2020 റിപ്പബ്ലിക്ദിനത്തിൽ ‘മാതൃഭൂമി’ പത്രത്തിന്റെ ഒന്നാംപേജിൽ ഒരു ചരിത്രവിധിയുടെ വാർത്തയുണ്ടായിരുന്നു: ‘വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രഥമാധ്യാപകന് 20 വർഷം തടവ്’ എന്നാണ് തലക്കെട്ട്. കാസർകോട്ടാണ് സംഭവം. സർക്കാർസ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയെ ക്ലാസ്‌മുറിയിൽവെച്ച്‌ ലൈംഗികമായി പീഡിപ്പിച്ചതിന് പ്രഥമാധ്യാപകനായ പി. രാജൻനായർക്കാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി-ഒന്ന് ജഡ്ജി ­പി.എസ്. ശശികുമാർ 20 വർഷം തടവും 25,000 രൂപ പിഴശിക്ഷയും വിധിച്ചത്. ഈ വിധി ചരിത്രപ്രാധാന്യം നേടിയത് കുട്ടിക്ക് സർക്കാർ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നതിലൂടെയാണ്. ഇരയെ പുനരധിവസിപ്പിക്കണമെന്ന ചട്ടപ്രകാരം സർക്കാർ നഷ്ടപരിഹാരം നൽകേണ്ടിവരുന്ന സംസ്ഥാനത്തെ ആദ്യവിധികൂടിയാണിത്. 2021 ഒക്ടോബർ 11. അതായത്‌ ഈ മാസം. കണ്ണൂർ ചൊക്ലിയിൽ പ്ലസ്‌വൺ പരീക്ഷയെഴുതിയിരുന്ന 18 കഴിഞ്ഞ ഒരു വിദ്യാർഥിനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് കോഴിക്കോട് കായക്കൊടി സ്വദേശി അജിത്തിനെതിരേ പോലീസ് കേസെടുത്തു. അതിക്രമം കാണിച്ച അജിത്ത് ഇപ്പോൾ ഒളിവിലാണ്.

ചൈൽഡ്‌ലൈൻ  റിപ്പോർട്ടുകൾ

സംസ്ഥാനത്തെ സ്കൂളുകളിലെ ശരാശരി 1300 വിദ്യാർഥികൾ ഓരോ വർഷവും ശാരീരികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ചൈൽഡ്‌ലൈന്റെ റിപ്പോർട്ട്. കുറ്റംചെയ്യുന്നവരിൽ ശരാശരി എട്ടുശതമാനം പേർ അധ്യാപകരാണെന്നതാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ബാലാവകാശ കമ്മിഷന്റെ 2019-ലെ വാർഷികറിപ്പോർട്ട് പ്രകാരം കുട്ടികളെ പീഡിപ്പിച്ചതിന് ആകെ 4054 കേസുകളാണുള്ളത്. പീഡിപ്പിച്ചവരിൽ 20 ശതമാനം പേർ കുട്ടികൾക്ക് പരിചയമുള്ളവരാണ്‌. പ്രതിചേർക്കപ്പെട്ട 816 പേരിൽ 167 പേർ അധ്യാപകരാണ്.

തലശ്ശേരിയിലെ ഒരധ്യാപകനെതിരേ ലൈംഗികപീഡനാരോപണം ഉയർന്നപ്പോൾ പരാതിപ്പെട്ട വിദ്യാർഥിനിയെ പോലീസ് മാനസികമായി വല്ലാതെ പ്രയാസപ്പെടുത്തിയതും ഒടുവിൽ ഏറെനാളത്തെ രാഷ്ട്രീയസമരങ്ങൾക്കൊടുവിൽ അധ്യാപകനെതിരേ കുറ്റപത്രം തയ്യാറാക്കിയതും ഈയിടെയാണ്.

കോഴിക്കോട്ടെ ഒരു സർക്കാർ പ്രൈമറിസ്കൂൾ അധ്യാപകൻ കഴിഞ്ഞവർഷമാദ്യം തീവണ്ടിക്കുമുന്നിൽ ചാടിമരിച്ചു. ആദ്യം പഠിപ്പിച്ച സ്കൂളിൽ വിദ്യാർഥിനികളോട് തെറ്റായരീതിയിൽ പെരുമാറിയതിന് ശിക്ഷയെന്നോണം കോഴിക്കോട് നഗരത്തിലെ സ്കൂളിലേക്ക് സ്ഥലംമാറ്റപ്പെട്ട വ്യക്തിയായിരുന്നു. പുതിയ സ്കൂളിലും അതേതെറ്റ് ചെയ്തെന്ന പരാതിയുണ്ടായി. ഒരേ കുറ്റം രണ്ടുതവണ ചെയ്താലുള്ള ശിക്ഷ അറിയാവുന്നതുകൊണ്ട് സ്വയംശിക്ഷിച്ചു.

കണ്ണൂരിലെ ഒരു മലയോര സ്കൂളിൽ ഒരു കായികാധ്യാപകന്റെ പീഡന കഥ വാർത്തയായപ്പോൾ 1098 എന്ന ചൈൽഡ്‌ലൈൻ ടോൾഫ്രീ നമ്പറിലേക്ക്‌ ഒരു ഫോൺ വന്നു. കാനഡയിൽ നിന്നായിരുന്നു വിളി. മുമ്പും ഇതേ സ്കൂളിൽ ഈവിധം പീഡനമുണ്ടായിരുന്നു എന്നുപറയാൻ.

കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യസ്കൂൾ അധ്യാപകൻ ഒരു വിദ്യാർഥിക്ക്‌ മോശംസന്ദേശം അയച്ചുകൊടുത്തുവെന്ന കുറ്റത്തിന്‌ പോക്സോ കേസിൽ കുടുങ്ങി. ഈ സംഭവം പലവിധത്തിൽ പ്രാധാന്യമുള്ളതാണ്. അധ്യാപകൻ പൊതുവേ കർക്കശക്കാരനത്രേ. അതിനാൽ ശത്രുക്കളുണ്ട്. വിദ്യാർഥികൾക്കും ദേഷ്യമാണ്. നാഷണൽ സർവീസ് സ്കീമിന്റെ ചുമതലയുമുണ്ട്. സാധാരണ അത്തരം കാര്യങ്ങൾ അപ്‌ലോഡ് ചെയ്യാൻ അധ്യാപകർ കുട്ടികളെ ഏൽപ്പിക്കാറുമുണ്ട്. അങ്ങനെ ഏൽപ്പിച്ചപ്പോൾ ആരോ ‘പണി’ കൊടുത്തതാണെന്നാണ് ഒരു വാദം. മറ്റൊന്ന് അതല്ലെന്നും. എന്തായാലും ഫോണിൽനിന്ന്‌ സന്ദേശം അയച്ചുവെന്നത് തെളിവുള്ള കാര്യം. കുറച്ചുദിവസം അധ്യാപകൻ ജയിലിൽ കിടന്നു. കേസ് ഒന്നുമായിട്ടില്ല.

വ്യാജകേസുകളിൽ കുടുങ്ങുന്നവർ

പീഡനത്തിന്റെ പേരിൽ അധ്യാപകരെ കുടുക്കുന്ന സംഭവങ്ങളും കുറവല്ല. കണ്ണൂരിലെ ഒരു സ്കൂളിൽ വിദ്യാർഥിയുടെ കൂടെവന്ന സഹോദരിയുടെ വേഷത്തെക്കുറിച്ച് ഒരു ഹെഡ്മിസ്ട്രസ് ചോദ്യം ചെയ്തതിന്റെ പേരിൽ അതുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു അധ്യാപകനെ പോക്സോ കേസിൽ കുടുക്കി. ആദ്യസംഭവം സംബന്ധിച്ച് പോലീസ് വിളിച്ച ഒത്തുതീർപ്പ് ചർച്ചയ്ക്ക് പോയപ്പോഴാണ് അധ്യാപകൻ മുമ്പ് തെറ്റായവിധം ശരീരസ്പർശം നടത്തിയെന്ന ആരോപണം പെൺകുട്ടി ഉന്നയിച്ചത്. ഉടനെ അധ്യാപകനെ പ്രതിയാക്കി കേസെടുത്തു.

അധ്യാപകൻ വഴക്കുപറഞ്ഞാൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ചൈൽഡ്‌ലൈനിൽ വിളിച്ചുപറയുന്നത് പതിവായിരിക്കയാണെന്ന് കേരള എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോഷി ആന്റണി പറഞ്ഞു. പല അധ്യാപകരും ആശങ്ക പ്രകടിപ്പിച്ച കാര്യമാണിത്. പലപ്പോഴും ഇതിനു വേദിയായി പറയുക ശൗചാലയമായിരിക്കും. അങ്ങനെ സംഭവമില്ലെങ്കിലും അതു തെളിയിക്കേണ്ട ബാധ്യത അധ്യാപകന്റേതാണ്.

പരാതിപറയുമ്പോൾ സ്ഥലവും സമയവുമെല്ലാം ഇര കൃത്യമായി പറയണം. കഥ ചമയ്ക്കുന്നവർക്ക് അക്കാര്യം എളുപ്പമാണ്. എന്നാൽ, അങ്ങനെയൊരു സംഭവമില്ലെന്ന് അധ്യാപകൻ തെളിയിക്കണമെങ്കിൽ വല്ലാതെ കഷ്ടപ്പെടും. ഇനി പണം കൊടുത്ത് തീർപ്പാക്കിയ മറ്റൊരുസംഭവം. അതും കോഴിക്കോട്ടാണ്. ഒരു ബാലികയുടെ രക്ഷിതാക്കൾ അധ്യാപകനെതിരേ പീഡന പരാതിയുമായി എത്തുന്നു. കേട്ടവർക്ക് ആർക്കും വിശ്വാസമായില്ല. പക്ഷേ, കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നതിന് മെഡിക്കൽ റിപ്പോർട്ടുണ്ട്. വൻതുക കൊടുത്തു പ്രശ്നം തീർപ്പാക്കി. ഇല്ലെങ്കിൽ സംഗതി പോക്സോ കേസാണ്. തടവും ശിക്ഷയും മാത്രമല്ല, മാനവും പോകും.

ചൈൽഡ്‌ലൈൻ കൗൺസലർമാരെ ഭയക്കുന്നവരാണ് അധ്യാപകരിൽ ഭൂരിഭാഗവും. കാരണം, അവർ വിദ്യാർഥികളുടെ ഭാഗത്തുനിന്നുമാത്രം കാര്യങ്ങൾ കാണുന്നുവെന്നതാണ് പൊതുധാരണ. വിദ്യാർഥികൾ പറയുന്ന തെറ്റായ കാര്യങ്ങൾ പോലും അധ്യാപകർ തെളിയിക്കണമെന്നതും ഇരുകൂട്ടരും തമ്മിലുള്ള രമ്യത ഇല്ലാതാക്കുന്നു.

പോക്സോ കേസിൽ പെടുമെന്ന ഭയംമൂലം ആണുങ്ങളുടെ പൊതുമൂത്രപ്പുരയിൽ പോകാത്ത അധ്യാപകരുടെ എണ്ണം അനുദിനം കൂടിവരുകയാണെന്നാണ് അധ്യാപകനേതാവ് എസ്. മനോജ് പറഞ്ഞത്. ഫലമോ? സ്കൂളുകളിലെ മൂത്രപ്പുരകളിൽ മയക്കുമരുന്നുകൾ നിറയുന്നു. അതേക്കുറിച്ച് നാളെ.

സംഗീതാധ്യാപകന്റെ ആത്മഹത്യ: സത്യം എന്താണ്

പോക്സോ കേസ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നതിന്റെ യഥാർഥവസ്തുത പുറത്തുകൊണ്ടുവരാൻ കഴിയുന്ന ഒരു കേസ് ഇപ്പോൾ പോലീസിന്റെ മുന്നിലുണ്ട് -ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്കൂൾ സംഗീതാധ്യാപകൻ നരേന്ദ്രബാബുവിന്റെ ആത്മഹത്യ. 14 വിദ്യാർഥികളോട് മോശമായി പെരുമാറിയെന്നതിന് നരേന്ദ്രബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. തനിക്കെതിരേ സ്കൂളിലെ സീനിയർ സൂപ്രണ്ട്, കൗൺസലർ, ഡ്രൈവർ എന്നിവർ പ്രതികാരം ചെയ്യുകയാണെന്ന് ആത്മഹത്യക്കുറിപ്പ് എഴുതിവെച്ചാണ് 2020 ഫെബ്രുവരി 20-ന് നരേന്ദ്രബാബു ജീവനൊടുക്കിയത്. വൈക്കത്തുള്ള വീടിനടുത്തുള്ള വോളിബോൾ കോർട്ടിലെ നെറ്റിൽ ഒട്ടിച്ച അഞ്ചുപേജ് കത്തിൽ താൻ ഏങ്ങനെയാണ് ബലിയാടാക്കപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. കുട്ടികളുടെ മൊഴിപ്രകാരം നരേന്ദ്രബാബുവിനെതിരായ കുറ്റം അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നാണ് പോലീസിന്റെ വാദം. എന്നാൽ, നരേന്ദ്രബാബു ആരോപിച്ച കാര്യങ്ങളിൽ അന്വേഷണം നടന്നിട്ടുമില്ല.

: സ്നേഹം, കരുതൽ, അറിവ് എന്നിവകൊണ്ട് വിദ്യാർഥികളുടെ ഹൃദയത്തിൽ സ്ഥാനംപിടിച്ചവരാണ് പഴയ അധ്യാപകർ. ഇന്ന് ആ ബന്ധം വളരെ ഔപചാരികമായി മാറി. മാതാപിതാക്കളുടെ മേൽ അധികാരം സ്ഥാപിച്ചെത്തുന്ന വിദ്യാർഥി, അധീശത്വഭാവം കാണിക്കുന്ന അധ്യാപകരെ വെറുക്കുന്നു. അതേസമയം, വിഷയത്തിലെ അവഗാഹവും പഠിപ്പിക്കുന്നതിൽ വൈഭവവുമുള്ളവരെ അവർക്കിഷ്ടവുമാണ്. -ഡോ. സി.ജെ. ജോൺ