ദേശീയപ്രസ്ഥാനത്തിന് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെന്ന ലക്ഷ്യത്തിലേക്കുള്ള ദൂരംകുറച്ച മുന്നേറ്റമായിരുന്നു ക്വിറ്റ് ഇന്ത്യ. ഇന്ത്യവിടാൻ ബ്രിട്ടീഷ് ഭരണകൂടത്തിന് അന്ത്യശാസനം നൽകി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ 1942-ൽ സമരം ആരംഭിച്ചപ്പോൾ അതിനെതിരെ വൈസ്രോയിയുടെ കൗൺസിലിൽ ബ്രിട്ടനെ പിന്തുണച്ച ചരിത്രമാണ് ആർ.എസ്.എസ്സിനും ഹിന്ദുമഹാസഭയ്ക്കും, ഒപ്പം സവർക്കർക്കുമുള്ളത്. സ്വാതന്ത്ര്യാനന്തര ഇന്ത്യ മതേതര ഇന്ത്യ ആവരുത്, മറിച്ച് ഹിന്ദുരാഷ്ട്രമാകണമെന്ന ആശയം മുൻനിർത്തി, അതു നടപ്പിലാക്കാൻ, സ്വാതന്ത്ര്യം നൽകുമ്പോൾ നിങ്ങളുടെ പട്ടാളത്തെക്കൂടി നിലനിലർത്തണമെന്ന് ബ്രിട്ടീഷുകാരോടാവശ്യപ്പെട്ട ചരിത്രമുണ്ട് സവർക്കർക്ക്. ചരിത്രത്തെ തമസ്കരിച്ച് ഗാന്ധിജിയെ തങ്ങളുടേതെന്നു മാത്രമാക്കിമാറ്റാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾക്കു മുൻപിൽ ചരിത്രബോധമുള്ള ഇന്ത്യൻ ജനത നോക്കുകുത്തിയാകില്ലെന്ന് ഓർക്കുന്നതു നന്ന്.
സ്വാതന്ത്ര്യാനന്തരം ഗാന്ധിജിയെയും നെഹ്രുവിനെയും രണ്ടായിട്ടല്ല ഒന്നായിത്തന്നെയാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. 1916-മുതൽ ഗാന്ധിജിയുടെ ശിക്ഷണത്തിൽ രാഷ്ട്രീയവളർച്ച നേടിയ നെഹ്രുവിനെ 1929-ൽ സ്വാതന്ത്ര്യസമരമുന്നേറ്റത്തിന്റെ നായകനിരയിൽ പ്രതിഷ്ഠിച്ചതിനു പിന്നിൽ ഗാന്ധിജിയല്ലാതെ മറ്റാരാണ്? അന്നുമുതൽ കോൺഗ്രസിൽ ഗാന്ധിജിയുടെ പിൻതുടർച്ചക്കാരനായി നെഹ്രുവിനെ ദേശീയപ്രസ്ഥാനം കണ്ടുതുടങ്ങിയിരുന്നുവെന്നതും ചരിത്രത്തിന്റെ നേർവരകളിൽ തെളിഞ്ഞുകിടക്കുന്നുണ്ട്. തനിക്കുശേഷം നെഹ്രുവാണ് പ്രസ്ഥാനത്തെ നയിക്കുകയെന്ന് ഗാന്ധിജി അനുയായികളോടു പറഞ്ഞത് 1942-ജനവരി 12-ന് വാർധയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിലാണെന്നതിനും ചരിത്രം സാക്ഷി. രാജാജിയും സർദാർ വല്ലഭ്‌ഭായി പട്ടേലുമല്ല, ജവാഹർലാലാണ് എനിക്കുശേഷം നിങ്ങളെ നയിക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
സ്വാതന്ത്ര്യാനന്തരം നെഹ്രുവിനു ലഭിച്ച പ്രധാനമന്ത്രിപദം ദത്തവകാശമല്ല, മറിച്ച് മൂന്നു പതിറ്റാണ്ട് ദേശീയപ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിച്ചതിനും ബ്രിട്ടീഷുകാർക്കെതിരെ സന്ധിയില്ലാസമരങ്ങൾ നയിച്ചതിനും പ്രസ്ഥാനം അർഹതയ്ക്ക് അംഗീകാരമായി നൽകിയതാണ്. അതിനു പശ്ചാത്തലമെന്നത് മേൽപ്പറഞ്ഞ ഗാന്ധിജിയുടെ പ്രഖ്യാപനവും. തലമുറകൾ ഏറെക്കഴിയുമ്പോൾ പുനർവായന നടത്തി ചരിത്രത്തെ ആർക്കും തങ്ങൾക്കനുകൂലമാക്കാൻ കഴിയില്ല. കാരണം ചരിത്രം രേഖപ്പെടുത്തിയതാണെന്നതുതന്നെ.
ഇന്ത്യാവിഭജനം ഒരിക്കലും ഗാന്ധിജിക്ക് മാനസികമായി ഉൾക്കൊള്ളാനാവുമായിരുന്നില്ല. വിഭജനം ചർച്ചചെയ്യാനായി 1947-ജൂണിൽ ചേർന്ന കോൺഗ്രസ് യോഗത്തിൽ ജി.ബി.പന്ത്, പുരുഷോത്തംദാസ് ഠണ്ടൻ, ഖാൻ അബ്ദുൾ ഗാഫർഖാൻ തുടങ്ങിയവർ സ്വീകരിച്ച വിഭജനവിരുദ്ധനിലപാടിനൊപ്പമായിരുന്നു ഗാന്ധിജി. എന്നാൽ, ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന ആഭ്യന്തര വർഗീയകലാപത്തെ നെഹ്രുവിനെയും പട്ടേലിനെയും പോലെ ഗാന്ധിജിയും ഭയപ്പെട്ടു. വിഭജനകാലത്ത് ഇന്ത്യ മതേതരരാഷ്ട്രമാകണോ അതോ ഹിന്ദുരാഷ്ട്രമാകണോ എന്ന ചർച്ചകളുയർന്നപ്പോൾ മതേതരരാഷ്ട്രമായി നിലകൊള്ളണമെന്നാണ് ഗാന്ധിജിയും നെഹ്രുവുമുൾപ്പെടെയുള്ള ദേശീയനേതാക്കൻമാർ നിലപാടെടുത്തത്. എന്നാൽ, ആർ.എസ്.എസ്സിന്റെ താത്ത്വികാചാര്യനായിരുന്ന ഗോൾവാൾക്കർ ഹിന്ദുവിതരമതവിഭാഗങ്ങൾ ഒന്നുകിൽ ഇന്ത്യ വിട്ടുപോവുക അല്ലെങ്കിൽ ഹിന്ദുമതവിശ്വാസികളായി ജീവിക്കുകയും ഹിന്ദുസംസ്കാരവും ജീവിതരീതികളും അനുഷ്ഠിക്കുകയും ചെയ്യുകയെന്നാണ് നിർദേശിച്ചത്. ഇവരുടെ പിൻമുറക്കാർക്ക് സർവമതസാഹോദര്യമെന്ന ഗാന്ധിദർശനത്തെ ഈ നൂറ്റാണ്ടിലെന്നല്ല ഒരിക്കലും ഉൾക്കൊള്ളാനാവില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ നടന്നുവരുന്ന അസഹിഷ്ണുതാ വിവാദങ്ങൾ.
-1ഗോമാംസഭക്ഷണവും ഗോവധവും ഗാന്ധിജിയുടെ കാലത്തുതന്നെ ചർച്ചാവിഷയമായിരുന്നു. 1947-ജൂലായ് 25-ന് നടന്ന ഒരു പ്രാർഥനായോഗത്തിൽ ഗോവധനിരോധനത്തിന്റെ അപ്രായോഗികത ഗാന്ധിജി പരാമർശിച്ചിരുന്നു. മറ്റുള്ളവർ എന്തുകഴിക്കണമെന്ന് തനിക്കെങ്ങനെ നിഷ്കർഷിക്കാനാകുമെന്നായിരുന്നു ഇതേപ്പറ്റിയുള്ള ചോദ്യത്തിന് ഗാന്ധിജിയുടെ മറുപടി. ഗാന്ധിജിയുടെ വധത്തിനുതന്നെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നായി ഗോവധനിരോധനത്തിനു നിയന്ത്രണം കൊണ്ടുവരുന്നതിന് ഗാന്ധിജി സ്വീകരിച്ച ഭിന്നനിലപാട് ഒരു കാരണമായി ഗോഡ്‌സെ എടുത്തുപറഞ്ഞിട്ടുണ്ട്. തന്റെ രാജ്യത്തെ വ്യത്യസ്ത മതവിഭാഗങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തിൽ തനിക്കിടപെടാനാവില്ലെന്ന വിശാലകാഴ്ചപ്പാട് സ്വീകരിച്ചതിനുകൂടിയാണ് ഗാന്ധിജിക്ക് ജീവൻ ബലിയർപ്പിക്കേണ്ടിവന്നതെങ്കിൽ, ഇപ്പോൾ ഗാന്ധിജിയെ കൂട്ടുപിടിച്ച് ഗോവധനിരോധനത്തിനു വാദിക്കുന്ന സംഘപരിവാർ നിലപാട് ഗാന്ധിജിയെ വീണ്ടുമൊരിക്കൽക്കൂടി കൊലചെയ്യുന്നതിനു തുല്യമാണെന്നു പറയാതെവയ്യ.