ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അപകടാവസ്ഥയിലെന്നു സ്ഥാപിക്കാനുള്ള ത്വര സമീപകാലത്തായി വിവിധകോണുകളിൽ  സജീവമാണ്.  ധനകാര്യവകുപ്പ് മുൻമന്ത്രി യശ്വന്ത് സിൻഹ ‘സാമ്പത്തികമേഖല അടിതെറ്റുന്നു’ എന്ന തരത്തിൽ ഇതു സംബന്ധിച്ച് എഴുതിയ ഒരു ലേഖനം യഥാർഥചിത്രം വരച്ചുകാട്ടുന്നതിൽ സത്യത്തിൽ പരാജയപ്പെടുകയാണ് ചെയ്തത്. പാർലമെന്റിന്റെ ധനകാര്യവകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റിയിൽ സിൻഹയോടൊപ്പം പ്രവർത്തിക്കുന്നതിന് അവസരംലഭിച്ച ഒരാളെന്നനിലയിൽ  അദ്ദേഹത്തിന്റെ സാമ്പത്തികാവലോകനം വസ്തുതകളും സ്ഥിതി വിവരക്കണക്കുകളും ആശ്രയിച്ചുള്ളതാകാമായിരുന്നു എന്ന്  ഞാൻ ആശിച്ചുപോവുകയാണ്. എന്നാലത് ഒരു വിദഗ്ധാഭിപ്രായം എന്നതിലുപരി സർക്കാരിന് മേൽ അദ്ദേഹത്തിനുള്ള വ്യക്തിപരമായ അനിഷ്ടം പ്രകടിപ്പിക്കുന്ന ഒന്നായി മാറി.
2014-ലെ നിരാശാജനകമായ അവസ്ഥയിൽനിന്ന് നമ്മുടെ സാമ്പത്തികരംഗം എത്രയേറെ മുന്നോട്ടുവന്നു എന്ന വസ്തുത സിൻഹ തന്റെ അവലോകനത്തിൽ കാണാതെ പോകുന്നു. 
തുടർച്ചായ 12 പാദങ്ങളിലും  ആഭ്യന്തരവളർച്ച സൂചികകൾ താഴേക്കുമാത്രം പോകുകയായിരുന്നു അന്ന്. 24 പാദങ്ങളിലും  പണപ്പെരുപ്പം ക്രമേണ ഉയർന്ന് 400 ബില്യൺ ഡോളർ എന്നെ റെേക്കാഡിലെത്തി. 
 
 മുൻകൂർ വിശകലനം ആശാസ്യമല്ല
ഇത്തരമൊരവസ്ഥയിൽനിന്ന് സാമ്പത്തികരംഗം ഏറ്റെടുത്ത രണ്ടാമത് എൻ.ഡി.എ. സർക്കാർ പടിപടിയായി ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള തീവ്രശ്രമങ്ങളാണ് നടത്തിപ്പോരുന്നത്. ആഭ്യന്തര വളർച്ചനിരക്ക് വളരുകയും പ്രതിശീർഷവരുമാനം വർധിക്കുകയും വിദേശത്തുനിന്ന് നേരിട്ടുള്ള നിക്ഷേപങ്ങൾ ചരിത്രപരമായ 160 ബില്യൺ ഡോളറിലെത്തുകയും ചെയ്തു. വിദേശനാണ്യ റിസർവ് ഈ കാലയളവിൽ 420 ബില്യൺ ഡോളറായി. പണപ്പെരുപ്പം എതാണ്ട് നിയന്ത്രണാധീനമായി. വർഷങ്ങൾ നീണ്ടുനിന്ന  പ്രത്യുത്പാദനപരമല്ലാത്തതും കൈയടി നേടുന്നതിന് മാത്രം ഉദ്ദേശിച്ച് നടപ്പാക്കുകയും ചെയ്ത അശ്രദ്ധമായ ചെലവുകൾക്കും  ചോർച്ചകൾക്കും ഒടുവിൽ പൊതുധനകാര്യം സാമ്പത്തിക അച്ചടക്കത്തിന്റെ പാതയിലേക്കുവന്നു. പൊതുമേഖല ബാങ്കിങ്  പ്രവർത്തനവും മൂലധനം ഏതാനും പേരിൽ കുന്നുകൂടുന്ന അവസ്ഥയും അവസാനിപ്പിക്കപ്പെട്ടു. കൽക്കരി, സ്പെക്‌ട്രം തുടങ്ങിയ പ്രകൃതിവിഭവങ്ങളും ലൈസൻസുകളും തികച്ചും സുതാര്യമായ ലേലങ്ങളിലൂടെ നടത്തപ്പെടുകയാണിപ്പോൾ. ബാങ്കിങ് മേഖലയിലെ നിഷ്‌ക്രിയ ആസ്തികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആശ്വാസമേകിക്കൊണ്ടാണ് ബാങ്ക്‌റപ്റ്റ്‌സി കോഡ് നിലവിൽവന്നിട്ടുള്ളത്.
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിലും മറ്റും  ഏതാനും  വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ, യന്ത്രവത്കരണവും റോബോട്ടിക്സ് സാങ്കേതികവിദ്യയുടെ  ഉദ്ഭവവും മറ്റുമെല്ലാം കൊണ്ട്  ഉത്പാദനരംഗത്ത് സംഭവിച്ച വ്യതിയാനങ്ങൾമൂലം ലോകത്തെ എല്ലാ സർക്കാരുകളും ഇത്തരം പ്രതിസന്ധികൾ നേരിട്ടുവരികയാണ്.
 പെട്രോളിയവുമായി ബന്ധപ്പെട്ട വിഷയം ‘കുറച്ചുകൂടി ഭേദപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നു’വെന്നാണ് സിൻഹ അഭിപ്രായപ്പെടുന്നത്.  എന്നാൽ, യു.പി.എ. സർക്കാരിന്റെ കാലത്ത് പൊതുഖജനാവിൽനിന്ന് ധനമൊഴുക്കി ഏതാണ്ട് ശൂന്യമാക്കപ്പെട്ട പെട്രോളിയം മാർക്കറ്റിങ്  കമ്പനികളുടെ ബാലൻസ് ഷീറ്റുകൾ ശുദ്ധീകരിച്ചും അവയുടെ അടിസ്ഥാനസൗകര്യവികസനത്തിനും പ്രത്യുത്പാദനപരമായ പദ്ധതികൾക്കും ഊന്നൽ നൽകിയും  സർക്കാർ ബുദ്ധിപൂർവം പ്രവർത്തിക്കുകയാണ് ചെയ്തതെന്ന് സിൻഹ തിരിച്ചറിയേണ്ടിയിരുന്നു. 
 
 പൊതുമേഖലാ ബാങ്കുകളെ 
ശക്തിപ്പെടുത്തണം
യു.പി.എ. സർക്കാരിൽനിന്ന് കൈമാറ്റം ചെയ്യപ്പെട്ട കുറഞ്ഞ സ്വകാര്യനിക്ഷേപം മികച്ച വളർച്ച കൈവരിക്കുന്നതിന് ഒരു തടസ്സമായിത്തന്നെ ഇപ്പോഴും നിലകൊള്ളുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ഇത് തരണം ചെയ്യുന്നതിന്  സാധിച്ചിട്ടില്ല. രാജ്യത്തെ 80 ശതമാനം വായ്പകളും നിയന്ത്രിക്കുന്ന പൊതുമേഖലാ ബാങ്കിങ് സംവിധാനത്തിൽ, യു.പി.എ. സർക്കാരിന്റെ കാലത്തെ തെറ്റായ വായ്പനയങ്ങൾ മൂലവും കിട്ടാക്കടം പെരുകിയതുകൊണ്ടും വൻപ്രതിസന്ധിയാണുള്ളത്. ചിദംബരം ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതുതന്നെ 2010-ൽ പാർലമെന്റിൽ ഞാൻ കിട്ടാക്കടങ്ങളെക്കുറിച്ച് പരാമർശിച്ചതിനു ശേഷമാണ്.
 കിട്ടാക്കടങ്ങൾക്കുമേൽ താത്കാലിക നടപടികൾ തട്ടിക്കൂട്ടി തടയിട്ടുപോന്ന റിസർവ് ബാങ്ക് മാതൃക ഈ പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു. ഇത് നിഷ്‌ക്രിയ ആസ്തി വർധിപ്പിച്ചു. ജൂൺ അവസാനത്തോടെ എട്ടുലക്ഷം കോടി  കവിഞ്ഞ ബാങ്കുകളുടെ കിട്ടാക്കടങ്ങൾക്കുമേൽ ഒരു തീരുമാനം അനിവാര്യമാണ്. 80 ശതമാനം വായ്പകളും പൊതുമേഖലാ ബാങ്കുകളിൽ ഊന്നിനിൽക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് ആഭ്യന്തര സ്വകാര്യനിക്ഷേപ സംവിധാനങ്ങൾ പുനരാരംഭിക്കുന്നതിന് തടസ്സങ്ങൾ ഏറെയുണ്ട്. ഇൻസോൾവൻസി, ബാങ്ക്‌റപ്റ്റ്‌സി കോഡ് മുതലായവ നടപ്പാക്കിക്കൊണ്ട് റിസർവ്ബാങ്ക് കിട്ടാക്കടങ്ങൾക്കുമേൽ ശക്തമായ നടപടികൾ എടുക്കണം. പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തികക്കരുത്ത് പുനഃസ്ഥാപിക്കുന്നതിനാണ് ഈ സർക്കാർ മുന്തിയ പരിഗണന നൽകേണ്ടതെന്നാണ് എന്റെ പക്ഷം.
 
 വൈകാതെ ജി.എസ്.ടി. 
മധുരിക്കും
അടിസ്ഥാനപരമായ പരിഷ്കരണങ്ങളുടെ പാതയിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോകുന്നത്. ജി.എസ്.ടി., നോട്ടുനിരോധനം മുതലായ പരിഷ്കരണങ്ങൾ കഴിഞ്ഞ ഒന്നോ രണ്ടോ പാദങ്ങളായി തുടരുന്നതുപോലുള്ള  ചില പ്രത്യാഘാതങ്ങൾ ഉളവാക്കിയേക്കാമെന്ന് സർക്കാർതന്നെ സമ്മതിക്കുന്നുണ്ട്. ഏകീകൃത വിപണി, കുറഞ്ഞ കറൻസി വിനിമയം തുടങ്ങിയ പരിഷ്കരണങ്ങളിലൂടെ കടന്നുപോകുമ്പോൾ അസംഘടിതമേഖലയടക്കം പരിവർത്തനങ്ങൾക്കു വിധേയമാകുന്ന നിരവധി മേഖലകളുണ്ട്. ജി.എസ്.ടി. മുതലായ ദീർഘവീക്ഷണത്തോടുകൂടിയ പദ്ധതികളുടെ പരിണതഫലം അവലോകം ചെയ്യുന്നതിന് കുറച്ചുസമയം നൽകിയേ മതിയാവൂ.
ആഭ്യന്തര വളർച്ചനിരക്കിൽ സമീപകാലത്ത് നേരിയ വ്യതിയാനങ്ങളുണ്ടെന്ന വസ്തുതയും നിഷേധിക്കാവുന്നതല്ല. സാമ്പത്തികരംഗം ശക്തിപ്പെടുത്തുന്നതിനുള്ള കർശനനടപടികളുടെ ഭാഗമായി 96.2 ശതമാനം സാമ്പത്തികക്കമ്മിയും  ഏറ്റെടുക്കേണ്ടിവന്നത് നിസ്സാര കാര്യമല്ല. അതേറ്റെടുക്കുകയെന്നത് ഒഴിവാക്കാൻ വയ്യാത്ത ബാധ്യതയുമായിരുന്നു.  എന്നാൽ, ഈ മാറ്റം യാഥാർഥ്യമാവുകവഴി സമൂഹത്തിൽ വ്യത്യസ്തതലങ്ങളിൽ സ്വാധീനമുളവാക്കുന്നതരത്തിൽ ബാങ്കുകളുടെ മൂലധനവർധനയ്ക്കും ഭവനവായ്പകൾക്കും ചെറുകിട വ്യാപാരവായ്പകൾക്കും കൂടുതൽ ഊന്നൽ നൽകുന്നതിന് നമുക്ക്  കഴിയും.
 
(രാജ്യസഭ എം.പി.യാണ്‌ ലേഖകൻ)