വേനലിന്റെ മൂർധന്യത്തിൽ കുടിവെള്ളക്ഷാമവും അസഹ്യചൂടും വരൾച്ചയും അനുഭവപ്പെട്ടുതുടങ്ങി. ദുരിതനിവാരണത്തിന്‌ -പ്രത്യേകിച്ച്‌ കുടിവെള്ളക്ഷാമം- ഗവൺമെന്റ്‌ കുടിവെള്ളം ടാങ്കർലോറികളിൽ നൽകി. താത്‌കാലികാശ്വാസം നൽകുന്നു. കുപ്പിവെള്ളക്കമ്പനികളുടെ തകൃതിയായ കച്ചവടവും പൊടിപൊടിക്കുന്നു. എന്നാൽ, ഇതെല്ലാം ‘രോഗ’ലക്ഷണങ്ങൾക്കുള്ള ചികിത്സമാത്രം. ‘രോഗകാരണ’ത്തിനുള്ള ചികിത്സകൊണ്ടേ ഇതിനു ശാശ്വത പരിഹാരം ലഭിക്കൂ.ഈ ദുരിതങ്ങൾക്കുകാരണം ഭൂജല ശേഖരണത്തിലെ കുറവുതന്നെ. അതിനു കാരണം വർഷംതോറും മഴവെള്ളം ഭൂമിയിൽ താഴാനുള്ള (താഴ്‌ത്താനുള്ള) സ്ഥലം കുറഞ്ഞുകുറഞ്ഞുവരുന്നതു തന്നെ. ഏറ്റവും പ്രധാനകാരണം അനിയന്ത്രിതമായ  കെട്ടിടനിർമാണവും.എന്നാൽ, ഈ കൂടിയ കെട്ടിടസാന്ദ്രത മഴവെള്ളസംഭരണത്തിന്‌ മറുമരുന്നായി പ്രയോജനപ്പെടുത്താം. അതായത്‌ ‘മേൽക്കൂര മഴവെള്ളക്കൊയ്ത്ത്‌’ വഴി ഇന്നനുഭവപ്പെടുന്ന ഭൂജലശോഷണത്തിനുള്ള ‘ചികിത്സ’ നടത്താം, പ്രത്യേകിച്ചും ലക്ഷക്കണക്കിന്‌ കോൺക്രീറ്റ്‌ കെട്ടിടങ്ങളും നീണ്ട മഴക്കാലവുമുള്ള നമ്മുടെ കേരളത്തിൽ. മാത്രമല്ല, വെള്ളപ്പൊക്കം, വെള്ളക്കെട്ട്‌, പകർച്ചവ്യാധി, കൃഷിനാശം എന്നീ ദുരിതങ്ങളും ഇതുകൊണ്ട്‌ ഒരതിര്‌ വരെ ഒഴിവാക്കാം. മനുഷ്യർക്കും മറ്റ്‌ ജീവജാലങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കുന്നപോലെ കെട്ടിടത്തിന്‌ മുകളിലെ മഴവെള്ളസംഭരണം വഴി ഭൂമിക്കും ധാരാളം മഴവെള്ളം ‘കുടിച്ച്‌’ പുഷ്ടിപ്പെടാം. ഇതിനുവേണ്ട സാഹചര്യം ഒരുക്കുകയാണ്‌ നാം അടിയന്തരമായും ചെയ്യേണ്ടത്‌.

കേരളത്തിൽ ഭൂമിയിലെ മഴവെള്ള സംഭരണത്തേക്കാൾ എളുപ്പവും പ്രയോജനപ്രദവുമാണ്‌ പുരപ്പുറത്തെ ‘മഴവെള്ളകൊയ്‌ത്ത്‌’. ഏറ്റവും നൂതനമായ ഒന്നിലധികം പി.വി.സി. ഫൈബർ ടാങ്കുകൾ ടെറസ്സിൽ നിരത്തി ടെറസ്സിന്മേൽതന്നെ മഴവെള്ളശേഖരണ, ശുദ്ധീകരണ വിതരണം നടത്തുന്ന മാതൃകയാണിത്‌. ഈ രീതിയിലുള്ള മഴവെള്ളസംഭരണത്തിൽ വീടിന്റെ (കെട്ടിടത്തിന്റെ) ടെറസ്സ്‌ ഒരു കൊച്ചു ‘വാട്ടർ വർക്സ്‌’  ആക്കി പ്രയോജനപ്പെടുത്തുകയാണ്‌.മഴക്കാലത്ത്‌ ടെറസ്സിന്റെ മുകളിൽ നിർമിച്ച ഫൈബർ ഷീറ്റ്‌ മേൽക്കൂരയിൽ പതിക്കുന്ന വെള്ളം ആദ്യത്തെ അരിപ്പ്‌ ശേഖരണടാങ്കിൽ വീഴുന്നതിനിടെ രണ്ടുതരം അരിപ്പകളിലൂടെ കടത്തിവിട്ട്‌ ശുദ്ധീകരിച്ച്‌  പലപല ടാങ്കുകളിൽ നിറയ്ക്കുന്നു. അവസാനത്തെ വിതരണ ടാങ്ക്‌ വീടിന്റെ പ്രധാന കിണർ/കെ.ഡബ്ള്യു.എ. വെള്ളടാങ്കിന്റെ വിതരണ പി.വി.സി.പൈപ്പുമായി ബന്ധിപ്പിച്ച്‌ വീടിന്റെ താഴത്തെ എല്ലാഭാഗത്തേക്കും അടുക്കളയിൽ പാചകത്തിനടക്കം എത്തിക്കുന്നു. അണുബാധ ഒഴിവാക്കാനുള്ള ക്ലോറിനേഷൻ ബ്ളീച്ചിങ്‌ പൗഡർ കലക്കിയ തെളിവെള്ളം ഫൈബർ ഷീറ്റിൽ പാറ്റിയെറിഞ്ഞും പാത്തിയിൽ ഒഴിച്ചും നിർവഹിക്കുന്നു. അങ്ങനെ എല്ലാംകൊണ്ടും സാധ്യമായതിൽ ഏറ്റവും പരിശുദ്ധമായ അണുവിമുക്തമായ കുടിവെള്ളമാണ്‌ ഈ മാതൃകയിൽ ലഭ്യമാവുന്നത്‌. വെള്ളംനിറഞ്ഞ ടാങ്കുകളുടെ ഭാരം ടെറസ്സിന്മേൽ വീതിച്ച്‌ കുറയ്ക്കാനാണ്‌ 500/750 ലിറ്റർ ടാങ്കുകൾ വിട്ടുവിട്ടുവെക്കുന്നത്‌.

ചുരുക്കത്തിൽ മഴവെള്ളത്തിന്റെ ഒഴുക്ക്‌,  അരിച്ചെടുക്കൽ, ശേഖരണം, സൂക്ഷിപ്പ്‌ അണുവിമുക്തമാക്കൽ എല്ലാം കെട്ടിടത്തിന്റെ ടെറസ്സിലായതുകൊണ്ട്‌ ടെറസ്‌ ഒരു മിനി വാട്ടർ വർക്സ്‌ ആക്കി പ്രവർത്തിപ്പിക്കുകയാണ്‌ ഈ രീതിയിലൂടെ. ഇത്‌ വെള്ളം മുകളിലേക്ക്‌ അടിച്ചുകയറ്റാനുള്ള വൈദ്യുതി ഉപയോഗം ഒഴിവാക്കുന്നു. നമ്മുടെ നഗരങ്ങളിലെ പ്രത്യേകിച്ചും ഹൗസിങ്‌ കോളനികളിലെ വീടുകളിൽ ഈ സ്ഥല ലാഭത്തിനുള്ള പ്രസക്തി വ്യക്തമാണല്ലോ. കനത്തമഴയത്ത്‌ ലഭിക്കുന്ന അധികവെള്ളം ഭൂമിയിലേക്കും കിണറ്റിലേക്കും താഴ്ത്താൻ സാധിക്കും. മഴക്കാലത്ത്‌ മുഴുവൻ എല്ലാ വീട്ടാവശ്യങ്ങൾക്കുംവേണ്ട ശുദ്ധീകരിച്ച ഈ മഴവെള്ളം ഉപയോഗിക്കുന്നതിനാൽ ഭൂമിയിലെ വെള്ളം അവിടെത്തന്നെ നിർത്തി, ഭൂമിയിൽ ജലശോഷണം ഒഴിവാക്കി, പരോക്ഷമായും ഭൂജല പരിപോഷണം സാധ്യമാവുന്നു. മഴക്കാലത്ത്‌ വീടിന്‌ പുറത്തേക്കൊഴുകുന്ന വെള്ളം ഗണ്യമായി കുറയുന്നതിനാൽ  വെള്ളക്കെട്ടും ഓടനിറഞ്ഞ്‌ മലിനജലം പരന്നൊഴുകുന്നതും കൊതുക്‌ പെരുകിയുള്ള ജലജന്യരോഗങ്ങൾ, പകർച്ചവ്യാധി, യാത്രാക്ലേശങ്ങൾ എന്നിവയുമെല്ലാം ഒരുപരിധിവരെ കുറയുന്നു. ഏറ്റവും പ്രധാനം ഭൂജല പരിപോഷണവും ഭൂജല സുരക്ഷയും വഴി ഇപ്പോൾ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം, അസഹ്യമായ ചൂട്‌ എന്നിവ ഒഴിവായിക്കിട്ടുമെന്നതുതന്നെ. തുടക്കത്തിൽ, എഴുതിയതുപോലെ ലക്ഷക്കണക്കിന്‌ കോൺക്രീറ്റ്‌ കെട്ടിടങ്ങളും മൂന്ന്‌ തവണകളിലായുള്ള നീണ്ട മഴക്കാലവുമുള്ള കേരളത്തിൽ ഇന്ന്‌, അനുഭവപ്പെടുന്ന വേനൽക്കാല, മഴക്കാല ജലദുരിതങ്ങൾക്കുള്ള പരിഹാര മാർഗമാണ്‌ ഈ മാതൃക. കേരളം മുഴുവനുമായുള്ള മഴവെള്ളസംഭരണം ഭൂജലപരിപോഷണം കൂട്ടാൻ മാത്രമാണ്‌. യുദ്ധകാലാടിസ്ഥാനത്തിൽ ഇത്‌ നടപ്പാക്കുന്നുവോ അത്രയും നല്ലത്‌. അല്ലെങ്കിൽ അനതിദൂരഭാവിയിൽ കേരളം ഒരു മരുഭൂമിയായി മാറും.

മേൽവിവരിച്ച ‘മേൽക്കൂര’ മോഡൽ മഴവെള്ള ശേഖരണത്തിന്‌ എല്ലാ ഭരണപരമായ വകുപ്പധ്യക്ഷന്മാരും അംഗീകരിച്ച്‌ നടപ്പാക്കാൻ കീഴുദ്യോഗസ്ഥന്മാർക്ക്‌ 2-3 കൊല്ലം മുമ്പുതന്നെ നിർദേശം നൽകിയിട്ടുണ്ട്‌. പക്ഷേ, നിർദേശം നിർഭാഗ്യവശാൽ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നുമാത്രം. അവസാനിപ്പിക്കുന്നതിന്‌ മുമ്പ്‌ ചില കാര്യങ്ങൾ കൂടി പറയാം. ആദ്യത്തെ  രണ്ടുകാര്യങ്ങൾ പലരും ചോദിക്കുന്ന സംശയങ്ങളെപ്പറ്റിയാണ്‌.മഴക്കാലത്ത്‌ വേണ്ടത്ര വെള്ളമുണ്ടല്ലോ, പിന്നെയെന്തിനാണ്‌ മഴവെള്ളസംഭരണം? അല്ലെങ്കിൽ മഴക്കാലത്തല്ലേ ഇത്‌ സാധ്യമാവൂ. വേനലിൽ എന്തുചെയ്യും? ഇതിനുള്ള ഉത്തരം ചോദ്യത്തിൽത്തന്നെയുണ്ട്‌. ഈ സംവിധാനത്തിന്റെ പേരുതന്നെ മഴവെള്ളസംഭരണം എന്നാണ്‌. വേനലിൽ മഴവെള്ളസംഭരണം നടക്കില്ല. മഴവെള്ളസംഭരണം കഴിയുന്നത്ര വെള്ളം ഭൂമിയിൽ ശേഖരിച്ച്‌ ജല സുരക്ഷ ഉറപ്പാക്കാനും വീടിന്‌ പുറത്തോട്ട്‌ ഒഴുകി ശല്യമാകുന്നതിനെ പ്രതിരോധിക്കാനും കൂടിയുള്ളതാണ്‌.രണ്ടാമത്തെ സംശയം ഈ ശേഖരിച്ച വെള്ളം എത്രകാലം കേടാവാതെ സൂക്ഷിച്ചുവെക്കാൻ പറ്റും എന്നതാണ്‌. നിശ്ചയമായും മഴക്കാലം കഴിഞ്ഞ്‌ അടുത്ത മഴക്കാലം വരെയുള്ള 3-4 മാസങ്ങൾ വരെ സൂക്ഷിക്കാൻ ഈരണ്ടാഴ്ച കൂടുമ്പോൾ ടാങ്കിൽ രണ്ട്‌ ചെറിയ സ്പൂൺ ബ്ളീച്ചിങ്‌ പൗഡർ കലക്കിയ തെളിവെള്ളം ഒഴിച്ചും ടാങ്ക്‌ മുഴുവനായും നിറച്ചുനിർത്തിയും സാധിച്ചെടുക്കാം. ആദ്യത്തെ ടാങ്കിൽ നിന്ന്‌  ആവശ്യത്തിന്‌ വെള്ളം എടുത്തു തീരുമ്പോൾ മാത്രം മറ്റേ ടാങ്കിൽ നിന്ന്‌ വെള്ളം എടുക്കണം. അത്രതന്നെ. എന്റെ 7-8 കൊല്ലത്തെ മഴവെള്ള സംഭരണ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒന്നു കൂടി പറയാം.

ഈ പരിപാടിയിൽ ഒരു താത്‌പര്യവും കാണിക്കാത്തത്‌ രാഷ്ട്രീയക്കാർ തന്നെ. കോർപ്പറേഷൻ കൗൺസിലർ തൊട്ട്‌ എം.എൽ.എ., എം.പി., മന്ത്രിമാർ വരെയുള്ള രാഷ്ട്രീയക്കാരെ സമീപിച്ചപ്പോൾ അനുഭവപ്പെട്ട അവരുടെ നിസ്സംഗത ആദ്യം എന്നെ അദ്‌ഭുതപ്പെടുത്തി. ഭാവിയിൽ, എല്ലാവരും പ്രതീക്ഷിക്കുന്ന ഒരു ജലയുദ്ധം ഉണ്ടാവുകയാണെങ്കിൽ അത്‌ ഒരു ജല ലഹളയായി സംഭവിക്കുന്നത്‌ മഴയുടെയും വെള്ളത്തിന്റെയും നദികളുടെയും കിണറുകളുടെയും മറ്റും നാടായ നമ്മുടെ കേരളത്തിൽ തന്നെയായിരിക്കും.ഈ മേൽക്കൂര മഴവെള്ള സംഭരണ മാതൃക, കോഴിക്കോട്ടെ എല്ലാ പത്രങ്ങളിലും കഴിഞ്ഞ അഞ്ചു കൊല്ലങ്ങളിൽ  (2011 മുതൽ ’16വരെ) 30-ൽ അധികം പത്രവാർത്തകളായും ദൂരദർശൻ അടക്കം അഞ്ച്‌ ടി.വി.ചാനലുകളിൽ പരിപാടിയായും പുറത്തുവന്നിട്ടുണ്ട്‌. എന്തായാലും കുറച്ചുപേരെങ്കിലും ഈ ലേഖനം വായിച്ച്‌ വേനൽക്കാലത്തുതന്നെ ഇത്തരം മഴവെള്ളസംഭരണി നിർമിച്ച്‌ വരാൻ പോകുന്ന മഴയെയും കാത്തിരിക്കുമെന്ന പ്രത്യാശയോടെ അവസാനിപ്പിക്കുകയാണ്‌. ദൈവം കേരളത്തെ മനുഷ്യനിർമിത മരുഭൂമിയാക്കുന്നതിൽ നിന്ന്‌ രക്ഷിക്കട്ടെ!