പരിസ്ഥിതിക്ക്‌ ഹാനിയുണ്ടാക്കാത്ത ശുദ്ധമായ ഊർജം ഒരു സങ്കല്പമാണ്. സൗരോർജപാനലുകളും കാറ്റും പരിസ്ഥിതിക്ക്‌ ആഘാതം സൃഷ്ടിക്കുന്നുണ്ട്; നാം കാണുന്നില്ലെന്നുമാത്രം. മറ്റെന്തെങ്കിലും പരിഹാരമുണ്ടോ? ആ രീതിയിലുള്ള ശാസ്ത്രഗവേഷണങ്ങൾ ലോകത്ത് പലയിടത്തായി നടക്കുന്നുണ്ട്.  അത്‌ നാം കാണണം

ശാസ്ത്ര  വിചാരം

ജനസംഖ്യാവർധനയും വ്യാവസായികവളർച്ചയും ഊർജോപയോഗത്തെ പണ്ടെങ്ങുമില്ലാത്തവിധം ത്വരപ്പെടുത്തിയിരിക്കുന്നു. നമ്മുടെ ഊർജാവശ്യത്തിന്റെ പകുതിയിലേറെയും എണ്ണ-വാതക-കൽക്കരി നിക്ഷേപങ്ങളിൽനിന്നാണ്. ഈ വസ്തുക്കളുടെ ഉപയോഗത്തിലൂടെ അമിതമായി പുറന്തള്ളപ്പെടുന്ന കാർബൺ അന്തരീക്ഷത്തിലുണ്ടാക്കുന്ന അതിപ്രസരമാണ് ആഗോളതാപനത്തിനും അതുവഴി കാലാവസ്ഥാ വ്യതിയാനങ്ങൾക്കും ഒരു കാരണം. മനുഷ്യന്റെയും മറ്റുജീവജാലങ്ങളുടെയും ജീവനവ്യവസ്ഥയ്ക്ക് ഭീഷണിയാണ് ഈ മാറ്റങ്ങൾ.

 കൊട്ടിയടയ്ക്കുക,  സാമ്പ്രദായിക ഊർജവഴികൾ
മനുഷ്യരാശിയുടെ അസ്തിത്വപ്രതിസന്ധിക്ക് സാമ്പ്രദായിക ഊർജസ്രോതസ്സുകളുമായി അഭേദ്യബന്ധമുണ്ട്. ഇത്തരം ഊർജസ്രോതസ്സുകളുമായുള്ള ബന്ധം എന്നന്നേക്കുമായി പൊട്ടിച്ചെറിഞ്ഞാലേ      മനുഷ്യന്റെയും ഭൂമിയുടെയും ഭാവി സുരക്ഷിതമാകൂ. ഊർജലഭ്യതയ്ക്കുള്ള നിർദോഷമായ ഇതരമാർഗങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും അവയെ ലാഭകരമാക്കാനുമുള്ള പ്രയത്നങ്ങൾ പലരാജ്യവും നടത്തുന്നുണ്ട്. സൂര്യതാപം, കാറ്റ് തുടങ്ങിയ സ്രോതസ്സുകളെ ഉപയോഗിക്കാനുള്ള നൈപുണ്യം നമുക്കുണ്ടെങ്കിലും അവ അസ്വസ്ഥപ്പെടുത്തുന്ന ചില ചോദ്യങ്ങളുയർത്തുന്നു. സൗരോർജത്തെ വലിച്ചെടുക്കാനുള്ള പാനലുകൾ സ്ഥാപിക്കാൻ അതിവിസ്തൃതമായ ഭൂപ്രദേശങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമായി ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതങ്ങൾ പുതിയ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാം. സൂര്യതാപത്തിന്റെയും കാറ്റിന്റെയും ഉപയോഗസാധ്യതകളിലും അപകടകാരികളായ പാഴ്‌വസ്തുക്കളുടെ ഉത്‌പാദനവും ഒഴിവാക്കാനാവില്ല. ആണവോർജമാണ് മറ്റൊരു ഊർജ ഉറവിടം. ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യവും വ്യാവസായികാടിസ്ഥാനത്തിൽ ആണവോർജം ഉത്‌പാദിപ്പിക്കുന്നുണ്ട്.
കാർബൺ പുറംതള്ളാത്തതുകൊണ്ട് ഈ മാർഗം അന്തരീക്ഷതാപനത്തിന് ആക്കംകൂട്ടുന്നില്ല. എങ്കിലും ആണവച്ചോർച്ചയ്ക്കുള്ള സാധ്യതയും പുറന്തള്ളപ്പെടുന്ന ആണവവികിരണശേഷിയുള്ള പാഴ്  വസ്തുക്കളുടെ ആധിക്യവും  അപകടകാരികളായ അത്തരം വസ്തുക്കൾ സൂക്ഷിച്ചുെവക്കാനുള്ള പ്രായോഗികമായ പ്രയാസങ്ങളും വൻ ഭീഷണികളാണ്. ജലവൈദ്യുതസംരംഭങ്ങളുടെ പരിസ്ഥിതിആഘാതങ്ങളും നാം ഏറെ ചർച്ചചെയ്തതാണ്.

 സൂര്യൻതന്നെ ആശ്രയം
ഇവിടെയാണ് അണുസംയോജന പ്രക്രിയയിലൂടെയുള്ള (Nuclear fusion) ഊർജോത്‌പാദനത്തിന്റെ അനന്തസാധ്യതകൾ നമ്മെ വശീകരിക്കുന്നത്. അത് വ്യാവസായികാടിസ്ഥാനത്തിൽ സാധ്യമായാൽ വിശ്വചക്രവാളത്തിലേക്കുള്ള മനുഷ്യന്റെ കുതിപ്പിന് ആക്കംകൂടും. കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന സാമ്പ്രദായിക ഊർജ ഉറവിടങ്ങളെന്നന്നേക്കുമായി ഒഴിവാക്കാനും സാധിക്കും.

അപകടസാധ്യതയുള്ള ആണവനിലയങ്ങൾ അതോടെ ചരിത്രമാകും. ആണവനിലയങ്ങളിൽ ഊർജമുണ്ടാകുന്നത് അണുവിഘടന പ്രക്രിയയിലൂടെയാണ് (Nuclear fission). ഭൂമിയിൽനിന്ന് ഖനനംചെയ്യുന്ന യൂറേനിയമാണ്  ഇതിന്‌ ഉപയോഗിക്കുന്ന അസംസ്കൃതവസ്തു. തന്മാത്രകൾ വിഘടിപ്പിക്കുമ്പോൾ ഊർജവും ഉത്‌പാദിപ്പിക്കപ്പെടുന്നു. എന്നാൽ, മുൻപുപറഞ്ഞ സംയോജന പ്രക്രിയയിലൂടെയുള്ള ഊർജോത്‌പാദനത്തിൽ അണുകേന്ദ്രങ്ങൾ ചേർന്ന് കൂടുതൽ ഭാരമുള്ള തന്മാത്രകൾ ഉണ്ടാകുന്നു. സൂര്യനിൽ താപം ഉത്‌പാദിപ്പിക്കപ്പെടുന്നത് അണുസംയോജന പ്രക്രിയയിലൂടെയാണ്. ചുരുക്കിപ്പറഞ്ഞാൽ ഈ പ്രക്രിയയിലൂടെ ഇതരസൂര്യന്മാരെ സൃഷ്ടിക്കാൻ  കഴിഞ്ഞാൽ അത് ഒരു വറ്റാത്ത ഊർജസ്രോതസ്സായിമാറും. ഇതിനാവശ്യമായ ഹൈഡ്രജൻ ഐസോടോപ്പുകൾ കടൽജലത്തിൽ എമ്പാടുമുണ്ട്. ഒരിക്കലും നിലയ്ക്കാത്തതും മാലിന്യരഹിതവുമായ ഈ സാങ്കേതികത പ്രാവർത്തികമാക്കാനായാൽ അത് മനുഷ്യരാശിയുടെ സുരക്ഷിതഭാവിയിലേക്കുള്ള  സുപ്രധാന കാൽവെപ്പായിരിക്കും. അമേരിക്ക, ഫ്രാൻസ്, തെക്കൻ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായി. അഹമ്മദാബാദിൽ ഇന്ത്യക്കുമുണ്ട് ഒരു പരീക്ഷണശാല. സൂര്യന്റെ ഉൾക്കാമ്പിൽ നടക്കുന്ന അതിതാപന രാസപ്രവർത്തനങ്ങളെ പരീക്ഷണശാലകളിൽ സൃഷ്ടിച്ചെടുക്കുന്നത് പ്രായോഗികമല്ല. ഫ്യൂഷൻ നിലയങ്ങളിൽ ഹൈഡ്രജൻ  ഐസോടോപ്പുകൾ (Dueterium) ഉഗ്രതാപനാവസ്ഥയിൽ സംയോജിപ്പിക്കുമ്പോൾ ഊർജവും ഉപോത്‌പന്നമായി ഹീലിയം വാതകവും ഉണ്ടാകുന്നു.

 കൃത്രിമസൂര്യനും പ്ലാസ്മയും
സൂര്യനിൽ ഈ പ്രക്രിയ നടക്കുന്നത് ബൃഹത്തായ ഗുരുത്വാകർഷണശക്തിയും ഉഗ്രതാപനവും ചേർന്നുണ്ടാകുന്ന ഒരു വ്യവസ്ഥിതിയിലാണ്. സൂര്യനിലേതുപോലുള്ള ഗുരുത്വാകർഷണശക്തി പരീക്ഷണശാലകളിൽ സൃഷ്ടിക്കാനാവില്ല. അതിനാൽ, കൃത്രിമസൂര്യന് യഥാർഥസൂര്യന്റെ ഉൾക്കാമ്പിനെക്കാൾ കൂടുതൽ താപനം ആവശ്യമുണ്ട്. അതായത്, ഏതാണ്ട് 150 ദശലക്ഷം ഡിഗ്രി സെൽഷ്യസ്‌വരെയുള്ള താപനശേഷി പരീക്ഷണശാലയിൽ സൃഷ്ടിക്കേണ്ടിവരും. യഥാർഥ സൂര്യന്റെ ഉൾക്കാമ്പിൽ 27 ദശലക്ഷം ഡിഗ്രി മാത്രമാണുള്ളതെന്നും ഓർക്കുക. ഇതൊക്കെ സാധിച്ചാൽത്തന്നെ സാങ്കേതികമായ വെല്ലുവിളികൾ അവസാനിക്കുന്നില്ല. ഇത്രയും ഉയർന്ന താപനിലയിൽനിന്ന്‌ ഉദ്‌ഭവിക്കുന്ന പ്ലാസ്മ  ഉൾക്കൊള്ളാൻ ശേഷിയുള്ള റിയാക്ടറുകൾ ഒരുക്കുക എന്നതാണ് ശാസ്ത്രലോകം നേരിടുന്ന പ്രധാന വെല്ലുവിളി. 

ഇന്ത്യയുൾപ്പെടെയുള്ള ഒരു അന്താരാഷ്ട്ര ശാസ്ത്രസംഘടന, ഫ്രാൻസ് കേന്ദ്രീകരിച്ച് ഇതിനുവേണ്ട പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കയാണ്. അത്യധികമായ ഊഷ്മാവിലുള്ള പ്ലാസ്മയെ വരുതിയിൽ നിർത്താൻ കെൽപ്പുള്ള ‘ടോക്മാക്’ എന്ന സാങ്കേതികനാമമുള്ള സംഭരണികൾ നിർമിക്കാൻ ശാസ്ത്രലോകം പഠിച്ചുകഴിഞ്ഞു. അടുത്തകാലത്ത് ചൈനയുടെ കിഴക്കൻ പ്രവിശ്യയിലെ ഹിഫയ് നഗരത്തിലെ പരീക്ഷണശാലയിൽ 70 ദശലക്ഷം ഡിഗ്രി താപനില 20 മിനിറ്റോളം സമയം നിലനിർത്താൻ സാധിച്ചു. ഇതൊരു വൻകുതിപ്പാണ്. ഈ കൃത്രിമസൂര്യൻ ഒരു തുടക്കം മാത്രമാണെന്ന് ശാസ്ത്രസംഘം അവകാശപ്പെടുന്നു. അഞ്ചുവർഷത്തിനുള്ളിൽ ഒരു ഫ്യൂഷൻ റിയാക്ടർ പ്രവർത്തിപ്പിക്കാനുള്ള നടപടികൾ ഉണ്ടായേക്കും. 

2040 ആകുന്നതോടെ വ്യാവസായികാടിസ്ഥാനത്തിൽ ഫ്യൂഷൻ വൈദ്യുതി ഉത്‌പാദനം സാധിക്കുമെന്നാണ് പ്രതീക്ഷ. യൂറോപ്യൻ യൂണിയനും തെക്കൻ കൊറിയയും സമാനമായ സംവിധാനങ്ങൾ 2040-ഓടെ പ്രവർത്തനക്ഷമമാക്കാൻ ഉദ്ദേശിക്കുന്നു. 
ലോകത്തിന്റെ പുതിയ ഭാവിലേക്കുള്ള മാർഗം ഇതാണെന്ന് തിരിച്ചറിയുകയും രാജ്യങ്ങൾ അവർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് നിർമലമായ ഊർജസമ്പന്നതയിലേക്ക് എത്തിച്ചേർന്നാൽ പ്രപഞ്ചത്തിലെ ഭൂമിയെന്ന കൊച്ചുനീലപ്പൊട്ടിനെ സർവ ഐശ്വര്യങ്ങളോടുംകൂടി നിലനിർത്താനാകും.

െബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രൊഫസറാണ് ലേഖകൻ