥയായേ വിശേഷിപ്പിക്കാനാവൂ. ജയറാം രമേഷ് കേന്ദ്രമന്ത്രിയായിരിക്കെ കേരളത്തിലെ നാണ്യവിളകളെ പ്രോത്സാഹിപ്പിക്കാന്‍ മുന്‍കൈയെടുത്തു. അങ്ങനെ തിരുവനന്തപുരം, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലെ തീര്‍ത്തും രോഗബാധിതമായ തെങ്ങുകള്‍ വെട്ടിമാറ്റാനും മറ്റുള്ളവയെ പുനരുജ്ജീവിപ്പിക്കാനും നാളികേര വികസന ബോര്‍ഡ് സമഗ്ര പുനരുദ്ധാരണപദ്ധതി ആവിഷ്‌കരിച്ചു.


 അതുപ്രകാരം 2010 മുതല്‍ 2014 വരെ തൃശ്ശൂരില്‍ 5.96 ലക്ഷം തെങ്ങും കൊല്ലത്ത് 6.31 ലക്ഷം തെങ്ങും തിരുവനന്തപുരത്ത് 5.06 ലക്ഷം തെങ്ങും വെട്ടിമാറ്റി. വെട്ടിമാറ്റാന്‍ 79.39 കോടിയും പുനരുജ്ജീവനത്തിന് 71.43 കോടി രൂപയും തൈനടാന്‍ 1.52 കോടിയുമടക്കം 154.79 കോടി രൂപ നാളികേര വികസന ബോര്‍ഡ് ചെലവഴിച്ചു. ഇതിന്റെ ഫലം അറിയാനായിട്ടില്ല. പദ്ധതിയിപ്പോള്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

 പ്രതിവര്‍ഷം പത്തുതേങ്ങപോലും നല്‍കാത്ത മൊത്തം 24.17 ലക്ഷം തെങ്ങുകള്‍ വെട്ടിമാറ്റാനായിരുന്നു ലക്ഷ്യമിട്ടത്. അതില്‍ 17.33 ലക്ഷം വെട്ടിമാറ്റി. പകരം വെച്ചത് 7.46 ലക്ഷം തെങ്ങുകളാണ്.  വെട്ടിമാറ്റിയ തെങ്ങുകള്‍ക്ക് പകരം രോഗപ്രതിരോധശേഷിയുള്ള തെങ്ങിന്‍തൈ നല്‍കാന്‍ കഴിയുന്നുണ്ടോ? അതിലേക്കുള്ള അന്വേഷണം നാളെ

വിളമാറ്റത്തിന്റെ പ്രതീകമായി കടുത്തുരുത്തി
കാറ്റുവീഴ്ചയും കടുത്തുരുത്തിയും തമ്മില്‍ എന്തുബന്ധം? ഒറ്റവാചകത്തില്‍ കാറ്റുവീഴ്ച കടുത്തുരുത്തിയിലെ തെങ്ങുകളെയും ബാധിച്ചുവെന്ന ഉത്തരത്തില്‍ ഒതുക്കാം. എന്നാല്‍, അതിനപ്പുറം കേരളത്തിന്റെ സാമൂഹികസാമ്പത്തികകാര്‍ഷിക മേഖലയിലെ വലിയൊരു മാറ്റം കടുത്തുരുത്തിയിലൂടെ കാണാം. ഇവിടെ കടുത്തുരുത്തി ഒരു പ്രതീകം മാത്രമാണ്. കേരളത്തിലെ മറ്റനേകം ഗ്രാമങ്ങളുടെ ഒരു പതിപ്പ്. കോട്ടയം ജില്ലയിലെ ഗ്രാമപ്പഞ്ചായത്തായ കടുത്തുരുത്തിയില്‍ 1991ലെ സെന്‍സസ് പ്രകാരം 30,721 ആണ് ജനസംഖ്യ. ഭൂ ഉടമസ്ഥതയില്‍ 10 സെന്റില്‍ കുറവുള്ളവരാണ് കൂടുതല്‍3111 പേര്‍. ഇവരടക്കം 50 സെന്റില്‍ താഴെയുള്ളവര്‍ 5534 പേര്‍. എന്നാല്‍, 50 സെന്റിനുമുകളില്‍ അഞ്ച് ഏക്കര്‍ വരെയുള്ളവര്‍ 8082 പേരുണ്ട്. സ്വാഭാവികമായും കൃഷിക്ക് പ്രാധാന്യമുള്ള പ്രദേശം1987ല്‍ അവിടെ 1927 ഹെക്ടറില്‍ നെല്‍കൃഷിയുണ്ടായിരുന്നു. തെങ്ങിന് രണ്ടാം സ്ഥാനം. 1960ല്‍ മാത്രം അവിടെ കൃഷിചെയ്യാനാരംഭിച്ച റബ്ബര്‍, 199091ല്‍ 560 ഹെക്ടറില്‍ മാത്രമാണുണ്ടായിരുന്നത്. അപ്പോഴും ആയിരം ഹെക്ടറില്‍ നെല്‍കൃഷിയും 850 ഹെക്ടറില്‍ തെങ്ങുമുണ്ട്. വെറും ഏഴുവര്‍ഷം കഴിഞ്ഞപ്പോഴേക്കും 859 ഹെക്ടറില്‍ റബ്ബര്‍ ഒന്നാംസ്ഥാനത്തായി. നെല്ല് 586 ഹെക്ടറിലേക്ക് കുറഞ്ഞു. തെങ്ങ് 635 ഹെക്ടറില്‍ രണ്ടാം സ്ഥാനത്തുതന്നെ നിന്നു.


 പക്ഷേ, 397 ഹെക്ടര്‍ ഭൂമിയില്‍ കൃഷി ഇല്ലാതായി. ഏഴുവര്‍ഷത്തിനുള്ളില്‍ അവ റിയല്‍ എസ്‌റ്റേറ്റ് എന്ന പുതിയ സമ്പദ്മാര്‍ഗത്തിന്റെ മോഹവലയത്തിലേക്ക് വീണു.

 ഇത് കടുത്തുരുത്തിയുടെ മാത്രം കഥയല്ല. കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ച യാഥാര്‍ഥ്യം മാത്രമാണ്. നഗരങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ ഉദയംചെയ്തു. അതോടെ നെല്‍വയലുകളില്‍ മണ്ണുവീണു. ആദ്യം കുറച്ച് വാഴയും കപ്പയും. പിന്നെ കുറച്ചു തെങ്ങ്. പിന്നെ ഒന്നുകില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ അതല്ലെങ്കില്‍ റബ്ബര്‍ത്തോട്ടങ്ങള്‍. തെങ്ങിന് ഈ മാറ്റം ഒട്ടും ഗുണംചെയ്തില്ല. കാരണം വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ മണ്ണിട്ട് തെങ്ങുനട്ടാല്‍ വിളവ് വളരെ മോശമായിരിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ തീവണ്ടിപ്പാതയോരങ്ങളില്‍ കാണുന്ന ശുഷ്‌കിച്ചുനില്‍ക്കുന്ന തെങ്ങുകള്‍ ഈ ദുരവസ്ഥയുടെ നേര്‍ക്കാഴ്ചയാണ്. പറമ്പായതിന്റെ ഒരു സൂചകം മാത്രമാണ് ഇവിടെ തെങ്ങുകള്‍ധനമോഹത്തിന്റെ പേരില്‍ കൃഷിയെ ഉപേക്ഷിച്ച മലയാളിമനസ്സിന്റെ വൈകല്യത്തിന്റെ വികൃതരൂപങ്ങള്‍.