‘ഭൂമിയില്ലെങ്കിൽ ആകാശവും ശൂന്യാകാശവും മറ്റുഗ്രഹങ്ങളുമില്ല. അതുകൊണ്ട് ആകാശങ്ങൾ സ്വപ്നംകാണുന്നത് ഭൂമിയിൽ നിലയുറപ്പിച്ചുകൊണ്ടാകണം.’ രാജ്യത്തിന്റെ ബഹിരാകാശദൗത്യങ്ങളുടെ തലപ്പത്തെത്തിയ ഡോ. എസ്. സോമനാഥ് ജീവിതപാഠമായി ഒരിക്കൽ പറഞ്ഞു. അതുകൊണ്ടാകണം, അദ്ദേഹത്തിന്റെ അമ്പലംമുക്ക് മുരളീനഗറിലെ ശ്രീവാസം വീട്ടിൽ മണ്ണിന്റെ മണവും ഭൂമിയുടെ സംഗീതവും നിറഞ്ഞുനിൽക്കുന്നത്. എസ്.എസ്.എൽ.സി. പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടിയതിനുള്ള സമ്മാനം വാങ്ങിക്കാനാണ് സോമനാഥ് തിരുവനന്തപുരത്ത് ആദ്യമായി വന്നത്. ഇപ്പോൾ പതിറ്റാണ്ടുകൾക്കിപ്പുറം സോമനാഥിനൊപ്പം ഈ നഗരവും അഭിമാനത്തിന്റെ ആകാശങ്ങളിലാണ്.

1985-ൽ ആദ്യ പി.എസ്.എൽ.വി. റോക്കറ്റിന്റെ നിർമാണത്തിൽ പങ്കാളികളാകാൻ ഐ.എസ്.ആർ.ഒ. തിരഞ്ഞെടുത്ത പ്രഗല്‌ഭവിദ്യാർഥികളിലൊരാളായിരുന്നു കൊല്ലം ടി.കെ.എം. എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർഥി സോമനാഥ്. കോളേജിലെ അവസാനവർഷ വിദ്യാർഥികളായ പി. സുരേഷ് ബാബു, വി.പി. ജോയ്, ജെയിംസ് കെ. ജോർജ്, ഷാജി ചെറിയാൻ എന്നീ സുഹൃത്തുക്കൾക്കൊപ്പമാണ് സോമനാഥും ഐ.എസ്.ആർ.ഒ.യുടെ വലിയമല കേന്ദ്രത്തിലെത്തിയത്. ഇവരിൽ ജെയിംസും ഷാജിയും സോമനാഥിന്റെ സഹപ്രവർത്തകരായി. വി.പി. ജോയി ഐ.എ.എസിലെത്തി കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി. പി. സുരേഷ് ബാബുവും ഐ.എ.എസിലെത്തി.

വലിയമലയിലും തുമ്പയിലുമായി ഇന്ത്യയുടെ ബഹിരാകാശലോകത്തിനൊപ്പം വളർന്ന സോമനാഥ് ജോലിക്ക് സമയപരിധി നോക്കാത്തയാളാണെങ്കിലും ആ പരാതി വീട്ടുകാർക്കില്ല. ആളെ വീട്ടിൽക്കിട്ടാൻ പ്രയാസമാണെങ്കിലും ഉള്ളസമയത്തെല്ലാം വീട്ടിൽ പാട്ടും സന്തോഷവുമാണെന്ന് സോമനാഥിന്റെ ഭാര്യ വത്സലകുമാരി പറയുന്നു. തിരുവനന്തപുരം ജി.എസ്.ടി. ഭവനിൽ സൂപ്രണ്ടാണ് വത്സലകുമാരി.

ശ്രീഹരിക്കോട്ടയിൽ വിക്ഷേപണം ഉള്ളപ്പോൾ പലപ്പോഴും രാത്രി വൈകിയെത്തി പിറ്റേന്നുരാവിലെ കൃത്യം എട്ടിന് ഓഫീസിൽ പോകുന്നയാളാണ് ഭർത്താവെന്ന് വത്സലകുമാരി പറയുന്നു. വർഷങ്ങളായി ഈ ജോലിത്തിരക്ക് കാണുന്നു. എന്നാൽ, ഔദ്യോഗികവേഷം മാറ്റിക്കഴിഞ്ഞാൽ അദ്ദേഹം ഈ വീട്ടിലെ മൂത്തകുട്ടിയെപ്പോലെയാണ്, തനി വീട്ടുകാരനും.
ആലപ്പുഴ തുറവൂരുകാരനായ സോമനാഥിന്റെ സ്കൂൾവിദ്യാഭ്യാസം അരൂരിലും പ്രീഡിഗ്രി എറണാകുളം മഹാരാജാസ് കോളേജിലുമായിരുന്നു. സ്കൂളധ്യാപകനായിരുന്ന അച്ഛൻ ശ്രീധരപ്പണിക്കരുടെയും അമ്മ തങ്കമ്മയുടെയും മേൽനോട്ടത്തിൽ മികച്ചവിദ്യാർഥിയായിരുന്നു സോമനാഥ്. സ്കോളർഷിപ്പ് തുകകൊണ്ടാണ് പഠിച്ചത്. ഐ.എസ്.ആർ.ഒ.യിൽനിന്ന്‌ അവധിയെടുത്ത് ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നു എയ്റോസ്പേസ് എൻജിനിയറിങ്ങിൽ പി.ജി. നേടി. അവധിയും സമയവും നോക്കാതെയുള്ള ജോലി. ഇതെല്ലാം അദ്ദേഹത്തിന്റെ മക്കളും മാതൃകയാക്കി. എം.ടെക് കഴിഞ്ഞ മകൾ മാലിക ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പിഎച്ച്.ഡി. ചെയ്യുന്നു. ബി.ടെക് കഴിഞ്ഞ മകൻ മാധവ് എറണാകുളത്ത് ജോലിചെയ്യുകയാണ്. ചെറുപ്പത്തിൽ പാട്ടുപഠിക്കാൻ കഴിയാത്തതിന്റെ വിഷമം സോമനാഥ് പരിഹരിച്ചത് മുതിർന്നിട്ടാണ്. സംഗീതപഠനം ജോലിയുടെ ടെൻഷൻ കുറയ്ക്കാനും ഉപകരിച്ചു.

കോവിഡ് കാരണം നീണ്ടുപോയ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാന്റെ പൂർത്തീകരണം പുതിയ ഐ.എസ്.ആർ.ഒ. ചെയർമാന്റെ നേതൃത്വത്തിലാകുമെന്നാണ് പ്രതീക്ഷ. സോമനാഥിലൂടെ മലയാളം അഭിമാനത്തിലേക്കുയരുന്ന ആ നിമിഷത്തിന് കാത്തിരിക്കുകയാണ് ­കേരളമാകെ.

നിയുക്ത ചെയർമാൻ എസ്. സോമനാഥ് ‘മാതൃഭൂമി’യോട്

ലക്ഷ്യം ബഹിരാകാശ പദ്ധതികളുടെ വ്യാപ്തി വർധിപ്പിക്കൽ
ഭാരതീയ ബഹിരാകാശ പദ്ധതികളുടെ വ്യാപ്തി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഐ.എസ്.ആർ.ഒയുടെ നിയുക്ത ചെയർമാൻ എസ്. സോമനാഥ് . വ്യവസായ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുത്തിയാകും ഇത്. എല്ലാവർക്കും അഭിമാനംനൽകുന്ന ശാസ്ത്ര സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നിയോഗിക്കപ്പെടുന്നത് അനുഗ്രഹമായി കാണുകയാണെന്നും അടുത്ത ആഴ്ചയോടെ ചുമതലയേൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

വരും വർഷങ്ങളിലേക്കായി ബഹിരാകാശ രംഗത്തെ ഒരുക്കലാണ് പ്രധാനം. രാജ്യത്തിന്റെയും സർക്കാരിന്റെയും ലക്ഷ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയെന്നതാണ് ഉത്തരവാദിത്വം. ബഹിരാകാശ സാങ്കേതികത രാജ്യത്തിന്റെയും ജനങ്ങളുടെയും ഉപയോഗങ്ങൾക്ക് വേണ്ടിയുള്ളതാണ്. അത് നമ്മുടെ ജീവിതത്തെ തൊടുന്നതാണ്. ജനങ്ങൾക്ക് ഉപയുക്തമാകുന്നതരത്തിൽ കൂടുതൽ മാറ്റിയെടുക്കണം. മനുഷ്യന്റെ ബഹിരാകാശ യാത്ര, ചന്ദ്രയാത്ര, ചൊവ്വായാത്ര എന്നിവയൊക്കെ ഭാവി ലക്ഷ്യങ്ങളാണെന്നും സോമനാഥ് പറഞ്ഞു.