‘ലോകത്തിന്റെ കുപ്പത്തൊട്ടി’യാകാനില്ലെന്ന് കഴിഞ്ഞവർഷം ചൈന പ്രഖ്യാപിച്ചപ്പോഴേ വികസിതരാജ്യങ്ങൾ പരിഭ്രാന്തിയിലായതാണ്. പരിഭ്രാന്തി ഇപ്പോൾ വലിയ ഉത്കണ്ഠയ്ക്ക് വഴിമാറിയിരിക്കുന്നു. കാരണം, ചൈന വാക്കുപാലിച്ചു. ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക്, കടലാസ് മാലിന്യങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ചു. അതോടെ വികസിതരാജ്യങ്ങളിൽ മാലിന്യമലകൾ ഉയരുകയാണ്. എന്തുചെയ്യണമെന്ന് സർക്കാറുകൾക്ക് വലിയ ധാരണയില്ല. ‘‘എന്തു പ്രത്യാഘാതമാണുണ്ടാവുകയെന്ന് എനിക്കറിയില്ല. സത്യസന്ധമായി പറയട്ടെ, ഞാൻ അതേക്കുറിച്ച് അത്രയൊന്നും ആലോചിച്ചിരുന്നില്ല’’ -എന്ന ബ്രിട്ടീഷ് പരിസ്ഥിതി സെക്രട്ടറി മൈക്കൽ ഗ്രോവിന്റെ വാക്കുകളിൽ നിന്ന് ഇതു വ്യക്തമാണ്. 

ലോകത്തെ പ്ലാസ്റ്റിക്, കടലാസ് മാലിന്യങ്ങളിൽ പകുതിയും ഇറക്കുമതിചെയ്ത് ശുദ്ധീകരിച്ച് പുനരുപയുക്തമാക്കിയിരുന്നത് ചൈനയാണ്. യൂറോപ്പിലും യു.എസിലും ജപ്പാനിലും നിന്നായി 73 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യവും 2.7 കോടി ടൺ പാഴ്‌കടലാസുമാണ് 2016-ൽ ഇറക്കുമതി ചെയ്തതെന്നാണ് ചൈനീസ്‌ സർക്കാറിന്റെ കണക്ക്‌. ലോഹമാലിന്യം വേറെയുണ്ട്. 2016-ലെ കണക്കുപ്രകാരം 1800 കോടി ഡോളറിന്റേതാണ് ചൈനീസ് മാലിന്യവിപണി. തൊഴിൽ നഷ്ടവും സാമ്പത്തികനഷ്ടവും സംഭവിക്കുമെന്ന് ആശങ്കയുണ്ടായിട്ടും മാലിന്യ ഇറക്കുമതി നിർത്താൻ ചൈനയെ പ്രേരിപ്പിച്ചത് എന്താണ്?

പരിസ്ഥിതിക്ക് ആഘാതം
വർഷാവസാനത്തോടെ 24 ഇനം ഖരമാലിന്യങ്ങളുടെ ഇറക്കുമതി നിർത്തുമെന്ന് 2017 ജൂലായിൽ ലോകവ്യാപാര സംഘടനയെ (ഡബ്ല്യു.ടി.ഒ.) ചൈന അറിയിച്ചതാണ്. പരിസ്ഥിതിയും പൊതുജനാരോഗ്യവും സംരക്ഷിക്കാനാണ് നിരോധനമെന്നും അറിയിച്ചു. ‘‘അസംസ്കൃതവസ്തുക്കളായി ഉപയോഗിക്കാവുന്ന ഖരമാലിന്യങ്ങളിൽ വൃത്തിയില്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമായ മാലിന്യങ്ങളും കലർത്തുന്നു. ഇത് ചൈനയുടെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നു’’ -എന്നാണ് ഡബ്ല്യു.ടി.ഒ.യിൽ അവർ പറഞ്ഞത്. 

ചെറുകിട മേഖലയിലാണ് മാലിന്യം വേർതിരിക്കലും വൃത്തിയാക്കലും നടക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. വേണ്ടത്ര മുൻകരുതലുകളെടുക്കാറില്ല ഇവർ. ഇലക്‌ട്രോണിക് മാലിന്യങ്ങൾ വേർതിരിക്കുമ്പോൾ ഉണ്ടാകുന്ന വിഷവസ്തുക്കൾ ജലാശയങ്ങളിലേക്കാണ് ഒഴുക്കുന്നത്. മാലിന്യവിപണിയിലെ ദുരവസ്ഥകൾ പലപ്പോഴും ഡോക്യുമെന്ററികൾക്ക് വിഷയമായിട്ടുണ്ട്. അതിനനുസരിച്ച് ചൈനീസ് സർക്കാർ വിമർശനങ്ങളും കേട്ടിട്ടുണ്ട്. 

സമ്മർദം മുറുകിയപ്പോൾ 2013-ൽ  സർക്കാർ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നു. നിലവാരം കുറഞ്ഞ മാലിന്യങ്ങൾ നിരോധിച്ചു. മാലിന്യവുമായെത്തുന്ന കപ്പലുകളിൽ പരിശോധന കർക്കശമാക്കി. ‘ഓപ്പറേഷൻ ഗ്രീൻ ഫെൻസ്’ എന്നായിരുന്നു ഈ നടപടിക്ക് പേര്. 2017 ഫെബ്രുവരിയായപ്പോൾ ‘നാഷണൽ സ്വോഡ്’ എന്ന പുതിയ സംരംഭത്തിന് തുടക്കമായി. വ്യാവസായിക, ഇലക്േട്രാണിക് മാലിന്യങ്ങൾ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്നവരെ പിടികൂടുന്നതിനായിരുന്നു ഇത്. ‘വിദേശ മാലിന്യ’ത്തിനെതിരായ നടപടികളിൽ ഏറ്റവും ഒടുവിലത്തേതാണ് ജനുവരി ഒന്നിന് നിലവിൽവന്ന നിരോധനം. 

പ്രതിച്ഛായാ സംരക്ഷണം
ലോകത്തിന്റെ ഉത്പാദനകേന്ദ്രമാണ് ചൈന. ഇതിന് ചൈനയ്ക്ക് അസംസ്കൃതവസ്തുക്കൾ ആവശ്യമാണ്. അവയിൽപ്പെട്ടതായിരുന്നു പുനരുപയോഗിക്കാവുന്ന മാലിന്യങ്ങളും. സാമ്പത്തികാഭിവൃദ്ധിയുടെ പാതയിലാണ് ചൈന. സാമ്പത്തിക പുരോഗതിയെന്നാൽ കൂടുതൽ മാലിന്യങ്ങളുടെ ഉത്പാദനം എന്നുകൂടി അർഥമുണ്ട്. സ്വന്തംനാട്ടിൽ ഇത്തരത്തിലുണ്ടാവുന്ന മാലിന്യം സംസ്കരിച്ചുപയോഗപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യമെന്ന നിരീക്ഷണവുമുണ്ട്.

മാലിന്യവിപണിയെക്കുറിച്ച് ‘ജങ്ക്‌യാഡ് പ്ലാനെറ്റ്: ട്രാവൽസ് ഇൻ ദ ബില്യൻ ഡോളർ ട്രാഷ് ട്രേഡ്’ എന്ന പുസ്തകമെഴുതിയ ആഡം മിന്റർ പാശ്ചാത്യമാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടതാണിത്. 
മറ്റൊന്നുകൂടി അദ്ദേഹം പറഞ്ഞു. പ്രതിച്ഛായാനഷ്ടമുണ്ടാക്കുന്ന വിപണിയാണ് മാലിന്യത്തിന്റേത്. ചൈന മാത്രമല്ല, വികസ്വരരാജ്യങ്ങളെല്ലാം ഇതനുഭവിക്കുന്നുണ്ട്. മാലിന്യം സ്വീകരിച്ച് സംസ്കരിക്കുന്നത് പാരിസ്ഥിതിക പ്രാധാന്യമുള്ള കാര്യമാണെങ്കിലും നാലാംകിട പ്രവൃത്തിയായാണ് പരിഷ്കൃതലോകം കാണുന്നത്. ആഗോളശക്തിയാവാൻ ശ്രമിക്കുന്ന ചൈന, വൈകാരികമായി അസ്വസ്ഥതയുണ്ടാക്കുന്ന ഈ പ്രതിച്ഛായ കുടഞ്ഞുകളയാൻ വെമ്പൽക്കൊള്ളുന്നു എന്നത് വസ്തുതയാണ്. 

മാലിന്യം എവിടേക്ക്‌
യു.കെ., യു.എസ്., അയർലൻഡ്, കാനഡ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ആകെയുള്ള വിരലിലെണ്ണാവുന്ന സംഭരണകേന്ദ്രങ്ങളിലും തുറമുഖങ്ങളിലും മാലിന്യങ്ങൾ കൂടിക്കിടക്കുന്നെന്നാണ് റിപ്പോർട്ടുകൾ.  ഇവ എവിടേക്കെങ്കിലും കയറ്റി അയച്ച് ഒഴിവാക്കാൻ ശ്രമിക്കുകയാണ് മാലിന്യം ശേഖരിച്ച് വേർതിരിച്ച് കയറ്റിയയ്ക്കുന്ന സ്വകാര്യ കമ്പനികൾ. 

ഇന്ത്യ, ഇൻഡൊനീഷ്യ, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലാണ് അവയുടെ കണ്ണ്. 
യു.എസിലെ ഒറിഗനിലുള്ള പയനിയർ റീസൈക്ലിങ് കമ്പനിയുടമ സ്റ്റീവ് ഫ്രാങ്ക് ‘ന്യൂയോർക്ക് ടൈംസി’ന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറയുകയും ചെയ്തു. സ്വരാജ്യത്ത് ഉത്പാദിപ്പിക്കുന്ന മാലിന്യം പുനരുപയുക്തമാക്കാൻ കഴിയുംവിധം സംസ്കരിക്കാൻ പ്രയാസപ്പെടുന്ന ഇന്ത്യ വികസിതലോകത്തിന്റെ കുപ്പ കൂടി ഏറ്റുവാങ്ങാനിടവന്നാലുള്ള ഗതിയെന്താവും? 

മാലിന്യമുണ്ടാകുന്നത് ഒഴിവാക്കാൻ 25 വർഷത്തിനകം നടപടിയെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അടുത്തിടെ പറഞ്ഞു. പ്ലാസ്റ്റിക് സഞ്ചികൾക്കും പൊതികൾക്കും ഉയർന്ന നികുതിയേർപ്പെടുത്താനുള്ള നീക്കത്തിലാണ് യൂറോപ്യൻ യൂണിയൻ. 

വളർച്ചയെ ബാധിക്കുമോ
പരിസ്ഥിതിചട്ടങ്ങൾ കർക്കശമാക്കുന്നത് ചൈനയുടെയും ലോകത്തിന്റെയും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. വളർച്ച കുറയുമെന്നും ഉത്പാദനത്തിലെ കുറവ് പണപ്പെരുപ്പം കൂട്ടുമെന്നുമായിരുന്നു പ്രധാന ആശങ്ക. ചൈനയിലെ 40 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകുമെന്നും കരുതിയിരുന്നു. മാലിന്യ ഇറക്കുമതി നിരോധനത്തിനൊപ്പം ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗവും കുറയ്ക്കുകയാണ് ചൈന. ഉരുക്കുകമ്പനികൾക്കുമേലും പിടിമുറുക്കി. ഇതൊന്നും വളർച്ചയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ‘ഇക്കണോമിസ്റ്റ്’ വാരിക പറയുന്നത്.

വ്യാവസായിക ഉത്പാദനം മുമ്പ് പ്രവചിച്ചിരുന്നതിലും അല്പം കുറഞ്ഞിട്ടുണ്ട്. എങ്കിലും ആറു ശതമാനത്തിലേറെ വളർച്ച തുടരുന്നു. ചില വസ്തുക്കളുടെ വില കൂടി. പക്ഷേ, ഇത് പൊതുവായുള്ള പണപ്പെരുപ്പത്തിൽ അത്ര പ്രതിഫലിച്ചിട്ടില്ല. പലയിടത്തും തൊഴിൽ നഷ്ടമുണ്ടായെങ്കിലും ഹരിതവഴിയിലേക്കുള്ള മാറ്റം പുത്തൻ തൊഴിലുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

2017-ൽ 55 ഗിഗാവാട്ടിന്റെ സൗരോർജപദ്ധതികളാണ് ചൈന സ്ഥാപിച്ചത്. ആഗോള വൈദ്യുത കാർ ഉത്പാദനത്തിന്റെ മൂന്നിൽ രണ്ടും നടക്കുന്നത് ചൈനയിലാണ്. ഇങ്ങനെ പുതിയ പുതിയ രംഗങ്ങളിൽ തൊഴിലുകളുണ്ടായി വരുന്നു. മാലിന്യനിരോധനം തൊഴിൽ നഷ്ടമുണ്ടാക്കിയത് മറ്റു രാജ്യങ്ങൾക്കാണ്. മാലിന്യ കയറ്റുമതി വിപണി യു.എസിന് നേടിക്കൊടുത്തിരുന്നത് 1.55 ലക്ഷം നേരിട്ടുള്ള തൊഴിലുകളാണ്. ചൈന വാതിലടച്ചതോടെ പ്രതിസന്ധിയാലാകുന്നത് ഈ തൊഴിലാളികളാണ്. 

വന്നില്ല പ്ലാസ്റ്റിക്
ജനുവരി ഒന്നു മുതൽ 12 വരെയുള്ള കാലയളവിൽ 9.3 ടൺ പ്ലാസ്റ്റിക് മാലിന്യം മാത്രമാണ് ചൈനയിലെത്തിയത്. കഴിഞ്ഞവർഷം ഈ സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ 99 ശതമാനം കുറവ്. അക്കാലത്തെത്തിയത് 38 ലക്ഷം ടണ്ണിലേറെ പ്ലാസ്റ്റിക് മാലിന്യമായിരുന്നു. ചൈനയ്ക്ക് ഇനി വേണ്ടത് പുത്തൻ അസംസ്കൃത വസ്തുക്കളാണ്. പാഴ്‌കടലാസ് സംസ്കരിച്ച് പുതിയ കടലാസ് ഉണ്ടാക്കുന്നത് നിർത്തിയതോടെ കാനഡയിൽനിന്നും മറ്റും പുത്തൻ പൾപ്പ് ഇറക്കുമതി ചെയ്യുകയാണ് ചൈന. കൂടുതൽ മരങ്ങൾക്കുമേൽ കോടാലി വീഴ്‌ത്തേണ്ട സ്ഥിതിയാണ് ഇതുണ്ടാക്കിയിരിക്കുന്നത് എന്ന ആക്ഷേപം ഉയരുന്നുണ്ട്.