പാഠം പഠിക്കുമോ? - 2

2019 മാർച്ച്. കോഴിക്കോട്ടെ പ്രശസ്തമായ ഒരു സർക്കാർ സ്കൂൾ. പ്ലസ്ടു പരീക്ഷ നേരത്തേ എഴുതിത്തീർത്ത പെൺകുട്ടി പബ്ലിക് ഫോണിന് അടുത്തെത്തി. ഫോണിന് സമാന്തര കണക്‌ഷൻ ടീച്ചേഴ്‌സ് റൂമിലുണ്ട്. അബദ്ധത്തിൽ ഫോണെടുത്ത ഒരു അധ്യാപിക, പെൺകുട്ടി ആൺസുഹൃത്തിനെ ക്ഷണിക്കുന്നത് കേൾക്കുന്നു. ഉടനെ കുട്ടിയെ വിളിപ്പിച്ചു. സംഗതി വീട്ടിൽ പറയരുതെന്ന് അവൾ കേണു. കുട്ടിയെ പറഞ്ഞുവിട്ടെങ്കിലും അമ്മയെ അറിയിക്കാമെന്ന്‌ സ്റ്റാഫ്‌റൂമിൽ അപ്പോഴുണ്ടായിരുന്നവർ ധാരണയിലെത്തി. അമ്മയെ വിളിച്ചുപറയുന്നത് കുട്ടി കേട്ടു. നേരെ അപ്പുറത്തെ കെട്ടിടത്തിനുമുകളിൽക്കയറി ചാടി.

അധ്യാപകർതന്നെ കുട്ടിയെയുംകൊണ്ട് സ്വകാര്യാശുപത്രിയിലേക്ക് ഓടി. നല്ല ചികിത്സച്ചെലവ് വന്നെങ്കിലും ജീവൻ രക്ഷിക്കാനായി. വീട്ടുകാർ വിട്ടില്ല. പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അധ്യാപകരെ കുറ്റപ്പെടുത്തിക്കൊണ്ട് പോലീസിൽ പരാതിയും കൊടുത്തു. ഒടുവിൽ പി.ടി.എ. ഭാരവാഹികളടക്കം ഇടപെട്ട് ഒത്തുതീർപ്പുചർച്ച തുടങ്ങി. അവസാനം ചികിത്സച്ചെലവടക്കം ഏഴരലക്ഷംരൂപ കൊടുത്താണ് തീർപ്പാക്കിയത്.

അതിനുശേഷവും വിദ്യാർഥിനികളെ വിലക്കേണ്ട അവസരങ്ങൾ ആ സ്കൂളിൽ വന്നിട്ടുണ്ട്. ഏതെങ്കിലും അധ്യാപകർക്ക്‌ നിയന്ത്രണംവിടുന്ന അവസ്ഥയുണ്ടെങ്കിൽ ഉടനെ മറ്റാരെങ്കിലും ഇടപെടും: ‘അതേയ്,  പത്തുലക്ഷം കൈയിലുണ്ടോ? എങ്കിൽ മതി ഉപദേശം’. അതോടെ ഗുരു അടങ്ങും.

ഉപദേശിക്കണോ,  ശാസിക്കണോ

വിദ്യാർഥികളെ ഉപദേശിക്കേണ്ട സാഹചര്യം വരുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് അധ്യാപകർക്ക് ആശയക്കുഴപ്പമായിരിക്കുന്നു. ഹൈസ്കൂളിലോ ഹയർസെക്കൻഡറിയിലോ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർഥികളും പ്രായപൂർത്തിയായ ഒരാളുടെ മാനസികാവസ്ഥയിലേക്ക് വളർന്നവരാണ്. സൗഹൃദം, ലൈംഗികത തുടങ്ങിയ കാര്യങ്ങളിലൊക്കെ അവർക്ക് അറിവുണ്ട്; പലർക്കും നിലപാടുകളുമുണ്ട്.
മക്കളോടെന്നപോലെ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരുമ്പോൾ ആദ്യം ഉപദേശിക്കും. പിന്നെ വീട്ടിൽ അറിയിക്കുകയെന്നതുതന്നെയാണ് അധ്യാപകർ ചെയ്യുന്നത്. വീട്ടിലറിയുമ്പോൾ രക്ഷിതാക്കളുടെ പ്രതികരണം പലവിധത്തിലായിരിക്കും.

90 ശതമാനം വിദ്യാർഥികളും മറ്റൊരു സ്കൂളിൽനിന്നാണ് പ്ലസ്ടു പഠിക്കാൻ പുതിയ സ്കൂളിലെത്തുന്നത്. രണ്ടാമത്, ഒരു ക്ലാസിൽ അറുപതിലേറെ കുട്ടികളുണ്ട്. പഠിക്കുന്നവരെയും ഉഴപ്പുന്നവരെയും ഒരേപോലെ, ഒരുവഴിക്ക് കൊണ്ടുപോകുക പ്രയാസമാണെന്നാണ് അധ്യാപകരുടെ പൊതുഅഭിപ്രായം.

സൈക്കോളജി, ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേണലിസം എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്ന അപൂർവം വിദ്യാലയങ്ങളിലൊന്നായ അളഗപ്പനഗർ പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് കവയിത്രികൂടിയായ ആർ. ലോപ. ‘‘സിവിൽ സർവീസ് ലക്ഷ്യമിടുന്ന കുട്ടികൾ ഹോസ്റ്റലിൽനിന്ന്‌ പഠിക്കാനെത്തുന്ന സ്കൂളാണ് ഞങ്ങളുടേത്. അറുപതിൽ ഇരുപതോളംപേർ മാത്രമാണ് ഈ ലക്ഷ്യത്തോടെ വരുന്നത്. മറ്റുള്ളവർ അങ്ങനെയല്ല. എല്ലാവരെയും പരമാവധി ഒരുപോലെ കൊണ്ടുപോകുക പ്രയാസമാണ്. എങ്കിലും പഠിക്കാനെത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും നൽകും’’ -അനുഭവങ്ങളിൽനിന്ന്‌ എത്തിച്ചേർന്ന ഉറച്ചനിലപാടാണ് ലോപയ്ക്കിത്.

സാധാരണപ്രശ്നങ്ങൾപോലും വഴക്കിലേക്കും വിദ്വേഷത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങുന്ന അവസ്ഥയും ഹയർസെക്കൻഡറി വിഭാഗത്തിലുണ്ട്. കൗമാരക്കാരനായ വിദ്യാർഥിയുടെയും ചെറുപ്പക്കാരായ അധ്യാപകരുടെയും ‘ഈഗോ’യാണ് കാരണം. വിദ്യാർഥിയുടെ നിഷേധമറുപടിയിൽ അപമാനിതനായെന്നുതോന്നുന്ന അധ്യാപകൻ ചിലപ്പോൾ വിദ്യാർഥിയെ മറ്റുള്ളവർക്കിടയിൽവെച്ച് കളിയാക്കും. ചിലപ്പോൾ മർദിക്കും. അതോടെ അവന്റെ മുന്നിൽ ആ അധ്യാപകൻ ശത്രുവായിമാറും.

വിദ്യാർഥി തല്ലുന്നു, അധ്യാപകരെ!

തിരുവനന്തപുരത്തെ ഒരു സർക്കാർ സ്കൂൾ. മൊബൈൽ ഫോണിൽ അധ്യാപകരുടെ മോശം ചിത്രങ്ങളെടുക്കുന്നുവെന്നുവരെ പരാതി ഉയർന്നിടം. കുട്ടികൾ ഫോണിൽ കളിക്കുന്നതുകണ്ട് പ്രിൻസിപ്പൽ ഫോൺ ആവശ്യപ്പെടുന്നു. കൊടുത്തില്ല. പിടിച്ചെടുക്കാൻ നോക്കിയപ്പോൾ ഉന്തുംതള്ളുമായി. അതിനിടെ പ്രിൻസിപ്പലിനെ തല്ലി. പോലീസിൽ പരാതിപ്പെടണോ എന്നതിൽപ്പോലും രണ്ടഭിപ്രായം. ഒടുവിൽ പേരിനൊരു പരാതി കൊടുത്തു. രാഷ്ട്രീയ ഇടപെടലിൽ അതങ്ങുതീർപ്പായി.

കോഴിക്കോട് നഗരത്തിലെ മറ്റൊരു സർക്കാർ സ്കൂളിൽ അധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ പിൻബെഞ്ചിൽ ബഹളം. ഒരാളോട് മുമ്പിലെ ബെഞ്ചിൽ വന്നിരിക്കാൻ പറയുന്നു. കേട്ടില്ല. കൈയിലുള്ള വടി ഓങ്ങിയപ്പോൾ അത്‌ പിടിച്ചുവാങ്ങി ടീച്ചറെ അടിച്ച് വിദ്യാർഥി പുറത്തേക്കുപോയി. പോലീസും കേസുമൊക്കെയായെങ്കിലും ടീച്ചർ സ്ഥലംമാറിപ്പോയതോടെ പ്രശ്നം തീർന്നു.
‘‘അധ്യാപകർക്ക് ആദരവൊന്നും വേണ്ടാ. കുറ്റംചെയ്യുന്ന വിദ്യാർഥികളെ ഇടപെടലുകളിലൂടെ രക്ഷപ്പെടുത്തുന്ന രാഷ്ട്രീയം എതിർക്കപ്പെടണം’’ -എ.എച്ച്.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് പറഞ്ഞു.

2019 പരീക്ഷക്കാലത്ത് ഒരു മാസത്തിനിടെ മൂന്ന് വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് അധ്യാപകർ മർദനത്തിനിരയായത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. കൊല്ലത്തെ ഒരു എയ്ഡഡ് സ്കൂളിൽ പ്ലസ്‌വൺ പരീക്ഷയെഴുതാൻവന്ന വിദ്യാർഥിയോട് തൊപ്പി ഊരിവെക്കാൻ പറഞ്ഞതിനാണ് അധ്യാപകനെ മുഖത്തിടിച്ചുവീഴ്ത്തിയത്. രക്തം വാർന്ന് അവശനായ അധ്യാപകനെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നു.

ഇടുക്കിയിലെ മറ്റൊരു സർക്കാർ സ്കൂളിൽ യൂണിഫോം ധരിക്കാതെ ഹാൾടിക്കറ്റ് വാങ്ങാൻവന്നത് ചോദ്യംചെയ്തതിനാണ് അധ്യാപകനെ ചെവിചേർത്ത് അടിച്ചത്. കാസർകോട് ജില്ലയിൽ മോഡൽ പരീക്ഷയ്ക്കിടെ കോപ്പിയടി തടയാൻ ശ്രമിച്ചതിന്‌ അധ്യാപകനെ ക്രൂരമായി മർദിച്ചു.

മൂന്നുസംഭവങ്ങളിലും പോലീസ് കേസെടുത്തെങ്കിലും നടപടിയൊന്നുമായില്ല. ഏറ്റവും ഖേദകരമായ വസ്തുത കുട്ടികൾ ഇൗ മൂന്ന്‌ അധ്യാപകരോടും മാപ്പുപോലും പറഞ്ഞില്ലെന്നതാണ്. രണ്ടുപേർ സർക്കാർസ്കൂൾ അധ്യാപകരാണ്. ഒരാൾ രണ്ടുവർഷത്തേക്ക് അവധിയെടുത്ത് സ്ഥലം വിട്ടു. മറ്റൊരാൾ സ്ഥലംമാറ്റം വാങ്ങിപ്പോയി. എയ്ഡഡ് സ്കൂളിലെ വിദ്യാർഥിമാത്രം ടി.സി. വാങ്ങിപ്പോയി.
ഇതിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുവേ സർക്കാർ സ്കൂളുകളിലാണ് പൊടുന്നനെയുണ്ടാകുന്ന പ്രശ്നങ്ങളേറെയും.

അധ്യാപകന്റെ വിദ്യാർഥിയുമായുള്ള ബന്ധത്തിലെ പവിത്രതയില്ലായ്മയ്ക്ക് തെളിവാണ് വർധിച്ചുവരുന്ന പോക്സോ കേസുകൾ. അധ്യാപകരെ കുടുക്കാനും മനഃപൂർവം ഇത്തരം കേസുകൾ കെട്ടിച്ചമയ്ക്കുന്നു. അതിസങ്കീർണമായ അത്തരം പോക്സോകേസുകളിലേക്ക്‌ നാളെ.

വേണ്ടാ, ചൂരൽ

സ്കൂളുകളിൽ ചൂരൽ വേണ്ടെന്ന് ബാലാവകാശ കമ്മിഷൻ നിർദേശം നൽകിയിട്ടുള്ളതാണെന്ന് മുൻചെയർമാൻ പി. സുരേഷ് പറഞ്ഞു. എങ്കിലും ചൂരൽ ഇന്നും അധ്യാപകർ ഉപേക്ഷിച്ചിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടിയപ്പോൾ ചെയർമാൻ ചിരിച്ചു. എന്നിട്ടുപറഞ്ഞു: ‘‘അധ്യാപകരിൽനിന്ന്‌ കുട്ടികൾ നിയമം പഠിക്കണമെന്നാണ് പറയുന്നത്. എന്നാലിപ്പോൾ അധ്യാപകർ കുട്ടികളിൽനിന്ന്‌ നിയമം പഠിക്കുകയാണ്’’.

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വിദ്യാർഥികളെ അധിക്ഷേപിക്കുന്നതും തല്ലുന്നതും തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അതിന്‌ കടകവിരുദ്ധമായി ഹൈക്കോടതി വിധിയുണ്ടെങ്കിലും ഈ ശിക്ഷ നിലനിൽക്കും. കുഴപ്പക്കാരായ കുട്ടികളെ കൈകാര്യംചെയ്യാൻ ശാസ്ത്രീയമാർഗങ്ങൾ സ്വീകരിക്കുകയേ രക്ഷയുള്ളൂ. പോലീസുപോലും മൂന്നാംമുറ ഒഴിവാക്കി ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കുകയാണെന്ന വസ്തുത അധ്യാപകർ മനസ്സിലാക്കണം. അദ്ദേഹം പറഞ്ഞു.

 (തുടരും)